PRAVASI

(ലേഖനം) അമേരിക്കൻ ക്രിസ്ത്യാനിത്വം

Blog Image


അമേരിക്കയിൽ കുടിയേറ്റക്കാരായ ഏതൊരു വ്യക്തിയും  മനസ്സിലാക്കിയിരിക്കേണ്ട ചില പ്രാഥമിക യാഥാർത്ഥ്യങ്ങളാണ് മൂന്ന് ഭാഗങ്ങളായി എഴുതിയിട്ടുള്ള “അമേരിക്കൻ ക്രിസ്ത്യാനിത്വം”  എന്ന ഈ ലേഖന പരമ്പരയിൽ  Dr. Thomas Ambumkayathu  അവതരിപ്പിച്ചിരിക്കുന്നത്. ഭാഗം - I: കുടിയേറ്റക്കാരും ക്രിസ്തീയ അമേരിക്കയും; ഭാഗം - II: അമേരിക്കയുടെ ക്രിസ്തീയ അടിസ്ഥാനം; ഭാഗം - III: ക്രിസ്തീയ ദേശീയത്വവും ക്രിസ്ത്യാനിത്വവും.  (അമേരിക്കൻ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ഇംഗ്ലീഷിൽ എഴുതി, താൻ തന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് ഈ ലേഖന പരമ്പര). “ദൈവരാജ്യം - ഇന്നിന്റെ വെളിച്ചവും നാളെയുട പ്രത്യാശയും”  എന്ന  പുസ്തകത്തിൻറെ  രചയിതാവും, ആനുകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ലേഖനങ്ങളിലൂടെ വായനക്കാരുടെ മുൻപിൽ എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ചിന്തകനാണ് ഈ എഴുത്തുകാരൻ. തൻറെ പുസ്തകത്തിന്റെ കോപ്പികൾക്കോ, പുസ്തകത്തിലും  ലേഖനങ്ങളിലും  പരാമർശിച്ചിട്ടുള്ള വിഷയങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം  അറിയിക്കുന്നതിനോ തന്നെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. Email: vathomas.pvi@gmail.com. 

കുടിയേറ്റക്കാരും ക്രിസ്തീയ അമേരിക്കയും
(Part – 1)

അമേരിക്ക ഒരു ‘ക്രിസ്തീയ രാജ്യം’ എന്നാണ് പൊതുവായും അറിയപ്പെടുന്നത്.  ഏത് അർത്ഥത്തിലാണ് ഈ നാമകരണം അമേരിക്കയ്ക്ക്  ലഭ്യമായത് എന്നത് ജിജ്ഞാസ ഉളവാക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ടു തന്നെയാണ് ‘കുടിയേറ്റക്കാരൻ’ എന്ന ഐഡന്റിറ്റി സംബന്ധമായ ഈ വിഷയം, നാം ജീവിക്കുന്ന ഈ രാജ്യത്തിൻറെ യഥാർത്ഥ ഐഡൻറിറ്റിയുടെ പശ്ചാത്തലത്തിൽ തന്നെ ഒന്ന് പരിശോധിക്കുവാൻ തീരുമാനിച്ചതും.  
