KERALA

സ്നേഹം നിറച്ച 34 കോടി: മകന്റെ മോചനത്തിന് പണം നൽകിയവരോടെല്ലാം നന്ദി പറഞ്ഞ് ഉമ്മ

Blog Image
മകന്റെ മോചനത്തിനായി പണം നൽകി സഹായിച്ചവരോടെല്ലാം ഹൃദയപൂർവം നന്ദിയറിയിച്ച്‌ കോടമ്പുഴ സ്വദേശി എം.പി.അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ.

കോഴിക്കോട് : മകന്റെ മോചനത്തിനായി പണം നൽകി സഹായിച്ചവരോടെല്ലാം ഹൃദയപൂർവം നന്ദിയറിയിച്ച്‌ കോടമ്പുഴ സ്വദേശി എം.പി.അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുകയായിരുന്നു റഹീം. 18 വർഷമായി പെരുന്നാൾ പോലും ആഘോഷിക്കാതിരുന്നതെല്ലാം ഇനി മകൻ വന്നശേഷം ആകാമല്ലോ എന്നും ഫാത്തിമ മാധ്യമങ്ങളോടു പറഞ്ഞു.

‘‘എല്ലാവരോടും നന്ദിയുണ്ട്. എന്റെ കുട്ടി അവിടെനിന്ന് എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ. അങ്ങനെ കാട്ടിത്തരുന്നതിനു നിങ്ങളൊക്കെ സഹകരിച്ചു, സഹായിച്ചു. ഇത്രയും പെട്ടെന്ന് ഈ തുക കണ്ടെത്താനാകുമെന്നു പ്രതീക്ഷിച്ചില്ല. 18 വർഷമായിട്ട് പെരുന്നാൾ ആഘോഷിച്ചില്ലായിരുന്നു. എന്റെ കുട്ടി വന്നാൽ ഇനി ആഘോഷിക്കാമല്ലോ. മകനെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്, അവനെ കണ്ടാലെ സന്തോഷം പൂർണമാകൂ’’– ഫാത്തിമ പറഞ്ഞു. പെരുന്നാൾ കഴിഞ്ഞിട്ടും ഫാത്തിമ നോമ്പ് തുടരുകയാണ്.

അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട ദയാധനമായ 34 കോടിയെന്ന വലിയ ലക്ഷ്യം ദിവസങ്ങൾ കൊണ്ടാണ് കേരളം നേടിയത്. നാലുദിവസം മുൻപ് 5 കോടി രൂപ മാത്രമാണു ലഭിച്ചത്. എന്നാൽ വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ സഹായിച്ചു. 34 കോടി സമാഹരിച്ചതോടെ ധനശേഖരണം അവസാനിപ്പിക്കുകയാണെന്ന് ജനകീയ സമിതി അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസിക്കു പണം കൈമാറാനുള്ള ശ്രമമാണ് ഇനി നടത്തേണ്ടതെന്നു ദയാധന സമാഹരണ കമ്മിറ്റി അറിയിച്ചു. ഏപ്രിൽ പതിനാറിനകം പണം മരിച്ച കുട്ടിയുടെ കുടുംബത്തിനു കൈമാറണമെന്നാണ് അറിയിപ്പ്.

ജാതിമത ചിന്തകൾക്കും രാഷ്ട്രീയത്തിനും അതീതമായി എല്ലാവരും ഒറ്റക്കെട്ടോടെ നിന്നതാണ് ഇത്ര വേഗം ലക്ഷ്യത്തിലെത്താൻ സഹായിച്ചതെന്ന് ജനകീയസമിതി രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. 15 വയസ്സുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണു റഹീമിനു വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു പ്രധാന ജോലി. റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടിയായിരുന്നു മരണം സംഭവിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.