ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപത 25 വർഷം പിന്നിടുന്ന സുപ്രധാനമായ നാഴികക്കല്ലിൽ എത്തിനിൽക്കുന്ന അവസരത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ തുടരുകയാണ്. 2026 ജൂലൈ 9 മുതൽ 12 വരെ നടത്തപ്പെടുന്ന കൺവെൻഷനോടുകൂടിയാണ് ഈ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴുക. അമേരിക്കയിലെ എല്ലാ ഇടവകകളിലും ജൂബിലിയുടെ സന്ദേശവും, കൺവെൻഷൻ വിവരങ്ങളും നേരിട്ട് നൽകുവാനായി കൺവെൻഷൻ പ്രതിനിധികൾ സന്ദർശനം നടത്തിവരുന്നു.
കൺവെൻഷൻ രജിസ്ട്രേഷൻ കിക്കോഫിനായി ഹൂസ്റ്റണിലെ സെൻ്റ് ജോസഫ് പള്ളിയിൽപള്ളിയിൽ എത്തിയ രൂപതാ പ്രോക്യുറേറ്ററും ഈ പള്ളിയിലെ തന്നെ മുൻ വികാരിയുമായിരുന്ന ഫാ: കുര്യൻ നെടുവേലിചാലുങ്കലിനും കൺവെൻഷൻ ടീമിനും ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ വലിയ പറമ്പിലിൻ്റെയും, അസിസ്റ്റൻ്റ് വികാരി ഫാ. ജോർജ് പാറയിലിൻ്റെയും നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദയപൂർവ്വമായ വരവേൽപ്പ് നൽകി. ഫാ: കുര്യൻ ഏവരെയും കൺവെൻഷനിൽ പങ്കുചേരുവാനായി ക്ഷണിക്കുകയുണ്ടായി. 2019 ൽ ഹൂസ്റ്റണിൽ വിജയകരമായി നടത്തപ്പെട്ട കൺവൻഷൻ്റെ കൺവീനർ കൂടിയായ ഫാ.കുര്യൻ ചിക്കാഗോയിൽ നടക്കുന്ന ജൂബിലി കൺവൻഷൻ വിജയിപ്പിക്കുവാൻ സഹകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. കൺവൻഷൻ സെക്രട്ടറി ബീനാ വള്ളിക്കളം, IT നാഷണൽ ചീഫ് കോർഡിനേറ്റർ ജോർജ് നെല്ലിക്കുന്നേൽ, രജിസ്ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളം എന്നിവർ കൺവൻഷൻ പരിപാടികളുടെ ഒരു ഹൃസ്വമായ രൂപരേഖ അവതരിപ്പിക്കുകയും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
ട്രസ്റ്റിമാരായ പ്രിൻസ് ജേക്കബ്, സിജോ ജോസ്, ജോജോ തുണ്ടിയിൽ, വർഗീസ് കുര്യൻ എന്നിവർ കിക്കോഫ് അതിമനോഹരം ആക്കുവാൻ നേതൃത്വം നൽകി.
അൻപതോളം രജിസ്ട്രേഷൻ തദവസരത്തിൽ തന്നെ കൺവെൻഷൻ ടീമിന് കൈമാറാൻ ആയത് ഇടവകാംഗങ്ങളുടെ താൽപര്യത്തെയും സഹകരണത്തെയും സൂചിപ്പിക്കുന്നതായും കൂടുതൽ രജിസ്ട്രേഷനുകൾ പ്രതീക്ഷിക്കുന്നുവെന്നും ഇടവക വികാരിയും കൺവെൻഷൻ പ്രതിനിധികളും സന്തോഷപൂർവ്വം അറിയിച്ചു. കൺവെൻഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂർണ്ണ പിന്തുണ വികാരിയച്ചനും അസിസ്റ്റൻ്റ് വികാരിയച്ചനും ഉറപ്പുനൽകി.
2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് (McCormick Place) സിറോ മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും, മത്സരങ്ങളും ഒരുക്കിയിരിക്കുന്നു. യുവജനങ്ങൾക്കും മുതിർന്നവർക്കും അവരുടെ താല്പര്യങ്ങൾക്ക് ഉതകുന്ന വിധത്തിൽ പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഒന്നിച്ച് ചേർക്കുന്ന ഈ സംഗമം, ഒന്നിച്ചു ചേരാനും, ആശയവിനിമയത്തിനും , പ്രവാസി ലോകത്തെ , സഭയുടെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി ഒരു പുതിയ ദിശാബോധം നൽകുവാനുമുള്ള ഒരു അവസരം ആയിരിക്കും. മനോഹരമായ ഈ ആത്മീയ, സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കുവാൻ രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എല്ലാ വിശ്വാസികളെയും ഈ ക്ഷണിക്കുന്നു.
രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഇടവകകളും സന്ദർശിക്കുവാൻ ശ്രമിക്കുന്നതായി കൺവെൻഷൻ ടീം അറിയിച്ചു. വിവരങ്ങൾ പങ്കുവയ്ക്കുക വഴി കൺവെൻഷൻ രജിസ്ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു.
ഹൂസ്റ്റൻ സീറോ മലബാർ ഇടവകയിലെ വികാരിയച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.




.jpg)




