ഓപ്പറേഷൻ ജാവയും സൗദി വെള്ളക്കയും മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനായ തരുൺ മൂർത്തിയുടെ അടുത്ത ചിത്രം 'തുടരും' ഇനിയും തിയേറ്ററിൽ എത്താനുള്ള കാത്തുനിൽപ്പിലാണ്. 2025ലെ ആദ്യ മോഹൻലാൽ ചിത്രം എന്ന നിലയിൽ ഈ സിനിമ തിയേറ്ററിൽ വരും എന്ന് പ്രതീക്ഷിച്ചുവെങ്കിലും, ഓവർടേക്ക് ചെയ്തുകൊണ്ട് അതേ നായകന്റെ 'L2 എമ്പുരാൻ' ആദ്യം റിലീസ് ചെയ്യും. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും നായികാ നായകന്മാർ ആവുന്ന സിനിമയിൽ നായകൻ തീർത്തും സാധാരണക്കാരനായ ടാക്സി ഡ്രൈവറും. ഹെലികോപ്റ്ററിൽ പാറിപ്പറന്നു നടക്കുന്ന അബ്രാം ഖുറേഷിയെ, ടിക്കറ്റ് ബുക്കിങ് തുടങ്ങിയപ്പോൾ തന്നെ റോക്കറ്റ് വേഗത്തിൽ കുതിച്ച എമ്പുരാനെ കണ്ട, തന്റെ അമ്പരപ്പ് തരുൺ മറച്ചുവച്ചില്ല.
'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്' എന്ന് ഫേസ്ബുക്ക് പോസ്റ്റ്. കൂട്ടത്തിൽ സ്‌പ്ലെൻഡർ ബൈക്കിൽ കൂട്ടുകാരനെയും കൊണ്ട് യാത്ര ചെയ്യുന്ന തന്റെ നായക വേർഷനിലെ മോഹൻലാലും.


