VAZHITHARAKAL

ഞാറവേലിൽ ചിന്നമ്മ ഫിലിപ്പ് :ജീവിതം കൊണ്ട് മാതൃകയാകുമ്പോൾ (വഴിത്താരകൾ )

Blog Image

"മുമ്പേ പറക്കുന്ന പക്ഷി പിൻപേ പറക്കുന്ന പക്ഷികളെ കൂടി ശ്രദ്ധിക്കുമ്പോഴാണ് ജീവിതയാത്ര സമ്പൂർണ്ണമാകുന്നത് "

എപ്പോഴും സമൂഹത്തിന് മുമ്പിൽ ഒറ്റപ്പെട്ടുപോകുന്നവരാണ് സ്ത്രീകൾ. വിവാഹശേഷം സൗഹൃദം ഇല്ലാത്തവർ. കുട്ടികളായതിനുശേഷം തന്റെ ഇഷ്ടങ്ങൾ മറന്നവൾ, അമ്മൂമ്മ ആയതിനുശേഷം മക്കളെ ഭയന്ന് ജീവിച്ചവൾ. സമൂഹം എഴുതിവെച്ച ചില കൽപ്പനകളെ മാറ്റിയെഴുതുമ്പോഴാണ് സ്ത്രീകളുടെ ജീവിതം പൂർണമാകുന്നത്. അങ്ങനെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കടന്നുവന്ന സ്ത്രീകളെ കാണുമ്പോൾ അറിയാതെ ഹൃദയം കൊണ്ട് ആദരിച്ചു പോകും. 
വിദേശത്തും സ്വദേശത്തും എല്ലാം കൽപ്പനകളെ മറികടന്ന സ്ത്രീകൾ എന്നും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. അത്തരത്തിൽ അമേരിക്കൻ മലയാളി ചരിത്രത്തിലേക്ക് ചേർത്തുവയ്ക്കേണ്ട ഒരു പേരാണ് ഞാറവേലിൽ ചിന്നമ്മ ഫിലിപ്പിന്റേത്. അമേരിക്കൻ മണ്ണിൽ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ ഞാറവേലിൽ ചിന്നമ്മ ഫിലിപ്പിന്റെ ജീവിതം എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയും പുതിയ തലമുറയ്ക്ക് ഒരു വഴിത്താരയുമാണ്.

കോട്ടയത്തിന്റെ മണ്ണിൽ നിന്ന് പ്രതീക്ഷയുടെ പുൽനാമ്പുകൾ

കോട്ടയം കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത്, ചോരത്ത് പുത്തമ്പുരയിൽ ലൂക്കായുടെയും ഏലിക്കുട്ടിയുടെയും ഏഴ് മക്കളിൽ നാലാമതായാണ് ചിന്നമ്മ ജനിച്ചത്.പറവൻ തുരുത്ത് സെന്റ് സാവിയോ സ്കൂളിലെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥിനിയായി പഠിച്ചശേഷം കല്ലറ സെന്റ് തോമസ് സ്കൂളിൽ നിന്ന് മിഡിൽ സ്കൂൾ വിദ്യാഭ്യാസം, കിടങ്ങൂർ സെന്റ് മേരീസ് ഹൈസ്‌കൂളിൽ നിന്ന് എസ്. എസ്. എൽ. സിയും പാസ്സായശേഷം കോട്ടയം ബിസിഎം കോളേജിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കെ കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ ലഭിക്കുന്നു. നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം ഡൽഹിയിലേക്ക് പോയി. എയിംസിൽ ജോലി ലഭിച്ച് മൂന്നുവർഷത്തോളം ജോലി ചെയ്യുകയും ചെയ്തു.

