സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഹ്രസ്വസന്ദര്‍ശനത്തിനായി ചിക്കാഗോയിലെത്തിയപ്പോള്‍ നേരിട്ടു കാണുവാന്‍ അവസരം ലഭിച്ചു. മെയ് 28-ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ചിക്കാഗോ സീറോമലബാര്‍ ബിഷപ്സ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. വളരെ സരസവും ലളിതവുമായ സംസാരശൈലിയിലൂടെ തട്ടില്‍ പിതാവ് ആനുകാലിക സഭാ, സാമുദായിക വിഷയങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയുണ്ടായി. മേജര്‍ ആര്‍ച്ച്ബിഷപ്പായതിനുശേഷം ആദ്യമായി അമേരിക്കയിലെത്തിയ തട്ടില്‍ പിതാവിന് കേരളാ എക്സ്പ്രസ്സിന്‍റെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കാനുള്ള അവസരവും ലഭിച്ചു. ചിക്കാഗോ സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, തട്ടില്‍ പിതാവിന്‍റെ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, ഫോമാ മുന്‍ വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം എന്നിവരും സന്നിഹിതരായിരുന്നു.
.jpg)
ചോദ്യം: പലവിധത്തിലുള്ള പ്രശ്നങ്ങളുടെ നടുവിലാണല്ലോ പിതാവ് മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഉത്തരവാദിത്വത്തിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ അങ്ങയുടെ പ്രതികരണം എന്തായിരുന്നു?
ഉത്തരം: ഒരിക്കലും പ്രതീക്ഷിക്കാത്ത പദവി ആണിത്. സോഷ്യല്‍ മീഡിയായില്‍ പല പേരുകളും വന്നിരുന്നു. എന്‍റെ പേര് എങ്ങും വന്നിട്ടില്ല. സാദ്ധ്യതാലിസ്റ്റില്‍ പോലും ഇല്ലാതിരുന്ന ഞാന്‍ എങ്ങനെ ഈ സ്ഥാനത്ത് വന്നു എന്ന് ചോദിച്ചാല്‍ അത് ദൈവത്തിന്‍റെ പദ്ധതി ആയിരിക്കാം. സഭാപിതാക്കന്മാരുടെ തീരുമാനത്തെ ഞാന്‍ അംഗീകരിക്കുകയായിരുന്നു.
ചോദ്യം: പിതാവ് അമേരിക്കയില്‍ ധ്യാനഗുരു എന്ന നിലയില്‍ വന്നിട്ടുണ്ട്. മേജര്‍ ആര്‍ച്ച്ബിഷപ് ആയതിനുശേഷം ആദ്യമായി വരികയാണ്. എന്തെങ്കിലും വ്യത്യസ്തത തോന്നുന്നുണ്ടോ?
ഉത്തരം: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് ഞാന്‍ വന്നത്. കൂടാതെ വൈദികരുടെ വാര്‍ഷിക ധ്യാനത്തിലും പങ്കെടുത്തു. നൈറ്റ്സ് ഓഫ് കൊളംബസില്‍പ്പെട്ടവര്‍ പറഞ്ഞു. ചിക്കാഗോ രൂപത ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രതിഭാസമാണ്. ഞങ്ങള്‍ വര്‍ഷങ്ങളായി ഈ രാജ്യത്ത് താമസിക്കുന്നവരാണ്. ഇത്രയും ഭംഗിയായി സംഘടിപ്പിച്ച ഒരു കണ്‍വന്‍ഷനിലോ, പ്രദക്ഷിണത്തിലോ സംബന്ധിക്കുവാനോ സംഘടിപ്പിക്കുവാനോ ഞങ്ങള്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. ജോയി ആലപ്പാട്ട് പിതാവ് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
ചോദ്യം: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ വളര്‍ച്ചയെപ്പറ്റി എന്തു തോന്നുന്നു?
ഉത്തരം: 25 വര്‍ഷം പിന്നിടുമ്പോള്‍ അങ്ങാടിയത്ത് പിതാവ് റിട്ടയര്‍ ചെയ്തു. പിതാവ് ഈ കാലയളവില്‍ ഈ രൂപതയ്ക്കുവേണ്ടി ചെയ്ത സേവനങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല.
ചോദ്യം: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ആയിരിക്കുന്നതാണല്ലോ സഭയുടെ പാരമ്പര്യം. എന്നാണ് അങ്ങേക്ക് കര്‍ദ്ദിനാള്‍ പദവി ലഭിക്കുക?
