പിണറായി വിജയൻ എൻ്റെ ബാപ്പയ്ക്ക് തുല്യനാണ് എന്ന് പറഞ്ഞ് കഴിഞ്ഞ എട്ട് കൊല്ലമായി ഇടതു രാഷ്ടീയത്തിൽ നിറഞ്ഞു നിന്ന രാഷ്ട്രീയക്കാരനാണ് പി വി അൻവർ. ഒരു സുപ്രഭാതത്തിൽ അൻവർ മുഖ്യമന്ത്രി പിണറായി വിജയനെ ശത്രുപക്ഷത്ത് നിർത്തുകയും അദ്ദേഹത്തിൻ്റെ ചെയ്തികളെ തുറന്ന് എതിർക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. എന്താണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാർക്കും അറിയില്ല.മലപ്പുറത്തെ മുസ്ലീങ്ങളെ മുഴുവൻ കളളക്കടത്തുകാരും ക്രിമിനലുകളുമാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നാണ് അൻവറിൻ്റെ പ്രധാന ആരോപണം. ഒരു മാസത്തോളം ഇതേ കാര്യങ്ങൾ ഉന്നയിച്ച് അൻവർ സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഞെട്ടിച്ചു. ന്യൂനപക്ഷ സമുദായത്തെ തിരഞ്ഞു പിടിച്ച് പീഡിപ്പിക്കുന്നു എന്ന സൂചനകളാണ് അൻവറും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും മുന്നോട്ട് വെക്കുന്ന നരേറ്റീവ്. അൻവറിൻ്റെ വാദങ്ങൾ ശരിവെക്കുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി നടത്തിയ പത്രസമ്മേളനത്തിലും, പിആർഏജൻസിയുടെ ‘ദ ഹിന്ദു’ അഭിമുഖത്തിലും മലപ്പുറത്തെ സ്വർണക്കടത്തും ക്രിമിനൽ കേസുകളും മുഖ്യ ചർച്ചാവിഷയമായി.
കഴിഞ്ഞ കുറെ ദിവസങ്ങളായി ചെന്നൈ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷനുകളുടെ ഭാഗമായി തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായി പ്രവർത്തിക്കാനാണ് അൻവർ നീക്കം നടത്തിയത്. ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരുള്ള സാമൂഹ്യ സംഘടന മഞ്ചേരിയിൽ പ്രഖ്യാപിക്കുമെന്നാണ് അൻവറും അനുയായികളും പറഞ്ഞത്. പക്ഷേ തമിഴ്‌നാട്ടിലെ ഡിഎംകെയുടെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞത് സഖ്യകക്ഷികളിൽ നിന്നുള്ള വിമതരെ ഉൾക്കൊള്ളുന്ന പതിവ് ഡിഎംകെക്ക് ഇല്ലെന്നാണ്.
സിപിഎം തമിഴ്നാട്ടിൽ ഭരണമുന്നണിയിലും ദേശീയ തലത്തിൽ ഇന്ത്യാ മുന്നണിയുടെയും ഭാഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ ഡിഎംകെയിൽ ചേർന്ന് പ്രവർത്തിക്കുക എന്ന അൻവറിൻ്റെ മോഹത്തിന് തിരിച്ചടിയായി. അൻവറിൻ്റെ വരവിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റ ഭാഗത്തു നിന്ന് തണുത്ത പ്രതികരണമുണ്ടായത് അൻവർ തീരെ പ്രതീക്ഷിച്ചില്ല എന്നു വേണം കരുതാൻ. ഏതായാലും ഡിഎംകെയിലേക്ക് പോകാൻ പെട്ടി എടുത്തിറങ്ങിയ അൻവറിന് പാർട്ടിയിലേക്ക് പ്രവേശനം പോലും നിഷേധിച്ചത് വല്ലാത്ത തിരിച്ചടിയായിപ്പോയി.