മാലാഖമാരെ തേടി അമേരിക്ക

അമേരിക്കയുടെ വാതിലുകൾ ലോകത്തുള്ള പല മനുഷ്യർക്കുമായി തുറക്കപ്പെട്ട ഒരു കാലം ചിന്നമ്മ ഓർത്തെടുക്കുന്നു . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ തന്റെ സഹപാഠിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ആതിഥേയത്വം സ്വീകരിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ എഫ് കെന്നഡി ഇന്ത്യ സന്ദർശിച്ചിരുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ കെടുതിയിൽ നിന്നുള്ള നേഴ്സിംഗ് ഷോട്ടേജ് ഒഴിവാക്കാൻ 1962-ലെ ഇമിഗ്രേഷൻ ആക്ട്  നടപ്പിലാക്കുമ്പോൾ അതുകൊണ്ടുതന്നെ ഇന്ത്യക്കും വലിയൊരു സ്ഥാനം അമേരിക്ക നൽകിയിരുന്നു. ഡാളസിന്റെ തെരുവീഥിയിൽ കെന്നഡി വെടിയേറ്റ് മരിക്കുകയും ചെയ്തു. എന്നാൽ അന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന ലിൻഡൻ ബി. ജോൺസൺ ഇമിഗ്രേഷൻ ആക്ട് യു.എസ് കോൺഗ്രസിലൂടെ നടപ്പിലാക്കി. അമേരിക്കയുടെ ആരും തുറക്കില്ല എന്ന് കരുതിയ വാതിൽ ലോകത്തിന് മുമ്പിൽ തുറക്കപ്പെട്ടു. പ്രത്യേകിച്ച് നേഴ്സിംഗ് മേഖലയിൽ ധാരാളം ജോലി അവസരങ്ങൾ ഉടലെടുത്തു.
ഈ സാധ്യത തന്നെയാണ് ചിന്നമ്മയെ 197-5-ൽ അമേരിക്കയിൽ എത്തിച്ചത്. ലില്ലി ചൊള്ളമ്പേൽ, ചിന്നമ്മ പള്ളിക്കുന്നേൽ  എന്നിവരാണ് ചിന്നമ്മയെ അമേരിക്കയിൽ എത്തിക്കുവാൻ മുന്നിലുണ്ടായിരുന്നത്. തുടർന്ന് 50 വർഷത്തോളം അമേരിക്കയുടെ ഹൃദയം തൊട്ടറിഞ്ഞുകൊണ്ടുള്ള ജീവിതമായിരുന്നു ചിന്നമ്മ നയിച്ചത്. ഈ ജീവിതം വലിയ വിജയമാകുമ്പോൾ കടന്നുവന്ന വഴികൾ മറക്കാതിരിക്കുക എന്ന ഒരു ലോകതത്വം കൂടി നമുക്ക് ഞാറവേലിൽ ചിന്നമ്മ ഫിലിപ്പ് കാട്ടിത്തരുന്നു.
ഇന്ത്യ പോലെയല്ല അമേരിക്കയിൽ വേരുപിടിക്കുക എന്ന് പറഞ്ഞാൽ അത് വളരെയേറെ കഷ്ടത നിറഞ്ഞ ഒന്നാണെന്ന് ചിന്നമ്മ പതിയെ തിരിച്ചറിഞ്ഞു. കോട നിറഞ്ഞു പൂക്കുന്ന മഞ്ഞുകാലങ്ങളാണ് കോട്ടയത്ത് ഉണ്ടായിരുന്നതെങ്കിലും അതിന്റെ പത്ത് മടങ്ങ് തണുപ്പും, ആ മഞ്ഞിൽ പതിയിരിക്കുന്ന അപകടങ്ങളും ചിന്നമ്മയ്ക്ക് തരണം ചെയ്യേണ്ടതുണ്ടായിരുന്നു. ഒരിക്കൽ ഐസിൽ വീണ് ചിന്നമ്മയുടെ കൈയ്യൊടിയുകവരെ ചെയ്തിട്ടുണ്ട്. പക്ഷേ, ദൈവം അവിടെയും അതിജീവിക്കാനുള്ള കരുത്ത് അവർക്ക് നൽകി. അല്ലെങ്കിലും നമ്മൾ മലയാളികൾ ഭൂമിയുടെ ഏത് കോണിൽ ചെന്നാലും അവിടെ ഒരു സാമ്രാജ്യം സൃഷ്ടിച്ചുകൊണ്ട് അതിജീവിച്ച് മുന്നേറുക തന്നെ ചെയ്യുമല്ലോ.

