കോയമ്പത്തൂർ: പൊള്ളാച്ചി വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച മലയാളി വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. പിന്നീട് പൊലീസിൽ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാംവർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ് അഷ്‌വിക.രക്ഷിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാർത്ഥിനി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രവീൺ കുമാർ പിന്നീട് വെസ്റ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

