നേപ്പാളിലും ടിബറ്റ് മേഖലയിലും ഉണ്ടായ ശക്തമായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം160 കടന്നു. ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ അഞ്ഞൂറിലധികം ആളുകളെ കാണാതായി.
നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപം ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് പ്രളയത്തിന് കാരണം. ടിബറ്റിൽ ഭൂകമ്പം അനുഭവപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രളയമുണ്ടായതെന്നും, മഞ്ഞുമലകൾ ഉരുകിയൊലിച്ചതാകാം ദുരന്തത്തിന് വഴിവെച്ചതെന്നുമാണ് നിഗമനം. രസൂവ, ധാഡിങ്, നുവാകോട്ട്, ചിത്വാൻ, നവൽപരാസി ഈസ്റ്റ് തുടങ്ങി നിരവധി ജില്ലകളിലേക്ക് പ്രളയം പടർന്നുപിടിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ആദ്യഘട്ട വിവരങ്ങളും വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ നേപ്പാളിലെ രസൂവ ജില്ലയിൽ ആരംഭിച്ച് ഭോട്ടെ കോശി, ത്രിശൂലി നദീതടങ്ങളിലേക്ക് പടർന്നുപിടിച്ച പ്രളയം സെക്കൻഡുകൾക്കുള്ളിൽ ഗ്രാമങ്ങളെ വിഴുങ്ങുകയായിരുന്നു.
അത്യപൂർവ്വമായ വേഗതയിലും തീവ്രതയിലുമാണ് നദികളിൽ പ്രളയജലമെത്തിയത്. ത്രിശൂലി നദിയുടെ ഗൽച്ച പ്രദേശത്ത് വെറും 30 മിനിറ്റിനുള്ളിൽ 9 മീറ്ററോളമാണ് ജലനിരപ്പ് ഉയർന്നത്. മാലേഖുവിൽ ഇതേ സമയത്തിനുള്ളിൽ 7 മീറ്റർ വരെ ജലനിരപ്പുയർന്നു. നിരവധി ജലനിരീക്ഷണ കേന്ദ്രങ്ങൾ പ്രളയത്തിൽ തകരുകയും ഒലിച്ചുപോകുകയും ചെയ്തു.
അതിർത്തി പ്രദേശങ്ങളിൽ കൂറ്റൻ പാറകളും മണ്ണും വന്ന് വീണ് നദിയുടെ ഒഴുക്ക് ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് പെട്ടെന്ന് തകർന്ന് രണ്ടാമതൊരു പ്രളയത്തിന് വഴിവെച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ചൈന അതിർത്തിയിലെ ജിലോങ് പോർട്ട് പരിസരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ദുരന്തത്തിന് തൊട്ടുമുമ്പ് പ്രകമ്പനങ്ങൾ (Seismic activity) ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതാണോ പ്രളയത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി റഡാർ ദൃശ്യങ്ങളും ഫീൽഡ് ഡാറ്റകളും വിശദമായി പരിശോധിച്ച് വരികയാണെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
നേപ്പാളിൽ കാണാതായ വിദേശികളിൽ 133 ഇന്ത്യക്കാരുണ്ടെന്ന് നേപ്പാൾ ടൂറിസം ബോർഡ് സ്ഥിരീകരിച്ചു. കൈലാസ മാനസസരോവർ യാത്രയ്ക്ക് പോയ 50-ഓളം ഭക്തരും ഇതിൽ ഉൾപ്പെടുന്നു. കാണാതായവർക്കായി സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 157 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. 500-ഓളം പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. അതിർത്തി ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിക്കുകയും 265 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ദുരന്തത്തിൽ 19 പ്രധാന പാലങ്ങൾ ഒലിച്ചുപോയി. കൂടാതെ നിർമ്മാണത്തിലിരിക്കുന്ന അഞ്ചെണ്ണം ഉൾപ്പെടെ 13-ഓളം ജലവൈദ്യുത പദ്ധതികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ ജലവൈദ്യുത പദ്ധതികൾക്കും വലിയ നാശനഷ്ടമുണ്ടായി.

