PRAVASI

ആദം നീ എവിടെ ആകുന്നു? ആത്മീയതയുടെയും മാനവികതയുടെയും അതിമനോഹരമായ നേർക്കാഴ്ചകൾ

Blog Image

ചില പുസ്തകങ്ങൾ വെറുതെ വായിച്ചു തീർക്കാനുള്ളതല്ല; ചവച്ചരച്ച് ഇറക്കാനുള്ളവയാണ്. അവ നമ്മുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന്, ഉറങ്ങിക്കിടക്കുന്ന ചിന്തകളെ ഉണർത്താനും ഉയർത്താനും ജീവിതത്തെ പുതിയൊരു വെളിച്ചത്തിൽ നോക്കിക്കാണാനും പ്രേരിപ്പിക്കുന്നവയാണ്. അത്തരത്തിൽ, തുടക്കം  മുതൽ ഒടുക്കം വരെ വായനക്കാരെ കാന്തികശക്തിയോടെ ആകർഷിച്ചു നിർത്തുന്ന അപൂർവ്വമായൊരു കൃതിയാണ് ആദരണീയനായ മുഖ്യമന്ത്രി ശ്രീ.വി. ഡി. സതീശൻ രചിച്ച *'ആദം നീ എവിടെ ആകുന്നു'*. എന്ന പുസ്‌തകം.


​എഴുത്തുകാരനെക്കുറിച്ച് പറയുന്നതും, എഴുത്തിനെക്കുറിച്ച് പറയുന്നതും, എഴുത്തുകാരൻ തന്നെ പറയുന്നതും ഒരുപോലെ ആസ്വാദ്യകരമാകുന്ന ത്രിവേണി സംഗമമാണ് ഈ പുസ്തകം. ക്രിസ്തു ദർശനങ്ങളിലൂടെയും ബൈബിൾ വചനങ്ങളുടെ പൊരുളിലൂടെയുമുള്ള ഒരു അപൂർവ്വ സഞ്ചാരമാണ് ഈ കൃതി വായനക്കാർക്ക് സമ്മാനിക്കുന്നത്. അഴകുള്ള വാക്കുകൾ കൊണ്ടും, അഴുക്കില്ലാത്ത വാചകങ്ങൾ കൊണ്ടും, അകക്കാമ്പുള്ള  ആശയങ്ങൾ കൊണ്ടും സമ്പന്നമായ ഈ പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന മാസ്മരികതയുള്ളതാണ്.
​പദവികൾക്കപ്പുറത്തെ ബൗദ്ധിക പ്രഭാവം 
(എഴുത്തുകാരനെക്കുറിച്ച്)

​പ്രശസ്ത വിദ്യാഭ്യാസവിദഗ്ധൻ ഡോ. സിറിയക് തോമസ് ഈ പുസ്തകത്തിന്റെ അവതാരികയിൽ എഴുത്തുകാരനെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
​"മാധ്യമങ്ങളുടെ ശ്രദ്ധ മാത്രമല്ല, ചെയറിന്റെ പ്രശംസ നേടാനും കഴിഞ്ഞ സമർത്ഥനായ സാമാജികനായിരുന്നു സതീശൻ."
​കേവലമായ രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം അദ്ദേഹത്തിന്റെ ബൗദ്ധികവും മാനവികവുമായ മുഖത്തെക്കൂടിയാണ് ഈ വരികൾ അടിവരയിടുന്നത്. പദവികളുടെ തിളക്കമല്ല, മറിച്ച് ആഴമുള്ള ഉൾക്കാഴ്ചയാണ് ഒരു ജനപ്രതിനിധിയുടെ യഥാർത്ഥ കരുത്ത് എന്ന് അദ്ദേഹം തെളിയിക്കുന്നു.

ആചാരങ്ങൾക്കപ്പുറത്തെ ആത്മീയ അന്വേഷണം
 (എഴുത്തിനെക്കുറിച്ച്)

