VAZHITHARAKAL

സരോജ വർഗീസ് :എഴുത്തിന്റെയും സ്നേഹത്തിന്റെയും പെൺകൈയ്യൊപ്പ്

Blog Image

"കഴിവിലും ജനപ്രീതിയിലും ഇത്രകണ്ട് ഉയര്‍ന്ന നിലവാരത്തില്‍ എത്തിനില്‍ക്കുന്ന ഈ എഴുത്തുകാരി  ഒരിക്കലും ഒരിടത്തും 'വലുപ്പം' കാണിക്കാറില്ല. ചെറിയവരോടൊപ്പം അവര്‍ പ്രവര്‍ത്തിക്കുന്നു; ചെറുതാണ് താന്‍ എന്നവര്‍ വിശ്വസിക്കുന്നു. ഈ സ്വഭാവവിശുദ്ധി അവരെ വലിയവരില്‍ വലിയവളാക്കുന്നു."
-ജെ. മാത്യൂസ് 

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ തന്‍റേതായ ഇടം കണ്ടെത്തിയ കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമാണ് സരോജ വര്‍ഗീസ്. ന്യൂയോര്‍ക്കിലെ തിരക്കിട്ട പ്രവാസജീവിതത്തിനിടയിലും, മാതൃഭാഷയോടും കുടുംബത്തോടുമുള്ള അചഞ്ചലമായ സ്നേഹത്താല്‍ സാഹിത്യത്തെയും, സാമൂഹിക പ്രവര്‍ത്തനങ്ങളെയും ഒരുപോലെ നെഞ്ചിലേറ്റി. തന്‍റെ ജീവിതാനുഭവങ്ങളെ ലളിതവും എന്നാല്‍ തീവ്രവുമായ വികാരങ്ങളോടെ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയ ഈ എഴുത്തുകാരി അമേരിക്കന്‍  പ്രവാസലോകത്തെ സ്ത്രീകള്‍ക്ക് എന്നും  ഒരു പ്രചോദനമാണ്. അതുകൊണ്ടുതന്നെ സരോജ വര്‍ഗീസിനെക്കുറിച്ച് കൂടുതല്‍ എഴുതുമ്പോള്‍ അത് സ്ത്രീകളുടെ മുന്നോട്ടുള്ള നിലനില്‍പ്പിന് വളരെയധികം കരുത്തേകും.


ബാല്യവും ജീവിതത്തിന്‍റെ 
മുഖ്യധാരയിലേക്കുള്ള മുന്നൊരുക്കങ്ങളും

തിരുവല്ല തുകലശേരി പുതുപ്പറമ്പില്‍ ഇടത്തരം ബിസിനസുകാരനായ വര്‍ക്കി വര്‍ഗീസിന്‍റെയും അധ്യാപികയായ തങ്കമ്മയുടെയും മകളായിട്ടാണ് സരോജ വര്‍ഗീസ് ജനിച്ചത്.അധ്യാപികയായ അമ്മയില്‍ നിന്ന് ലഭിച്ച മലയാള ഭാഷാ സ്നേഹം പില്‍ക്കാലത്ത് എഴുത്തിനുള്ള അടിത്തറയായി. ചെറിയ പ്രായത്തില്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങി. എങ്കിലും പഠനമായിരുന്നു മുഖ്യം. പത്താം ക്ലാസ് പാസ്സായപ്പോള്‍ തന്നെ നേഴ്സിംഗ് മേഖലയിലേക്ക് തിരിയണമെന്ന ആഗ്രഹം കലശലായി. പക്ഷേ, പതിനേഴ് വയസ് പൂര്‍ത്തിയായാല്‍ മാത്രമേ നേഴ്സിംഗിന് പോകാന്‍ സാധിക്കുമായിരുന്നുള്ളു. അതുവരെ ഹിന്ദിവിദ്വാന്‍ പഠിക്കുവാന്‍ തീരുമാനിച്ചു. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതവുമായിരുന്നു സിലബസില്‍. നന്നായി പഠിച്ച്  ഹിന്ദി വിദ്വാന്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ തുടങ്ങുമ്പോഴേക്കും ആന്ധ്രാപ്രദേശില്‍ കുഗ്ളര്‍ ആശുപത്രിയില്‍ നേഴ്സിംഗിന് അഡ്മിഷന്‍ ലഭിച്ചു. സ്കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴേക്കും സര്‍ക്കാര്‍ നേഴ്സായി ജോലിയും ലഭിച്ചു. കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാറി മാറി ജോലി ചെയ്തു.


