PRAVASI

ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ യാത്രയയപ്പ്

Blog Image
സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി രണ്ടു വർഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്കി

ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി രണ്ടു വർഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്കി.

കുട്ടികൾക്കും യുവജനങ്ങൾക്കും ഇടവകയ്ക്കും പ്രചോദനവും ഉണർവും നല്കുന്ന മഹനീയ സേവനമായിരുന്നു ഫാ. തച്ചാറയുടേതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് പ്രസ്താവിച്ചു. സിറ്റിയുടെ പ്രത്യേക ഉപഹാരം അദ്ദേഹം ചടങ്ങിൽ സമ്മാനിച്ചു.

ഫാ. തച്ചാറയുടെ ഉപരിപഠനത്തിന് എല്ലാ ഭാവുകങ്ങളും നേർന്ന മിസ്സോറി സിറ്റി കൗൺസിലർ സോണിയാ ബ്രൗൺ മാർഷൽ, ഫാ. തച്ചാറ തിരികെവന്ന് കൂടുതൽ മഹത്തര സേവനം നല്കട്ടെയെന്ന് ആശംസിച്ചു. സിറ്റി കൗൺസിലർ ആന്റണി മരോലൂയിസിന്റെയും തന്റെയും ഉപഹാരങ്ങൾ സോണിയാ ഫാ. തച്ചാറയ്ക്കു കൈമാറി.

യുവത്വവും പ്രസരിപ്പും നിറഞ്ഞ നല്ലവൈദികനായ ഫാ. തച്ചാറ തനിക്ക് സഹോദര തുല്യനും സുഹൃത്തുമായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിച്ചു. ഫാ. തച്ചാറയുടെ അഭാവം തനിക്കും ഇടവകയ്ക്കും തീരാനഷ്ടമാണെന്ന് ഫാ. മുത്തോലത്ത് പ്രസ്താവിച്ചു.

ഇടവകയുടെ സെക്രട്ടറിയായി 27 വർഷം സന്നദ്ധസേവനം ചെയ്തശേഷം വിരമിച്ച സ്റ്റീഫൻ ഇടാട്ടുകുന്നേലിനെ ചടങ്ങിൽ ആദരിച്ചു. ശ്രീ. സ്റ്റീഫന്റെ പ്രവർത്തനങ്ങൾക്ക് ഇടവകയുടെ വളർച്ചയ്ക്കു മുതൽകൂട്ടായിരുന്നുവെന്ന് ഫാ. മുത്തോലത്ത് അനുസ്മരിച്ചു.

ഇൻഡ്യയുടെ മുൻ പ്രസിഡന്റ് അബ്ദുൾ കലാം പ്രസ്ഥാവിച്ചതുപോലെ നമ്മുടെ ഇടവകയുടെ മുന്നോട്ടുള്ള വളർച്ചയെക്കുറിച്ച് സ്വപ്നം കാണുന്നവരാകണമെന്ന് തന്റെ മറുപടി പ്രസംഗത്തിൽ ഫാ. തച്ചാറ ആഹ്വാനം ചെയ്തു. ഇടവകയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വരും തലമുറയ്ക്ക് മുതൽകൂട്ടാകുമെന്നും അതു വേഗം സാധ്യമാകുവാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഫാ. ജോസഫ് തച്ചാറയ്ക്കും സ്റ്റീഫൻ ഇടാട്ടുകുന്നേലിനും ഇടവക സമൂഹം വികാരനിർഭരമായ യാത്രയയപ്പാണു നല്കിയത്. ഇടവകയുടെ ഉപഹാരങ്ങൾ വികാരി ഫാ. മുത്തോലത്തും ഇടവക പ്രതിനിധികളുംചേർന്നു നല്കി.

മതബോധന ഡിറക്ടർ ജോൺസൺ വട്ടമറ്റത്തിൽ പരിപാടികൾ ഏകോപിച്ചു. ഇടവകയുടെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി ഷിജു മുകളേൽ, ആൻസൺ കല്ലാറ്റ്, ജെഫ് പുളിക്കത്തൊട്ടിയിൽ, ആൻ‌ജലീനാ താന്നിച്ചുവട്ടിൽ, ലെനാ താന്നിച്ചുവട്ടിൽ എന്നിവർ ഫാ. തച്ചാറയ്ക്ക് ആശംസകൾ നേർന്നു. പാരീഷ് എക്സിക്കുട്ടീവ് അംഗങ്ങളായ ഷിജു മുകളേൽ, ബാബു പറയംകാലായിൽ, മാത്യു തെക്കേൽ, ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സി.റെജി എന്നിവർ പരിപാടികൾക്കു നേതൃത്വം നല്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.