1776, ജൂലൈ മാസം, നാലാം തീയതി ഒരു രാഷ്ട്രമായി രൂപം കൊണ്ട  ‘അമേരിക്ക’ എന്ന മഹത്തായ ഈ രാജ്യത്തിൻറെ 250 - താം  ജന്മദിനം ചില ആഴ്ചകളായി, വിവിധ രീതികളിൽ നാം ആഘോഷിക്കുകയാണ്. ഇന്ന്, ദേശീയ - അന്തർദേശീയ തലങ്ങളിൽ അമേരിക്ക നിരവധി പോരാട്ടങ്ങൾ നേരിടുന്നുണ്ട്. അവകളിൽ വളരെ  പ്രാധാന്യമർഹിക്കുന്ന ഒരു വിഷയം ആണ് ‘കുടിയേറ്റം’ അഥവാ, immigration. കാരണം, ഇത് ഓരോ  അമേരിക്കന്റെയും വ്യക്തിത്വത്തെ - സ്വത്വബോധത്തെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ ഒരു വിഷയമാണ് എന്നതുകൊണ്ട് തന്നെ.  അമേരിക്കയിൽ താമസിക്കുന്ന ഓരോ വ്യക്തിയും  സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ‘ഞാൻ ആരാണ്?’ എൻറെ യഥാർത്ഥ വ്യക്തിത്വം എന്താണ്? ഞാൻ ഒരു അമേരിക്കൻ പൗരൻ ആണെങ്കിൽ പോലും ‘യഥാർത്ഥ അമേരിക്കൻ’ ആണോ? അതോ, ഒരു  കുടിയേറ്റക്കാരൻ മാത്രം ആണോ? ഒരു കുടിയേറ്റക്കാരന്റെ മകൻ ‘യഥാർത്ഥ അമേരിക്കൻ’ ആകുമോ? സത്യത്തിൽ, ആരാണ് ‘യഥാർത്ഥ അമേരിക്കൻ?’ എത്ര തലമുറകളായി അമേരിക്കയിൽ ആയിരിക്കുന്നു  എന്നതാണോ, അതോ ഏത് രാജ്യത്തിൽ നിന്ന് കുടിയേറി എന്നതാണോ ഒരു വ്യക്തിയെ ‘യഥാർത്ഥ അമേരിക്കൻ’ ആക്കുന്ന മാനദണ്ഡം?  
മറ്റൊരിക്കലും എന്നതുപോലെ, അടുത്തകാലത്ത് സമൂഹത്തിന്റെ ശ്രദ്ധ വളരെ പിടിച്ചുപറ്റിയ ഒരു ഗവൺമെൻറ് ഏജൻസിയാണ് ICE (Immigration and Customs Enforcement). ICE ഏജന്റുകൾ ഒരു യുദ്ധ പട്ടാളം പോലെ ലോകത്തിൻറെ വിവിധ രാജ്യങ്ങളിൽ നിന്നും കുടിയേറ്റക്കാരായി വന്നു പാർക്കുന്ന സമൂഹങ്ങളിലേക്ക് ഇടിച്ചു കയറി, പലരെയും  കൈവിലങ്ങ് വച്ച് കൊണ്ടുപോകുന്ന കാഴ്ച നാം ടെലിവിഷനുകളിൽ കൂടെ കാണുന്നുണ്ട്. നിയമാനുസൃതമായ  പ്രമാണങ്ങൾ കൈവശം ഇല്ലാത്ത പലരെയും, അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും, കുഞ്ഞുങ്ങളെ അവർ പഠിക്കുന്ന സ്കൂളുകളിൽ നിന്നും, മറ്റു ചിലരെ കിടന്നുറങ്ങുന്ന  ഭവനങ്ങളിൽ നിന്നും വലിച്ച് ഇറക്കി,  വിലങ്ങു വച്ച് കൊണ്ടു പോകുന്ന കാഴ്ച നമുക്ക് അപരിചിതമല്ല.  കുഞ്ഞുങ്ങളെ  മാതാപിതാക്കളിൽ നിന്നും, ഭർത്താക്കന്മാരെ ഭാര്യമാരിൽ നിന്നും വേർപെടുത്തി, പലരെയും അവർ വന്ന രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചയക്കുന്നു.  ചിലർ, നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് വേണ്ടി  ക്രമീകരിക്കപ്പെട്ടിട്ടുള്ള സങ്കേതങ്ങളിൽ  അടയ്ക്കപ്പെടുന്നു. ഏതെങ്കിലും കുറ്റകൃത്യ രേഖകൾ ഉള്ളവർ തികച്ചും അപരിചിത രാജ്യങ്ങളിലെ തടവറകളിൽ തളക്കപ്പെടുന്നു.   