​ബൈബിൾ വചനങ്ങളുടെ വെളിച്ചത്തിൽ ജീവിതത്തെ നോക്കിക്കാണുന്ന ഈ കൃതിയുടെ അന്തസ്സത്ത അവതാരികയിൽ ഇങ്ങനെ വ്യക്തമാക്കുന്നു:
​"നീ എവിടെ ആകുന്നു എന്ന് ചോദിച്ച് ആദത്തെ അന്വേഷിക്കുന്ന ദൈവത്തെ തിരിച്ചന്വേഷിക്കുന്ന രസവും രഹസ്യവുമാണ് ഈ ബൈബിൾ പ്രഭാഷണങ്ങൾ."
​ആത്മീയതയെ കേവലമായ ബാഹ്യ ആചാരങ്ങൾക്കപ്പുറം, മനുഷ്യനും ദൈവവും തമ്മിലുള്ള ആഴമേറിയ ആത്മബന്ധത്തിന്റെ അന്വേഷണമാക്കി മാറ്റാൻ ഈ എഴുത്തിന് സാധിച്ചിട്ടുണ്ട്.
​ആധുനിക സമൂഹത്തിന്റെ പൊള്ളത്തരങ്ങളെയും കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തെയും ശ്രീ.വി. ഡി. സതീശൻ ഇതിൽ വളരെ ആർദ്രമായും അതേസമയം ശക്തമായും വിശകലനം ചെയ്യുന്നു. മാറ്റങ്ങളുടെ വേഗതയിൽ നമുക്ക് നഷ്ടപ്പെടുന്നത് സ്വന്തം വേരുകളാണെന്ന ഓർമ്മപ്പെടുത്തൽ ഇതിലുടനീളമുണ്ട്.
*​ചിന്തോദ്ദീപകമായ ചില ജീവിതപാഠങ്ങൾ*
​ജീവിതത്തിന്റെ യഥാർത്ഥ വിജയമെന്താണെന്ന് ബോധ്യപ്പെടുത്താൻ എഴുത്തുകാരൻ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ലോകോത്തര ഉദാഹരണങ്ങൾ ഏറെ ശ്രദ്ധേയമാണ്.
​1. ബാഹ്യ തിളക്കവും ആന്തരിക ശൂന്യതയും
​പ്രശസ്ത വസ്ത്രവ്യാപാര ശൃംഖലയായ റെയ്മണ്ടിന്റെ പരസ്യവാചകം 'The Complete Man ' (സമ്പൂർണ്ണ മനുഷ്യൻ) എന്നാണ്. എന്നാൽ അതിന്റെ ഉടമയായ വിജയ്പത് സിംഘാനിയയുടെ ആത്മകഥയുടെ പേര് 'An Incomplete Life' (അപൂർണ്ണമായൊരു ജീവിതം) എന്നാണ്! കോടികളുടെ ആസ്തിയും ലോകപ്രശസ്തിയുമുണ്ടായിട്ടും, സ്വന്തം മക്കളാൽ ഉപേക്ഷിക്കപ്പെട്ട് ഒടുവിൽ വാടകവീട്ടിലേക്ക് മാറേണ്ടി വന്ന ആ വൃദ്ധന്റെ ജീവിതത്തിലൂടെ, ബാഹ്യമായ തിളക്കമല്ല അകമെയുള്ള നിറവാണ് ജീവിതത്തിന്റെ പൂർണ്ണത എന്ന് എഴുത്തുകാരൻ ഓർമ്മിപ്പിക്കുന്നു.
​2. മാതൃത്വത്തിന്റെ ജീവസ്സുറ്റ നിർവചനം
​സ്വജീവൻ ത്യജിച്ചുകൊണ്ട് മക്കളുടെ ജീവൻ വീണ്ടെടുക്കുന്നവളാണ് അമ്മ. മരണക്കിടക്കയിൽ കിടന്ന്, ദുർബലമായ ശബ്ദത്തിൽ *"മയക്കുമരുന്നിന് മുന്നിൽ കീഴടങ്ങാതെ ജീവിതം തിരിച്ചുപിടിക്കണം"* എന്ന് മകൻ സഞ്ജയ് ദത്തിന് സന്ദേശം നൽകിയ നർഗ്ഗീസ് ദത്തിന്റെ പൊള്ളിക്കുന്ന ഓർമ്മകൾ മാതൃത്വത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്. അമ്മയുടെ വേർപാടിനു ശേഷം ആ ശബ്ദം ടേപ്പ് റെക്കോർഡറിലൂടെ കേട്ടാണ് മകൻ ജീവിതത്തിലേക്ക് മടങ്ങിവന്നത്.
​'ഇതാ നിന്റെ അമ്മ' എന്ന ലേഖനത്തിൽ വാഷിങ്ടൺ പോസ്റ്റ് നടത്തിയ മാതൃത്വം എന്ന വിഷയത്തിലെ മത്സരഫലത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരമ്മ തന്റെ കുഞ്ഞിനായി നടത്തുന്ന ജീവൻമരണ പോരാട്ടമാണ് മാതൃത്വം എന്ന് അത് അടിവരയിടുന്നു.
​3.പദവികളുടെ സെറാമിക് കപ്പുകൾ
​അമേരിക്കൻ ഡിഫൻസ് അണ്ടർ സെക്രട്ടറിയും പ്രശസ്ത എഴുത്തുകാരനുമായ സൈമൺ സ്നീക്കിന്റെ അനുഭവം പുസ്തകം ഉദ്ധരിക്കുന്നുണ്ട്. അധികാരത്തിൽ ഇരുന്നപ്പോൾ കിട്ടിയ രാജകീയ സ്വീകരണങ്ങളും, പദവി ഒഴിഞ്ഞപ്പോൾ നേരിട്ട അവഗണനയും വിവരിച്ചുകൊണ്ട് അദ്ദേഹം പറയുന്ന വലിയൊരു സത്യമുണ്ട്:
*​"The lesson is that a ceramic cup was never meant for me, it was meant for the position I held."* (ആ സെറാമിക് കപ്പ് എനിക്കുള്ളതായിരുന്നില്ല, ഞാൻ ഇരുന്ന കസേരയ്ക്കുള്ളതായിരുന്നു).
​നാം അനുഭവിക്കുന്ന ആഡംബരങ്ങൾ പലതും വ്യക്തിയെന്ന നിലയിലല്ല, നമ്മുടെ പദവികൾക്കാണെന്ന തിരിച്ചറിവ് മനുഷ്യനെ വിനയാന്വിതനാക്കേണ്ടതാണ്.
​4. വെറുപ്പിനെ കീഴടക്കുന്ന സ്‌നേഹം
​മാർട്ടിൻ ലൂഥർ കിങ്ങിന്റെ *'Loving Your Enemies*' (ശത്രുക്കളെ സ്നേഹിക്കുക) എന്ന പ്രസംഗത്തിലെ വാചകങ്ങൾ പുസ്തകത്തിന് കരുത്തു പകരുന്നു. വെറുപ്പിനെ വെറുപ്പുകൊണ്ട് നേരിട്ടാൽ നാം വീണ്ടും അന്ധകാരത്തിലേക്കാണ് നയിക്കപ്പെടുക. പ്രകാശത്തിന് മാത്രമേ അന്ധകാരത്തെ മാറ്റാൻ കഴിയൂ; വെറുപ്പിനെ തൂത്തെറിയാൻ സ്നേഹത്തിന് മാത്രമേ സാധിക്കൂ.
​5. വൈകിയെത്തുന്ന പൂച്ചെണ്ടുകൾ
​ഡയാന രാജകുമാരിയുടെ ശവസംസ്കാരത്തിന് കൊട്ടാരവളപ്പിൽ പത്ത് ലക്ഷം പൂച്ചെണ്ടുകളാണ് ആരാധകർ അർപ്പിച്ചത്. ബ്രിട്ടനിലെ പൂക്കൾ തീർന്നപ്പോൾ ഇസ്രായേലിൽ നിന്ന് ഇരുന്നൂറ് ടൺ പൂക്കൾ കൊണ്ടുവരേണ്ടി വന്നു! എന്നാൽ അവർ ജീവിച്ചിരുന്നപ്പോൾ അനുഭവിച്ച സ്നേഹശൂന്യതയും ഏകാന്തതയും അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ നൽകാത്ത സ്നേഹം, മരണാനന്തരം കോടികൾ ചെലവിട്ട് പ്രകടിപ്പിച്ചിട്ട് എന്ത് കാര്യം എന്ന ചോദ്യം വായനക്കാരന്റെ നെഞ്ചിൽ വന്നു തറയ്ക്കും.
6. ക്ഷമയുടെ ഉദാത്ത മാതൃക
​ഗ്രാഹം സ്റ്റെയിൻസ് എന്ന മിഷണറിയെയും മക്കളെയും ജീവനോടെ കത്തിച്ചുകൊന്ന അക്രമികളോട്, *"പാപത്തെ വെറുക്കുന്ന, പാപികളോട് പൊറുക്കുന്ന"* ഗ്ലാഡിസ് സ്റ്റെയിൻസിന്റെ മനസ്സിനെ എഴുത്തുകാരൻ നമിക്കുന്നത് വായനക്കാരനിലും വലിയൊരു പവിത്രത നിറയ്ക്കും.

