റോയി സ്റ്റീഫൻ കുന്നേലിന്റെ ആറാമത്തെ പുസ്തകം 'റസ്റ്റഡ് റിച്വൽസ് റിട്ടാലിയേറ്റ്' (തുരുമ്പിച്ച ആചാരങ്ങൾ തിരിച്ചടിക്കും) പ്രകാശനം ചെയ്തു. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ ആദ്യ നോവലാണ്, ലിറ്റററി ഫിക്ഷൻ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
UK യിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമാണ് റോയി സ്റ്റീഫൻ കുന്നേൽ. ഇരുപത് വർഷമായി UK-ൽ ജീവിക്കുന്ന അദ്ദേഹത്തിന്റെ സാമൂഹ്യപ്രവർത്തനത്തിന് ബ്രിട്ടീഷ് രാജ്ഞിയുടേത് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലുള്ള മലയാളി സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ പ്രവർത്തിക്കുന്നതിനൊപ്പം ഇംഗ്ലീഷ് കമ്മ്യൂണിറ്റികളിലും പ്രവർത്തിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.
1960 കളിലെ കേരള ജീവിതം പശ്ചാത്തലമാക്കിയ പുതിയ നോവൽ പൂർണമായും ഇംഗ്ലീഷ് ഭാഷയിലാണ് രചിച്ചിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ബുക്ക് പബ്ലിക്കേഷൻസ് ലിമിറ്റഡ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആമസോണിലും കിന്ഡിലിലും മറ്റ് നിരവധി ഓൺലൈൻ പ്ലാറ്ഫോമുകളിൽ പ്രകാശനം ചെയ്തിരിക്കുന്ന നോവൽ ലോകത്തെമ്പാടും ലഭ്യമാണ്.
സാമൂഹിക ആചാരങ്ങളെല്ലാം മനുഷ്യ നിർമ്മിതവും അനുഷ്ഠിക്കുന്ന മനുഷ്യരുടെ മാനസികവും ശാരീരികവുമായ സൗഖ്യം ലക്ഷ്യം വച്ചുള്ളതായിരിക്കെ അവയിൽ ചിലതെല്ലാം അനുഷ്ഠിക്കുന്നവർ ദുരുപയോഗം ചെയ്യുമ്പോളുള്ള പ്രത്യാഘാതങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ആചാരങ്ങളെല്ലാം കാലോചിതമായി രൂപാന്തരപ്പെടുമെങ്കിലും സാമാന്യ യുക്തിക്ക് നിരക്കാത്തതും മനുഷ്യ മനസാക്ഷിയെ വെല്ലുവിളിക്കുന്നവയാണ് തുരുമ്പിച്ച ആചാരങ്ങൾ.
ലളിതമായ ഭാഷയിൽ രചിച്ചിരിക്കുന്ന പുസ്തകം ലോകത്തെമ്പാടുമുള്ള വായനക്കാർക്ക് സ്വാതന്ത്ര ലബ്ധിക്ക് ശേഷമുള്ള കേരളീയ ജീവിതം ഉൾക്കൊള്ളുവാൻ ഉതകുന്നതാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കുടിയേറിയ മലയാളികളുടെ അടുത്ത തലമുറയ്ക്ക് തങ്ങളുടെ പൂർവികരുടെ ദൃഢതയേറിയ കുടുംബ ജീവിത ബന്ധങ്ങൾ ഉൾക്കൊള്ളുവാനും സഹായകമാവും.
‘Rusted Rituals Retaliate’ നിഗൂഢതകളേറിയ നിരവധി തലമുറകളുടെ കഥയാണ്, ഗ്രാമീണ കേരളത്തിലാണ് കഥയിലെ സംഭവങ്ങൾ അരങ്ങേറുന്നത്. പതിറ്റാണ്ടുകളുടെ വിശ്വാസ പാരമ്പര്യങ്ങളും ജാതി വ്യവസ്ഥിതികളും, കുടുംബ ബന്ധങ്ങളും ആധുനിക യുഗത്തിലെ സാമൂഹിക മേഖലകളിലെ അഴിമതിയും ചർച്ചയാക്കുന്ന പ്രേമേയം. പ്രകൃതിയെയും മനുഷ്യരെയും സ്നേഹിക്കുന്ന ബെന്നി മാത്യുവിന്റെ കൊലപാതകവും തുടർന്നുണ്ടാവുന്ന തിരിച്ചടികളും കറയില്ലാത്ത മാനുഷിക ബന്ധങ്ങളുടെ നേർചിത്രമാണ്.
കൗമാരത്തിന്റെ പക്വതയില്ലായ്മയും അന്ധമായ പ്രണയത്തിൽ അലിഞ്ഞില്ലാതാവുന്ന കുഞ്ഞുങ്ങളും അമൂല്യ സ്നേഹം നിഷേധിക്കപ്പെടുമ്പോൾ തകരുന്ന കുടുംബ ബന്ധങ്ങളുടെയും കഥകൾ ലളിതമായി വിവരിക്കുണ്ട്. ഭീതിപരത്തുന്ന സാങ്കൽപ്പിക കഥാപത്രങ്ങളെ ദുരുപയോഗിക്കുന്നവരും, പൗരാണിക ആചാരങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് സാമ്പത്തിക നേട്ടം കൊയ്യുന്നവരും കഥാപാത്രങ്ങളാണ്.
പ്രായഭേദമെന്യേ എല്ലാ വായനക്കാർക്കും വായിക്കുവാനും വിചിന്തനം ചെയ്യുവാനുള്ള അവസരമാണ് നോവലിസ്റ്റ് നഒരുക്കിയിരിക്കുന്നത്. ലണ്ടനിൽ പ്രസിദ്ധീകരിച്ചിക്കുന്ന സാഹിത്യകൃതി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആമസോണിലൂടെ ലഭ്യമാണ്. ഓൺലൈൻ വായനക്കാർക്ക് കിന്ഡിലിലും ലഭ്യമാണ്.
.jpg)