ഇന്ത്യന്‍ വ്യോമസേനയിലേക്ക്  
സരോജ വര്‍ഗീസിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം യാദൃച്ഛികമാണെങ്കിലും അവയ്ക്കെല്ലാം നന്മയുടെ ഒരു കരുത്തുണ്ടായിരുന്നു. ഒപ്പം ദൈവത്തിന്‍റെ നിയോഗവും. 1964-ല്‍ ഡെപ്യൂട്ടേഷനില്‍ ഇന്ത്യന്‍ വ്യോമസേനയിലേക്ക് സെലക്ഷന്‍ ലഭിച്ചു. കാണ്‍പൂരില്‍ ലഫ്റ്റനന്‍റ് റാങ്കില്‍ ഓഫീസര്‍ റാങ്കില്‍ നിയമനം. ഔദ്യോഗിക ജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങള്‍. 1965-ലെ ഇന്ത്യ - പാക് യുദ്ധകാലവും അന്നത്തെ നേഴ്സിംഗ് ജീവിതത്തില്‍ ഒരിക്കലും മറക്കാവുന്നതല്ല. മുറിവേറ്റവരും അംഗഭംഗം സംഭവിച്ചവരുമായ ജവാന്‍മാരെ കാണുമ്പോള്‍ ഹൃദയത്തില്‍ വേദനയായിരുന്നു. രാജ്യത്തിനു വേണ്ടി പോരാടുന്ന ഭാരതത്തിന്‍റെ ധീരന്‍മാര്‍. രാത്രിയും പകലുമെന്നില്ലാതെ അവരെ ശുശ്രൂഷിക്കുന്നതില്‍ വലിയ സംതൃപ്തി ആയിരുന്നു.


വിവാഹം, പുതുജീവിതം, അമേരിക്കന്‍ യാത്ര 
യുദ്ധം അവസാനിച്ച് 1966-ല്‍ നാട്ടില്‍ വന്നപ്പോഴായിരുന്നു വിവാഹം. നിരണം സ്വദേശിയായ മാത്യു വര്‍ഗീസ് എന്ന ജോയുമായി 1966 ജൂണ്‍ 30-ന് വിവാഹം. പെണ്ണുകാണലും വിവാഹ നിശ്ചയവും വിവാഹവും മധുവിധുവും എല്ലാം ഒരു മാസം കൊണ്ട് കഴിഞ്ഞു. യുദ്ധകാലത്ത് വ്യോമസേനയിലെ ജോലി ചെയ്യുന്നതില്‍ മാതാപിതാക്കള്‍ക്ക് വിഷമമായിരുന്നതിനാല്‍ ഇനി ജോലി ചെയ്യണ്ട എന്ന് തീരുമാനിച്ചു. കേരളത്തില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോയതിനാല്‍ തിരികെ എത്തിയാല്‍ നാട്ടില്‍ ജോലി ലഭിക്കുമായിരുന്നു. തിരികെ കാണ്‍പൂരില്‍ എത്തി ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസത്തിനകം തിരികെ നാട്ടിലേക്ക്. ചങ്ങനാശേരി റൂബി റബര്‍ വര്‍ക്സില്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ജോയുടേയും തന്‍റെയും വേതനവും കൊണ്ട് സംതൃപ്തമായ ഒരു കുടുംബ ജീവിതത്തിന് തുടക്കമിട്ടപ്പോഴേക്കും 1967 ജൂണ്‍ 13-ന് മകള്‍ മഞ്ജുവിന്‍റെ ജനനം. 1972-ല്‍ ന്യൂയോര്‍ക്ക് കൊളംബിയ പ്രസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ നിന്ന് ജോലിക്കായി അവസരം വന്നു. അങ്ങനെ അമേരിക്കയിലേക്ക്. 1977-ല്‍ ഫെബ്രുവരി 21-ന് മകന്‍ മജു ജനിച്ചു. ഒരു മകന്‍കൂടി വേണമെന്നുള്ള തന്‍റെ ആഗ്രഹത്തിന് ദൈവത്തിന്‍റെ സമ്മാനമായിരുന്നു അത്.


