പാക്കിസ്ഥാനിലേക്കുള്ള ഏറ്റവും ശ്രദ്ധേയമായ മിഷൻ യാത്രയ്ക്കിടെ, സിറിയൻ ഓർത്തഡോക്സ് സഭയിലെ ഫാദർ ജോസഫ് വർഗീസ് സെന്റ് തോമസിന്റെ പാദമുദ്രകൾ പതിഞ്ഞ ഗൊണ്ടൊഫറോസ് കൊട്ടാരം നിലനിന്ന പ്രദേശം സന്ദർശിച്ചു . സെൻ്റ് തോമസ് ഇന്ത്യയിലെത്തുന്നതിന് മുമ്പ് താമസിച്ചതായി വിശ്വസിക്കപ്പെടുന്ന ഗൊണ്ടൊഫറോസ് കൊട്ടാരം റാവൽപിണ്ടിയിൽ നിന്ന് ഏകദേശം 20 മൈൽ അകലെയുള്ള പ്രശസ്തമായ സിൽക്ക് റോഡിൻ്റെ ബൈനറി റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്.
ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലൂടെ തോമാ ശ്ലീഹാ സഞ്ചരിച്ചുവെന്ന് കരുതുന്ന വഴിയിൽ നിന്ന് അദ്ദേഹത്തിൻ്റെ പ്രേഷിത യാത്രയെക്കുറിച്ചുള്ള ചരിത്ര വിവരണം കണ്ടെത്താനാകും.
പാർത്ഥിയൻ രാജാവായ ഗൊണ്ടോഫറസിൻ്റെ രാജ്യ( ബിസി 30 മുതൽ സിഇ 80 വരെ)മായിരുന്നു "ഇന്തോ-പാർത്തിയൻ" എന്നും വിളിക്കപ്പെടുന്ന സിർകാപ്. ഖനനം ചെയ്‌ത് കണ്ടെടുത്ത സിർകാപ്പ് പട്ടണത്തിന് ഏകദേശം 1200 മീറ്റർ നീളവും 400 വീതിയുമുണ്ട് നഗരത്തെ ചുറ്റുന്ന മതിലിന് 6-10 മീറ്റർ ഉയരവും 5-7 മീറ്റർ വീതിയും ഏകദേശം 4,800 മീറ്റർ നീളവുമുള്ളതായി കണക്കാക്കപ്പെടുന്നു.
മൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യകാല അപ്പോക്രിഫൽ ഗ്രന്ഥമായ സെൻ്റ് തോമസിൻ്റെ പ്രവൃത്തികൾ 1822-ൽ സിറിയയിൽ നിന്നാണ് കണ്ടെടുത്തത് . ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ സെൻ്റ് തോമസ് തക്‌സിലയിലെ ഗോണ്ടോഫറസ് രാജാവിൻ്റെ കൊട്ടാരം സന്ദർശിച്ചതായി ഗ്രന്ഥത്തിലെ വിവരണം പറയുന്നു. ഗൊണ്ടോഫറെസ് രാജാവിന് ഒരു പുതിയ കൊട്ടാരം പണിയാനുള്ള ചുമതലയും കുറച്ച് സ്വത്തും രാജാവ് സെന്റ് തോമസിന് നൽകി.