നാടേതായാലെന്ത് നമ്മൾ നമ്മളായിരുന്നാൽ മതി

അമേരിക്കയിലെത്തിയ ആദ്യനാളുകളിൽ ഒരു ഹോം സിക്നസ് ചിന്നമ്മയെ പിടികൂടി. ഭാഷ, സംസ്കാരം , ഭൂപ്രകൃതി എല്ലാം പുതിയതായതുകൊണ്ട് തന്നെ അതുമായി യോജിച്ചു പോകാൻ കാലങ്ങൾ എടുക്കേണ്ടി വന്നു. മണിക്കൂറിന് 2.10 ഡോളറിനാണ് ചിന്നമ്മ അമേരിക്കയിൽ ജോലി ചെയ്തു തുടങ്ങുന്നത്. അന്ന് ഒരു ജോലി കൊണ്ട് ഒന്നും ആകാത്തത് കൊണ്ട് തന്നെ രണ്ടുജോലി ചെയ്യുകയും താമസിക്കുന്ന വീട്ടിലേക്ക് എത്താൻ രണ്ടു ബസ്സുകളും ഒരു ട്രെയിനും കയറി യാത്ര ചെയ്യേണ്ടി വരികയും ചെയ്തു. ഇന്ന് ഓർക്കുമ്പോൾ അതെല്ലാം നല്ല ഓർമ്മകളാണ് .
യാത്രയ്ക്കും ജോലികൾക്കും ഇടയിൽ ചിന്നമ്മയ്ക്ക് ഉറങ്ങാൻ സമയം കിട്ടുക കുറവായിരുന്നു. ഇതിനിടയിൽ റിവ്യൂ ക്ലാസുകൾ അറ്റൻഡ് ചെയ്യണം, ബോർഡ് എക്‌സാമിന്‌  വേണ്ടി പഠിക്കണം, തുടങ്ങി ധാരാളം എടുത്താൽ പൊങ്ങാത്ത ജോലികളും വന്നുകൊണ്ടിരുന്നു. ഇടയ്ക്കുവെച്ച് ചിന്നമ്മ ആ കാര്യം തിരിച്ചറിഞ്ഞു. തനിക്കുവേണ്ടി കുറച്ചുനാളുകൾ മാറ്റിവെക്കണം. മൂന്നുവർഷത്തോളം കുടുംബത്തിനും അവരുടെ സുരക്ഷിതത്വത്തിനും വേണ്ടി പോരാടി. ഇനി തനിക്ക് ഒരു വിവാഹം ആവശ്യമാണ്, കൂട്ടിന് ഒരാൾ ആവശ്യമാണ് എന്ന തിരിച്ചറിവിൽ നാട്ടിലേക്ക് യാത്ര തിരിക്കുന്നു.

മധുര മനോഹരമേ, ജീവിതമേ

അമേരിക്കയിലെ അതിജീവന ശ്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ച ചിന്നമ്മയുടെ ജീവിതത്തിലേക്കാണ് ഫിലിപ്പ് കടന്ന് വരുന്നത്. കടുത്തുരുത്തി ഞാറവേലിൽ സിറിയക്കിന്റെയും പെണ്ണമ്മയുടേയും ഒമ്പത് മക്കളിൽ മൂന്നാമനായ ഫിലിപ്പ് കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്ന് ബിരുദവും, പിജിയും കഴിഞ്ഞ് ഗവൺമെന്റ് സർവീസിൽ ജോലി ചെയ്യുന്ന സമയമായിരുന്നു അത്.
പക്ഷേ, പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ഇരുവരുടേയും കണ്ടുമുട്ടൽ. വിവാഹത്തിന് ശേഷമായിരുന്നു ഫിലിപ്പിന്റെയും ചിന്നമ്മയുടെയും ജനനത്തീയതികൾ ഒന്നായിരുന്നു എന്ന വിവരം ഇരുവരും അറിയുന്നത്. ആരോ എവിടെയോ എഴുതി വെച്ചതുപോലെ, മുമ്പ് എവിടെയോ കണ്ടുമുട്ടിയവരെ പോലെ, പരസ്പരം താങ്ങായി ജീവിക്കാൻ വിധിക്കപ്പെട്ടവരെ പോലെ ഇരുവരും ജീവിതം തുടങ്ങി. ജീവിതം യൗവന തീക്ഷ്ണവും സ്നേഹ സുരഭിലവുമായ ചിന്നമ്മയുടെ ജീവിതം ഫിലിപ്പ് എന്ന മനുഷ്യനാൽ നിറഞ്ഞു തുടങ്ങി. അവർ നിറഞ്ഞ മനസോടെ സ്നേഹിച്ചു.

