PRAVASI

ആശംസകളുമായി പ്രധാനമന്ത്രിയും കമൽഹാസനും; മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‌യുടെ ആദ്യ പിറന്നാൾ

Blog Image

തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിലെത്തിയ ജോസഫ് വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ ശക്തികളെ നിഷ്പ്രഭമാക്കിക്കൊണ്ട് തമിഴക വെട്രി കഴകം അധികാരത്തിലെത്തിയ ശേഷമുള്ള വിജയ്‌യുടെ ആദ്യ ജന്മദിനമാണിത്. ഭരണപരമായ തിരക്കുകൾക്കിടയിലും തങ്ങളുടെ പ്രിയ നേതാവിന്റെ പിറന്നാൾ തമിഴ്നാട്ടിലുടനീളം വലിയ ആഘോഷമാക്കുകയാണ് ആരാധകരും പാർട്ടി പ്രവർത്തകരും.

മുഖ്യമന്ത്രി വിജയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉലകനായകൻ കമൽഹാസൻ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. “തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. അദ്ദേഹത്തിന് ദീർഘായുസ്സും നല്ല ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു” പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. “തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം പ്രസിഡന്റും സർവോപരി എന്റെ സഹോദരനുമായ വിജയ്ക്ക് ജന്മദിനാശംസകൾ. ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന വ്യക്തിയാണ് അദ്ദേഹം” മക്കൾ നീതി മയ്യം നേതാവ് കൂടിയായ കമൽഹാസൻ എക്സിൽ കുറിച്ചു.

മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ ജന്മദിനമായതിനാൽ തമിഴകത്ത് ടി.വി.കെ.യുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ അതിരുകടന്ന ആഘോഷങ്ങളും ആർഭാടങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും, പകരം ജനങ്ങളെ സഹായിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് വിജയ് അണികൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകൾ, അന്നദാനം, നിർധനർക്കുള്ള സഹായ വിതരണം എന്നിവ പാർട്ടി ഘടകങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ തമിഴ്‌നാട് നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ജനപ്രിയമായ ചില പുതിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇന്നുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് 2024 ഫെബ്രുവരി 2-ന് വിജയ് ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടി പ്രഖ്യാപിക്കുന്നത്. പാർട്ടി രൂപീകരിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യങ്ങളില്ലാതെ തനിച്ചു മത്സരിച്ച ടി.വി.കെ വൻ വിജയം കൊയ്തു. തുടർന്ന് മെയ് 10-നാണ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.