2025ൽ വായനാദിനത്തിൽ എത്തിനിൽക്കുമ്പോൾ പതിയെപ്പതിയെ ഇതുവരെയായി മൂന്നു പുസ്തകങ്ങളാണ് വായിക്കാൻ സാധിച്ചത്. മൂന്നും അമേരിക്കൻ മലയാളി എഴുത്തുകാരുടെ സൃഷ്ടികൾ. മൂന്നുപേരും ഇപ്പോൾ സുഹൃത്തുക്കളുമാണ്. ഒരു വായനക്കാരനെന്ന നിലയിൽ എന്റെ അഭിപ്രായങ്ങൾ, അവയെ വായിച്ച ക്രമത്തിൽ, കഴിയുന്നതും സംക്ഷിപ്തമായി താഴെ കുറിച്ചിടട്ടെ.(വിശദമായി എഴുതണം എന്നാണാഗ്രഹമെങ്കിലും നടക്കുന്നില്ല. തന്നെയുമല്ല, U.S ൽ പരിചയപ്പെട്ട മറ്റു പല എഴുത്തുകാരും തങ്ങളുടെ രചനകൾ സ്നേഹപൂർവ്വം പലപ്പോഴായി തന്നിട്ടുണ്ട്. അവയൊക്കെ വായനക്കായി ക്യൂവിലുമുണ്ട്.)
കൂത്താണ്ടവർ : വേണു കൊക്കോടൻ, വെർജിനിയ.

2025 ലെ ആദ്യവായന. വായിച്ചുതീർത്തത് ജനുവരിയിൽ നാട്ടിൽ നിന്നുള്ള മടക്കയാത്രയിലെ ഫ്ലൈറ്റിൽ വെച്ച് എന്ന ഒരു പ്രത്യേകതയുമുണ്ട്.ഡിപ്ലോമ കഴിഞ്ഞ് മുംബൈയിലേക്ക് കുടിയേറിയ ഒരു മലയാളി യുവാവിന്റെ ബാച്ച്ലർ ജീവിതത്തിലെ ആത്മാംശം കലർന്ന സന്ദർഭങ്ങളും സംഭവങ്ങളും ഇഴചേർത്ത് അനാവൃതമാകുന്ന അസാധാരണവും സുധീരവുമായ ഒരു പ്രണയത്തിന്റെ കഥ. യുവത്വത്തിന്റെ എടുത്തുചാട്ടവും, ആത്മവിശ്വാസവും,സമൂഹത്തെ വെല്ലുവിളിയ്ക്കാനുള്ള ത്വരയും, അല്പം ധിക്കാരവും ഒക്കെയുള്ള നായകനെ വളരെ സ്വാഭാവികതയോടെ വേണു വരച്ചിടുന്നു. പൊതുസമൂഹം ഇന്നും ഉൾക്കൊള്ളാൻ മടി കാട്ടുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നൊരു സുന്ദരിയായ നായിക - സുമതി. അവളിലൂടെയും, കൂട്ടുകാരിലൂടെയും ഹിജഡകളെ സംബന്ധിച്ച് പൊതുജനത്തിന് ഉള്ള പല സംശയങ്ങളും - അവയവങ്ങൾ, ആർത്തവം, ലൈംഗിക ചോദന എന്നിവയൊക്കെ- ആഴത്തിൽ പരിശോധിച്ച് കഥാകാരൻ ഉത്തരം തരുന്നുണ്ട്. ലളിതവും ഋജുവുമായ ഭാഷ. മുംബൈ നഗരജീവിതത്തിന്റെയും പ്രധാന സ്ഥലങ്ങളുടെയും - വാശി, ദാദർ, ചൗപ്പാട്ടി- വിശദമായ പകർന്നെഴുത്ത് തന്നെയുണ്ട് നോവലിൽ. ഫസ്റ്റ് പേർസൺ ശൈലിയിൽ എഴുതപ്പെട്ട നോവലിൽ, നായകന്റെ പേര് വെളിപ്പെടുന്നത് നാലാമത്തെ അധ്യായത്തിൽ നായികയെ കണ്ടുമുട്ടുമ്പോൾ മാത്രമാണ് എന്നത് കൗതുകത്തോടെ ശ്രദ്ധിച്ചു. ഏറെ കാലികപ്രസക്തമായ വിഷയത്തിന്റെ ശക്തമായ ആവിഷ്കാരം.അവസാനഭാഗത്ത് നായികയുടെ വേരുകൾ തേടി കോയമ്പത്തൂരിനടുത്തെ ഉൾഗ്രാമത്തിലേക്കുള്ള യാത്ര ഉള്ളിൽത്തട്ടും. വായനക്കാരന്റെ മനസ്സിൽ വല്ലാത്ത നോവായി മാറുന്ന, വൈകാരികത മുറ്റിനിൽക്കുന്നതും, തീവ്രവും, മനോഹരവുമായ നോവൽ.2024 ലെ ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള അവാർഡ് നേടിയിട്ടുണ്ട്.