ഉത്തരം: കര്‍ദ്ദിനാള്‍ പദവി എന്‍റെ ആഗ്രഹമല്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലശേഷം പുതിയ മാര്‍പാപ്പ വന്നിരിക്കുകയാണ്. ഇനി എല്ലാ കാര്യങ്ങളും പുതിയ മാര്‍പാപ്പയുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ചോദ്യം: പിതാവിന്‍റെ ആത്മീയ യാത്രയില്‍ അങ്ങയെ സ്വാധീനിച്ചിട്ടുള്ള ഏതെങ്കിലും വ്യക്തികളുണ്ടോ?
ഉത്തരം: തൃശൂര്‍ സെന്‍റ് തോമസ് ഹൈസ്കൂളിലാണ് ഞാന്‍ പഠിച്ചത്. ഒരേ കാമ്പസില്‍ തന്നെയുള്ള തൃശൂര്‍ സെന്‍റ് തോമസ് കോളജിലും പഠിക്കുവാന്‍ സാധിച്ചു. അക്കാലത്ത് തൃശൂര്‍ സെന്‍റ് തോമസ് കോളജ് എന്നു പറഞ്ഞാല്‍ പ്രമുഖ നേതാക്കന്മാരെ വാര്‍ത്തെടുക്കുന്ന ഒരു പരീക്ഷണശാലയായിരുന്നു. അങ്ങനെ പല പ്രമുഖ വ്യക്തികളും എന്‍റെ സഹപാഠികളായിട്ടുണ്ട്. എന്നാല്‍, എന്‍റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി കുണ്ടുകുളം പിതാവായിരുന്നു. പിതാവിന്‍റെ സെക്രട്ടറിയായിരുന്നു ഞാന്‍. പിതാവിന്‍റെ എല്ലാ കാര്യങ്ങളിലും ഞാന്‍ ഇടപെടാറുണ്ടായിരുന്നു. എല്ലാ യാത്രകളിലും കൂടെ പോകുമായിരുന്നു. അവസാനം ആഫ്രിക്കയിലെ വാമ്പാ എന്ന സ്ഥലത്തുവെച്ചാണ് കുണ്ടുകുളം പിതാവ് മരിക്കുന്നത്. ആ യാത്രയില്‍ മാത്രം ഞാന്‍ കൂടെ ഇല്ലായിരുന്നു. കാരണം ഞാന്‍ മേജര്‍ സെമിനാരിയിലെ റെക്ടറായിരുന്നു. ആദ്യ ബാച്ച് വരുമ്പോള്‍ റെക്ടര്‍ ഇല്ലാതിരിക്കുന്നത് ശരിയല്ലല്ലോ. യാത്രയയച്ചപ്പോള്‍ കുണ്ടുകുളം പിതാവ് എന്നോട് പറഞ്ഞു: "എടോ, താന്‍ ഇല്ലാതെ ഞാന്‍ ആദ്യമായിട്ടാണ് ഒരു യാത്ര പോകുന്നത്." ആ യാത്ര പിതാവിന്‍റെ അന്ത്യയാത്ര ആണെന്ന് ഒരിക്കലും കരുതിയില്ല.
ചോദ്യം: കുണ്ടുകുളം പിതാവും ലീഡര്‍ കെ. കരുണാകരനുമായുള്ള ബന്ധത്തെപ്പറ്റി വളരെയധികം കേട്ടിട്ടുണ്ട്. എന്തായിരുന്നു ആ ബന്ധം?
ഉത്തരം: ലീഡര്‍ എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂര്‍ അമ്പലത്തില്‍ വന്നിട്ട് രാമനിലയത്തിലേക്ക് പോകുന്ന വഴി ബിഷപ്സ് ഹൗസില്‍ കയറി കുണ്ടുകുളം പിതാവിനെ കാണാറുണ്ടായിരുന്നു. മാളയില്‍ തുടങ്ങിയ സൗഹൃദമാണത്. പിതാവ് മാളയില്‍ വികാരിയായിരുന്നു. ലീഡര്‍ കരുണാകരനും മാളയില്‍ നിന്നാണല്ലോ രാഷ്ട്രീയപരീക്ഷണം ആരംഭിക്കുന്നത്. തൃശൂര്‍ രൂപതയുടെ പല പ്രതിസന്ധികളിലും ലീഡര്‍ സഹായിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലേക്ക് വിളിക്കുന്നതുപോലെയാണ് ലീഡറെ ഞങ്ങള്‍ ക്ഷണിക്കാറുള്ളത്. അവര്‍ തമ്മിലുള്ള സൗഹൃദവും സ്നേഹവും എന്‍റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ചോദ്യം: ചിക്കാഗോ സീറോമലബാര്‍ രൂപത 25 വര്‍ഷം പൂര്‍ത്തീകരിക്കുകയാണല്ലോ. രൂപതയുടെ വികസനസാദ്ധ്യതകള്‍-അതിരൂപതയാകുന്നതുള്‍പ്പെടെ-എന്തു തോന്നുന്നു?