എഴുത്തിന്‍റെ വഴികള്‍ വായനയുടെ ഉത്സവം
ബാല്യ കൗമാരങ്ങളിലെ വായന യൗവനത്തിലെത്തിയപ്പോള്‍ കൂടുതല്‍ പുസ്തകങ്ങളിലേക്ക് നയിച്ചു. ബഷീറിന്‍െ കഥകള്‍ ഹൃദയത്തില്‍ ചേക്കേറി. എഴുതണമെന്ന് തോന്നലുണ്ടായിരുന്നുവെങ്കിലും ഉള്ളില്‍ ഒരു എഴുത്തുകാരി ഉണ്ട് എന്ന് തിരിച്ചറിഞ്ഞത് അമേരിക്കയിലെത്തിയ ശേഷമാണ്. കഥകള്‍, കവിതകള്‍ ഒക്കെ എഴുതാന്‍ തുടങ്ങിയത് പൊതുജീവിതവുമായി ബന്ധപ്പെട്ടു തുടങ്ങിയപ്പോഴാണ്. അതിന് തന്നെ സഹായിച്ചത് തന്‍റെ ഭര്‍ത്താവ് ജോ ആണ്. എഴുതുന്നതൊക്കെ വായിച്ച് അഭിപ്രായം പറയുമായിരുന്നു. പ്രോത്സാഹിപ്പിക്കുമായിരുന്നു. 1988 മുതല്‍ പലപ്പോഴായി എഴുതിയ കഥകള്‍ അമേരിക്കയില്‍ പ്രചാരത്തിലിരുന്ന പല പത്രങ്ങളിലും പ്രസിദ്ധീകരിച്ചുവന്നത് പ്രചോദനമായി.


തീരം കാണാത്ത തിരമുതല്‍ കമലദളം വരെ
തീരം കാണാത്ത തിര എന്ന ചെറുകഥാ സമാഹാരമാണ് സരോജ വര്‍ഗീസിന്‍റെ പ്രഥമ കൃതി. അതില്‍ 'പിന്നിട്ടു പോയ എക്സിറ്റ്' എന്ന ചെറുകഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. രജനി മാസികയില്‍ പ്രസിദ്ധീകരിച്ച കഥ.
ചാക്കോ ശങ്കരത്തില്‍ എഡിറ്ററായ മാസികയായിരുന്നു അത്. തുടര്‍ന്ന് നിരവധി പ്രസിദ്ധീകരണങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിച്ചു. എഴുതിയതെല്ലാം പുസ്തകമായി.
തീരം കാണാത്ത തിര (ചെറുകഥകള്‍), വിശുദ്ധ സ്വപ്നങ്ങളുമായി വിശുദ്ധനാട്ടില്‍ (യാത്രാവിവരണം), പൊലിയാത്ത പൊന്‍വിളക്ക് (ചെറുകഥകള്‍) - പിന്നീട് ഇംഗ്ലീഷിലേക്ക് ഠവല ഏീഹറലി ഘമാു ടമേിറ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. സഹൃദയ രേഖകള്‍ (ചെറുകഥകള്‍, ലേഖനങ്ങള്‍), സാഗരഹൃദയത്തിലെ പറുദീസയുടെ (യാത്രാവിവരണം),
സുവാര്‍ത്ത ഗീതം (ക്രിസ്തുമസ് ഗാനങ്ങള്‍), മുത്തശ്ശി കഥകള്‍ (കുട്ടികള്‍ക്കായുള്ള കഥകള്‍), പ്രിയ ജോ, നിനക്കായി ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍), സഞ്ചാരം സാഹിത്യം സന്ദേശം, കമലദളങ്ങള്‍ (കവിതാസമാഹാരം). കവിതകള്‍, ലേഖനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങി ഏറെ എഴുതിയിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച മാധ്യമമായി തോന്നിയത് ചെറുകഥകളാണ്. കഥകള്‍ മനുഷ്യനെ ഏറെ ചിന്തിപ്പിക്കുകയും മനുഷ്യ മനസ്സുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യമാക്കുന്നവയുമാണ് എന്ന് സരോജ വര്‍ഗീസ് വിശ്വസിക്കുന്നു.