ഒരുമിച്ചു തുഴയുമ്പോൾ

വിവാഹത്തിനുശേഷം രണ്ടുമാസത്തിനകം ഫിലിപ്പ് ചിക്കാഗോയിൽ എത്തി. പിന്നീടുള്ള അവരുടെ ജീവിതം ഒരു സൈക്കിളിന്റെ രണ്ട് പെഡലുകൾ പോലെയാണ് എന്നാണ് ചിന്നമ്മ പറയുന്നത്. ഇലക്ട്രോണിക്സ് പഠിച്ച് ബെൽ ആൻഡ് ഹൗവൽ (bell and howell)  എന്ന കമ്പനിയിൽ ഫിലിപ്പ് ജോലി ആരംഭിച്ചു. പത്തുവർഷത്തോളം അദ്ദേഹം അവിടെ ജോലി ചെയ്തു. അതിനിടയിൽ ദൈവനിമിത്തം പോലെ മൂന്ന് കുഞ്ഞുങ്ങൾ ഫിലിപ്പ് ചിന്നമ്മ ദമ്പതികൾക്കിടയിലേക്ക് കടന്നുവന്നു. സിറിൽ, ഷെൽബി, സിബിൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയുമായിരുന്നു ദൈവ സമ്മാനമായി  ലഭിച്ചത്. 10 വർഷത്തിനുശേഷം ഫിലിപ്പും ചിന്നമ്മയും കുട്ടികളും എല്ലാം ചേർന്ന് ഫ്ളോറിഡയിലേക്ക് താമസം മാറി.
അമേരിക്കയിലെ പ്രശസ്തമായ എല്ലാ യുണിവേഴ്സിറ്റികളും മക്കളോടൊപ്പം സന്ദർശിക്കവെ മൂത്ത മകൻ സിറിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഹാവാഡ്  HOWARD  യൂണിവേഴ്സിറ്റിയിൽ  നിന്ന് എം. ഡിയും, ഹാർവാർഡിൽ നിന്ന് പി.ജി. എടുക്കുകയും ചെയ്തു. ജീവിതത്തിലെ നല്ലൊരു നിമിഷമായി മക്കളുടെ വിജയങ്ങൾ നോക്കിക്കാണുന്നു. ഇതിനിടയിൽ കോളേജ് ഓഫ്  സെന്റ് ഫ്രാൻസിസ് ജൂലിയറ്റിൽ നിന്ന് ബി.എസ് ഡിഗ്രിയും ഞാറവേലിൽ ചിന്നമ്മ കരസ്ഥമാക്കി.

ഫ്ളോറിഡയിൽ നിന്ന് ചിക്കാഗോയിലേക്ക്

നാല് വർഷം ഫ്ളോറിഡയിൽ താമസിച്ചശേഷം വീണ്ടും ചിക്കാഗോയിലേക്ക് തിരികെ വരണം എന്ന ചിന്ത ഫിലിപ്പിനേയും ചിന്നമ്മയേയും വല്ലാതെ അലട്ടി. പിന്നെ അമാന്തിച്ചില്ല. നേരെ ചിക്കാഗോയിലേക്ക്. തിരികെയെത്തി ഫിലിപ്പ് ബിസ്സിനസ് രംഗത്ത് പ്രവേശിച്ചു. ഒരു സ്റ്റോർ തുടങ്ങി. നേഴ്സിംഗ് ജോലിക്കു ശേഷം ഫിലിപ്പിനെ സഹായിക്കുവാൻ ചിന്ന-മ്മയും എത്തും. ഇതിനിടയിൽ ഗ്യാസ്സ്റ്റേഷൻ ബിസ്സിനസും തുടങ്ങി. രണ്ട് ബിസ്സിനസുകളും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു എന്നതാണ് ഇരുവരുടേയും വിജയം. കഴിഞ്ഞ അമ്പത് വർഷത്തെ അമേരിക്കൻ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നന്ദിയും ആദരവും കൊണ്ട് ഈ കുടുംബത്തിന്റെ മനസ്സ് നിറയുകയാണ്.