ഒരു രാജ്യത്തിന് കുടിയേറ്റ നിയമങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും ഉണ്ടായിരിക്കുകയും അവ ശരിയായ രീതിയിൽ നടപ്പിലാക്കുകയും  ചെയ്യേണ്ടത് തികച്ചും ആവശ്യം തന്നെയാണ്. കുടിയേറ്റ നിയമത്തെയോ, അതിൻറെ  നടത്തിപ്പിനിയോ ഞാൻ ചോദ്യം ചെയ്യുന്നില്ല.  മറിച്ച്, കുടിയേറ്റക്കാരോട് ഉള്ള മനുഷ്യത്വ രഹിതമായ പെരുമാറ്റവും, അപ്രകാരമുള്ള പെരുമാറ്റത്തിന്റെ പിന്നിലെ പ്രചോദനവും ആണ് എൻറെ ചോദ്യ വിഷയം. ഏതൊരു നിയമവും  എന്നതുപോലെ, കുടിയേറ്റ നിയമവും അനുഷ്ഠിക്കേണ്ടുന്ന ചില  സാംസ്കാരിക, ധാർമിക, ആത്മീക മൂല്യങ്ങൾ ഉണ്ട്. ഈ അടിസ്ഥാന മാനുഷിക മൂല്യങ്ങൾ ലംഘിക്കപ്പെടുമ്പോൾ, അത് മനസ്സാക്ഷിയുള്ള ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്യും - ചെയ്യണം!  നിർഭാഗ്യവശാൽ പല  കുടിയേറ്റക്കാരിലും കണ്ടുവരുന്ന ഒരു പ്രവണത: “ഞാനും  എൻറെ കുടുംബവും തീരത്ത് എത്തി ച്ചേർന്നു; ഇന്ന് ഞങ്ങൾ സുരക്ഷിതരാണ്; കൂടുതൽ കുടിയേറ്റം നിയന്ത്രിക്കുവാൻ സർക്കാർ എടുക്കുന്ന നടപടികളോ, അത് നടപ്പാക്കുന്ന രീതികളോ ഞങ്ങളുടെ വിഷയമല്ല.” ഇങ്ങനെ ഒരു ലേഖനം എഴുതുന്നതിന്റെ പ്രധാന ലക്ഷ്യം: ഭാരതത്തിൽ നിന്നും കുടിയേറി, ഇന്ന് അമേരിക്കയുടെ സുഭിക്ഷതയിൽ കഴിയുന്ന ഓരോ മലയാളി സ്നേഹിതനെയും, തനിക്കും തൻറെ കുടുംബത്തിനും ഒന്ന് ജീവിക്കുവാൻ, വിശപ്പില്ലാതെ, ഭയമില്ലാതെ ഒന്ന് കിടന്നുറങ്ങുവാൻ ആഗ്രഹിക്കുന്ന ഒരു കുടിയേറ്റക്കാരന്റെ സ്ഥാനത്ത് ചില നിമിഷങ്ങളിലേക്ക് എങ്കിലും സ്വയം നിർത്തി, ഒന്ന് ചിന്തിക്കുവാൻ പ്രചോദിപ്പിക്കുക എന്നതാണ്.   

അമേരിക്കയുടെ കുടിയേറ്റ ചരിത്രം   
ചരിത്രം കൊണ്ടും, പ്രത്യയശാസ്ത്രം കൊണ്ടും അമേരിക്ക കുടിയേറ്റക്കാരുടെ ഒരു രാജ്യമാണ്. മനോഹരമായ ഈ ഭൂഖണ്ഡത്തിൽ നിന്നും  കുടിയേറ്റക്കാരെ എടുത്തു മാറ്റിയാൽ, പിന്നെ ഇവിടെ അവശേഷിക്കുന്നത്, സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ദക്ഷിണേഷ്യയിൽ  നിന്നും കുടിയേറി, ഇവിടുത്തെ തദ്ദേശ വാസികളായി തീർന്ന പാലിയോ ഇന്ത്യൻസ് (Paleo-Indians) മാത്രമായിരിക്കും. കേവലം 534 വർഷങ്ങൾക്കു മുൻപ്, 1492 - ൽ ആണ് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. അതു വരെ ഇവിടുത്തെ തദ്ദേശവാസികൾ പാലിയോ ഇന്ത്യൻസ് ആയിരുന്നു.  