പ്രവാസ കവിതയിലെയും  കഥയിലെയും ആത്മബന്ധം 
സരോജ വര്‍ഗീസ്, അമേരിക്കന്‍ മലയാളി സാഹിത്യത്തിന് നല്‍കിയത് കേവലം കുറച്ച് കവിതകളും കഥകളും ലേഖനങ്ങളും മാത്രമല്ല; മറിച്ച്, പ്രവാസത്തിന്‍റെ ആത്മാവിനെയും മാതൃത്വത്തിന്‍റെയും ഭാര്യയുടെയും സ്നേഹത്തെയും സത്യസന്ധമായി അടയാളപ്പെടുത്തിയ രചനകളാണ്. 47 വര്‍ഷത്തിലധികം നീണ്ട പ്രവാസ ജീവിതത്തില്‍ നേടിയ അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ നമുക്ക് പകര്‍ന്നു നല്‍കി.
അവരുടെ വാക്കുകള്‍, വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവ കൈവിടാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ ഓരോ പ്രവാസി മലയാളി സ്ത്രീക്കും പ്രചോദനമാകുന്നു. സരോജ വര്‍ഗീസ് എന്ന കവയിത്രി, കഥാകൃത്ത്, ലേഖിക, ന്യൂയോര്‍ക്കിലെ തിരക്കുകള്‍ക്കിടയിലും മാതൃഭാഷയുടെ മധുരം നിലനിര്‍ത്താന്‍ പരിശ്രമിച്ച ഒരു സാംസ്കാരിക നായികയായി എന്നും ഓര്‍മ്മിക്കപ്പെടും.


സ്നേഹത്തിന്‍റെ സമര്‍പ്പണം
'പ്രിയ ജോ, നിനക്കായ് ഈ വരികള്‍' 

സരോജ വര്‍ഗീസിന്‍റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സൃഷ്ടിയാണ്, തന്‍റെ പ്രിയ ഭര്‍ത്താവിനായുള്ള കുറിപ്പുകളുടെ സമാഹാരമായ 'പ്രിയ ജോ, നിനക്കായ് ഈ വരികള്‍'. ഈ കൃതി വെറുമൊരു സമാഹാരമല്ല, മറിച്ച്, പ്രവാസത്തിന്‍റെ ഏകാന്തതയിലും ജീവിതത്തിന്‍റെ എല്ലാ പ്രതിസന്ധികളിലും, വിജയത്തിലും  കൂടെനിന്ന ഭര്‍ത്താവിനോടുള്ള ആദരവിന്‍റെയും സ്നേഹത്തിന്‍റെയും സാക്ഷ്യമാണ്.
ഈ പുസ്തകം, ഒരു പ്രവാസി ഭാര്യയുടെയും അമ്മയുടെയും മനസ്സിലെ വികാരങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുന്നു. 2014-ല്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്‍റ് സെക്രട്ടറി ആയിരിക്കെ കേരളത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ച ലാനയുടെ കേരളാ കണ്‍വന്‍ഷനില്‍ മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ആയിരുന്നു ഈ പുസ്തകം പ്രകാശനം ചെയ്തത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത, വിരഹം, ഓര്‍മ്മകള്‍, വിശ്വാസം എന്നിവയെല്ലാം സരോജാ വര്‍ഗീസിന്‍റെ രചനകളുടെ  പ്രധാന വിഷയങ്ങളാണ്. ഭര്‍ത്താവിന്‍റെയും മക്കളുടെയും സ്നേഹം നല്‍കിയ ആത്മവിശ്വാസമാണ് എഴുത്തിന്‍റെ വഴിയില്‍ മുന്നോട്ട് പോകാന്‍ തനിക്ക് ശക്തി നല്‍കിയതെന്ന് രേഖപ്പെടുത്തുന്നു. മരിക്കും മുന്‍പ് കുത്തിക്കുറിച്ച ഓര്‍മ്മക്കുറിപ്പുകള്‍ അച്ചടിച്ച് കാണണമെന്നുള്ള ജോയുടെ ആഗ്രഹം സാധിച്ചുകൊടുക്കുവാന്‍ സാധിച്ചതാണ് എഴുത്തുകാരി എന്ന നിലയില്‍ ധന്യത തോന്നിയ അനുഭവം. 'ഓര്‍മ്മയുടെ സരോവരതീരങ്ങളില്‍' എന്ന പേരില്‍ ആ പുസ്തകവും പ്രസിദ്ധീകരിച്ചു.
അധികം എഴുത്തുകാരുടെ പിന്‍ബലമില്ലാതെ, കഥയും കവിതയും ലേഖനങ്ങളുമായി സരോജ വര്‍ഗീസ് എന്ന വനിത സഞ്ചരിക്കുമ്പോള്‍, അതൊരു ഭാഗ്യമായി ഭവിക്കുന്നു. മലയാളികളെ ലോകത്തിന്‍റെ ഏത് കോണില്‍ ചെന്നാലും ഒന്നിപ്പിക്കാന്‍ കഴിയുന്ന കാര്യങ്ങളെ അവര്‍ തിരിച്ചറിഞ്ഞു.
സരോജാ വര്‍ഗീസിന്‍റെ രചനകള്‍ പ്രവാസത്തിന്‍റെ ആശങ്കകളെയും ഒറ്റപ്പെടലിനെയും സ്നേഹം കൊണ്ട് എങ്ങനെ മറികടക്കാമെന്ന് പഠിപ്പിക്കുന്നു. മാതൃനാടിന്‍റെ ഓര്‍മ്മകളും, അമേരിക്കന്‍ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളും അവര്‍ തന്‍റെ തൂലികയിലൂടെ സമന്വയിപ്പിച്ചു.


