PRAVASI

പിതാവ്, പിതാക്കൻമാർ മായാത്ത മുദ്ര പതിപ്പിച്ചവർ

Blog Image

ചരിത്രത്തിൻറെ താളുകൾ മറിക്കുമ്പോൾ പിതാക്കന്മാരുടെ ഒരു നീണ്ട നിര കാണുവാൻ കഴിയും.  കേവലം ഒരു തലമുറയ്ക്ക് ജന്മം കൊടുത്തതുകൊണ്ട് അല്ല ഇവർ പിതാക്കന്മാർ ആയി മാറിയത്.  മറിച്ച് അവരുടെ കാലഘട്ടത്തിൽ ചരിത്രം അവർ തിരുത്തി എഴുതി ചലനങ്ങൾ സൃഷ്ടിച്ചപ്പോൾ ലോകം അവർക്ക് പിതാവിൻറെ പട്ടം നൽകി ആദരിച്ചു.   ഇന്നവരിൽ പലരും ഈ മണ്ണിൽ ഉറങ്ങിക്കിടക്കുന്നുവെങ്കിലും മനുഷ്യ മനസ്സുകളിൽ അവർ മായാതെ എന്നുമെന്നും ജീവിക്കുന്നു. 

ജനകോടികളുടെ സ്വപ്നഭൂമിയും ലോകത്തിൻറെ തിലകവുമായ 
അമ്മേരിയ്ക്കയെന്ന ഈ മഹൽ രാജ്യത്തിൻറെ പ്രഥമ പ്രസിഡണ്ട് 
ജോർജ് വാഷിംഗ്ടൺ തുടങ്ങി തോമസ് ജഫേഴ്സൺ ജോൺ ആഡംസ് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ജെയിംസ് മാഡിസൺ അലക്സാണ്ടർ ഹാമിൽട്ടൺ ഇവർ സ്വന്തം രാജ്യത്തിന് ചെയ്ത സേവനങ്ങൾ അളവറ്റതാണ്.  ആയതിനാൽ രാഷ്ട്രം ഇവരെ ഫൗണ്ടിംഗ് ഫാദേഴ്സ് അഥവാ രാഷ്ട്ര പിതാക്കന്മാർ എന്ന പുരസ്കാരം നൽകി ആദരിച്ചു. 

പ്രസിഡണ്ട് എബ്രഹാം ലിങ്കൺ അടിമത്വത്തിനെതിരെ നാവു ചലിപ്പിച്ച് അടിമ വ്യവസായത്തെ അടിയറവ് വെപ്പിച്ചു ജനകോടികളെ സ്വതന്ത്രരാക്കിയപ്പോൾ എല്ലാവർക്കും പ്രിയങ്കരനായ അടിമകളുടെ പിതാവെന്ന അപരനാമം കൈവരിച്ചുകൊണ്ട് ഒരിക്കലും ചരിത്രത്തിനു മായിക്കുവാൻ കഴിയാത്തവണ്ണം ജനകോടികളുടെ ഓർമ്മകളിൽ ജീവിക്കുന്നു. 

വർഗ്ഗ വർണ്ണ വിവേചനത്തിനെതിരെയും മനുഷ്യ പൗരാവകാശ നിയമത്തിനു വേണ്ടിയും കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച മാർട്ടിൻ ലൂഥർ  കിംങ്ങിൻറെ ശബ്ദം അമേരിക്കയുടെ മൂക്കിലും മൂലയിലും മുഴങ്ങിയപ്പോൾ (ഫാദർ ഓഫ് സിവിൽ റൈറ്റ്സ്സ് മൂവ്മെൻറ്) സമത്വത്തിൻറെയും അവകാശങ്ങളുടെയും പോരാട്ടത്തിൻറെയും പിതാവ് എന്ന പേര്  സ്വായത്തമാക്കുവാൻ കഴിഞ്ഞു. 

സൗത്ത് ആഫ്രിക്കയുടെ മണ്ണിൽ ജീവനെ പണയം വെച്ചുകൊണ്ട് വർഗ്ഗ വർണ്ണ വിവേചനത്തിനെതിരെ ശബ്ദമുയർത്തി തുറങ്കിലടക്കപ്പെട്ട കറുത്ത മുത്ത് നെൽസൺ മണ്ടേലയെ സൗത്ത് ആഫ്രിക്കയുടെ മഹനീയമായ രാഷ്ട്ര പിതാവ് എന്നുള്ള ആ നാമം നൽകി രാജ്യം ആദരിച്ചു.

ഭാരതത്തിനു വേണ്ടി സ്വന്തം ജീവൻ ബലികൊടുത്ത മഹാത്മാഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന പദം നൽകി ഇന്ത്യൻ ജനത ആദരിക്കുന്നു ലോകം ബഹുമാനിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ പിറവിക്കു മുഖാന്തരമായ Dr.  ബി ആർ അംബേദ്കർ ഭരണഘടനയുടെ പിതാവ് എന്ന മായാത്ത കയ്യൊപ്പ് നേടി എന്നും ആ പദം അലങ്കരിക്കുന്നു

ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറഞ്ഞപ്പോൾ ദുരുപദേശം എന്ന് മത അധികാരികൾ മുദ്രകുത്തി തടങ്കലിൽ അടക്കപ്പെട്ട് മതാചാരപ്രകാരമുള്ള ശവസംസ്കാരം പോലും ലഭിക്കാതെ ലോകത്തോട് വിടവാങ്ങിയ ഗലീലിയോ ആധുനിക വാന ശാസ്ത്രത്തിൻറെ പിതാവായി മാറി. ആൽബർട്ട് ഐൻസ്റ്റീൻ എന്ന ബുദ്ധിജീവിയെ നോക്കി ലോകം വിളിച്ചുപറഞ്ഞു സയൻസ് ലോകത്തിൻറെ യും കണ്ടുപിടുത്തങ്ങളുടെയും പിതാവെന്ന്.   യവന വൈദ്യൻ ഹിപ്പോക്രേറ്റസ് ആധുനിക മെഡിക്കൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ചപ്പോൾ വൈദ്യശാസ്ത്രത്തിൻറെ പിതാവെന്ന് ലോകം വിധിയെഴുതി. 

ക്യാപ്പിറ്റലിസത്തിൻറെ പിതാവായി ലോകം ഇന്ന് ചുണ്ടിക്കാണിക്കുന്നത്  മറ്റാരെയും അല്ല ആഡം സ്മിത്തിനെയത്രേ. കമ്മ്യൂണിസത്തിൻറെയും സോഷ്യലിസത്തിൻറെയും പിതാവായ കാറൽ മാക്സ് ലോകത്തിനു മുമ്പിൽ ആ വാതിലുകൾ തുറന്നിട്ടു.

ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തത്തിൻറെ പിതാവായും 
ബോക്സിംഗ് ലോകത്തിൻറെ പിതാവായി മുഹമ്മദലിയും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.
  
ഇന്ന് മുഴങ്ങുന്ന ആധുനിക പോപ്പ് മ്യൂസിക്കിൻറെയും നൃത്തത്തിൻറെയും പിതാവ് എന്ന സ്ഥാനം മൈക്കിൾ ജാക്സൺ  കൈക്കലാക്കി.  ഇങ്ങനെ ഒരു   നീണ്ട നിര ചരിത്രത്തിൻറെ താളുകളിൽ പിതാവ് എന്ന സ്ഥാനവും പദവിയും കൈക്കലാക്കിയത് നമുക്ക് എന്നും കാണുവാൻ കഴിയും.  

തിരുവചനത്തിൻറെ താളുകളിൽ യഹോവയായ ദൈവം അബ്രഹാമിനെ നോക്കി പറയുന്നു നീ ബഹുജാതികൾക്ക് പിതാവായി തീരും 
(ഉല്പത്തി 17: 5) അങ്ങനെ അബ്രഹാം ക്രിസ്ത്യാനിക്കും മുസൽമാനും യഹൂദനും പിതാവായി മാറി.  എന്നാൽ തിരുവചനത്തിൻറെ താളുകളിൽ ദൈവത്തെ പരീക്ഷിച്ച് ദൈവത്തോട് മത്സരിച്ച് ദൈവത്തെ കോപിപ്പിച്ച പിതാക്കന്മാരുടെ ഒരു നിരയും കാണുവാൻ കഴിയും അവരിൽ ആരിലും ദൈവം പ്രസാദിച്ചില്ല(1കൊരിന്ത്യർ 10:1-5). 

നിത്യ വിശ്രമത്തിനായി 2021ൽ എൻറെ വാത്സല്യ പിതാവ് ലോകത്തോട് യാത്ര പറഞ്ഞു. ഫാദർ ഓഫ് ദ ഇയർ അവാർഡിന് ഒരിക്കലും പിതാവ് യോഗ്യനായിരുന്നില്ല കാരണം പരാജയങ്ങളും പരിമിതികളും ഉണ്ടായിരുന്നു. എങ്കിലും ഞങ്ങൾ മക്കളെ സ്നേഹിച്ചിരുന്നു ഞങ്ങളെ വളർത്തുവാൻ ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്.  അന്ന് അതിൻറെ ആഴം അറിയില്ലായിരുന്നു എന്നാൽ ഇന്ന് ആ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നു.  ഞാൻ ഭവനം വിട്ട് പഠനത്തിനായി പോകുമ്പോൾ കണ്ണുകൾ നനയുന്നതും ഞാൻ ആദ്യമായി വിദേശത്തേക്ക് 90 കളുടെ ആരംഭത്തിൽ യാത്ര ചെയ്തപ്പോൾ വിതുമ്പിയതും മായാതെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു. നമ്മുടെ പിതാക്കന്മാരുടെ ആ സ്നേഹത്തിനും ഓർമ്മകൾക്കും മുമ്പിൽ ഒരു ബിഗ് സല്യൂട്ട്.  ഇന്നെല്ലാം ഓർമ്മകളിൽ തങ്ങിനിൽക്കുമ്പോൾ  ഒരു സത്യം നമ്മെ ധൈര്യപ്പെടുത്തുന്നു. നമ്മെ നടത്തുന്ന കരുതുന്ന ഒരു നല്ല പിതാവ് സ്വർഗ്ഗത്തിൽ ഉണ്ട്.  പറവകളെ പൊറ്റുന്നവൻ പുലർത്തുന്നവൻ പരിപാലിക്കുന്നവൻ നമ്മെ മറക്കുമോ? ഇല്ല ഒരിക്കലും ഇല്ല. 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.