PRAVASI

പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ

Blog Image
പുതിയ എംഎൽഎമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗില്‍ ഉപഹാരം നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങൾ അടങ്ങുന്ന പുസ്തകങ്ങളുമാണ് ബാഗിൽ ഉള്ളത്. ബാഗ് എംഎൽഎ ഹോസ്റ്റലിൽ എത്തിച്ചു

പുതിയ എംഎൽഎമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗില്‍ ഉപഹാരം നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങൾ അടങ്ങുന്ന പുസ്തകങ്ങളുമാണ് ബാഗിൽ ഉള്ളത്. ബാഗ് എംഎൽഎ ഹോസ്റ്റലിൽ എത്തിച്ചു. ഉടൻ ഉപഹാരം രാഹുലിനും യു ആര്‍ പ്രദീപിനും കൈമാറും. നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും  എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. 

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിവാദങ്ങൾക്ക് തിരികൊടുത്ത നീല ട്രോളി ബാഗ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ദിവസം സൃഷ്ടിച്ചത് കൗതുകം. നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് എംഎൽഎ രാഹൂൽ മാങ്കൂട്ടത്തിലിനും ചേലക്കര എംഎൽഎ യു.ആർ. പ്രദീപിനും സ്പീക്കർ പ്രത്യേക ഉപഹാരമായി നൽകിയ നീല ട്രോളി ബാഗാണ് ചർച്ചാ വിഷയം. ഇരുവർക്കുമായി സ്പീക്കറുടെ വക ബാഗ് എംഎൽഎ ഹോസ്റ്റലിൽ എത്തി.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ മന്ത്രി എംബി രാജേഷും സിപിഎം സംഘവും നീല ട്രോളി ബാഗ് വിഷയം ഉയർത്തി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. യുഡിഎഫിനായി നേതാക്കൾ താമസിച്ച ഹോട്ടലിൽ നീല ട്രോളി ബാഗിൽ കള്ളപ്പണമെത്തിയെന്നായിരുന്നു ആരോപണം. വനിതാ നേതാക്കളുടെയടക്കം മുറികളിൽ നടത്തിയ പാതിരാ റെയ്ഡും വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയിരുന്നത്. പിറ്റേ ദിവസം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളി ബാഗുമായി വാർത്താ സമ്മേളനവും നടത്തിയിരുന്നു.

തൻ്റെ വസ്ത്രങ്ങൾ കൊണ്ടുവന്ന ബാഗായിരുന്നു ഇതെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. ഹോട്ടലില്‍ വരുമ്പോള്‍ തക്കാളിപ്പെട്ടിയുമായി വരണമായിരുന്നോ എന്നായിരുന്നു രാഹുൽ ഉയർത്തിയ ചോദ്യം. സംഭവം യുഡിഎഫിനും എൽഡിഎഫിനും എതിരെ ട്രോളുകൾക്ക് ഉണ്ടാകുന്നതിന് കാരണമായിരുന്നു. സിപിഎം നേതാക്കളെ കളിയാക്കിക്കൊണ്ടായിരുന്നു ഭൂരിപക്ഷം ട്രോളുകളും. മന്ത്രി രാജേഷും എഎ റഹിം എംപിയും ട്രോളർമാരുടെ കടുത്ത ആക്രമണമാണ് നേരിട്ടത്. ഇപ്പോഴും നീല ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണത്തിൽ സിപിഎം ഉറച്ചു നിൽക്കുമ്പോഴാണ് സ്പീക്കറുടെ സമ്മാനമായി ട്രോളി ബാഗുകൾ എംഎൽഎ ക്വാർട്ടേഴ്സിൽ എത്തിയിരിക്കുന്നത്.
നീല ട്രോളി ബാഗ് ഉപഹാരം നൽകിയതിലൂടെ സ്പീക്കർ മന്ത്രി രാജേഷിനെ ട്രോളിയതാണ് എന്ന അടക്കം പറച്ചിലുകളും നിയമസഭാ ജീവനക്കാര്‍ക്ക് ഇടയില്‍ ഉയരുന്നുണ്ട്. പാർലമെൻ്ററികാര്യ മന്ത്രിയായ രാജേഷിന് സത്യപ്രതിജ്ഞ ചടങ്ങിൽ വേദിയിൽ സ്ഥാനം നൽകാതിരുന്നതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നത്. സാധാരണ രീതിയിൽപാർലമെന്ററി കാര്യ മന്ത്രിക്കാണ് വേദിയിൽ സ്ഥാനം നൽകുന്നത് എന്നാൽ രാജേഷ് എത്തുന്നതിന് മുമ്പ് മന്ത്രി സജി ചെറിയാനെ സ്പീക്കർ വേദിയിൽ ഇരുത്തി. ഇത് കാരണം രാജേഷിന് വേദിയിൽ ഇടം ലഭിക്കാതെ വരികയായിരുന്നു. അതേസമയം ബാഗുകളുടെ നിറം നീലയായത് യാദൃശ്ചികമെന്നാണ് സ്പീക്കറുടെ പ്രതികരണം.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള ഇരു മുന്നണിയുടെയും നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. യുആർ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിൻറെ സത്യപ്രതിജ്ഞ. നിയമസഭയിൽ കന്നിക്കാരനാണ് രാഹുൽ. യുആർ പ്രദീപിൻ്റെ രണ്ടാമൂഴമാണിത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.