2026 റോക്ക്ലാൻഡ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡ്, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ആനി പോളിന് ലഭിച്ചു . ഫെബ്രുവരി 7 ശനിയാഴ്ച റോക്ക്ലാൻഡ് കമ്മ്യൂണിറ്റി കോളേജിൽ വെച്ച് നടത്തിയ പരിപാടിയിലാണ് ആനി പോൾ അവാർഡ് ഏറ്റുവാങ്ങിയത്. ഓമേഗ സൈ ഫൈ ഫ്രാറ്റേണിറ്റി, ഇൻക് സംഘടിപ്പിക്കുന്ന നാഷണൽ അച്ചീവ്മെന്റ് വീക്ക് എന്ന പരിപാടിയിലെ വിജയികളായ മൂന്നുപേരിൽ ഒരാളാണ് ആനി പോൾ. ആഫ്രിക്കൻ അമേരിക്കൻസിന്റെ ജീവിത നിലവാരത്തിൽ മാറ്റങ്ങളും മുന്നേറ്റവും ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെ ആദരിക്കുന്ന പരിപാടിയാണ് അച്ചീവ്മെന്റ് വീക്ക് പ്രോഗ്രാം.ഒട്ടനേകം പ്രമുഖരായ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ ആനി പോൾ അവാർഡ് ഏറ്റുവാങ്ങുകയും വേദിയിൽ സന്നിഹിതരായ വിശിഷ്ടഅതിഥികൾക്ക് അവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.

സേവനത്തിന്റെയും നേതൃത്വത്തിന്റെയും ശക്തമായ പാരമ്പര്യമുള്ള ഒരു സംഘടനയിൽ നിന്ന് ഈ അംഗീകാരം ലഭിച്ചതിൽ താൻ വളരെയധികം അഭിമാനിക്കുന്നുണ്ടെന്ന് ആനി പോൾ പറഞ്ഞു." ഈ പുരസ്കാരം എന്റേതു മാത്രമല്ല എന്നെ പ്രതിദിനവും പ്രചോദിപ്പിക്കുന്ന റോക്ക്ലാൻഡ് കൗണ്ടിയിലെ അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും സമൂഹാംഗങ്ങൾക്കും ഈ അവാർഡ് സമർപ്പിക്കുന്നു " എന്നും ആനി പോൾ കൂട്ടിച്ചേർത്തു. നീതിക്കും സമൂഹ ശാക്തീകരണത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെ തന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി പ്രചോദനമാകുന്ന എൻ.എ. എ. സി.പി നേതാക്കളായ ഡോ. ഫ്രാൻസിസ് പ്രാറ്റ്, വിലി ട്രോട്ട്മാൻ, നിക്കി ഹൈൻസ് എന്നിവരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിലും ആനി പ്രത്യേകം നന്ദി അറിയിച്ചു.



