മന്ദസ്മിതം പൊഴിക്കുന്ന
തുമ്പപ്പൂവിൻ നിറം പേറി
വെള്ളിവര അലങ്കാരമാക്കി
ചുമരളമാരിയിൽ
പ്രൗഢിയിൽ മയങ്ങുന്ന
ഓണക്കോടിയിൽ ഉടക്കിനിന്നു
മനസ്സാകുന്ന തേര്.
വെള്ളിക്കൊലുസുകൾ തുയിലുണർത്തിയ
ഉത്രാടരാവിൻ നക്ഷത്രത്തിളക്കം
പൂക്കൂടകൾക്ക് മിഴിവേകി;
മുടിയിഴകളുടെ ലാവണ്യം
മുല്ലമൊട്ടിൽ സ്പർശിച്ചപ്പോൾ
മുക്കുറ്റിച്ചന്തം പോലെ സുഗന്ധപൂരിതമായി
ഓർമ്മകൾ പലവക.
വിസ്മൃതിയുടെ നനുത്ത കാറ്റ്
പ്രഭാതത്തിന് കുളിരേകി;
പാൽപ്പുഞ്ചിരിയുടെ തിളക്കവുമായി
പൂക്കൂടകൾ നിറഞ്ഞുതുടങ്ങി.
ശംഖ്പുഷ്പവും തെച്ചിയും വഴിമാറി
മാരിഗോൾഡും കൂട്ടരും ഇടംപിടിച്ചു -
കാലാന്തരത്തിൽ പുതുക്കപ്പെട്ട
ഓണക്കോടിയും സാക്ഷി.
ഷീന സാറ വിന്നി