ഉത്തരം: ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജോയി ആലപ്പാട്ട് പിതാവാണ് സിനഡിലേക്ക് സമര്‍പ്പിക്കേണ്ടത്. അതു വന്നുകഴിഞ്ഞാല്‍ ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യും. കാരണം അമേരിക്കയിലെ സാഹചര്യങ്ങളെപ്പറ്റി ഇവിടെ താമസിക്കുന്നവര്‍ക്കാണല്ലോ കൂടുതല്‍ അറിയാവുന്നത്.
ചോദ്യം: ലോകമെമ്പാടും താമസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെമേല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനും സീറോമലബാര്‍ സഭയ്ക്കും നേരിട്ടുള്ള അജപാലനാധികാരം ലഭിക്കാനുള്ള സാദ്ധ്യത ഉണ്ടോ?
ഉത്തരം: ഇക്കാര്യം മാര്‍പാപ്പയുടെ ശ്രദ്ധയില്‍ സജീവമായി നിലവിലുണ്ട്. ഞാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പായതിനു ശേഷം 2024 മെയ് 13-ാം തീയതിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കാണുന്നത്. ഗള്‍ഫില്‍ തന്നെ അനേകം സീറോമലബാര്‍ വിശ്വാസികള്‍ ഉണ്ടല്ലോയെന്ന് മാര്‍പാപ്പ പറഞ്ഞു. അതിനര്‍ത്ഥം പൗരസ്ത്യ സഭകള്‍ അതിന്‍റെ മേലധികാരികളാല്‍ തന്നെ ഭരിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചില്ലേല്‍ സഭ വളരില്ല. ഗള്‍ഫില്‍ നമുക്ക് അജപാലനാധികാരം ഇന്ന് ഇല്ല. സീറോമലബാര്‍ സഭയ്ക്കും ലോകമെമ്പാടും അജപാലനാധികാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചോദ്യം: സീറോമലബാര്‍ സഭയെ പാത്രിയര്‍ക്കല്‍ സഭ ആക്കി ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ഇന്നു നടക്കുന്നുണ്ടോ?
ഉത്തരം: ഓറിയന്‍റല്‍ സഭകളുടെ ക്രൗണിംഗ് പോയിന്‍റ് ആണ് ഓട്ടോണമി വരുന്ന പാത്രിയാര്‍ക്കല്‍ സിസ്റ്റം. സീറോമലബാര്‍ സഭയ്ക്ക് വളരെയധികം സാദ്ധ്യതയുണ്ട്. മറ്റ് പല സഭകള്‍ക്കും എക്യുമെനിക്കല്‍ സാഹചര്യങ്ങളുണ്ട്. എന്നാല്‍, സീറോമലബാര്‍ സഭയ്ക്ക് അങ്ങനെയുള്ള യാതൊരു പ്രശ്നങ്ങളുമില്ല. പുതിയ മാര്‍പാപ്പയുടെ നിലപാടും പ്രധാനമാണ്.
ചോദ്യം: വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പായിലൂടെയാണ് ഇറ്റലിക്ക് വെളിയില്‍ നിന്ന് കര്‍ദ്ദിനാള്‍മാരെ തെരഞ്ഞെടുക്കുന്ന രീതിക്ക് തുടക്കമിട്ടത്. ഇതിലൂടെ ഇറ്റലിക്ക് വെളിയിലുള്ള പല കര്‍ദ്ദിനാള്‍മാരും മാര്‍പാപ്പമാരായി. ഭാവിയില്‍ ഇന്ത്യയില്‍നിന്നും മാര്‍പാപ്പാ ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ടോ?
