മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ തുടരുന്ന ടാറ്റ സൺസ് ചെയർമാന്‍ രത്തൻ ടാറ്റയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. രത്തന്‍ ടാറ്റയുടെ നില ഗുരുതരമെന്ന് റോയിട്ടേഴ്‌സ് ആണ് റിപ്പോർട്ട് ചെയ്തത്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ടാറ്റയെ ആശുപത്രിയില്‍ എത്തിച്ചത്.
ഒക്ടോബർ 7ന് നടത്തിയ എക്സ് പോസ്റ്റില്‍ 86കാരനായ ടാറ്റ കിംവദന്തികള്‍ തള്ളിക്കളഞ്ഞിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വാർധക്യവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് വിധേയനാകുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 മാർച്ചിലാണ് അദ്ദേഹം ചുമതല ഏറ്റത്. 2012 ഡിസംബർ 28ന് വിരമിക്കുകയും ചെയ്തു. അദ്ദേഹം നേതൃത്വം നല്‍കിയ കാലത്ത് ടാറ്റ ഗ്രൂപ്പിൻ്റെ വരുമാനം 2011-12ൽ 100.09 ബില്യൺ ഡോളറായി വർധിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് ആഗോള ടീ ബ്രാന്‍ഡ് ആയ ടെറ്റ്‌ലിയെ ടാറ്റ ഏറ്റെടുത്തത്. 2000ല്‍ ആയിരുന്നു ഈ ഏറ്റെടുക്കല്‍ പ്രകിയ. 20007ല്‍ അദ്ദേഹം കോറസ് സ്റ്റീലിനെയും ഏറ്റെടുത്തു. 2008ൽ ടാറ്റ മോട്ടോര്‍സ് ജാഗ്വാർ ലാൻഡ്‌റോവറും ഏറ്റെടുത്തു.
വിരമിച്ച ശേഷം ടാറ്റ സൺസ് ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിച്ചുവെങ്കിലും മിസ്ത്രിയെ ടാറ്റ പുറത്താക്കി. ഈ കാര്യത്തില്‍ നിയമപോരാട്ടവും അദ്ദേഹത്തിന് നടത്തേണ്ടി വന്നു. ഗ്രൂപ്പിൻ്റെ ഇടക്കാല ചെയർമാനായി തിരിച്ചെത്തിയെങ്കിലും ഗ്രൂപ്പിനെ നയിക്കാന്‍ അദ്ദേഹം എൻ.ചന്ദ്രശേഖരനെ നിയമിച്ചു. പിന്നീട് ടാറ്റ സൺസിൻ്റെ ചെയർമാൻ എമിരറ്റസ് റോളിലേക്ക് മാറുകയും ചെയ്തു.