KERALA

കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടതോടെ യു.ഡി.എഫിന്റെ കഷ്ടകാലം തുടങ്ങി :എന്‍. ജയരാജ് എം.എല്‍.എ

Blog Image
കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടതോടെയാണ് യു.ഡി.എഫിന്റെ കഷ്ടകാലം തുടങ്ങിയതെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും കാഞ്ഞിരപ്പള്ളി എംഎല്‍എ യുമായ എന്‍ ജയരാജ്.

കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടതോടെയാണ് യു.ഡി.എഫിന്റെ കഷ്ടകാലം തുടങ്ങിയതെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും കാഞ്ഞിരപ്പള്ളി എംഎല്‍എ യുമായ എന്‍ ജയരാജ്.പത്തനംതിട്ട പാര്‍ലമെന്റ് നിയോജക മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ വളരെയേറെ പ്രതീക്ഷയിലാണ്. അതിന് പല കരണങ്ങളുണ്ട്. ഒന്ന് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രധാനപ്പെട്ട ഘടകമാണ്. ഡോക്ടര്‍ തോമസ് ഐസക്കിനെപ്പോലെ ഒരാളെ നിയോജക മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ദീര്‍ഘകാലമായി ധനമന്ത്രിയെന്ന നിലയിലും പ്രവര്‍ത്തകനെന്ന നിലയിലും വൈവിധ്യമാര്‍ന്ന ഒട്ടേറെ മേഖലകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കേരളം കണ്ടതാണ്. അതുകൊണ്ട് തുടക്കം മുതലേ തന്നെ ഒരു മേല്‍ക്കൈ തോമസ് ഐസക്കിന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റൊരു കാര്യം അദ്ദേഹത്തിന്റെ വ്യത്യസ്തമായ ആശയങ്ങളാണ്. രാഷ്ട്രീയത്തോടൊപ്പം തന്നെ മണ്ഡലത്തിന്റെ പൊതുവായ വികസനത്തിന് എങ്ങനെ സഹായകരമായ നിലപാടുകള്‍ ഭാവിയിലെടുക്കാന്‍ കഴിയുമെന്നുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. രണ്ടാമത്തെ വിഷയം കാഞ്ഞിരപ്പള്ളിയില്‍ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു പങ്ക് കിഫ്ബി മുഖേന നടപ്പാക്കിയ പദ്ധതികളാണ്. തോമസ് ഐസക്കിന്റെ കാലത്ത് അദ്ദേഹം കൊണ്ടുവന്ന ആശയം പ്രാവര്‍ത്തികമാക്കിയപ്പോഴുണ്ടായ ഗുണഫലം നമ്മുടെ എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്. മൂന്നാമത്തെ കാര്യം മിഡില്‍ ക്ലാസുകാരാണ് കൂടുതലും, അതുകൊണ്ട് അവരെ രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് വളരെ കൃത്യമായി തന്നെ മനസ്സിലാക്കാനും കഴിയുന്ന സമൂഹമാണ് നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരുടേത്. ഇന്ത്യയിലെ ദേശീയതലത്തില്‍ ഉണ്ടാവുന്ന നിലപാടുകള്‍ നമ്മുടെ സംസ്ഥാനത്തിന്റെ പ്രത്യേകിച്ച് കര്‍ഷകരുടെയും ഇവിടുത്തെ ആളുകളുടെയും ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായിട്ട് മനസ്സിലാക്കാനും ഇടപെടാനും കൃത്യമായ ബോധ്യമുള്ള സമൂഹമാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ 15 വര്‍ഷക്കാലമായി വികസന പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പത്തനംതിട്ട പുറകോട്ട് പോയി എന്നുള്ളതാണ് ഏറ്റവും വലിയ ആക്ഷേപം. ഇത് പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. അതിനൊരു പരിഹാരം ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. മൂന്നുംനാലും ഫാക്ടറികള്‍ തോമസ് ഐസക്കിന്റെ വിജയത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. എല്ലാ അര്‍ത്ഥത്തിലും എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള ഒരു നിയോജകമണ്ഡലം കൂടിയാണ് ഇതെന്ന് ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. അതുകൊണ്ട് തോമസ് ഐസക്കിന് മികച്ച ഭൂരിപക്ഷത്തോടുകൂടി വിജയിക്കാന്‍ സാധിക്കും.

ഈ മണ്ഡലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ എന്തൊക്കെ ആയിരിക്കും ?