ഉത്തരം: ആ സാദ്ധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. ഇറ്റലിക്ക് പുറത്തുനിന്നും മാര്‍പാപ്പാമാര്‍ ഉണ്ടായിട്ടുണ്ടല്ലോ.
ചോദ്യം: ക്നാനായക്കാരുടെ എക്കാലത്തെയും ആഗ്രഹമാണ് കോട്ടയം മെത്രാപ്പോലീത്തായുടെ അജപാലനാധികാരം ക്നാനായക്കാര്‍ ലോകത്ത് എവിടെയായിരുന്നാലും അത് പരിധികളില്ലാതെ വിപുലീകരിക്കുക എന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 7-ാം തീയതി കൊടുങ്ങല്ലൂരില്‍ ക്നാനായ പ്രേഷിത കുടിയേറ്റദിന ഉദ്ഘാടനവേളയില്‍ പിതാവ് ക്നാനായക്കാര്‍ക്ക് പ്രതീക്ഷ നല്കുന്ന രീതിയില്‍ പ്രസംഗിക്കുകയുണ്ടായല്ലോ. എന്തെങ്കിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോ?
ഉത്തരം: സീറോമലബാര്‍ സഭ ക്നാനായ കമ്മ്യൂണിറ്റിയോട് കാണിക്കുന്ന വാത്സല്യവും ഇഷ്ടവും വളരെ വലുതാണ്. കാരണം, ക്നാനായ കമ്മ്യൂണിറ്റി സീറോമലബാര്‍ സഭയോട് കാണിച്ചിട്ടുള്ള വലിയ ഒരു ഐക്യദാര്‍ഢ്യമുണ്ട്. അതിനാല്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്ക് എന്തു വിലകൊടുത്തും സീറോമലബാര്‍ സഭ നിലകൊള്ളും. കോട്ടയം മെത്രാസനം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും സീറോമലബാര്‍ സഭ സാധിച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ ഒരു പ്രായോഗിക ബുദ്ധിമുട്ട് വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നത് ക്നാനായ കമ്മ്യൂണിറ്റിയുടെ അകത്തുള്ള ചില പ്രശ്നങ്ങള്‍ തന്നെയാണ്. ശത്രുക്കള്‍ പുറത്തല്ല അകത്തു തന്നെയാണ്. സമുദായത്തിനു പുറത്തുനിന്ന് കല്യാണം കഴിക്കുന്നതിന്‍റെ പേരില്‍ പുറത്തുപോകുന്നവരുടെ എണ്ണം ഇന്നു കൂടുതലാണ്. പ്രതിസന്ധികള്‍ക്ക് അയവുണ്ടാകണമെങ്കില്‍ ഈ ഒരു മേഖലയില്‍ എങ്ങനെ ഒരു സമവായം ഉണ്ടാക്കാന്‍ കഴിയുമെന്നതിനെപ്പറ്റി ചിന്തിക്കണം. അതായത് കല്യാണം കഴിക്കുന്നതുമൂലം പുറത്തുപോകുന്നവരുടെ കാര്യത്തില്‍ കുറേക്കൂടി സ്വീകാര്യതയുള്ള ഒരു പരിഹാരം കണ്ടെത്തണം. ക്നാനായ കമ്മ്യൂണിറ്റിയുടെ നിലനില്പ് വളരെ നിര്‍ണ്ണായകമാണ്. നാട്ടിലെ പല ക്നാനായ ഭവനങ്ങളിലും ആളുകളില്ല. വിദേശത്തേക്ക് ധാരാളം ക്നാനായ കുടിയേറ്റം നടക്കുന്നത് വളരെ നല്ലതു തന്നെയാണ്. ക്നാനായ പ്രിന്‍സിപ്പിളിന് കോട്ടം തട്ടാതെ ക്നാനായ യാഥാര്‍ത്ഥ്യത്തെ പുനര്‍ നിര്‍വചനം ചെയ്യേണ്ടിയിരിക്കുന്നു. പ്രശ്നപരിഹാരങ്ങള്‍ക്കും വളര്‍ച്ചയ്ക്കും അത് അനിവാര്യമാണ്. ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ വെള്ളം ചേര്‍ക്കണമെന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.

