മഴക്കാലത്തുണ്ട്
വിചാരിച്ചിരിക്കാതെ
വെയിൽ തെളിയുന്ന
അപൂർവ്വ ദിവസങ്ങൾ
ചുറ്റുമുള്ള
കോൾ പാടങ്ങളിൽ
നിറഞ്ഞു കവിയുന്ന
വെള്ളത്തിന് മേൽ
തിളങ്ങി വീഴുന്ന
വെയിൽ വളയങ്ങൾ.
അതിൽ അല്പനേരം
മുഖം നോക്കുന്ന
കാറൊഴിഞ്ഞ മേഘങ്ങളും
ഉച്ചസൂര്യനും.
മഴയുടെ മങ്ങലിൽ നിന്ന്
പിടഞ്ഞെണീറ്റ്
ചുറ്റുമുള്ളതൊക്കെയുമപ്പോൾ
വെളിച്ചം വിരിച്ചു വെച്ചതു
പോലെ തോന്നും.
മഴ കുളിർപ്പിച്ച
ഭൂമിയുടെ പച്ച തലപ്പുകളെല്ലാം
കുടഞ്ഞുണർന്നു തല നീട്ടുന്ന
തൂവെയിൽ നേരങ്ങൾ
രണ്ടു മഴകൾക്കിടയിൽ
വരുന്ന വെയിലിന്
എന്തൊരു ചന്തമാണെന്ന്
കൺനിറയെ കാണും.
മഴയും വെയിലും കൈകോർക്കുന്ന
സുന്ദര നിമിഷങ്ങളുടെ
അനർഘമായ അനുഭൂതികൾ
ചുറ്റും വലയം ചെയ്യും.
വെയിൽ പൊട്ടുകൾ അലങ്കരിച്ച
ജലവിതാനത്തിനു മേലെ
ചിറകുകൾ തമ്മിൽ കൂട്ടി തൊട്ട്
ഇണക്കമോടെ ഒപ്പം പറക്കുന്ന
പേരറിയാപക്ഷികളെ നോക്കും.
രണ്ടു മഴകൾക്കിടയിലെ
ഇത്തിരി വെയിലിൽ
ഒരു കിളിയൊച്ചയിൽ
എന്തുകൊണ്ടോ
ഞാൻ നിന്നെ ഓർക്കും.
മഴയിൽ നനഞ്ഞ നമ്മൾ
പതിയെ വെയിലിൽ തിളങ്ങും.

സൂസൻ ജോഷി

