തന്റെ ബാല്യകാലം മുതൽ ആരാധിച്ച സ്റ്റൈൽ മന്നൻ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് നടൻ കോട്ടയം നസീർ. ജയിലർ 2വിന്റെ ഷൂട്ടിനായി രജനികാന്ത് കേരളത്തിലെത്തിയ വേളയിലാണ് കോട്ടയം നസീർ അദ്ദേഹത്തെ കണ്ടത്. വർഷങ്ങൾക്ക് മുൻപ് കറുകച്ചാലിലെ ഓല മേഞ്ഞ "മോഡേൺ" സിനിമ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ.
ഇന്ന് വർഷങ്ങൾക്കിപ്പുറം താൻ വരച്ച ചിത്രങ്ങൾ അടങ്ങിയ ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന ബുക്ക് ജയിലർ 2–ന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ലെന്ന് കോട്ടയം നസീർ കുറിച്ചു.
ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും പടച്ചവന്റെ തിരക്കഥ, അത് വല്ലാത്ത ഒരു തിരക്കഥയാണെന്നും കോട്ടയം നസീർ കുറിച്ചു.