ചോദ്യം: 1996-1997 കാലഘട്ടത്തില്‍ അമേരിക്കയിലെ സീറോമലബാര്‍ രൂപതയുടെ സാദ്ധ്യതയെപ്പറ്റി പഠിക്കുവാന്‍ അപ്പസ്തോലിക് വിസിറ്ററായി ഗ്രിഗറി കരോട്ടെമ്പ്രയില്‍ പിതാവ് അമേരിക്കയില്‍ വരികയും അന്ന് ക്നാനായക്കാരുടെ ദേശീയ സംഘടനയായ കെസിസിഎന്‍എ പ്രസിഡണ്ട് എന്ന നിലയില്‍ ഞാനും മറ്റു പല ക്നാനായ നേതാക്കന്മാരും ഗ്രിഗറി പിതാവുമായി സംസാരിച്ചിരുന്നു. ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്‍റെ നിര്‍ദ്ദേശമനുസരിച്ച് അന്നത്തെ ക്നാനായ നേതൃത്വങ്ങള്‍ സീറോമലബാര്‍ രൂപതയെ സ്വാഗതം ചെയ്തിരുന്നു. രൂപത വന്നാല്‍ ക്നാനായക്കാർക്ക് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു അന്നത്തെ വാഗ്ദാനങ്ങള്‍. പക്ഷേ, 'വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്.'?
ഉത്തരം: പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ജേക്കബ് അങ്ങാടിയത്ത് പിതാവും ജോയി ആലപ്പാട്ട് പിതാവും അമേരിക്കയിലെ ക്നാനായ സമുദായത്തിന്‍റെ വളര്‍ച്ചയ്ക്കായി നാളിതുവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്, പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ക്നാനായ സമുദായത്തിനകത്തുള്ള പ്രശ്നങ്ങള്‍ തന്നെയാണ് ഇപ്പോഴും വളര്‍ച്ചയ്ക്കുള്ള തടസ്സമായി നില്‍ക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്‍റെ നിലപാട് അനുസരിച്ചു മാത്രമേ മറ്റുള്ളവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ.
ചോദ്യം: ഇവിടെ ജനിച്ചുവളരുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നമ്മുടെ സീറോമലബാര്‍ ആരാധനാക്രമങ്ങളില്‍ കൂടുതല്‍ ആകര്‍ഷണം തോന്നുവാന്‍ എന്തു ചെയ്യാന്‍ സാധിക്കും?
ഉത്തരം: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന സമയത്ത് എല്ലാ സര്‍ക്കുലറുകളും ഓണ്‍ലൈന്‍ വഴി ജനങ്ങളിലെത്തിക്കുമായിരുന്നു. പള്ളിയിലെ അറിയിപ്പുകള്‍ ഇന്ന് ജനങ്ങളിലെത്തിക്കുവാന്‍ വാട്ട്സ് ആപ്പ്/ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. പള്ളിപ്രസംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണം. ഇക്കാര്യങ്ങള്‍ വൈദികര്‍ക്ക് ക്ലാസെടുക്കുമ്പോള്‍ പറയാറുണ്ട്. എന്തുകൊണ്ട് മാറ്റങ്ങള്‍ വരുന്നില്ലായെന്ന് ചോദിച്ചാല്‍, നമുക്ക് പറയാമെങ്കിലും, വ്യക്തികളെ മാറ്റാന്‍ സാധിക്കില്ലായെന്നാണ് ഉത്തരം. ഓരോ രാജ്യത്തെയും സാഹചര്യങ്ങളനുസരിച്ച് ആധുനിക വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങള്‍ ആരാധന ക്രമങ്ങളുടെ കാര്യത്തിലും പ്രയോജനപ്പെടുത്തണം.
ചോദ്യം: അമേരിക്കയിലെ വിശ്വാസികള്‍ക്ക് നല്കാനുള്ള ഉപദേശമെന്താണ്?
ഉത്തരം: നമ്മുടെ വേരുകള്‍ ഈ മണ്ണില്‍ പറിച്ചുനട്ടതാണ്. അതില്‍നിന്നുമുണ്ടാകുന്ന ചെടികളുടെ ഗുണനിലവാരം നിലനിര്‍ത്തണം. ഇവിടുത്തെ സംസ്കാരവും സാഹചര്യങ്ങളും മറക്കാതെ അജപാലന ശുശ്രൂഷകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം. സഭയെ വളര്‍ത്താനും മുന്നോട്ടു നയിക്കാനും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഫോട്ടോ-മോനു വർഗീസ്