കുടുംബം: ജീവിതത്തിന്‍റെ ആധാരശില 
സരോജ വര്‍ഗീസിന്‍റെ ജീവിതത്തിലും എഴുത്തിലും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് കുടുംബമാണ്. മാതാപിതാക്കള്‍  ഭര്‍ത്താവ് മാത്യു വര്‍ഗീസ് (ജോ), മക്കള്‍ എന്നിവര്‍ സരോജാ വര്‍ഗീസിന്‍റെ സാഹിത്യ - സാമൂഹിക ജീവിതത്തില്‍ അചഞ്ചലമായ പിന്തുണ നല്‍കി. അധ്യാപികയായ മകള്‍ മഞ്ജുവിനും മരുമകന്‍ കോശി മാത്യുവിനുമൊപ്പം ഫ്ളോറിഡയിലാണ് ഇപ്പോള്‍ താമസം. മകളുടെ രണ്ടു പെണ്‍മക്കളുടെയും (ജെന്നീഫര്‍, ജാക്ലിന്‍) വിവാഹം കഴിഞ്ഞു. ഒരാള്‍ ഫ്ളോറിഡയിലും മറ്റൊരാള്‍ ന്യൂജേഴ്സിയിലുമാണ് താമസം. മകന്‍ മജു വര്‍ഗീസ് പൊളിറ്റിക്സില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവിയാണ്. ഒബാമയും ബൈഡനും പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികള്‍ ആയിരിക്കെ അവരുടെ കാമ്പെയ്ന്‍ മാനേജരായി പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കക്കാരിയായ ജൂലിയെയാണ് മജു വിവാഹം ചെയ്തിരിക്കുന്നത്. ഒരു മകന്‍ എവന്‍. ഇന്ത്യയുടെ റിപ്പബ്ലിക് ഡേ പരേഡില്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ പങ്കെടുത്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന മലയാളി എന്ന പേരില്‍ മജുവിനെക്കുറിച്ച് ഇന്ത്യയിലെ പത്ര ദൃശ്യ മാധ്യമങ്ങള്‍ മജുവിനെക്കുറിച്ച് എഴുതിയിരുന്നു. അത് ഒരു 'അമ്മ എന്ന നിലയില്‍ വലിയ അഭിമാനം തോന്നി. ബൈഡന്‍ ഭരണകൂടത്തിനു കീഴില്‍ ഡയറക്ടര്‍ ