ഒരു ഭർത്താവ് സ്വന്തം പങ്കാളിയെ താഴ്ത്തിക്കെട്ടാൻ സമൂഹത്തിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ എത്ര ഭീകരമാണ് എന്ന് നാം തിരിച്ചറിയണം. സ്ത്രീയെ ഇല്ലാതാക്കാൻ പുരുഷൻ പലപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും വേഗമേറിയ ആയുധം അവളെ പൊതുസമൂഹത്തിൽ അവളുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യുന്നതോ, അല്ലെങ്കിൽ ലഹരിക്ക് അടിമയാണ് എന്ന് മുദ്രകുത്തുന്നതോ ആണ് ...
കാരണം സമൂഹം ഒരു സ്ത്രീയുടെ വ്യക്തിത്വത്തെയും വിജയങ്ങളെയും അളക്കുന്നത് അവളുടെ സ്വഭാവഗുണം, പ്രത്യേകിച്ച് ലഹരി ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ അവൾ പാലിക്കുന്ന. നിയന്ത്രണം അനുസരിച്ചാണ്. അവളോടൊപ്പം ഉറങ്ങിയ ഒരു പുരുഷൻ തന്നെ ഇത്തരം വാക്കുകൾ അവൾക്കെതിരെ ഉപയോഗിക്കുമ്പോൾ, അത് ഒരു വ്യക്തിപരമായ ആരോപണം എന്നതിലുപരി, അവളെ പൊതുരംഗത്ത് ഒറ്റപ്പെടുത്താനും, അവളുടെ വിശ്വാസ്യത എന്നെന്നേക്കുമായി തകർക്കാനുമുള്ള സാമൂഹികപരമായ ആയുധമായി മാറുന്നു.
ഒരു പുരുഷൻ മദ്യപാനിയാകുമ്പോൾ അത് പലപ്പോഴും ദുശ്ശീലം മാത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരു സ്ത്രീയുടെ മേൽ ഈ ആരോപണം വരുമ്പോൾ, അത് അവളുടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തെയും, ഭാര്യ എന്ന നിലയിലുള്ള കടമകളെയും, ഒരു വ്യക്തി എന്ന നിലയിലുള്ള മൂല്യത്തെയും ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു.
ഒരു പങ്കാളി, പ്രത്യേകിച്ച് പൊതുരംഗത്ത് നിൽക്കുന്ന ഒരാൾ, ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ, അത് വെറും വൈവാഹിക തർക്കമായി നിലനിൽക്കുന്നില്ല. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെയും ഭാവിയെയും ഇല്ലാതാക്കുന്ന ഭീകരവാദമായി മാറുന്നു. ഇവിടെ സുലൈമാൻ ഭീകരവാദി ആണോ എന്നതലപ്പുറം അയാളുടെ വജ്രം പതിപ്പിച്ച വാക്കുകൾ ഭീകരവാദത്തിന്റെ ആയുധമാവുകയാണോ എന്നതാണ്.
എല്ലാ അടഞ്ഞ വാതിലുകളുടെയും പിന്നിൽ ഉഗ്രമായി യുദ്ധം നടക്കുന്നുണ്ട് .
കാരണം ഒരുവൾ തൻ്റെ വഴികളിൽ ശക്തയാകുമ്പോൾ, താൻ ചെറുതാവുന്നുവെന്ന തോന്നൽ അവനിൽ അഹങ്കാരത്തിൻ്റെ വിറയലുണ്ടാക്കുന്നു. അങ്ങനെ അവനു
നിയന്ത്രിക്കാൻ കഴിയാത്ത സ്ത്രീയെ കീഴടക്കാനുള്ള എളുപ്പവഴിയായി ചിലർ കാണുന്നത് അവളെ തെറ്റുകാരിയാക്കുക എന്നതാണ്. അവർ അവളെ ചെറുതാക്കാൻ ശ്രമിക്കും....
കുറ്റപ്പെടുത്താൻ കഥകൾ മെനയും....
സ്വന്തം ഇഷ്ടങ്ങൾക്ക് അവളെ കീഴ്പ്പെടുത്താനായി ഭാവനാസമ്പന്നമായ വലയങ്ങൾ നെയ്യും...,..
അവൾ സന്തോഷത്തോടെ ചിരിക്കുമ്പോൾ പോലും ചോദ്യം ചെയ്യപ്പെടാം....,
അവൾ സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ അഹങ്കാരമായി ചിത്രീകരിക്കപ്പെടാം....
അവളുടെ ശക്തിയെ തകർക്കാൻ മനസ്സിൽ കഥകൾ തീർത്ത്, അവളുടെ ചിറകുകൾ വെട്ടാൻ അവൻ ശ്രമിച്ചുകൊണ്ടേയിരിക്കും....
ഇവിടെ, അവൻ ഉയരാൻ ശ്രമിക്കുകയല്ല അവൻ ചെയ്യുന്നത് മറ്റൊരാളുടെ ചിറകുകൾ മുറിക്കുകയാണ്. മറ്റൊരാളെ അടിച്ചമർത്തി നേടുന്ന വിജയം ഒരിക്കലും യഥാർത്ഥ ഉയർച്ചയല്ല, അത് ഭീരുത്വത്തിൻ്റെയും അസുരക്ഷിതത്വത്തിൻ്റെയും അടയാളം മാത്രമാണ്.
കുടുംബ കൗൺസിലർമാർ എന്ന നിലയിൽ പ്രശസ്തരായവർ പോലും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, സാധാരണ ദാമ്പത്യബന്ധങ്ങളിൽ എന്തായിരിക്കും സംഭവിക്കുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ...

