ലഖ്നൗ: നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി വനിതാ എസ്‌ഐ. പ്രതിയായ കമല്‍ കിഷോറിനെയാണ് സബ് ഇന്‍സ്പെക്ടര്‍ സക്കീന ഖാന്‍ വെടിവെച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെയ് 28-ന് ഉത്തര്‍പ്രദേശിലെ മഡെയ്ഗഞ്ച് പ്രദേശത്ത് കിഷോര്‍ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു സംഭവം.
സാക്കിന ഖാന്‍ അടക്കമുള്ള പൊലീസുകാരുടെ സംഘം പ്രതി ഒളിവില്‍കഴിയുന്ന സ്ഥലത്തെത്തി. എന്നാല്‍, പൊലീസിനെ കണ്ടതോടെ വെടിയുതിര്‍ത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാന്‍ അതിസാഹസികമായി പ്രതിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് സാക്കിന ഖാന്‍ കൗണ്‍സലിങ് നല്‍കിയിരുന്നു. പ്രതിയായ കമല്‍ കിഷോറിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.


