അടുത്തതായി നമുക്ക് ആ കല്യാണ ഷോട്ട് എടുക്കാം......"
സംവിധായകൻ സിബിയുടെ നിർദേശ പ്രകാരം അയാൾ ഷോട്ടിനു തയ്യാറാകുകയാണ്.ഓർമ വച്ചു തുടങ്ങിയ നാൾ മുതൽ "ദേവി, സേതുവിനുള്ളതാണ്, സേതു ദേവിയുടേതും " എന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നത് കേട്ടു പരസ്പരം ജീവനായി പ്രണയിച്ച സേതുവിനെയും, ദേവിയെയും വിധി വേർ പെടുത്തി അവളെ വേറെ വിവാഹം കഴിപ്പിക്കുമ്പോൾ, വേറൊരുത്തന്റെ താലിയുമായി തന്റെ കൺ മുന്നിലൂടെ, വിവാഹ വേഷത്തിൽ മറ്റൊരുത്തന്റെ കയ്യും പിടിച്ചു നടന്നു പോകുന്ന ദേവിയെ നോക്കി നിൽക്കുന്ന സേതു "
ലോഹി, അയാളോട് സാഹചര്യം വിവരിക്കുകയും.....!
ഷോട്ടിനു മുൻപ്, "ദേവിയെ നോക്കുന്ന കൂട്ടത്തിൽ ആ അമ്പലത്തിലേക്കും ഒന്നു നോക്കിയേക്കു " എന്നൊരു ഉപദേശത്തോടെ സിബി "ആക്ഷൻ " വിളിക്കുകയാണ്....
അങ്ങനെ 4 മിനിറ്റ് 28 സെക്കന്റ് ഉള്ള "കണ്ണീർ പൂവിന്റെ കവിളിൽ തലോടി " യിലെ രണ്ട് മിനിറ്റ് 13 സെക്കൻഡിൽ സിബി പറഞ്ഞ 'ആ നോട്ടം" സ്ക്രീനിൽ കടന്നു വരുകയാണ്.....
പ്രാണന്റെ പാതിയായിരുന്നവൾ മറ്റൊരുവന്റെ നിഴൽ പറ്റി പോകുന്നത് കാണുമ്പോൾ നട അടഞ്ഞു കിടക്കുന്ന അമ്പലത്തിലേക്ക് നോക്കി അവിടുത്തെ പ്രതിഷ്ഠയോട്
" നിങ്ങൾ എന്തിന് എന്നോടിത് ചെയ്തു? ഇതിനും മാത്രം പാപം ഞാൻ എന്ത് ചെയ്തു? എന്റെ പ്രാർത്ഥനകളെല്ലാം വെറുതെയായല്ലോ "
എന്ന് പറഞ്ഞു വിലപിക്കുന്ന, അവസാന ആശ്രയമായിരുന്ന ദൈവം കൂടി കൈ വിട്ട, സേതു വിന്റെ നിസ്സഹായത മുഴുവൻ ആ ഒരൊറ്റ നോട്ടത്തിലൂടെ അയാൾ കണ്ടു നിന്നവരുടെ മുന്നിലേക്ക് അഴിച്ചു വിടുകയാണ്.....!
ചുമ്മാ മുണ്ടും അഴിച്ചിട്ട്, ഇളം നീല ഷർട്ടുമിട്ടു നാട്ടു വഴിയിലൂടെ ഒരു ഡയലോഗ് പോലുമില്ലാതെ വെറുമൊരു നടത്തത്തിലൂടെ "ഒരൊറ്റ നിമിഷം കൊണ്ടു ജീവിതം കൈ വിട്ടു പോയൊരു" മനുഷ്യന്റെ അവസ്ഥ കാണിച്ചു തന്ന അയാൾക്കതൊരു വെല്ലുവിളിയെ ആയിരുന്നില്ല......
ലാലേട്ടൻ.


