ആത്മകഥാ വിവാദം കത്തുന്നതിനിടെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് പ്രചാരണത്തിനായി സിപിഎം നേതാവ് ഇ.പി.ജയരാജന്‍ എത്തി. ആത്മകഥ പൂര്‍ത്തിയായിട്ടില്ല. ഞാന്‍ അത് എഴുതിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അദ്ദേഹം പറഞ്ഞു
ആത്മകഥാ വിവാദം കത്തുന്നതിനിടെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് പ്രചാരണത്തിനായി സിപിഎം നേതാവ് ഇ.പി.ജയരാജന്‍ എത്തി. ആത്മകഥ പൂര്‍ത്തിയായിട്ടില്ല. ഞാന്‍ അത് എഴുതിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.
“എന്റെ ആത്മകഥ. ഞാന്‍ അറിയാതെ എങ്ങനെ പുറത്ത് എത്തും. ഞാനല്ലേ അത് പ്രസിദ്ധീകരിക്കേണ്ടത്. ഒരാള്‍ക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല. ഡിസിയും മാതൃഭൂമി ബുക്സും വന്നിരുന്നു. തീരുമാനം ആയിട്ടില്ല. എന്റെ പുസ്തകം ഞാന്‍ പ്രസിദ്ധീകരിക്കും. ഒരു ഡിസി ബുക്സിനും പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കവര്‍പേജ് പോലും തയ്യാറായിട്ടില്ല. ആമുഖം വേണം, അതിന് ഒരു അവസാനം വേണം. അതിനൊക്കെ സമയം വേണം. എന്റെ ആത്മകഥ ഞാന്‍ തന്നെ അധികം താമസിക്കാതെ പ്രസിദ്ധീകരിക്കും. ആത്മകഥയില്‍ വഴിവിട്ട എന്തോ നടന്നു. അത് പുറത്തുവരണം. അതിനാണ് പരാതി നല്‍കിയത്.”
“ആസൂത്രിതമായാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ അത് പുറത്ത് എത്തിയത്. പാലക്കാടും ചേലക്കരയും കോണ്‍ഗ്രസ് തോല്‍ക്കും. ഈ ഘട്ടത്തിലാണ് വിവാദം പുറത്തുവന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനവിവാദം വന്നു. ബിജെപി നേതാവിനെ ഞാന്‍ കണ്ട പ്രശ്നമാണ് അന്ന് വിവാദമായത്. അതിന് പിന്നിലും ആസൂത്രണം വന്നിട്ടുണ്ട്.” ജയരാജന്‍ പറഞ്ഞു.
പാലക്കാട് ഇടതുസ്ഥാനാര്‍ത്ഥിയായ സരിനെ വാനോളം പുകഴ്ത്തിയായിരുന്നു വാര്‍ത്താസമ്മേളനം. പാലക്കാട് ഉത്തമനായ സ്ഥാനാര്‍ത്ഥിയാണ് പി.സരിന്‍ എന്ന് ജയരാജന്‍ പറഞ്ഞു. എല്ലാവരുടെയും അംഗീകാരം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷ മനസാണ് സരിന് ഉള്ളത്. പൊതുരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് പാലക്കാട് സ്ഥാനാര്‍ത്ഥിയാകുന്നത്. ജയരാജന്‍ പറഞ്ഞു.
പുറത്തുവന്ന ആത്മകഥയുടെ ഭാഗങ്ങളില്‍ സരിന് എതിരെ വിമര്‍ശനമുയര്‍ത്തി വിവാദത്തിലായതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി വാര്‍ത്താസമ്മേളനം നടത്തിയത്. തലേന്ന് വരെ കോണ്‍ഗ്രസ് ആയ സരിനെഒരൊറ്റ രാത്രികൊണ്ട് സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തെയാണ് ഇപി വിമര്‍ശിച്ചിരുന്നത്.
“വലതുപക്ഷ നയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് സരിന്‍ ഇടത് രാഷ്ട്രീയത്തിലേക്ക് എത്തിയത്. മികച്ച ശമ്പളമുള്ള ജോലി ജോലി രാജിവച്ചാണ് പൊതുരംഗത്ത് എത്തിയത്. കോണ്‍ഗ്രസില്‍ നിന്നും സരിന് നീതി കിട്ടിയില്ല. പാലക്കാട് വികസനത്തിന് മുന്‍കൈ എടുക്കാന്‍ സരിന് കഴിയും. ഒരുപാടു പ്രതീക്ഷകളും ആശയങ്ങളും സരിനുണ്ട്. സരിന്‍ പാലക്കാട് ജയിക്കും.” – ജയരാജന്‍ പറഞ്ഞു.