ഇവിടെ എന്റെ കയ്യിൽ നിന്നും വായന കഴിഞ്ഞ് ഒരു തേവിടിശ്ശിക്കാറ്റ് ചുമരിലെ അലമാരയിലേക്ക് വല്ലാതെ പിന്നോക്കം പോവാതെ കുടിയിരുത്തപ്പെട്ടിരിക്കുന്നു.ഈ ചെറുനോവൽ നിർമ്മിച്ചത് അജയ് എന്ന് ഞാൻ വിളിക്കുന്ന ഡോ. അജയ് നാരായണൻ.
(അജയ് നാരായണൻ എഴുതിയ
തേവിടിശ്ശിക്കാറ്റ് വായിക്കുമ്പോൾ)
ബൽദേവ് സിംഗിൻ്റെ പഞ്ചാബി നോവൽ 'ലാൽ ബട്ടി' കൽക്കട്ടയിലെ സോനാഗച്ചിയിലെ ഇരുണ്ട ജീവിതങ്ങളെ വിസ്തരിച്ചു പറഞ്ഞത് നമ്മുടെ മുന്നിലുണ്ട്.
ലക്ഷ്മി എന്നു പേരുള്ള നേപ്പാളി പെൺകുട്ടിയുടെ ലൈംഗികച്ചന്തയിലേക്ക് എത്തപ്പെട്ടതിൻ്റെ ദയനീയമായ അവസ്ഥ മനസ്സിൻ്റെ പിരിമുറുക്കം ചോരാതെ പറഞ്ഞു തന്നിട്ടുണ്ട് നമുക്ക് പട്രിഷ്യ മക്കോർമിക്ക് 'സോൾഡ് ' എന്ന നോവലിലൂടെ.
ബ്രിട്ടീഷ് കൊളോണിയൽ സാഹചര്യങ്ങളിൽ നിന്നും പിറന്ന ബംഗാൾ പരിസരത്തെ തന്നെ ഒരു പെൺകുട്ടിയുടെ കഥ സുജാത മാസ്സെയുടെ ' ദ സ്ലീപ്പിംഗ് ഡിക്ഷണറി' എന്ന ഗ്രന്ഥത്തിലൂടെ നമ്മൾ അറിഞ്ഞു.
പ്രകൃതിക്ഷോഭത്തിൽ കുടുംബം നഷ്ടപ്പെട്ട് ഒറ്റയ്ക്കായ കമല എന്ന പെൺകുട്ടിയുടെ കഥ. അവൾ വായന കൊണ്ടും അറിവ് പകർന്നും സ്വാതന്ത്ര്യ സമരത്തിന് നിശ്ശബ്ദമായി പടയൊരുക്കം നടത്തി എന്നുകൂടി മനസ്സിലാക്കുക.
ഇവിടെ എന്റെ കയ്യിൽ നിന്നും വായന കഴിഞ്ഞ് ഒരു തേവിടിശ്ശിക്കാറ്റ് ചുമരിലെ അലമാരയിലേക്ക് വല്ലാതെ പിന്നോക്കം പോവാതെ കുടിയിരുത്തപ്പെട്ടിരിക്കുന്നു.ഈ ചെറുനോവൽ നിർമ്മിച്ചത് അജയ് എന്ന് ഞാൻ വിളിക്കുന്ന ഡോ. അജയ് നാരായണൻ.
ആള് നിസ്സാരനല്ല.
പരാബോള എന്ന ആദ്യ കവിതാ സമാഹാരത്തിന് ഉത്തമപുരസ്കാരങ്ങളിൽ ഒന്നായ ബോധി ഒറ്റത്താൾ ജ്ഞാനാക്ഷര ബഹുമതി 2022 ൽ നേടിയ വിദ്വാൻ ആണ്.
അവധൂതം, തെക്കേടത്തമ്മ v/s രാമകവി തുടങ്ങിയ ശ്രദ്ധേയമായ, സാമാന്യ ജനത്തിന് മനസ്സിലാവുന്ന വായനോൽപ്പന്നങ്ങളുടെ സ്രോതസ്സാണ്.