യൂറോപ്യരുടെ കുടിയേറ്റം തുടർന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനം ഈ ഭൂപ്രദേശത്തേക്ക് ഇരച്ചു കയറി. അമേരിക്കയുടെ കുടിയേറ്റ ചരിത്രത്തിൻറ ഏടുകൾ പരിശോധിക്കുമ്പോൾ നാം കാണുന്നത്, നിയമപരവും സൗഹാർദ്ദപരവുമായ  കുടിയേറ്റത്തിന്റെ ഒരു പ്രതിച്ഛായ അല്ല; മറിച്ച്, അടിസ്ഥാന  മാനുഷിക മൂല്യങ്ങളെ പോലും അവഗണിച്ച്, അക്രമാസക്തവും  നിഷ്ഠൂരവുമായ കടന്നു കയറ്റത്തിന്റെ ഇരുണ്ട നിഴലാണ്. പതിനഞ്ചാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ തുടങ്ങിയ  ഈ ഭൂമി കയ്യേറ്റത്തിൽ കൊന്നു ഒടുക്കപ്പെട്ടത്, സ്ത്രീകളും കുഞ്ഞുങ്ങളും  അടക്കം 20 ലക്ഷം തദ്ദേശ വാസികളാണ്. ശാന്തവും സമാധാനവും ആയി ജീവിച്ചിരുന്ന ലക്ഷക്കണക്കിന് നിഷ്കളങ്ക മനുഷ്യരെ കൊന്നൊടുക്കിയും, അവരുടെ ഗ്രാമങ്ങൾ കത്തിച്ച് ചാമ്പലാക്കിയും ആണ് യൂറോപ്യൻസ് ഈ ഭൂമി കയ്യേറ്റം ചെയ്തത്. അതു കൂടാതെ, പ്രകൃതി ശുദ്ധമായ ഈ പ്രദേശത്തേക്ക് അവർ കൊണ്ടുവന്ന പകർച്ച വ്യാധികൾ കൊണ്ടും അനേകർ കൊല്ലപ്പെട്ടു.
തദ്ദേശ വാസികളുടെ രക്തത്തിൽ എഴുതപ്പെട്ട അമേരിക്കൻ കുടിയേറ്റ ചരിത്രം കൂടുതൽ കളങ്കപ്പെടുത്തുന്ന മറ്റൊരു അധ്യായമാണ് അടിമത്വത്തിന്റെ  കറുത്ത കദനങ്ങൾ. ആഫ്രിക്കൻ നാടുകളിൽ സന്തോഷത്തിലും  സ്വാതന്ത്ര്യത്തിലും  ജീവിച്ചിരുന്ന  ആയിരക്കണക്കിന്  മനുഷ്യരെ  മൃഗങ്ങളെ പോലെ വേട്ടയാടി, കൈകാലുകൾ ബന്ധിച്ച്, കപ്പലിൽ കയറ്റി ഈ രാജ്യത്ത് എത്തിച്ച്, പൊതു കമ്പോളങ്ങളിൽ കച്ചവടം ചെയ്തു. യൂറോപ്യൻ കുടിയേറ്റക്കാർ അവരെ ലേലം പിടിച്ചും, കാശു കൊടുത്തും മൃഗങ്ങളെപ്പോലെ വാങ്ങിച്ച്, വീടുകളിലും, പാടങ്ങളിലും ജോലി ചെയ്യുന്നതിനും, കെട്ടിടങ്ങളും, റോഡുകളും, പാലങ്ങളും പണിയുന്നതിനും അടിമകളായി  ഉപയോഗിച്ചു. ഈ അടിമകളുടെ വിചാരങ്ങൾക്കോ, വികാരങ്ങൾക്കോ, അടിസ്ഥാന ആവശ്യങ്ങൾക്കോ യാതൊരു പ്രാധാന്യവും കൊടുത്തിരുന്നില്ല എന്നു മാത്രമല്ല, അവരും തങ്ങളെ പോലെ ഉള്ള  മനുഷ്യ ജീവികൾ ആണ് എന്ന പരിഗണന പോലും  കൊടുത്തിരുന്നില്ല. ഇവരിൽ അനേക സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും,  കുഞ്ഞുങ്ങൾ ക്രൂരമായി കൈകാര്യം ചെയ്യപ്പെടുകയും, പുരുഷന്മാർ നിഷ്ഠൂരമായി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ നാടുകളിൽ നിന്നും ഇവിടെ കുടിയേറി, തദ്ദേശ  വാസികളെ കൊന്നൊടുക്കി, അവരുടെ ഭൂമി കയ്യേറ്റം ചെയ്തു സ്വന്തം  ആക്കുകയും, ആഫ്രിക്കൻ സഹജീവികള ബലമായി പിടിച്ചു,  അടിമകളാക്കി, അവരുടെ രക്തത്തിലും വിയർപ്പിലും പണിതെടുത്ത ഈ രാജ്യത്തിന് ഒരു ക്രിസ്തീയ അടിസ്ഥാനമാണ് ഉള്ളത് എന്ന വാദത്തിന്റെ വിരോധാഭാസം  മനസ്സിലാക്കണം എങ്കിൽ, ‘ക്രിസ്ത്യാനിത്വം' എന്താണ് എന്ന് ആദ്യമായി  മനസ്സിലാക്കേണ്ടി ഇരിക്കുന്നു.  

