ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ സി ജെ റോയ് (57)ജീവനൊടുക്കി. അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് ആദായ നികുതി റെയ്ഡിനിടെ കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് അദ്ദേഹം. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളാണ് സി ജെ റോയ്. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സി ജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.