ഫിത്ർ സകാത്ത്.
എസ്.അനിലാൽ. ചിക്കാഗോ
കേരളത്തിന് പുറത്തെ പല ദേശങ്ങളിലെ, കൂടുതലായും പലായനങ്ങൾക്കൊടുവിൽ അമേരിക്കയിൽ വന്നെത്തിയ മനുഷ്യരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ, ഒറ്റപ്പെടലുകൾ,ഇരയാക്കപ്പെടലുകൾ എന്നിവയെല്ലാം കഥാരംഗത്ത് ശ്രദ്ധേയനായ അനിലാൽ- ന്റെ ഭൂമികയിൽ കടന്നു വരുന്നു. അവതാരികയിൽ കെ.പി.രാമനുണ്ണി മാഷ് പറയുന്ന പോലെ ആഗോളസമൃദ്ധമായ കഥകൾ. ഓരോ കഥകളുടെയും അവതരണരീതി വ്യത്യസ്തമാണ്. നല്ല ഭാഷ. വളച്ചു കെട്ടുകളില്ലാതെ എഴുത്തുകാരന്റെ അനുഭവമണ്ഡലങ്ങളും ബോധ്യങ്ങളും ചടുലമായി പറയുന്ന ശൈലി. മുഖം പാതി ചതഞ്ഞരഞ്ഞ, വിവാഹിതയും ഒരു കുട്ടിയുമുള്ള സോഫിയെ സ്നേഹിയ്ക്കുന്ന മിലിട്ടറിക്കാരൻ ഇട്ടൂപ്പ് ഏറ്റവും ഉജ്ജ്വലമായ കഥാപാത്രമായി തോന്നി. ടൈറ്റിൽ കഥയായ ഫിത്ർ സകാത്ത് പലായനത്തിന്റെയും, അതിജീവനത്തിന്റെ കഷ്ടപ്പാടുകൾക്കൊടുമൊടുവിൽ അഭയാർഥികളിൽ അണയാതെ അവശേഷിയ്ക്കുന്ന മനുഷ്യനന്മയുടെ ഇത്തിരി വെളിച്ചവും, സകാത്തിന്റെ മഹത്വവും വെളിപ്പെടുത്തുന്നു. താലിബാനും അഫ്ഗാനിസ്ഥാനും അഭയാർഥികളുടെ അതീവദുരിതങ്ങളും ശക്തമായി അടയാളപ്പെടുത്തുന്ന 'കുടിയിറക്കപ്പെട്ടവ'ളും തഥൈവ.