അമേരിക്ക എന്ന രാജ്യത്തിൻറെ ദർശനം
1776 ജൂലൈ 4 - ന് അമേരിക്ക ഒരു സോവറിൻ രാജ്യമായി തീരുകയും, ‘സ്വാതന്ത്ര്യ പ്രഖ്യാപന ശാസനം’ (Declaration of Independence) പാസാക്കുകയും ചെയ്യപ്പെട്ടു. ഈ സ്വാതന്ത്ര്യം, ബാഹ്യ ശക്തിയായ  ഇംഗ്ലണ്ടിൽ നിന്നു മാത്രമായിരുന്നു. എന്നാൽ, അതിലും കരുത്തേറിയ ആഭ്യന്തര ശക്തികൾ - അടിമത്വം, വർഗീയ വിവേചനം, വേർകൃത്യം എന്നിവ സമൂഹത്തിന്റെ എല്ലാ നിലകളിലും നിർദയം മേധാവിത്വം തുടർന്നിരുന്നു എന്നത് മറന്നുകൂടാ. അതുകൊണ്ടാണ്, 1863 - ൽ പാസാക്കി, 1865 June 19 - ന് നടപ്പാക്കിയ ‘സ്വാതന്ത്ര്യ പ്രഖ്യാപനം’ (Emancipation Proclamation) ആണ് തങ്ങളുടെ സ്വാതന്ത്ര്യ ദിനം എന്ന് ആഫ്രിക്കൻ - അമേരിക്കൻ പൗരന്മാർ അവകാശപ്പെടുകയും, ആ ദിനത്തെ  Juneteenth എന്ന നാമകരണം ചെയ്ത്  അവർ ആഘോഷിക്കുകയും ചെയ്യുന്നത്. 
 എങ്കിലും, ഈ ‘സ്വാതന്ത്ര്യ പ്രഖ്യാപന  ശാസനത്തിന്റ’ സന്ദേശം തികച്ചും ഒരു നല്ല നാളെയുടെ  വാഗ്ദാനമായിരുന്നു: “ജീവിതത്തിനും,  സ്വാതന്ത്ര്യത്തിനും,  ജീവിത സന്തോഷം തേടുന്നതിനും മനുഷ്യനുള്ള സാർവത്രികവും, മാറ്റിനിർത്തുവാൻ -  എടുത്ത് കളയുവാൻ കഴിയാത്ത അവകാശം.” കൂടാതെ, സകല മനുഷ്യരും സഹ-സൃഷ്ടികളും തുല്യരും എന്നുള്ള ബോധ്യം  വെളിപ്പെടുത്തുന്നതും ഉറപ്പിക്കുന്നതും ആയിരുന്നു ഈ പ്രഖ്യാപനം. 1783, December 2 - ന് ഈ രാജ്യത്തിൻറെ രാഷ്ട്രപിതാവായ George Washington എഴുതിയ  ഒരു ഔദ്യോഗിക കത്ത് ഈ പ്രത്യാശ ഒന്നുകൂടെ സ്ഥിരീകരിച്ചു. അദ്ദേഹം എഴുതി: “ലോകത്തിലെ സമ്പന്നരും പ്രമുഖരുമായ  വ്യക്തികളെ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ അഗതികളും പീഡിതരുമായി കഴിയുന്ന, എന്നാൽ അന്തസ്സും, സ്വഭാവശുദ്ധിയും ഉള്ള  സകല  മതസ്ഥരും ജാതികളുമായ സഹജീവികളെ ഞങ്ങൾ അനുഭവിക്കുന്ന ജീവിത സുഖങ്ങളും നന്മകളും ഞങ്ങളോടൊത്ത് പങ്കിടുന്നതിന് ഹൃദയംഗമായി സ്വാഗതം ചെയ്യുന്നു.” ഈ കത്തിൽ, അമേരിക്കയുടെ ആദ്യ പ്രസിഡന്റ് വെളിപ്പെടുത്തിയത് തൻറ മാത്രം മനോഭാവം ആയിരുന്നില്ല; സ്വതന്ത്ര അമേരിക്കയുടെ ഹൃദയസ്പന്ദനം ആയിരുന്നു. ഇതു തന്നെയാണ് അമേരിക്കയുടെ പ്രവേശന കവാടമായ ന്യൂയോർക്ക് തുറമുഖത്തിൽ  (Port of New York) ഉയർത്തപ്പെട്ടിരിക്കുന്നു Statue of Liberty, വാക്കുകളും ഭാഷണവും കൂടാതെ പ്രഖ്യാപിക്കുന്ന സന്ദേശവും! 