മാലാഖയ്ക്ക് ലോകം നൽകുന്ന അംഗീകാരം

മനുഷ്യജീവിതം ഭംഗിയുള്ളതാകുമ്പോഴും സുരക്ഷിതമാക്കുമ്പോഴും മാലാഖമാർക്ക് ലോകം ചില ആദരവുകൾ നൽകാറുണ്ട്. അത്തരത്തിൽ ഒന്ന് ചിന്നമ്മയേയും തേടിയെത്തി. ഐ.എൻ.എ.ഐയിൽ (INAI)  നിന്ന്  ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിക്കുകയുണ്ടായി. രജിസ്റ്റേർഡ് നേഴ്സായി 35 വർഷത്തിലധികം പ്രായോഗിക ക്ലിനിക്കൽ പരിചയമുള്ള അവർ, ഒാപ്പൺ ഹാർട്ട് യൂണിറ്റ്, ന്യൂറോ ഐസിയു, കൊറോണറി കെയർ യൂണിറ്റ് (സിസിയു), സ്റ്റെപ്പ്ഡൗൺ യൂണിറ്റ്, ഒാങ്കോളജി ക്ലിനിക് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയിരുന്നു.
ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ്  ഇല്ലിനോയിസിന് (INAI)  ശക്തമായ പിന്തുണ നൽകുന്നയാളും സംഘടനയുടെ നേതാവുമായിരുന്നു ചിന്നമ്മ.  സംഘടനയുടെ രൂപീകരണ വർഷങ്ങളിൽ അഞ്ച് തവണ അംഗത്വ ചെയർപേഴ്സണായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, രണ്ട് തവണ ജോയിന്റ് ട്രഷറർ എന്ന നിലയിൽ അവർ തന്റെ സമയങ്ങൾ സംഘടനയ്ക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്.
ആദ്യ നൈന കോൺഫറൻസിൽ രജിസ്ട്രേഷൻ ചെയർ എന്ന നിലയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ചിന്നമ്മ, സെമിനാറുകൾ, പിക്നിക്കുകൾ, അവധിക്കാല ആഘോഷങ്ങളിൽ രസകരമായ റാഫിളുകളുടെ ചുമതല എന്നിവയുൾപ്പെടെ ഐ.എ.ൻ.എ.ഐ.യുടെ നിരവധി പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു.
ജോൺ സ്ട്രോജർ  ആശുപത്രിയിലൂടെ സ്പോൺസർ ചെയ്യപ്പെട്ട ഇൻഷുറൻസ് ഇല്ലാത്ത സ്ത്രീകൾക്കായുള്ള ആരോഗ്യ സെമിനാറുകൾ, സൗജന്യ ഫ്ളൂ ഷോട്ടുകൾ, സൗജന്യ മൊബൈൽ മാമോഗ്രാമുകൾ എന്നിവ സംഘടിപ്പിക്കാൻ തിരക്കുകൾക്കിടയിലും ചിന്നമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുടുംബത്തിന് എന്നപോലെ സമൂഹത്തിനു വേണ്ടിയും ചിന്നമ്മ അവരുടെ ജീവിതം മാറ്റിവച്ചിട്ടുണ്ട്. ലഭിക്കുന്ന പുരസ്കാ-രങ്ങളെല്ലാം തന്നെ അതിന്റെ പാരിതോഷികങ്ങളാണ്. ഒരേസമയം സമൂഹത്തിനും കുടുംബത്തിനും വേണ്ടി ജീവിക്കാൻ കഴിയുക എന്നത് പ്രയാസകരമായ കാര്യമാണ്. അതിനെ അനായാസമായി അതിജീവിച്ച വ്യക്തിത്വമാണ് ഞാറവേലിൽ ചിന്നമ്മ ഫിലിപ്പ്.

