ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് തിലകൻ ഉന്നയിച്ച ആരോപണം തെറ്റ് ; ശ്രീനാഥിന്റെ മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത ഫോറൻസിക് സർജൻ ഡോ.കൃഷ്‌ണൻ ബാലചന്ദ്രൻ എഴുതിയ കുറിപ്പ് വായിക്കാം
ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് തിലകൻ ഉന്നയിച്ച ആരോപണം തെറ്റ് ; ശ്രീനാഥിന്റെ മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത ഫോറൻസിക് സർജൻ ഡോ.കൃഷ്‌ണൻ ബാലചന്ദ്രൻ എഴുതിയ കുറിപ്പ് വായിക്കാം
PART 1
ദിലീപ് സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി സിനിമ മേഖലയിൽ നടന്ന പല സംഭവങ്ങളെയും എടുത്ത് കിളച്ചുമറിക്കുന്നതിനിടയിൽ പുറത്ത് വന്നതുമായതും, പത്രങ്ങളിലും, ചാനലുകളിലും, ഓൺലൈൻ പോർട്ടലുകളിലും ചർച്ച ചെയ്യപ്പെട്ടതുമായ സംഭവങ്ങളിൽ ഒന്നായിരുന്നല്ലോ നടൻ ശ്രീനാഥിന്റെ മരണവും.
മറ്റു പല കാര്യങ്ങളേക്കുറിച്ചും പറയുന്നതിനിടയിൽ ശ്രീ. തിലകൻ അദ്ദേഹത്തിന്റെ (ശ്രീനാഥിന്റെ) മരണത്തെക്കുറിച്ച് സംസാരിക്കുന്ന, ഏകദേശം ഏഴ് മിനിറ്റ് വരുന്ന ഒരു വിഡിയോ ക്ലിപ്പ്, വാട്ട്സാപ്പിലൂടെ പ്രചരിച്ചിരുന്നു. പ്രസ്തുത വിഡിയോ ക്ലിപ്പ് ഏതാണ്ട് പത്തുപേരെങ്കിലും വെവ്വേറെയായി എനിക്ക് അയച്ച് തന്നിട്ടുണ്ട്. രണ്ട് മൂന്നു പേർക്ക് ഞാൻ മറുപടി നേരിട്ട് കൊടുത്തിരുന്നു. എന്നിട്ട് മിണ്ടാതിരുന്നു.
വിട്ടു കളഞ്ഞ സംഭവമായിരുന്നു.
ഇന്നിപ്പോ വീണ്ടും കിട്ടി, ഒന്നൂടെ, വേറൊരിടത്തു നിന്നും.
ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചും, എന്റെ തൊഴിലായ ഫോറൻസിക്ക് മെഡിസിന്റെ മേലൊരു സംശയമുയർത്തിക്കൊണ്ടും ആ വിഡിയോ ഇന്നും കിട്ടിയ സ്ഥിതിക്കാണ് ഈ കുറിപ്പ്.
വിഡിയോയിൽ ശ്രീ. തിലകൻ ശ്രീനാഥിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയേപ്പറ്റി അദ്ദേഹത്തിന് സംശയം ഉയർത്തിയ രണ്ട് കാര്യങ്ങളെ പറ്റി പറയുന്നുണ്ട്. അവ ഇതാണ്.
Point 1. കോതമംഗലത്ത് വച്ച് നടന്ന മരണത്തിൽ എന്ത് കൊണ്ട് ഏറ്റവും അടുത്ത മെഡിക്കൽ കോളേജായ കോട്ടയത്തോ, അതല്ലെങ്കിൽ തൃശൂരൊ, പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് കൊണ്ടുപോയില്ല?
Point 2. "അമ്മ" എന്ന താരസംഘടനയുടെ ഭാരവാഹിയായ നടന്റെ ഭാര്യ ഫോറൻസിക്ക് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴയിലേക്ക് മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പൊയതിൽ പ്രത്യേക താത്പര്യമുണ്ട്. അതിൽ പന്തികേടുണ്ട്.
ശ്രീ. തിലകൻ അന്തരിച്ചു പോയതിനാൽ അദ്ദേഹത്തിനോട് എനിക്ക് ഇത് വിശദീകരിക്കാൻ ഇപ്പോൾ കഴിയില്ലല്ലോ. പക്ഷേ പ്രസ്തുത വിഡിയോ ക്ലിപ്പ് കണ്ടിട്ടുള്ള ജനങ്ങളുടെ മനസ്സിൽ ന്യായമായും ഉണ്ടാകാനിടയുള്ള സംശയങ്ങള്‍ക്ക് ഒരു ക്ലാരിഫിക്കേഷൻ. അതാണ് ഉദ്ദേശം.