പണ്ട് പതായ്ക്കരയിൽ കാല് വെച്ചുത്തി വെരല് മുറിഞ്ഞ് പാലുംകുടം നെലത്തിട്ട് പൊട്ടിച്ച ഒരു അമ്മുട്ട്യേമ ഉണ്ടായിരുന്നു.
ചോര നിക്കാഞ്ഞിട്ട് റൗക്ക കീറി കെട്ടിവെച്ച് പിറു പിറുത്തും പ്രാകിയും ഇടവഴിയിലുടനീളം നടന്ന ഒരമ്മ.
അജയന്റെ നോവലിൽ നിന്നും ചിലപ്പോഴെങ്കിലും ഞാനീ അമ്മുട്ടിയമ്മ ആയി മാറുന്നുണ്ട് കഥയുടെ വിഭ്രാന്തിയിൽ അറിയാതെ.
ലാൽ ബട്ടിയായും സോൾഡ് ആയും സ്ലീപ്പിങ് ഡിക്ഷണറി ആയും എന്നിലൂടെ വഴി നടക്കുന്നുണ്ട് കഥാപാത്രങ്ങൾ.
എന്നാലോ ഇതൊട്ട് അതൊന്നും അല്ലേനും. അത്ര ഹൃദയഹാരി ആയാണ് അജയൻ്റെ ആഖ്യാനം.
ശാലിനി ജീവിതം കൊണ്ട് ശാലിനി മാത്രമാണ്. അനുഭവങ്ങളിൽ വ്യഥ നീന്തിത്തുടുക്കുമ്പോൾ തന്നിലേക്ക് എത്തുന്ന ഓരോ ആളും അവളുടെ കൂടി മുദ്രമുക്കിച്ചേർത്തു പോവുന്നു എന്നതാണ് ഇതിലെ അതിശയം.
പ്രതാപ് സിംഗ് കുറിച്ച മാതിരി
ഒരു കരിക്കിൻ്റെ സ്വാദ് ഉണ്ട് അജയകൃതിയിലെ അക്ഷരങ്ങൾക്ക്.
ജൈവ - ജീവ ഘടന ദൈവീക സിദ്ധി എന്ന് ലേബലൊട്ടിക്കുന്ന ടീച്ചർ, ശാലിനി ഒരു അഗ്നിയും മാരിയും ആവുന്നുണ്ട് കഥയിൽ. രജനി ഒരു കൂടുമാറ്റമാണ്.
അവിടെയും തപതാപങ്ങളെ വേർതിരിക്കുക വായനക്കാരന് സാധിക്കുന്ന ഒന്നല്ല.
ഈ ഇഴചേർപ്പാണ് രചയിതാവിന്റെ ജയിക്കൽ. ഉശിരും ഉയിരും നമുക്കു ശീതവുംബോധവും നൽകുന്നു എന്നുവന്നാൽ എഴുത്തിന് പ്രാപ്യതലമുണ്ട് എന്നു സാരം. ഇമ്മാതിരി സംക്രമങ്ങൾ കൊണ്ടു കൂടിയാണ് എഴുതിയ ആളെ ശപിച്ച് ബുക്ക് അടച്ചു വെക്കാൻ തോന്നാത്തതും ഉളളിൽ കുടിയിരുത്താൻ തോന്നണതും.
ശാലിനി തന്റെ ഒപ്പക്കൂട്ടങ്ങളാൽ മാനം പോയി രജനി ആവുന്നതും പോരാടി ശക്തി ആർജിക്കുന്നതും ഗംഭീരം.
വിലാസിനി എന്ന വ്യക്തി കരുതലും കരുത്തുമാണ് തൊഴിലിടങ്ങളിൽ രജനിക്ക്. താൻ ആവോളം ഭുജിച്ച് കൂട്ടുകാർക്ക് കാഴ്ച്ചവെക്കുന്ന അപ്പു എന്ന കഥാപാത്രത്തെ ശാലിനിയും നമ്മളും മറക്കാതെ പോവും.