*​"ആദം നീ എവിടെയാകുന്നു"* എന്നത് കേവലമൊരു വായനയ്ക്കപ്പുറം, നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനവിക മൂല്യങ്ങളെയും കുടുംബബന്ധങ്ങളെയും തിരിച്ചുപിടിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഉണർത്തുപാട്ടാണ്. ഉള്ളുലയ്ക്കുന്ന അനുഭവങ്ങളും, ലളിതവും മനോഹരവുമായ ശൈലിയും ഈ പുസ്തകത്തെ വായനക്കാരുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്നു.
​ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എവിടെയോ വെച്ച് സ്വന്തം ആത്മാവിനെ നഷ്ടപ്പെട്ടുപോയ ആധുനിക മനുഷ്യനോട്, നീ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്ന് സ്വയം ചോദിക്കാൻ പ്രേരിപ്പിക്കുന്ന കൃതി. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട, ഒരുപാട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഉത്തമ കൃതിയായി ഈ പുസ്തകത്തെ അടയാളപ്പെടുത്താം. ആദം എന്നതിന് പകരം എന്റെയും നിങ്ങളുടെയും പേരുകൾ ചേർത്ത് വെച്ചാൽ ഒരു ആത്മ പരിശോധന നടക്കും. എവിടെയൊക്കെയോ ഒരു വിങ്ങലോ വിതുമ്പലോ വേദനയായ് പടരും , ആത്മ താപത്തിലുരുകും, വീണ്ടുവിചാരത്തിലേക്ക് നയിക്കും. അതുമതി ഒരു പരിവർത്തനത്തിന്,  വീണ്ടെടുപ്പിൻ്റെ നല്ല നാളെകളെ പുൽകാൻ. ഈ പുസ്‌തകം പകരുന്ന വെളിച്ചം ജീവിതത്തെ കൂടുതൽ തെളിച്ചമുള്ളതാക്കിത്തീർക്കും നിശ്ചയം.

സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.