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ യഥാര്‍ത്ഥത്തില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നമുക്ക് ലഭിക്കാമായിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യമായി ഇവിടെ എത്തിയില്ല എന്ന ആക്ഷേപം പൊതുവെ പബ്ലിക്കിനിടയിലുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെതായി നമ്മുടെ ഈ മേഖലയില്‍ എടുത്തു കാണിക്കാന്‍ പറ്റുന്ന ഒരു പ്രോജക്ട് ഇല്ല. റബറിന്റെ വിലയിടിയലുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് എടുത്തിട്ടുള്ള നിലപാട് കര്‍ഷകര്‍ വളരെ ഗൗരവമായി കാണുന്നു. തൊഴിലില്ലായ്മ വലിയ വിഷയമാണ്. വിദ്യാഭ്യാസത്തിനപ്പുറം തൊഴില്‍ നൈപുണ്യം കൂടി നേടിയെടുക്കേണ്ട സാഹചര്യമുറുക്കുക എന്നത് തോമസ് ഐസക് മുന്നോട്ടുവയ്ക്കുന്ന ആശയമാണ്.

യു.ഡി.എഫ് ഒരു മുങ്ങാന്‍ പോകുന്ന കപ്പലാണെന്ന വിലയിരുത്തലുണ്ടോ ?

യഥാര്‍ത്ഥത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് വേണമെന്നുള്ള കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. ബിജെപിക്കെതിരെ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. പക്ഷെ കോണ്‍ഗ്രസിനകത്ത് ഭിന്നതകളും സംഘടനാപരമായ ദൗര്‍ബല്യവുമെല്ലാം ഒരു വലിയ പ്രതിസന്ധിയാണ്. പൗരത്വാവകാശ നിയമവുമായി ബന്ധപ്പെട്ട് അവര്‍ പാലിക്കുന്ന മൗനമുണ്ട്. അത് യഥാര്‍ത്ഥത്തില്‍ അപകടകാരിയാണ്. ഇടതുപക്ഷത്തിന്റെ പ്രതിനിധികള്‍ പാര്‍ലിമെന്റില്‍ ഉണ്ടാകുക എന്നുപറയുന്നത് ആവശ്യകതയാണ്. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ പലപ്പോഴും കോണ്‍ഗ്രസ് ഒളിച്ചോടിപോകുന്നു എന്നുള്ളതാണ്. ദേശീയ തലത്തില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. മതേതരത്വ സംവിധാനമെന്ന നിലയില്‍ കോണ്‍ഗ്രസ്സ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടേതായ കുഴപ്പംകൊണ്ട് അവര്‍ പ്രതിസന്ധിയിലേക്ക് പോകുന്നു.

രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ഇപ്പോള്‍ ബിജെപിയിലാണ്. ഇതേ അവസ്ഥ ഇനിയും തുടരുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ ?

കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ മറ്റൊരു വിഷയം പ്രമുഖരായ ആളുകളുടെയും അടുത്ത തലമുറയില്‍പ്പെട്ടവരൊക്കെ ബിജെപിയില്‍ പോകുന്നു. ഇന്ന് കോണ്‍ഗ്രസ് ആയിരിക്കുന്ന ഒരാള്‍ ഉച്ചകഴിയുമ്പോള്‍ ബിജെപിയിലേക്ക് പോകുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കോണ്‍ഗ്രസില്‍ തകര്‍ച്ച ഉണ്ടായാല്‍ ഉണ്ടാകുന്ന കുഴപ്പം കോണ്‍ഗ്രസിലുള്ള ആളുകള്‍ക്ക് പിന്നീട് ബിജെപിയിലേക്ക് പോകാനുള്ള രോഷം ഉണ്ടാകുന്നു എന്നുള്ളതാണ്. കോണ്‍ഗ്രസിന് നാശമുണ്ടാകണമെന്നോ ആ പ്രസ്ഥാനം ഇല്ലാതാകണമെന്നോ നമ്മള്‍ ആഗ്രഹിക്കുന്നില്ല. എവിടെയാണ് അവര്‍ക്ക് തകരാറുണ്ടായതെന്ന് സ്വയം വിലയിരുത്തുക എന്നതാണ്. അവരോടൊപ്പം നിന്നിരുന്ന വലിയ ജനസാമാന്യം അവരില്‍ നിന്ന് അകന്നു പോകുന്നു. കോണ്‍ഗ്രസ്സ് ആത്മപരിശോധനയ്ക്ക് തയ്യാറാവണം. അവര്‍ക്ക് ആളുകളെ കൂടെ നിര്‍ത്താന്‍ കഴിയുന്നില്ല. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളെ വെച്ച് ആളുകളെ ഭയപ്പെടുത്തി അവരുടെ ചേരിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുവെന്നുള്ളത് കുറെ കാലമായിട്ട് കാണുന്നതാണ്. അത് അപകടകരമായ രാഷ്ട്രീയമാണ്.

അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയത് എ കെ ആന്റണിയുടെ അറിവോടെയാണെന്ന് തോന്നുന്നുണ്ടോ ?

എ കെ ആന്റണി ആദര്‍ശനിഷ്ഠയുള്ള നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. നമുക്കറിയില്ല, ബാഹ്യമായ സമ്മര്‍ദങ്ങളെന്തെങ്കിലും ഉണ്ടായിട്ടുണ്ടാകാം. ഒരു കാര്യം വേണ്ടെന്ന് വെച്ച് മറ്റൊന്നിലേക്ക് പോകുമ്പോള്‍ അത് നില്‍ക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണമല്ലോ ? പൊതുസമൂഹത്തിന്റെ നിലപാടുകളോടൊപ്പം നില്‍ക്കുന്ന രാഷ്ട്രീയമാണ് എപ്പോഴും നല്ല രാഷ്ട്രീയം. അങ്ങനെ ആളുകള്‍ മാറി പോകുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ്സ് ചിന്തിക്കണം. മറ്റൊന്ന് അങ്ങനെ പോകുന്ന ആളുകള്‍ അവരെടുക്കുന്ന നിലപാടുകള്‍ പൊതുവേ രാജ്യത്തിന് ഗുണകരമാണോ രാഷ്ട്രീയത്തിന് ഗുണകരമാണോയെന്ന് ചിന്തിക്കണം. രാഷ്ട്രീയം ഒരിക്കലും വ്യക്ത്യധിഷ്ഠിത പ്രവര്‍ത്തനം അല്ലല്ലോ ? പൊതുസമൂഹത്തിന്റെ നന്മയാണ് രാഷ്ട്രീയം.

പി.സി ജോര്‍ജിനെ ബി.ജെ.പി തഴഞ്ഞത് എന്തുകൊണ്ടാണെന്നാണ് കരുതുന്നത് ?

അതവരുടെ ആഭ്യന്തര വിഷയമായിരിക്കാം. എല്ലാ വിഭാഗത്തെയും പിണക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ ഭാഷയിലുണ്ട്. ആളുകള്‍ എങ്ങനെ ഉള്‍ക്കൊള്ളും എന്നതുകൊണ്ടായിരിക്കും ജോര്‍ജിന് അവര്‍ സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നത്. ഒരു പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഒക്കെ അവര്‍ക്ക് തന്നെയാണ്. അദ്ദേഹത്തിന്റെ സമീപനമായിരിക്കാം മാറ്റിനിത്താനുള്ള കാരണം. അതെന്തുകൊണ്ടാണെന്ന് അറിയില്ല.

യു.ഡി.എഫില്‍ നിന്നും ഇടതുപക്ഷത്തേക്ക് താങ്കള്‍ എത്തിയപ്പോള്‍ എന്ത് വ്യത്യസ്തതയാണ് തോന്നുന്നത് ?

പ്രവര്‍ത്തനത്തിന്റെ ശൈലിയില്‍ ഉണ്ടായ വ്യത്യാസം. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തില്‍ കാണേണ്ട പ്രത്യേകത അവരുടെ പ്രവര്‍ത്തകര്‍ മുന്നണിയില്‍ നില്‍ക്കുന്ന കക്ഷികളോട് കാണിക്കുന്ന വളരെ നല്ല സമീപനം. നമ്മള്‍ എട്ടുകാലികള്‍ അല്ലല്ലോ കൂടെ നില്‍ക്കുന്നവനെ തിന്നാന്‍. അര്‍ഹമായ അംഗീകാരം തരികയും ഞങ്ങളെ അതിന്റെ ഭാഗമാക്കുകയും ചെയ്തു. കഴിഞ്ഞ പ്രാവശ്യം മത്സരിച്ചപ്പോള്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് പുതുതായി വന്ന കക്ഷിയുടെ ഒരു സ്ഥാനാര്‍ത്ഥിയായിട്ടല്ല ആളുകള്‍ കണ്ടത്. അവരുടെ സ്ഥാനാര്‍ഥി മത്സരിക്കുന്ന അതേ രീതിയില്‍ തന്നെയാണ് കണ്ടത്. അക്കാര്യത്തില്‍ ഞങ്ങള്‍ വളരെ സുരക്ഷിതരാണ് സംതൃപ്തരാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.