ഫോമയുടെ ആഘോഷവിരുന്നിന് തിരി തെളിക്കുകയായി. പ്രവാസി മലയാളികൾക്ക് കേരളമണ്ണുമായുള്ള ആത്മബന്ധത്തെ കെട്ടുറപ്പോടെ സൂക്ഷിക്കുന്ന, സംരക്ഷിക്കുന്ന ഫോമയുടെ സുവർണ്ണ പരിപാടികളിൽ ഒന്നാണ് ഈ ആഘോഷ വിരുന്ന് - കേരള കൺവെൻഷൻ! ഫോമയുടെ വെറുമൊരു വാർഷിക പരിപാടി എന്നതിലപ്പുറം പ്രവാസി മലയാളികളും കേരള സമൂഹവും തമ്മിലുള്ള സാമൂഹിക സാംസ്കാരിക ബന്ധത്തിന്റെ സ്നേഹ സാക്ഷ്യമാണ് ഓരോ കൺവെൻഷനും. ഈ വർഷത്തെ ഫോമയുടെ കേരള കൺവെൻഷനും അത്യധികം സവിശേഷതയോടെ അണിയറയിൽ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. 2026 ജനുവരി 9,10,11 തീയതികളിൽ അമേരിക്കൻ മലയാളികളുടെ ഈ മഹോത്സവത്തിന് കൊടി ഉയരും .
ജനുവരി 9, 10 തീയതികളിൽ കോട്ടയം വിൻസർ കാസിലിൽ വച്ചാണ് പ്രധാന പരിപാടികൾ നടത്തുന്നത്. കേരളത്തിലെ പ്രമുഖ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ കൺവെൻഷൻ പരിപാടികൾക്ക് ആരംഭം കുറിക്കപ്പെടുന്നത് ഫോമയ്ക്കും കേരള കൺവെൻഷനും മിഴിവേകുമെന്നു പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു . മന്ത്രിമാരായ പി രാജീവ്,സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർ ഫോമയുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. വി എൻ വാസവൻ, ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർ വേദിയിൽ പങ്കുചേരും. കൺവെൻഷന്റെ മൂന്നാം ദിവസം ജനുവരി 11 ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ബിസിനസ് മീറ്റിൽ ഉദ്ഘാടന കർമ്മം മന്ത്രി പി രാജീവ് നിർവഹിക്കും. എംഎൽഎമാരായ ഹൈബി ഈഡൻ, ഉമ്മ തോമസ്, കെ ജെ മാക്സി, മാത്യു കുഴൽനാടൻ, ആന്റണി ജോൺ, റോജി എം ജോൺ എന്നിവരും എത്തിച്ചേരും.
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശക്തി ആർജ്ജിച്ച സംഘടന ആയതുകൊണ്ട് തന്നെ കേരള കൺവെൻഷൻ പരിപാടിയിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രത്യേക വേദിയൊരുക്കുന്നുണ്ട്. നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 25 സ്കോളർഷിപ്പുകൾ ( ഓരോന്നും 50,000 രൂപ ), ഫോമ ഹൗസിംഗ് പ്രോജക്ടുകളുടെ താക്കോൽദാനം, ഇലക്ട്രിക് വീൽചെയറുകളുടെയും സാധാരണ വീൽചെയറുകളുടെയും കാഴ്ച പരിമിതർക്കുള്ള സ്കൂട്ടറുകളുടെയും 50 തയ്യൽ മെഷീനുകളുടെയും വിതരണം എന്നിവ കൺവെൻഷൻ പരിപാടിയുടെ പവിത്രമായ വേദിയിൽ നിർവഹിക്കപ്പെടും. വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നേഴ്സിങ് സ്കോളർഷിപ്പുകളും തയ്യൽ മെഷീൻ വിതരണവും കൺവെൻഷനിൽ നടത്തുന്നത്. യുവജനങ്ങൾക്കുള്ള പ്രത്യേക പരിപാടിയിൽ നഴ്സിംഗ് ബിരുദധാരികൾക്കും സ്റ്റുഡൻസ് വിസ ആഗ്രഹിക്കുന്നവർക്കുമായി അമേരിക്ക- യുകെ നഴ്സിംഗ് മൈഗ്രേഷൻ സെമിനാർ, കരിയർ ഗൈഡൻസ് സെക്ഷനുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 70 വയസ്സിന് മുകളിലുള്ള വിധവകളായ അമ്മമാർക്കായി പ്രത്യേക സഹായ പദ്ധതികൾ നടപ്പിലാക്കുക എന്നത് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ സ്വപ്ന പദ്ധതിയായിരുന്നു. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി ജനുവരി 5 ന് പിറവത്ത് വെച്ച് വിധവകളായ അമ്മമാരുടെ അരികിലേക്ക് ഫോമ, സഹായഹസ്തങ്ങളുമായി ചെന്നെത്തുന്നു.750 അമ്മമാർക്കാണ് ഫോമയുടെ കരുതലെത്തുക .
ഫോമയുടെ ഈ സജീവ കാലഘട്ടത്തിൽ 12 റീജിയണുകളും ശക്തമായ ഉണർവോടെ തുടർച്ചയായ ചാരിറ്റി, കൾച്ചറൽ, റീജണൽ പ്രോജക്ടുകളിലൂടെ ഫോമയുടെ വ്യാപ്തിയും പങ്കാളിത്തവും ഉയർത്തി കൊണ്ടിരിക്കുകയാണ്. സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾ കൊണ്ട് ദിനംപ്രതി വളർച്ചയുടെ പടികൾ കയറുന്ന സംഘടനയാണ് ഫോമ. വർഷത്തിലൊരിക്കൽ മാത്രം ഫോമ നടപ്പിലാക്കുന്ന കേരളാ കൺവെൻഷനും ഇത്തരം പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി കൊണ്ട് സംഘടനയെ വാനോളം ഉയർത്തുന്നു. അമേരിക്കൻ മലയാളികളെയും കേരള സമൂഹത്തിനെയും സ്നേഹവും സഹായവും കൊണ്ട് ബന്ധിച്ചു നിർത്തുന്ന ഫോമയുടെവാർഷിക വിരുന്നാണ് കേരള കൺവെൻഷൻ എന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ,സെക്രട്ടറി ബൈജു വർഗീസ് ,ട്രഷറാർ സിജിൽ പാലക്കലോടി ,വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു .


