PRAVASI

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ തന്നെയാണ്

Blog Image
ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവല്‍ നജീബ് എന്ന പ്രവാസിയുടെ ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളുടെ സാക്ഷിപത്രം ആയിരുന്നെങ്കില്‍ ...ആടുജീവിതം അഭ്രപാളിയില്‍ നോക്കിക്കാണുമ്പോള്‍ നോവല്‍ വായിച്ചപ്പോള്‍ നമ്മള്‍ മനസ്സില്‍ കണ്ട നെഞ്ചുപൊട്ടുന്ന കാഴ്ചകള്‍ അതേപടി തിരശ്ശീലയില്‍ കാണുവാന്‍ സാധിക്കും

ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവല്‍ നജീബ് എന്ന പ്രവാസിയുടെ ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളുടെ സാക്ഷിപത്രം ആയിരുന്നെങ്കില്‍ ...ആടുജീവിതം അഭ്രപാളിയില്‍ നോക്കിക്കാണുമ്പോള്‍ നോവല്‍ വായിച്ചപ്പോള്‍ നമ്മള്‍ മനസ്സില്‍ കണ്ട നെഞ്ചുപൊട്ടുന്ന കാഴ്ചകള്‍ അതേപടി തിരശ്ശീലയില്‍ കാണുവാന്‍ സാധിക്കും എന്നതാണ്.ആടുജീവിതം പോലെയൊരു നോവല്‍ സിനിമയാക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടാണെന്ന കാര്യം പറയാതെ വയ്യ. യഥാര്‍ത്ഥത്തില്‍ നജീബ് അനുഭവിച്ച കാര്യങ്ങള്‍ അയാളുടെ ചുറ്റുപാട് ഇതൊക്കെ ചിത്രീകരിക്കുമ്പോള്‍ നോവലിനോടും നജീബ് അനുഭവിച്ച കഷ്ടപ്പാടുകളോടും യാതനകളോടും പൂര്‍ണ്ണമായി നീതി പുലര്‍ത്തുക എന്നത് ബ്ളെസ്സി എന്ന സംവിധായകനും പൃഥിരാജ് എന്ന നടനെയും സംബന്ധിച്ച് വലിയ ഒരു കടമ്പ ആയിരുന്നു.മാത്രമല്ല ഒരു സിനിമയ്ക്കുള്ള സമയപരിധി വച്ച് ഇത്രയും കാര്യങ്ങള്‍ കാണിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. സ്വപ്നങ്ങളുമായി പ്രവാസത്തിലേക്ക് കടക്കുന്ന ഒരു യുവാവിന്റെ കദനകഥ വളരെ മനോഹരമായി തന്നെ പൃഥിരാജ് അവതരിപ്പിച്ചു.സാങ്കേതിക മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്.നജീബ് വീടിനടുത്തെ പുഴയില്‍ ഭാര്യയുമൊത്ത് നീന്തുന്നതില്‍ നിന്നും മരുഭൂമിയിലേക്ക് ഒറ്റയടിക്ക് മാറുന്ന ഒരു സീനുണ്ട്.മുഖം നോക്കിയതിന് കാട്ടറബി പൊട്ടിക്കുന്ന വണ്ടിയുടെ സൈഡ് മിറര്‍ തുണ്ടെടുത്ത് മരുഭൂമിയിലെ മണ്ണില്‍ മാന്തി മാന്തി അമര്‍ഷവും സങ്കടവും പ്രകടിപ്പിക്കുന്ന ഒരു പൃഥിരാജുണ്ട് അല്ല നജീബുണ്ട്.ചിത്രം തുടങ്ങുമ്പോള്‍ തന്നെ തന്റെ യൗവ്വനത്തിന്റെ ആദ്യപടി ചവിട്ടുമ്പോള്‍ തന്നെ നജീബിനൊപ്പം പ്രവാസത്തിലേക്ക് വരേണ്ടി വന്ന ആ നിഷ്ക്കളങ്കനായ അല്‍പ്പ സ്വല്‍പ്പം ഹിന്ദിയും ഇംഗ്ളീഷും അറിയാവുന്ന കൂട്ടുകാരന്‍...അയാള്‍ക്ക് ഈ വേഷം കൊടുത്തത് എന്തു കൊണ്ടും ഉചിതം തന്നെ ഏച്ചുകെട്ടലുകള്‍ ഇല്ലാതെ അയാള്‍ അഭിനയിച്ചു.മസറയില്‍ ആടുകളെ നോക്കുന്ന ആളെ കഴുകന്‍മാര്‍ തിന്നുമ്പോള്‍ അവിടേക്കെത്തുന്ന നജീബ്... ആ ഒരു ഭാഗം സിനിമയില്‍ നോവല്‍ വായിച്ചറിഞ്ഞിട്ടുള്ളതിലും മേലെയായിരുന്നു.റഹ്മാന്റെ മ്യൂസിക് ....പാട്ടുകളിലൂടെഹൃദയത്തിലേക്ക് ഇടിച്ചു കയറുക എന്ന പതിവ് പല്ലവി അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.ശബ്ദമിശ്രണവും എടുത്തു പറയേണ്ടതാണ്.ഇതിന്റെ പിറകില്‍ എവിടെയും പേര്  വരാത്ത ഒട്ടനവധി പേരുണ്ട്.അവരുടെയെല്ലാം ആത്മസമര്‍പ്പണം കൂടിയാണ് ഈ ചിത്രം.

അതേ ഇത് ഒരു തീവ്രമായ ജീവിതാനുഭവം ആണ് വരച്ചു വച്ചിരിക്കുന്നത്.ഇതില്‍ ഏച്ചു കെട്ടലുകള്‍ ഇല്ല.തീര്‍ച്ചയായും മലയാളി കണ്ടിരിക്കേണ്ട ഒരു ചിത്രം.പൃഥിരാജ് എന്ന നടന്‍ തളയ്ക്കപ്പെട്ടിരുന്ന ചില ചങ്ങലകളുണ്ട് അതില്‍ നിന്നൊക്കെ പുറത്തു വരുന്ന ഒരു പ്രകടനം തന്നെ അദ്ദേഹം കാഴ്ച വച്ചിട്ടുണ്ട്.മരുഭൂമിയും ആടും ഒട്ടകവുമൊക്കെ ക്യാമറയില്‍ ഏതുരീതിയില്‍ ഒപ്പിയെടുത്തു എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.ദിവസങ്ങള്‍ പോകുന്നതിനനുസരിച്ച് മാറി മാറി വിരൂപനായി മാറുന്ന നജീബിന്റെ രൂപം...മസറയിലെ വെള്ളം മോന്തിക്കുടിക്കുന്ന ഒറ്റസീന്‍...ഏതൊരു നടനും കൊതിക്കുന്ന അംഗീകാരം തന്നെ ഈ ഒരു വേഷം.പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ രസിപ്പിക്കില്ല വേദനിപ്പിക്കുകയേ ഉള്ളൂ.ആകാശദൂത് എന്ന ചിത്രത്തിന് ശേഷം മലയാളിക്ക് മനസ്സ് തുറന്നൊന്നു കരയാനുള്ള വകയൊക്കെ ഉണ്ട്.
''നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ തന്നെയാണ് '' ആയതിനാല്‍ സിനിമ കാണാതെ ആരും തള്ളിമറിക്കല്ലേ എന്ന് അഭ്യര്‍ത്ഥന കാരണം പതിനാറ് വര്‍ഷത്തെ ഒരുപാട് പേരുടെ യാതനകളാണ് ഈ ചിത്രം.

രതീഷ് അഞ്ചാലുംമൂട് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.