PRAVASI

സീറോ മലബാർ കൺവെൻഷൻ കിക്കോഫിന് വെർജീനിയ ദേവാലയത്തിൽ മികച്ച പ്രതികരണം

Blog Image

ചിക്കാഗോ : രജതജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് കൺവൻഷൻ ജോയിൻ്റ് കൺവീനർ ഫാ: യൂജിൻ ജോസഫിൻ്റെ നേതൃത്വത്തിൽ വെർജീനിയ സെൻറ് ജൂഡ് ദേവാലയത്തിൽ ഉത്സാഹപൂർവ്വം ജനുവരി പതിനൊന്നാം തീയതി നടന്നു. കൺവെൻഷന്റെ ഭാഗമായി ഇടവകകൾ സന്ദർശിക്കുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ആയി എത്തിച്ചേർന്ന ഫാ: യൂജിൻ ജോസഫിനെയും കൺവൻഷൻ രജിസ്‌ട്രേഷൻ കോർഡിനേറ്റർ ജേക്കബ് തോമസിനെയും ഇടവക വികാരി ഫാദർ ലിഗോറി ഫിലിപ്പ്സ് കട്ടിക്കാരൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. കൺവൻഷൻ പ്രതിനിധി റോണി തോമസ്, ട്രസ്റ്റിമാരായ ആൻ്റണി അന്തനാട്ട്, ആൻ്റണി പവ്വത്തിൽ,ജോസ് പുഞ്ചയിൽ, ജെയ്സൻ പോൾ എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി. കൺവൻഷൻ ടീമംഗങ്ങൾ വിവിധവശങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും ഏവരെയും കൺവൻഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഫാ.ടിനു പനച്ചിക്കലും തദവസരത്തിൽ സന്നിഹിതനായിരുന്നു.

രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ഇതോടൊപ്പം ആഘോഷിക്കുകയാണ്.
2026 ജൂലൈ മാസം 9 മുതൽ 12 വരെ അതിമനോഹരമായ ചിക്കാഗോ നഗരത്തിൽ ആഘോഷപൂർവ്വമായി നടക്കുന്ന ഈ കൺവെൻഷന്റെ വേദി നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോർമിക് പ്ലേസും അതോട് ചേർന്ന മൂന്ന് ഹോട്ടലുകളും ആണ്. കൺവെൻഷൻ ടീം രൂപതയിലെ ഇടവകകളിൽ സന്ദർശനം നടത്തി രജിസ്ട്രേഷന്റെയും മറ്റു പരിപാടികളുടെയും വിശദമായ രൂപരേഖകൾ അവതരിപ്പിച്ചു വരുന്നു. നേരിട്ടുള്ള ഈ സന്ദർശനങ്ങളും ആശയവിനിമയവും വളരെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിമാരും കൺവെൻഷൻ പ്രതിനിധികളും പറയുകയുണ്ടായി. വിശ്വാസ സംരക്ഷണത്തിനും,ആശയവിനിമയത്തിനും, സൗഹൃദ കൂട്ടായ്മകൾക്കുംഉതകുന്ന വിധത്തിൽ കൺവെൻഷൻ ക്രമീകരിക്കുവാൻ ഏവരും ഒറ്റക്കെട്ടായി പരിശ്രമിച്ചു വരുന്നു.

ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയസാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവെൻഷൻ ടീം ക്ഷണിക്കുന്നു.


വെർജീനിയ പള്ളിയിലെ അച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.