എന്നാൽ ഒരു കല്ലു പോലുമിടാതെ പണമെല്ലാം ആർക്കൊക്കെയോ കൊടുത്ത് തീർത്തതോടെ സെൻ്റ് തോമസ് രാജാവിൻ്റെ അതൃപ്തിക്ക് കാരണക്കാരനായി. സെൻ്റ് തോമസിനെ വധിക്കാൻ ഉത്തരവിടാൻ രാജാവ് തയ്യാറായിരിക്കെയാണ് മരണത്തിലേക്ക് വീണുപോയ തന്റെ സഹോദരനെ സെൻ്റ് തോമസ് അത്ഭുതകരമായി പുനരുജ്ജീവിപ്പിച്ചത് . ഗോണ്ടോഫറസിൻ്റെ സഹോദരൻ രാജാവിനോട് പറഞ്ഞു, 'മരണത്തെ നേരിട്ടപ്പോൾ താൻ സ്വർഗ്ഗം കണ്ടുവെന്നും അവിടെ സെൻ്റ് തോമസ് തനിക്ക് വേണ്ടി ഒരു കൊട്ടാരം പണിതിരുന്നുവെന്നും'. വൈകാതെ രാജാവ് സെൻ്റ് തോമസിനോട് ക്ഷമിക്കുകയും രാജ്യം മുഴുവൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. പാക്കിസ്ഥാനി ക്രിസ്ത്യാനികൾക്കും സെൻ്റ് തോമസിനെ ബഹുമാനിക്കുന്ന മറ്റ് ചില വിശ്വാസി സമൂഹങ്ങൾക്കും സിർകാപ്പ് ഒരു തീർത്ഥാടന കേന്ദ്രമായി മാറി . സെൻ്റ് തോമസിൻ്റെ സ്മൃതികുടീരത്തിൽ പ്രാർത്ഥിക്കാൻ കിലോമീറ്ററുകളോളം യാത്ര ചെയ്ത് ആളുകൾ എത്തുന്നു . ശിശുക്കൾക്കും മുതിർന്നവർക്കും സൈറ്റിൽ മാമോദീസയും നടത്തുന്നു.
തക്‌സില കുരിശ്
1935 ൽ വയൽ ഉഴുതുമറിക്കുന്നതിനിടെ ഒരു കർഷകന് ഒരു കുരിശ് ലഭിച്ചു ,. ആ കുരിശ് ലാഹോറിലെ ആംഗ്ലിക്കൻ ബിഷപ്പിന് സമ്മാനിച്ചു. പ്രസിദ്ധമായ "തക്‌സില ക്രോസ്" എന്ന ഈ കുരിശ് ഇപ്പോൾ പഞ്ചാബിൻ്റെ തലസ്ഥാനത്ത് ആംഗ്ലിക്കൻ കത്തീഡ്രൽ ഓഫ് റിസറക്ഷനിൽ സൂക്ഷിച്ചിരിക്കുന്നു. പാക്കിസ്ഥാൻ ക്രിസ്ത്യാനികളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് സിർകാപ്പ്. അങ്ങനെ, എല്ലാ വർഷവും ജൂലൈ 3 ന്, അവരിൽ അനേകായിരങ്ങൾ സിർക്കാപ്പിലെ സെൻ്റ് തോമസിൻ്റെ തിരുനാൾ ആഘോഷിക്കാനും പ്രാർത്ഥിക്കാനും ഇവിടെ മെഴുകുതിരികൾ കത്തിക്കാനും വരുന്നു. മുതിർന്നവരുടെയും കുട്ടികളുടെയും മാമോദീസയും ഇവിടെ നടത്തപ്പെടുന്നു.
ലോകമെമ്പാടുമുള്ള ചരിത്രപരവും വാസ്തുവിദ്യാപരവുമായ നാശഭീഷണി നേരിടുന്ന പുരാവസ്തു സൈറ്റുകളുടെ സംരക്ഷണത്തെ പിന്തുണയ്ക്കുന്ന വേൾഡ് ഹെറിറ്റേജ് ഫണ്ടിന്റെ റിപ്പോർട്ടുകൾ അനുസരിച്ച്, തക്സിലയുടെ പുരാവസ്തു അവശിഷ്ടങ്ങൾ ഏറ്റവും അപകടകരമായ നാശം നേരിടുന്നു.
