അമ്മതൻ സ്നേഹത്തെ ആർക്കുവർണ്ണിച്ചിടാം !?
ഇമ്മഹീതന്നിൽ നാം കാണ്മതുണ്ടേതുമേ
മർത്യരെന്നല്ലയീ ജന്തുവർഗ്ഗത്തിലും
ഉത്തുംഗസ്രേണിയിലമ്മതൻ സ്നേഹമേ!
തള്ളക്കുതൻകുഞ്ഞു പൊൻകുഞ്ഞു സർവദാ
പിള്ളക്കുതള്ളതാൻ കൺകണ്ട ദൈവവും
ഉള്ളിന്റെയുള്ളിലെ തങ്കത്തളികയിൽ
തള്ളയും,പിള്ളയും തങ്ങളിൽ തങ്ങളിൽ .
അമ്മക്ക് തുല്ല്യമായമ്മയല്ലാതില്ല
ഇമ്മഹീ തന്നിലുമീരേഴുലകിലും
ഭൂമിയിൽ സ്വർഗ്ഗം വിരിക്കുന്നൊരമ്മ പൊ-
ന്നമ്മേനമിക്കുന്നു നിൻപാദതാരുകൾ !
കുഞ്ഞൊന്നുഞെട്ടിക്കരഞ്ഞുവെന്നാലമ്മ
നെഞ്ഞൊന്നു പൊട്ടികുതറിക്കുതിച്ചിടും
ഈരേഴുസ്വർഗ്ഗവും അമ്മതൻ മാറിടം
ഇമ്മട്ടില്ലല്ലോ രമിക്കുന്നിരുവരും!
മുന്നൂറുമാറുമറുപതും രാത്രികൾ
എന്നെനീയൂട്ടിയുറക്കിയുറങ്ങാതെ !?
അമ്മതൻ സ്നേഹമതെത്രയോ ആശ്ച്ചര്യം !
ഒരുദിനംമാത്രമോർപ്പൂ ക്ഷമിക്കമ്മേ!
കാറ്റും,മഴയും,കെടുതികളൊക്കെയും
ഉറ്റോരുടയോർ കൊടും ക്രൂരതകളും
എല്ലാംസഹിച്ചു നീ ഞാനറിഞ്ഞില്ലവ
എല്ലാമറിയുന്നു ഞാനിന്നു ദൈവമേ !
അമ്മയ്ക്കൊരുമ്മ ഞാൻനൽകട്ടെയിദ്ദിനം !
അമ്മതൻ കൈകളിലെന്നേ സമർപ്പിതം
എന്നെഞാനാക്കി വളർത്തി,വലുതാക്കി
എന്നുള്ളിലമ്മയും,ദൈവവും,സ്നേഹവും !!!.
* എല്ലാ അമ്മമാര്‍ക്കും വളരെ സന്തോഷകരമായ ഒരു
അമ്മദിന ആശംസകള്‍! (HAPPY MOTHER'S DAY)

ചാക്കോ ഇട്ടിച്ചെറിയ,ചിക്കാഗോ