സത്യമായ പുഞ്ചിരിയിൽ മിതബന്ധിയായ സൂരജ് ആസ്വാദനത്തിന്റെ ഒരു വേറിട്ട ഇടമാണ്. താൻ അനുഭവിക്കുന്ന രസം മടി കൂടാതെ അവളോട് പറയുമ്പോൾ അവൾക്കു കിട്ടുന്ന അനുഭൂതി വേറെ ഒരു തലം.
ശ്യാം, ഷബീർ, നിസാർ അഹമ്മദ്, മുകുലേന്ദ്ര യാദവ്, ദേശ് മുഖ് ചാറ്റർജി തുടങ്ങി ഒരുപാടൊരുപാട് കഥാ പാത്രങ്ങളുടെ ഒഴുകി നടക്കലുണ്ട് നോവലിൽ.
ഒടുവിൽ വിലാസിനിയുടെ മോൾ സുനിത ശാലിനിയോടൊപ്പം ജീവിതത്തിന്റെ പുതിയ നിറക്കൂട്ടിലേക്ക് കൈ പിടിച്ചു നടക്കുമ്പോൾ ഒരു തേവിടിശ്ശിക്കാറ്റ് അവരെ തൊടാതെ അവർക്കരികിലൂടെ പോവുന്നു.
നോവൽ ഇവിടെ വറ്റിത്തീരുന്നു... ഒരു പുനർജനി കാത്ത്. വായനക്കാരുടെ കണ്ണുകളിൽ ചെറിയൊരു നനവ് പടരുന്നു.
ഒരു മൂലയിൽ "ഇപ്പെങ്ങനുണ്ട്" എന്ന മട്ടിൽ ഡോ. അജയ് നാരായണൻ ചിരിക്കുന്നു.
അതൊരു സാമൂഹ്യക്കാരുടെ വി പി പി വാങ്ങിപ്പിച്ച് പ്പെങ്ങനണ്ടെടോ ഞാൻ പറ്റിച്ചേ എന്ന ചിരിയല്ല.
കോലോത്തുംപടി വഴീന്ന് ഉമ്മറാക്കോട് ഈസു പണ്ട് പറഞ്ഞ ' മയ്യത്തുംകട്ടില് ഇങ്ങള പേരേലും വെരും ട്ടിലെ...' എന്ന പറച്ചിൽചിരി അല്ല.
കുട്ടീഷ്ണന്നായര് പുഞ്ച തേവാൻ പൂവുമ്പോ കുട്ടിയോളെ നോക്കി ചിരിക്കണ ചിരിയല്ല.
കുട്ടൻ നായര് വരിൻ മക്കളെ മാങ്ങാസ്സമ്മന്തീം കൂട്ടി ത്തിരി ചൂട് കഞ്ഞി കുടിച്ചോളിൻ എന്ന ആത്മാർത്ഥമായ ചിരിയാണ്.
നല്ലൊരു പുസ്തകവായന വെറുതേ ആയില്ലല്ലോ എന്ന ഉറപ്പിൻ്റെ ചിരിയാണ്.
ഒന്നുങ്കുടി പറഞ്ഞു ഞാൻ വായ പൂട്ടാം.
അത് പ്രതാപ് സിംഗ് ഇരിങ്ങാലക്കുട കുറിച്ച അവതാരിക. ഒപ്പം പറയാം ദർശനയുടെ കയ്യൊപ്പ്.
കൂടാതെ ചെമ്പരത്തി ക്രിയേറ്റീവ്സ് ചെയ്ത ഡിസൈൻ, ഷബീർ അലിയുടെ പുറംതാൾ, വേർഡ് കോർണർ പ്രസാധിപ്പിച്ച മനോഹരമായ ഈ ഗ്രന്ഥം ഓരോ ആളും വായനപ്പകർച്ചയ്ക്കായി വാങ്ങും എന്ന് ഞാൻ ഉറപ്പിക്കുന്നു.
ശിവശങ്കരൻ കരവിൽ
ഡോ. അജയ് നാരായണൻ