Point 1.
ആലപ്പുഴ പോലീസ് സർജ്ജന്റെ ഔദ്യോഗിക അധികാര പരിധിയിൽ വരുന്നതാണ് ആലപ്പുഴ + എറണാകുളം ജില്ലകൾ. കോതമംഗലം എറണാകുളം ജില്ലയിലാണ്. ആ കാരണം കൊണ്ട് തന്നെ ആലപ്പുഴയിലേക്കേ ആ ബോഡി വരൂ. കോട്ടയത്തേക്കോ തൃശൂരേക്കോ അത് പോകില്ല,ദൂരം അല്ല ജൂറിസ്ഡിക്ഷനാണ് അത് നിശ്ചയിക്കുന്നത്. അതാണ് നിയമം. എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം. ഒരു ക്രൈം നടന്നാൽ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ അല്ല കേസ്സെടുക്കുന്നത്. ഏത് സ്റ്റേഷന്റെ പരിധിയിൽ വരുന്നോ, അവിടെയാണ് കേസ് രജിസ്റ്റർ ചെയ്യപ്പെടുക.
Point 2.
ഈ സംഭവം നടക്കുന്ന 2010ൽ ആലപ്പുഴ പോലീസ് സർജ്ജൻ ഡോ. ശ്രീകുമാരിയായിരുന്നു. അവർ ഇപ്പോഴും സർവീസിലുണ്ട്. Joint Director of Medical Education ആയിട്ട് തിരുവനന്തപുരത്തുണ്ട്. അവരുടെ ഭർത്താവ് സിനിമ നടനോ "അമ്മ" യുടെ ഭാരവാഹിയോ അല്ല.
ഫോറൻസിക്ക് മെഡിസിനിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. പി. രമ പ്രഫസറാണ്, തിരുവനന്തപുരം പോലീസ് സർജ്ജനാണ്. .നടൻ ജഗദീഷിന്റെ ഭാര്യയാണവർ, ശരിയാണ്. പക്ഷേ 2010ൽ അവർ ആലപ്പുഴയിലില്ല. അവർ അന്നും തിരുവനന്തപുരത്തായിരുന്നു. ഇന്നും.
എന്തിന് ഞാനിത് എഴുതണം?
ശ്രീനാഥിനേ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഞാനായിരുന്നു. പരിശോധനയുടെ അടുത്ത ദിവസം റിപ്പോർട്ടും കൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥന് CrPC പ്രകാരമുള്ള 161 statementഉം കൊടുത്തു. എന്നേ സംബന്ധിച്ചിടത്തോളം ആ കേസ്സിൽ ഇനി എനിക്ക് എന്തെങ്കിലും റോളുണ്ടെങ്കിൽത്തന്നെ അത് കോടതിയിൽ നിന്നും സമൻസ് ലഭിച്ചാൽ പോയി depose ചെയ്യണം അത്ര തന്നെ.
നത്തിങ്ങ് മോർ, നത്തിങ്ങ് ലെസ്.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
PART 2
എല്ലാവരുടേയും കാര്യം എനിക്കറിയില്ല. എന്റെ കാര്യം പറയാം. ഞാൻ എന്റെ ടേബിളിൽ കിടക്കുന്നവരോട് സംസാരിക്കും, കമ്മ്യൂണിക്കേറ്റ് ചെയ്യും. അവർ എന്നോടും. അതിന് ഒരു ഭാഷയുണ്ട്. നിശ്ശബ്ദമാണത്. പക്ഷേ അതീവസുന്ദരവും.
ഇന്നുവരെ പരേതന്റെ EXPLICIT സമ്മതത്തോടെയാണ് (മൗനാനുവാദം അല്ല) ഞാൻ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുള്ളത്. ഈ ഭാഷ പൂർണ്ണമായും മനസ്സിലാകുന്ന ചില സന്ദഭങ്ങളിൽ എനിക്ക് ശ്വാസംമുട്ടാറുണ്ട്, നെഞ്ചുപിടയ്ക്കാറുണ്ട്, ചിരിവരാറുണ്ട്, ചിലപ്പോൾ പൊള്ളാറുണ്ട്. കരച്ചിൽ വരും മറ്റുചിലപ്പോഴൊക്കെ. പരിശോധന കഴിഞ്ഞും റിപ്പോർട്ട് എഴുതി തീരുന്നത് വരേയും ചിലർ സംസാരിച്ച് കൊണ്ടേയിരിക്കും. ചിലർ വളരെ വളരെ അപൂര്‍വമായി ഇങ്ങ് കൂടെപ്പൊരും.