ഇപ്പോഴും മനസ്സിൽ പാരമ്പര്യം മുറുകെപ്പിടിച്ചു ജീവിയ്ക്കുന്ന അമേരിക്കൻ മലയാളികുടുംബങ്ങളിൽ അടുത്ത തലമുറയുടെ അനിവാര്യമായ cultural shift നെ വരച്ചിട്ട 'വംശാവലി',
മുംബൈയുടെ പശ്ചാത്തലത്തിലെ വിദേശി വേരുള്ള സുന്ദരിക്കുട്ടിയുടെ ആർദ്രമായ കഥ 'വിക്ടോറിയ മിസ്സിംഗ്', കേരളം പശ്ചാത്തലമാക്കി കാലിക പ്രാധാന്യമുള്ള കൗമാരക്കാരിലെ ലഹരി ഉപയോഗവും, വിപത്തുകളും വളരെ വ്യത്യസ്തമായി അവതരിപ്പിച്ച രാവണൻകോട്ടയും, എല്ലാം മികച്ച നിലവാരം പുലർത്തുന്ന രചനകൾ തന്നെ.
(ഓരോ എഴുത്തുകാർക്കും ഏറെ പ്രിയപ്പെട്ട ചിലതുണ്ട്. അവയുടെ പ്രയോഗം അവരറിയാതെ പലപ്പോഴും രചനകളിൽ കടന്നു വരും. നിലാവ്,മന്ദമാരുതൻ, ദീപനാളം എന്നിങ്ങനെ. ഇവിടെ പല കഥകളിലായി കടന്നുവരുന്ന നരച്ച മഞ്ഞനിറവും, ജാലകക്കർട്ടനുകൾക്കിടയിലൂയിടെ അകത്ത് പ്രവേശിയ്ക്കുന്ന പോക്കു വെയിൽനാളങ്ങളും, കഥാകാരന് ഏറെ ഇഷ്ടപ്പെട്ടവയെന്ന തോന്നലുളവാക്കി)

പ്രണയവീഞ്ഞ് : സോയ നായർ, ഫിലഡൽഫിയ.
പ്രണയലഹരി നിറഞ്ഞുതുളുമ്പുന്ന നൂറോളം നാലുവരിക്കവിതകളുടെ സമാഹാരമാണ് പ്രണയവീഞ്ഞ്.
ഒരു ഓട്ടോഗ്രാഫ് പോലെ വായനക്കാരന്റെ ഹൃദയത്തിൽ ഒരു നനവും, സുഖശീതളിമയും പകരുന്ന വരികൾ. (ഇടയ്ക്ക്, ചില വരികളുടെ ആവർത്തനമുണ്ടോ എന്നൊരു തോന്നൽ, പക്ഷേ പ്രണയത്തെ ചുരുങ്ങിയ വരികളിൽ നൂറ്റൊന്നാവർത്തിയ്ക്കുമ്പോൾ വരാതിരിക്കുന്നതെങ്ങനെ എന്ന ചിന്തയിൽ നിശ്ശബ്ദമായി).വായനയുടെ ഒടുവിൽ, ഇത്രമാത്രം പ്രണയം മനസ്സിൽ പേറി നടക്കുന്ന എഴുത്തുകാരിയോ എന്ന ചിന്തയാണ് എന്നെ ഭരിച്ചത്.
ഒരു പ്രണയകവിത ഇങ്ങനെയാണ്.
"കണ്ണുംനട്ട് നോക്കിനിന്ന ഈ വാകമരച്ചോട്ടിൽ വീണുകിടക്കുന്ന പൂക്കൾക്കുപോലും അറിയാം,
നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്.
എന്റെ പ്രണയം വിടർന്നതിനും പടർന്നതിനും ഈ പൂക്കൾ മാത്രമല്ലേ സാക്ഷികൾ?"
എന്തായാലും പ്രണയവീഞ്ഞ് കുറച്ചു ദിവസങ്ങളിൽ ഓഫീസിലേയ്ക്കും തിരിച്ചുമുള്ള എന്റെ പ്രഭാത-പ്രദോഷ ബസ്സ് യാത്രകൾ ഉന്മേഷഭരിതമാക്കിയെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

രാജീവ് പഴുവിൽ ന്യൂജേഴ്‌സി

