ഉപ്പ് മുതല്‍ സ്റ്റാര്‍ട്ട് അപ്പിൽ വരെ ആകാശത്തോളം സാധ്യതകളുണ്ടെന്ന തെളിയിച്ച ദീർഘവീക്ഷണം. ബിസിനസ് വിജയങ്ങളും മാനുഷിക മൂല്യങ്ങളും ഇഴചേര്‍ന്ന ജീവിതത്തിലൂടെയാണ് രത്തൻ ടാറ്റ.ബിസിനസ് ഐക്കൺ ആയിരിക്കുമ്പോഴും രത്തൻ ടാറ്റയെ വ്യത്യസ്തനാക്കുന്നത് ആ നിറചിരിയും ലാളിത്യവും. ഉത്സാഹവും ധൈര്യവും പ്രചോദനവുമുണ്ടെങ്കില്‍ ഒരു ലക്ഷ്യവും വിദൂരമല്ലെന്ന് തെളിയിച്ച മനുഷ്യസ്നേഹിയാണ് അദ്ദേഹം.ബിസിനസ് വിജയങ്ങളും മാനുഷിക മൂല്യങ്ങളും ഇഴചേര്‍ന്ന ജീവിതത്തിലൂടെയാണ് രത്തൻ ടാറ്റ പുതിയ തലമുറകളിലും ആരാധകരെ സൃഷ്ടിക്കുന്നത്.നൂറിലെറെ കമ്പനികളുടെ ബിസിനസ് ഭീമനാണെങ്കിലും ശതകോടീശ്വരപട്ടികയില്‍ രത്തൻ ടാറ്റയെ കാണാനാകില്ല. വേദനിക്കുന്ന മനുഷ്യനെ ചേർത്തുപിടിക്കുമ്പോഴാണ് ഏറ്റവും സുഖമുള്ള അനുഭൂതിയെന്ന് പഠിപ്പിച്ച ബിസിനസ് ടൈക്കൂൺ. അസാധാരണ മനുഷ്യനെന്ന് വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയാകില്ല.ജംഷഡ്ജി ടാറ്റയാണ് 1868 ല്‍ ടാറ്റ കമ്പനി തുടങ്ങിയത്. അദ്ദേഹത്തിന്റെ മകന്‍ രത്തന്‍ജി ടാറ്റയുടെ വളര്‍ത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനായി രത്തന്‍ ടാറ്റയുടെ ജനനം. പത്തുവയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. പിന്നീട് മുത്തശിയുടെ ചെറുവിരൽ താങ്ങാക്കി പുതുയുഗത്തിലേക്ക് നടന്നു കയറി. പരുഷമായും പരുക്കനായും ഇടപെടാതിരിക്കാന്‍ മുത്തശ്ശി പഠിപ്പിച്ചത് ജീവിതത്തിലെ ആദ്യപാഠം.
വാഹനം സ്റ്റാർട്ടാക്കും മുൻപ് അതിനടിയിൽ ഒരു തെരുവ് മൃഗം ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഒരിക്കൽ രത്തന്‍ ടാറ്റ പോസ്റ്റിട്ടു. ബോംബെ ഹൗസ് പുതുക്കിപ്പണിതപ്പോൾ തെരുവുനായകള്‍ക്കായൊരു മുറിയും ഒരുക്കി. സ്നേഹത്തിന്റെ ആ അദ്യപാഠം ജീവിതാവസനം വരെയും പ്രാവർത്തികമാക്കി രത്തൻ ടാറ്റ.ഉന്നതവിദ്യാഭ്യാസമെല്ലാം പൂർത്തിയാക്കിയത് അമേരിക്കയിലായിരുന്നു. ലോസ് ആഞ്ചല്‍സിൽ പൂവിട്ട പ്രണയം പക്ഷേ പല കാരണങ്ങളാല്‍ വഴുതിപോയി. ഭാര്യയോ കുടുംബമോ വേണ്ടെന്ന തീരുമാനത്തിലും ഉണ്ട് നഷ്ടപ്രണയം..
1990 ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാൻ സ്ഥാനം ഏറ്റെടുത്തത് മുതൽ 2012-ല്‍ വിരമിക്കുന്നതുവരെ ടാറ്റയുടെ സുവർണ കാലഘട്ടം. ടാറ്റ ഗ്രൂപ്പിനെ രത്തൻ ടാറ്റ 3800 കോടിയുടെ ബിസിനസ് സാമ്രാജ്യമാക്കി.ബിസിനസിൽ എപ്പോഴും ശരിയായ തീരുമാനങ്ങൾ എടുക്കാന്‍ കഴിയില്ല. ശരിയായ സമയത്ത് തീരുമാനമെടുക്കണം. ആ തീരുമാനം ശരിയാകാൻ കഠിനമായി പ്രവർത്തിക്കണം. ടാറ്റ ഇന്ത്യയുടെ അതിർവരമ്പുകൾക്കപ്പുറം പടർന്ന് പന്തലിക്കാൻ കാരണം രത്തന്‍ ടാറ്റയുടെ ഈ നിശ്ചയദാർഢ്യ ഫോര്‍മുലയാണ്.പൈത്യകം പിന്തുടർന്നും മൂല്യങ്ങള്‍ ഉയർത്തിപിടിച്ചും ജീവനക്കാരെ ഒപ്പം ചേർത്തു രത്തൻ ടാറ്റ നടന്നു.
ജാഗ്വാർ ലാൻഡ് റോവർ, ടെറ്റ്‌ലി, കോറസ് സ്റ്റീൽ തുടങ്ങിയ ഐക്കണിക് ആഗോള ബ്രാൻഡുകൾ പിന്നീട് ടാറ്റയുടെ സ്വന്തമായി. മഴ നനഞ്ഞ് യാത്ര ചെയ്യുന്ന കുടുംബത്തെ കണ്ട് രത്തൻ ടാറ്റക്ക് തോന്നിയ ഹൃദയവിശാലതയുടെ പേരാണ് നാനോ. വാഹനവിപണയിൽ നാനോ കാർ ഇടത്തരക്കാരുടെ ഇഷ്ടബ്രാൻഡായി.അങ്ങനെ അസാധാരണമായ യാത്രകളിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ ആദരണീയനായ വ്യക്തികളിലൊരാളായി രത്തൻ ടാറ്റ.