1886 - ൽ അമേരിക്കയുടെ പ്രവേശന കവാടമായ  Ellis Island (New York)  - ൽ ആണ് ഈ ശില്പം സ്ഥാപിക്കപ്പെട്ടത്. 305 അടി ഉയരത്തിൽ  നിന്നുകൊണ്ട്, തൻറെ വലതു കൈയിൽ  ഉയർത്തി  പിടിച്ചിരിക്കുന്ന പ്രദീപ്തമായ വിളക്കിലൂടെ ഈ സ്വാതന്ത്ര്യത്തിന്റെ ശിലാരൂപം (Statue of Liberty)  ലോകത്തോട് വിളിച്ചു പറയുന്ന സന്ദേശം ഇതാണ്: ‘അക്രമം, അനീതി,  ദാരിദ്ര്യം,  അടിച്ചമർത്തൽ  എന്നീ  അന്ധകാര ശക്തികളുടെ അടിമത്വത്തിൽ വീർപ്പു മുട്ടുന്ന സകല മനുഷ്യർക്കും വിമോചനത്തിന്റ വെളിച്ചം - നീതിയും സ്വാതന്ത്ര്യവും  പകരുന്നതിൽ  പ്രബുദ്ധയാണ് അമേരിക്ക.’ തൻറെ പാദങ്ങൾക്ക് ചുറ്റും ശിഥിലമായി കിടക്കുന്ന വിലങ്ങ് ചങ്ങലകൾ  അമേരിക്കയുടെ തന്നെ  സ്വാതന്ത്ര്യത്തിന്റെ  ചരിത്രം,  വിശേഷിച്ച്, 1863 - ലെ Emancipation Proclamation (അടിമത്വം അവസാനിപ്പിച്ചു കൊണ്ടുള്ള പ്രസ്താവന) ചിത്രീകരിക്കുന്നതാണ്.  ഈ ശിലാരൂപം പലർക്കും പല തരത്തിലും നിലകളിലുമുള്ള വിമോചനത്തിന്റെ അനുഭവങ്ങളാണ് പ്രതിനിധീകരിക്കുന്നത്.  എന്നാൽ, തൻറ  പാദത്തിങ്കൽ വെങ്കല്ലിൽ കൊത്തി,  ഇരുമ്പാണികളാൽ ഉറപ്പിച്ചിരിക്കുന കാവ്യ ശകലങ്ങളുടെ പ്രസ്താവന വ്യാഖ്യാന വൈരുദ്ധ്യം ഇല്ലാത്തതും, സ്പന്ദിക്കുന്ന ഏതു ഹൃദയത്തെയും പിടിച്ചു കുലുക്കുന്നതും ആണ്.  Emma Lazarus എന്ന പ്രശസ്ത കവയിതാവ് Lady Liberty - യെ  കുടിയേറ്റക്കാരുടെ മാതാവ് (Mother of Exiles) എന്ന് നാമകരണം ചെയ്ത്  ഈ ശിലാരൂപത്തിന്റെ  ഹൃദയസ്പന്ദനത്തിന് ശബ്ദം  പകർന്ന അനശ്വര വാക്കുകൾ ഇപ്രകാരമായിരുന്നു: “അല്ലയോ അറ്റ്ലാൻറിക് മഹാസമുദ്രമേ, നിൻറ തീരത്ത് അടിയുന്ന - സ്വാതന്ത്ര്യത്തിന്റെ  പ്രാണവായുവിന് വേണ്ടി തേങ്ങുന്ന,  ദാരിദ്ര്യത്തിന്റെ മടിത്തട്ടിൽ തളർന്നുറങ്ങുന്ന തകർന്ന ജീവിതങ്ങളെ എനിക്ക് വിട്ടു തരൂ.  