PRAVASI

നായകന് വിട

Blog Image

ചിക്കാഗോ :ദശാബ്ദങ്ങൾക്കു മുൻപ് മലയാള നാട്ടിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന ഒരു പതിനഞ്ചുകാരൻ ,തന്റെ ചരിത്ര അധ്യാപകൻ അമേരിക്കൻ ഐക്യ നാടുകളെപ്പറ്റി വിവരിച്ചപ്പോൾ ,ഒരിക്കൽ പോലും വിചാരിച്ചില്ല ,പിൽക്കാലത്തു താൻ ഇവിടെ എത്തുമെന്ന്.
പക്ഷെ അങ്ങനെ വർഷങ്ങൾക്ക് ശേഷം ഇവിടെയെത്തിയ ആ ചെറുപ്പക്കാരൻ പിന്നീട് അങ്ങനെ തന്നെ അമേരിക്കൻ സ്വപ്നങ്ങളുമായി ഏഴാം കടലിനക്കരെ വന്ന മുഴുവൻ ചിക്കാഗോ മലയാളികളെയും സംഘടിപ്പിച്ച് വടക്കേ അമേരിക്കയിലെ തന്നെ ആദ്യത്തെ മലയാളി സംഘടനക്ക് രൂപം കൊടുക്കുമ്പോൾ ഇത് ഇത്രയും മഹത്തായ ഒരു പ്രസ്ഥാനമായി പരിണമിക്കുമെന്ന് വിചാരിച്ചു കാണില്ല.
ഇന്ന് വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ശ്രീ കെ എസ് ആന്റണിയെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചത് .1971 ൽ ചിക്കാഗോയിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടത്തപ്പെട്ട ആലോചനാ യോഗങ്ങൾക്കു ശേഷം 1971 നവംബറിൽ ചിക്കാഗോയിൽ വെച്ച് നടത്തപ്പെട്ട മീറ്റിങ്ങിൽ ശ്രീ കെ എസ് ആന്റണിയെ ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി യോഗം തെരഞ്ഞെടുത്തു .തുടർന്ന് 1972 മുതൽ 1973 വരെ പ്രസിഡന്റ് ആയി തുടർന്ന അദ്ദേഹം പിന്നീട് 1978 ൽ വീണ്ടും പ്രസിഡന്റ് ആയി. 
അദേഹം തെളിച്ച തിരി അണയാതെ കാത്തു സൂക്ഷിച്ച് കൊണ്ട് പോകാൻ അദ്ദേഹത്തിന്റെ പിൻഗാമികൾ ശ്രദ്ധ വെച്ചത് കൊണ്ടാണ് നമുക്ക് ഇന്നും മലയാളി അസോസിയേഷനെ ഒരു മഹാപ്രസ്ഥാനമായി മുൻപോട്ട് നയിക്കാൻ കഴിയുന്നത് .ഒരു മികച്ച സംഘടകനായിരുന്ന ശ്രീ ആന്റണി സാർ 1986 ൽ ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 1988 ൽ ഫൊക്കാനയുടെ മൂന്നാമത് നാഷണൽ കൺവെൻഷൻ ചിക്കാഗോയിൽ വെച്ച് നടത്തപ്പെട്ടു.

ഈ കൺവെൻഷൻ ഒരു വലിയ വിജയം ആയതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ വിശ്രമമില്ലാതെയുള്ള പ്രവർത്തനം ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിച്ചിട്ടുള്ള പി ഓ ഫിലിപ്പ്, ജോയ് വാച്ചാച്ചിറ എന്നിവർ സ്മരിച്ചു. തന്റെ ആരോഗ്യ പ്രശ്നങ്ങൾ പോലും വകവെയ്ക്കാതെ അസോസിയേഷന്റെ രജതജൂബിലി സമ്മേളനത്തിന് അദ്ദേഹം എത്തിയത് പോലും സംഘടനയോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യവും താൽപ്പര്യവും കൊണ്ടാണെന്നും അവർ ഓർമ്മിക്കുന്നു .
അദ്ദേഹത്തിന്റെ നിര്യാണം ചിക്കാഗോയിലെ മലയാളി സമൂഹത്തിന് ഒന്നാകെയും ചിക്കാഗോ മലയാളി അസ്സോസിയേഷന് വിശേഷിച്ചും നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ് . ശ്രീ കെ എസ് ആന്റണി സാറിന്റെ നിര്യാണത്തിൽ ചിക്കാഗോ മലയാളി അസോസിയേഷൻ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു .
വിസിറ്റേഷൻ സർവീസ് മാർച്ച് 27 വൈകിട്ട് 4 മുതൽ 8 മണി വരെ നേപെർവില്ലിലുള്ള ഫ്രിഡ്‌റിച് ജോൺസ് ഫ്യൂണറൽ ഹോമിലും (44, s mill st) ഫ്യൂണറൽ സർവീസ് മാസ്സ് മാർച്ച് 28 രാവിലെ 10.30 മുതൽ ഹോളി സ്പിരിറ്റ് കത്തോലിക്ക ചർച്ചിലും(2003 Hassert Blvd )വെച്ച് നടക്കും.

PROF K S ANTHONY

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.