സെൻ്റ് തോമസ് ദ അപ്പോസ്‌തലിക് കാത്തലിക് ചർച്ച്
2022 ഫെബ്രുവരിയിൽ, തക്‌സിലയിലെ സിർകാപ്പ് പ്രദേശത്തിനടുത്തായി “സെൻ്റ് തോമസ് ദ അപ്പോസ്‌തലിക് കാത്തലിക് ചർച്ച്” കൂദാശ ചെയ്യപ്പെട്ടു. സെൻ്റ് തോമസ് താമസിച്ചിരുന്ന സ്ഥലത്തിൻ്റെ ഏറ്റവും അടുത്തുള്ള സ്മാരകം എന്ന നിലയിൽ ഇവിടെ തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനും ആരാധിക്കാനും സൗകര്യമുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ മിഷനറിമാരാണ് പാക്കിസ്ഥാനിൽ ക്രിസ്തുമതത്തിന് തുടക്കമിട്ടത് എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ പ്രദേശത്ത് വിശ്വാസത്തിൻ്റെ വിത്ത് അപ്പോസ്തലന്മാരുടെ കാലം മുതലേ വീണതാണ്. മെസൊപ്പൊട്ടേമിയ മുതൽ ഇന്തോ-പാർത്ഥിയൻ രാജ്യങ്ങൾ മുതൽ മംഗോളിയയിലെ ചിയാങ് രാജ്യം വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന പേർഷ്യൻ രാജ്യത്തിലെ പള്ളികളുടെ മേൽ അന്ത്യോക്യ ബിഷപ്പിന് സഭാപരവും ആത്മീയവുമായ അധികാരപരിധിയുണ്ടെന്ന് നാലാം നൂറ്റാണ്ട് മുതലുള്ള സഭാ ചരിത്രം വെളിപ്പെടുത്തി, ഫാദർ ജോസഫ് പറഞ്ഞു. ഈ പുരാവസ്തു സ്ഥലങ്ങളും മറ്റ് തെളിവുകളും സെൻ്റ് തോമസ് മലങ്കരയിൽ വന്നതായ ഐതിഹ്യങ്ങളുടെയും വിശ്വാസത്തിൻ്റെയും വിലപ്പെട്ട തെളിവുകളാണെന്ന് ഫാ . ജോസഫ് വർഗീസ് ചൂണ്ടിക്കാട്ടുന്നു.
മതാന്തര സംവാദങ്ങളിലൂടെയും, സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വര്‍ഗീസിന്റെ പാക്കിസ്ഥാനിലേക്കുള്ള പുതിയ ദൗത്യം സവിശേഷ ശ്രദ്ധ നേടിയിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദിലും സിന്ധിലും 40 കുടുംബങ്ങളേയും പഞ്ചാബിലിലെ ഫൈസ്‌ലാബാദില്‍ 30 കുടുംബങ്ങളേയും മാമ്മോദീസ നൽകി . സിറിയയില്‍ നിന്നുള്ള H.H ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ ജോസഫ് ബാലി, ഫാ. ഷമൂണ്‍, ഫാ. ഷസാദ് കോക്കര്‍, റോമസ് ബട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു .
ജ്ഞാനസ്നാന കൂദാശ, പാസ്റ്റര്‍മാരുള്‍പ്പടെയുള്ളവരുമായുള്ള എക്യൂമെനിക്കല്‍ ചര്‍ച്ചകള്‍, കറാച്ചിയില്‍ നിന്ന് ഫൈസ്‌ലാബാദ്, സഹിവാന്‍, ഓക്‌റ എന്നിവിടങ്ങളിലേക്ക് യാത്ര, പഞ്ചാബില്‍ നിന്നുള്ളവരെ ശെമ്മാശന്മാരാക്കുന്ന ശുശ്രൂഷ എന്നിവയൊക്കെ യാത്രയിലെ ധന്യ നിമിഷങ്ങളായി.
മതങ്ങള്‍ തമ്മിലും, വ്യത്യസ്ഥ മത പാരമ്പര്യങ്ങള്‍ക്കിടയിലും വ്യക്തിപരമായും, സ്ഥാപനപരവുമായ തലങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും, സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ഫാ. ജോസഫ് വര്‍ഗീസ് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വ്യത്യസ്ഥ മുഖമാണ്. ഇപ്പോള്‍ സൗത്ത് ഫ്‌ളോറിഡയിലെ മയാമിയില്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി. ഭാര്യ ജെസി വര്‍ഗീസ്. മക്കള്‍: യൂജിന്‍ വര്‍ഗീസ്, ഈവാ സൂസന്‍ വര്‍ഗീസ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ (IRFT) അംഗവും, ഹോളി സോഫിയാ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സ്‌കൂള്‍ ഓഫ് തിയോളജിയിലെ അഡ്ജക്ട് പ്രൊഫസറുമാണ് അച്ചന്‍.