രണ്ട് കുടുംബങ്ങൾ ഒരു ജീവിതം

ഈ വഴിത്താരയിലെ ഏറ്റവും വലിയ സ്നേഹമായി കരുതിയ നിമിഷങ്ങളാണ് പുത്തമ്പുരയിൽ, ഞാറവേലിൽ കുടുംബങ്ങളെ കുറിച്ചുള്ള പരാമർശം. ചിന്നമ്മയുടേയും, ഫിലിപ്പിന്റേയും വിജയത്തിന് ചുക്കാൻ പിടിച്ച  രണ്ട് കുടുംബങ്ങൾ. ചിന്നമ്മയുടെ നാല് സഹോദരൻമാരും രണ്ട് സഹോദരികളും - മേരി & പരേതനായ ഫിലിപ്പ്, പരേതനായ ജോസഫ് & ലീലാമ്മ, എൽസമ്മ, സിറിയക്ക് & സോഫി, ഫിലിപ്പ് & ഡോളി, ജെയിംസ് & അജി - എല്ലാവരും ഇപ്പോൾ ചിക്കാഗോയിൽ.
ഫിലിപ്പിന്റെ സഹോദരങ്ങൾ പരേതയായ ജോളി ടീച്ചർ, ഈനാസി & മാത്തുക്കുട്ടി, ചാച്ചമ്മ & ജോയി, ഓമന  & സൈമൺ, ജോസി & ഏബ്രഹാം, ജോസ് & ടെസി, പരേതനായ ജോഷി & മിനി, പരേതനായ ചാക്കോച്ചൻ - എല്ലാവരും അമേരിക്കയിൽ.
ഫിലിപ്പ്-ചിന്നമ്മ ദമ്പതികളുടെ മക്കൾ ഡോ. സിറിൾ  (Pain Management) & സബ്രീന (ഡെന്റിസ്റ്റ്), ഷെൽബി & ജിൻസി ചെമ്മലക്കുഴി  (രണ്ടുപേരും ഡി-.ഫാം), സിബിൽ എഫ്.എൻ.പി. & ആൻസൺ പുല്ലാനപ്പള്ളി  (ഐ.ടി) ഒപ്പം അഞ്ച് പേരക്കുട്ടികൾ. ഈ കുടുംബങ്ങളുടെ പിന്തുണയാണ്.

ഞാറവേലിൽ ചിന്നമ്മയുടേയും ഫിലിപ്പിന്റെയും ജീവിത വിജയത്തിന്റെ കാതൽ

ഈ ജീവിതയാത്രയിൽ തന്റെ ബന്ധുക്കളുടെ നിരവധി കുടുംബങ്ങളെ ചിന്നമ്മ ഞാറവേലിൽ  അമേരിക്കൻ മണ്ണിലെത്തിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം കുടുംബങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്ന സമ്പത്ത് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുമ്പോൾ അതിനു കാരണക്കാരായവർ എന്ന നിലയിൽ ഇരുവർക്കും വലിയ സന്തോഷമാണ്. ഒപ്പം അവരുടെയെല്ലാം ജീവിതം അമേരിക്കൻ മണ്ണിൽ പടർന്നു പന്തലിക്കുന്നതിൽ അഭിമാനവും. 
തന്റെ പരിചരണത്തിൽ ജീവിതം തിരിച്ചുകിട്ടിയ ഓരോ  രോഗികളുടെയും ഹൃദയം നിറഞ്ഞ പുഞ്ചിരികൂടിയാണ് ഓരോ  നേഴ്സുമാരുടെയും യഥാർത്ഥ വിജയം എന്നുകൂടി ചിന്നമ്മ ഞാറവേലിൽ ഹൃദയംകൊണ്ട് പറഞ്ഞുവയ്ക്കുന്നു.
ജീവിതം കുറേക്കൂടി ഇപ്പോൾ മധുരം പ്രകടിപ്പിക്കുന്നുവെന്ന് ചിന്നമ്മയ്ക്കും  ഫിലിപ്പിനും തോന്നിയേക്കാം. കാരണം അവർ കുറേക്കൂടി എല്ലാവരെയും മനസ്സിലാക്കി ജീവിക്കാൻ എപ്പോഴും ശ്രമിക്കുന്നവരാണ്. 
അമേരിക്കൻ മണ്ണിലും കേരളത്തിന്റെ തനിമ നഷ്ടപ്പെടുത്താത്ത വ്യക്തിത്വങ്ങൾ. സംസ്കാരത്തിന്റെ  ഓരോ  ഇതളുകളും കൃത്യമായി കൊണ്ടുനടക്കുന്നവർ. സ്നേഹം കൊണ്ട് എല്ലാവരെയും ചേർത്തുപിടിക്കുന്നവർ. വരുംകാലവും ഭംഗിയിൽ ഈ കുടുംബവും സമൂഹവും ഒരുപോലെ പരിഗണിച്ചുകൊണ്ട് അവർ ഇനിയും തുടരട്ടെ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.