ടാറ്റയുടെ തലപ്പത്ത് പതിറ്റാണ്ടുകളായി എഴുതിച്ചേർത്തിരുന്നത് ആയിരുന്നു ഇന്നലെ രാത്രി അന്തരിച്ച രത്തൻ ടാറ്റ എന്ന അതികായൻ്റെ പേര്. 1991ലാണ് ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ടാറ്റാ സൺസ് ലിമിറ്റഡിന്‍റെ ചെയർമാനായി രത്തൻ ടാറ്റ ചുമതലയേറ്റത്. ടാറ്റ ഗ്രൂപ്പിന്‍റെ വ്യവസായസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന കമ്പനിയാണ് 1868 ൽ രൂപം കൊണ്ട ടാറ്റ സൺസ് ലിമിറ്റഡ്. വ്യവസായകുടുംബം നിയന്ത്രിക്കുന്ന അനേകം ട്രസ്റ്റുകളുടെ കീഴിലാണ് 66 ശതമാനം വരുന്ന ടാറ്റാ സൺസിന്റെ ഓഹരികളുള്ളത്. തുടർന്ന് 1996ൽ ടാറ്റ ടെലിസർവീസസ് ആരംഭിച്ചതും 2004ൽ ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ (ടിസിഎസ്) പൊതു ലിസ്റ്റിംഗും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കമ്പനിയെ വളർത്തിയ സുപ്രധാന നാഴികക്കല്ലുകളാണ്. ഏകദേശം 41,983 കോടി രൂപയോളം മൂല്യമുണ്ടായിരുന്ന കുടുംബ ബിസിനസിനെ 8.3 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ബിസിനസ് ഗ്രൂപ്പാക്കി രത്തൻ ടാറ്റ വളർത്തി. നിലവില്‍ ടാറ്റ സൺസിന്‍റെ ആസ്തി മൂല്യം 33 ലക്ഷം കോടി രൂപയിലധികം വരും.
രത്തൻ ടാറ്റയുടെ മരണത്തോടെ ഇനി ഗ്രൂപ്പിനെ ആരു നയിക്കും എന്നത് ആകാംഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമികൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ കൂടിയായിരുന്ന അദ്ദേഹം 2012ൽ അദ്ദേഹം ചെയർമാൻ സ്ഥാനത്തു നിന്നും വിരമിച്ചിരുന്നു. എന്നാൽ അതിനു ശേഷവും പ്രധാന കമ്പനികകളുടെ ചെയർമാൻ എമെരിറ്റസ് എന്ന ഓണററി പദവി രത്തൻ ടാറ്റ നിലനിർത്തുകയും ടാറ്റ ട്രസ്റ്റുകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.
സ്ഥാനമൊഴിഞ്ഞശേഷം കുടുംബത്തിന് പുറത്തുള്ള സൈറസ് പി മിസ്ത്രിയെയാണ് കമ്പനികളെ നയിക്കാനുള്ള ചുമതല രത്തൻ ടാറ്റ ഏൽപ്പിച്ചത്. നാലുവർഷം കഴിഞ്ഞപ്പോൾ 2016ൽ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മിസ്ത്രി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്തായി. പിന്നാലെ 2017ൽ നടരാജൻ ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്തെത്തിയിരുന്നു. കുടുംബ ബന്ധത്തിനല്ല ബിസിനസിൽ പ്രാധാന്യം പ്രഫഷണലിസത്തിനാണ് ടാറ്റ മുൻഗണന നൽകുന്നതെന്ന് അടിവരയിടുന്നതായിരുന്നു ഈ തീരുമാനങ്ങൾ.