തല ചായിപ്പാൻ ഇടമില്ലാതെ, കിടന്നുറങ്ങാൻ വീടുകൾ ഇല്ലാതെ, ജീവിത കൊടുങ്കാറ്റിൽ പെട്ടു  ഇരുട്ടിൻറെ ആഴത്തിൽ മുങ്ങിത്താഴുന്ന എൻറെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതത്തിൻറെ സ്വർണ കവാടത്തിലേക്ക്  ഞാൻ ഉയർത്തി പിടിച്ചിരിക്കുന്ന ഈ വെളിച്ചം  വഴിതെളിയിക്കട്ടെ;  അവരെ എൻറെ അടുക്കലേക്ക് നയിക്കു.” Statue of Liberty പ്രതിനിധാനം ചെയ്ത അമേരിക്ക എന്ന ഈ മഹാരാജ്യത്തിന്റെ സഹാനുഭൂതിയും, മഹാമനസ്കതയും  പീഡനത്തിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും ജീവരക്ഷയ്ക്കായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്ത ദശലക്ഷങ്ങൾക്ക് പ്രത്യാശയുടെ കിരണങ്ങൾ പകരുന്നത് ആയിരുന്നു. 
അടിസ്ഥാനം രക്തപങ്കിലവും, അടിസ്ഥാന താൽപര്യങ്ങൾ പ്രാകൃതവും ആയിരുന്നു എങ്കിലും, 250 വർഷങ്ങൾക്കു മുൻപ്, ഒരു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ട ‘അമേരിക്ക’ ആദർശത്തിലും,  ദർശനത്തിലും സമാനതകൾ ഇല്ലാത്ത ഒരു രാജ്യം തന്നെയാണ്.  കേവലം രണ്ടര നൂറ്റാണ്ട് മാത്രം പ്രായമുള്ള  മഹത്തായ ഈ രാജ്യത്തിൻറെ ജന്മദിനം ആഘോഷിക്കുമ്പോൾ ഏതൊരു  അമേരിക്കൻ പൗരനും അഭിമാനിക്കുവാൻ കാരണമുണ്ട്. എങ്കിലും, തങ്ങളുടെ  പൗരത്വത്തിന്റെ മാറ്റ് - ത്വക്കിന്റെ നിറം, എവിടെ നിന്ന്  കുടിയേറി,  മതവിശ്വാസം എന്ത് എന്നീ മാനദണ്ഡങ്ങളിൽ ഇന്നും അധിഷ്ഠിതം ആണ് എന്നത് നിരസിക്കുവാൻ ആവുന്നതല്ല. അടുത്ത ലക്കത്തിൽ പ്രതിപാദിക്കുവാൻ ആഗ്രഹിക്കുന്ന പ്രമേയം ഈ വസ്തുത ചരിത്രത്തിൻറെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ആയിരിക്കും. മാത്രമല്ല, ‘അമേരിക്ക ക്രിസ്തീയ രാജ്യം’ എന്നുള്ള ഒരു വിഭാഗം ക്രിസ്ത്യാനികളുടെ അവകാശവാദം, പ്രത്യേകിച്ച് കുടിയേറ്റ ചരിത്രം  വിലയിരുത്തി, വേദപുസ്തക അടിസ്ഥാനത്തിൽ വിചിന്തനം ചെയ്യുന്നത്, ‘യഥാർത്ഥ ക്രിസ്ത്യാനിത്വത്തെ' വർഗീയതയുടെയും, സ്വാർത്ഥ  രാഷ്ട്രീയത്തിന്റെയും ബദ്ധനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് തികച്ചും ആവശ്യവും ആണ്.

(തുടരും)  

Dr. V. A. Thomas (Dr. Thomas V. Ambumkayathu) 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.