യാത്രയയപ്പ് ചടങ്ങില്‍ എഡിഎം നവീന്‍ ബാബു അപമാനിക്കപ്പെടുമ്പോള്‍ ചെറുചിരിയോടെ ഇരിക്കുന്ന കളക്ടർ അരുണ്‍ കെ വിജയന്റെ നടപടി സഹിക്കാനായില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ഇത്രയും നാളത്തെ ഔദ്യോഗിക ജീവിതത്തില്‍ അനുഭവിച്ചതില്‍ ഏറ്റവും വലിയ അപമാനമാണ് നവീന്‍ ബാബു അനുഭവിച്ചത്. വിഡിയോയില്‍ നവീന്‍ ബാബു തകര്‍ന്നിരിക്കുന്നത് വ്യക്തമാണ്. ആ സമയത്ത് ചായ കുടിച്ചും ചെറുചിരിയോടെയും എല്ലാം ആസ്വദിക്കുകയാണ് കളക്ടര്‍ ചെയ്തതെന്നും മഞ്ജുഷ ആരോപിച്ചു.ചടങ്ങിനു ശേഷം ഒന്ന് സമാധാനിപ്പിക്കാനെങ്കിലും കളക്ടര്‍ തയാറായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. വിഡിയോയിലെ അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടാണ് സംസ്കാരച്ചടങ്ങിന് വരേണ്ട എന്ന് പറഞ്ഞത്. അത് ശരിയാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. മരണ ശേഷവും നവീനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്ന മൊഴി വിശ്വസിക്കുന്നില്ലെന്നും മഞ്ജുഷ പറഞ്ഞു.
അവധി പോലും ചോദിക്കാന്‍ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ഒരു സാഹചര്യവുമില്ല. നവീന്‍ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്ന ബന്ധുക്കളോടൊന്നും പറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നത്. എന്തിനു വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു മൊഴി ഉണ്ടായത് എന്ന് അറിയില്ലെന്നും മഞ്ജുഷ പറഞ്ഞു.പിപി ദിവ്യക്കെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നടപടികളില്‍ തൃപ്തിയുണ്ടെന്നും കുടുംബം പ്രതികരിച്ചു.