രത്തന്‍ ടാറ്റയുടെ സഹോദരനായ ജിമ്മി ടാറ്റക്ക് നേതൃസ്ഥാനങ്ങളിൽ ഒന്നും താൽപ്പര്യമില്ലാത്തനിൽ അദ്ദേഹം വിട്ടുനിക്കാനാണ് സാധ്യത. നിലവിൽ ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൻ്റെ ചെയർമാൻ എൻ ചന്ദ്രശേഖരൻ്റെയും രത്തൻ ടാറ്റയുടെ അർദ്ധസഹോദരനായ നോയൽ ടാറ്റ, മകൾ മായ എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ. നോയലിൻ്റെ മക്കളായ നെവിൽ, ലിയ എന്നിവരും ഗ്രൂപ്പിൻ്റെ ഉന്നത സ്ഥാന സ്ഥാനത്തേക്ക് എത്തുമെന്നും സാധ്യത കൽപിക്കുന്നവരുണ്ട്.
ഈ വർഷമാണ് രത്തൻ ടാറ്റ കമ്പനികളെ നിയന്ത്രിക്കുന്ന ട്രസ്റ്റിൻ്റെ തലപ്പത്തേക്ക് നോയലിൻ്റെ മക്കളെ നിയമിച്ചത്. മൂന്നുപേരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ. മൂന്നുപേർക്കും മൂന്നുമേഖലകളുടെ ചുമതല്ലായ് നൽകിയിട്ടുള്ളത്. ഇതിൽ രത്തൻ ടാറ്റയുടെ പിന്മുറക്കാരിയാകാൻ ഏറെ സാധ്യത കല്പിക്കപ്പെട്ടിട്ടുള്ളത് മുപ്പത്തിനാലുകാരിയായ മായക്കാണ്.
ലിയ-നോയൽ ടാറ്റയുടെ മക്കളിൽ ഏറ്റവും മൂത്തയാളാണ് 39കാരിയായ ലിയ. ടാറ്റ സ്പെയിനിലെ ഐഇ ബിസിനസ് സ്കൂളിൽ നിന്നാണ് ബിരുദമെടുത്തത്. താജ് ഗ്രൂപ്പിന്റെ മേൽനോട്ടത്തിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ടാറ്റാ സോഷ്യൽ വെൽഫെയർ ട്രസ്റ്റ്, ടാറ്റ എഡ്യൂക്കേഷൻ ട്രസ്റ്റ്, സാർവ ജനിക് ട്രസ്റ്റ് എന്നിവയിലാണ് ലിയ ഇപ്പോൾ പ്രവർത്തിക്കുന്നത്.
നെവിൽ ടാറ്റ-ഗ്രൂപ്പിന്റെ ഫാഷൻ വിഭാഗമായ ട്രെന്റ് ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർ ബസാറിനെ നയിക്കുന്നത് 32കാരനായ നെവിൽ ടാറ്റയാണ്. റീട്ടെയിൽ ബിസിനസ് കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വപാടവവും മിടുക്കും വളരെ പ്രകടമാണ്. ടാറ്റ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റീൽസിന്റെ ബോർഡംഗമായും നെവിലിനെ നിയമിച്ചിട്ടുണ്ട്.
മായ-ടാറ്റ, ബയേസ് ബിസിനസ് സ്‌കൂളിലും വാർവിക്ക് യൂണിവേഴ്സിറ്റിയിലുമായിരുന്നു വിദ്യാഭ്യാസം. ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ട്, ടാറ്റ ഡിജിറ്റൽ എന്നിവയിൽ അവർ പ്രവർത്തിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ ഡിജിറ്റൽ സംരംഭങ്ങളിൽ ശക്തമായ നേതൃത്വമാണ് 34കാരിയായ മായ വഹിക്കുന്നത്. ടാറ്റ ഡിജിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്ത് ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കിയതും മായയാണ്. ബന്ധങ്ങൾക്കും പ്രായത്തിനും ഉപരിയായി പ്രഫഷണലിസത്തിന് പ്രാധാന്യം കൊടുക്കുന്ന ചരിത്രമുള്ള ടാറ്റ ഗ്രൂപ്പിനെ ആര് നയിക്കും എന്നതറിയാൻ കാത്തിരിക്കുന്നവർ നിരവധിയാണ്.