പരിശോധനയുടെ PEAK DEFINING മോമന്റ് ഒരാളുടെ BRAIN നമ്മുടെ കൈകളിരിക്കുമ്പോഴാണ്. ഒരു മനുഷ്യന്റെ ആകെത്തുകയാണത്. അതിലടങ്ങിയിരിക്കുന്നു അവന്റെ സന്തോഷങ്ങളും ദുഖങ്ങളും, അവനിലെ വീരനും ഭീരുവും കാമുകനും വഞ്ചകനും, പ്രേമവും കാമവും ക്രോധവും, പകയും സ്നേഹവും വാത്സല്യവും, വിശപ്പും ദാഹവും, കരുണയും വൈരാഗ്യവും, ആശകളും നിരാശകളും... എല്ലാം... എല്ലാം... ഒരു മനുഷ്യനേ അവനാക്കിയ അവന്റെ BRAIN.
അത് എന്റെ കൈകളിൽ എത്തുന്ന ആ നിമിഷമാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ ZENITH, most overwhelming. വല്ലാതെ അങ്ങ് ചെറുതാവും ആ നിമിഷം നമ്മൾ. ഒരു കഥ പറയാനാണ് ഏൽപ്പിച്ചിരിക്കുന്നത്. ഒരു ജീവിതത്തിന്റെ കഥ. മരണത്തിന്റെയും.
"നിനക്കിത് എനിക്കുവേണ്ടി പറയാമോ? അതിന് നീ എന്നോട് ശരിക്കും ശ്രദ്ധിക്കണം, എന്റെ ജീവിതം കാണണം... ഒരു ചെറിയ നിമിഷത്തേക്കെങ്കിലും എന്റെ കൂടെ എന്റെ മരണം നീയും മരിക്കണം...നിന്നിൽ എനിക്ക് പൂർണ്ണ വിശ്വാസമാണ് ...
ഒരു ഉത്തരവാദിത്തമാണ്. ആ നിമിഷത്തിന്റെ sanctity-യിൽ നിന്നാണ്, സത്യത്തിന്റെ സാക്ഷികൾ പിറക്കുന്നത്.
ഒരു വേദപുസ്തകത്തിലും തൊട്ടുള്ള സത്യം ചെയ്യലിനും, മറ്റേത് സധൈര്യ സത്യപ്രതിജ്ഞകൾക്കും നമ്മളിൽ നിന്നും ആവശ്യപ്പെടാനവുന്ന ഒരു commitment പോലേയുമല്ലിത്. ഇതിന് സമാനതകളില്ല
അവിടുന്നാണ്, ആ നിമിഷത്തിന്റെ അപാരഭംഗിയിൽ നിന്നുമാണ് ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉണ്ടാവുന്നത്.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
PART 3
അത് കൊണ്ട് തന്നെ ഒരു ക്ലാരിഫിക്കേഷനും ഞാൻ തരില്ല. ഒന്നിനും. എന്റെ പ്രതിബദ്ധത എനിക്ക് എന്റെ കൂട്ടുകാർ ഏൽപ്പിച്ച കർത്തവ്യത്തോടും സത്യത്തോടുമാണ്.
അത് കേൾക്കുന്നവരിൽ എന്ത് തോന്നലുണ്ടാക്കുന്നു എന്നത് എന്റെ വിഷയവുമല്ല.
പറയാൻ ഏൽപ്പിച്ച കാര്യങ്ങൾ, കാണിച്ചു തന്ന സത്യങ്ങളിൽ നിന്നു ഞാൻ ഉണ്ടാക്കിയെടുത്ത അഭിപ്രായങ്ങൾ, തെളിവുകളുടെ സഹായത്തോടെ, ന്യായവും യുക്തിപൂർവ്വവുമായി കോടതികളിൽ പറയുക എന്നത് മാത്രമാണ് എന്റെ ജോലി.
അത് പറയാനും, എന്റെ ഈ Most Privileged പ്രത്യേക അവകാശം എന്റെ തോഴിലിലൂടെ നടത്താനും, എനിക്ക് കഴിയുന്നത് സമാനതകളില്ലാത്ത ആ നിമിഷത്തിന്റെ മൂല്യം ഞാൻ മനസ്സിലാക്കുന്നത് കൊണ്ടാണ്.
ആ ഒരു നിമിഷം.
ഡോ.കൃഷ്‌ണൻ ബാലചന്ദ്രൻ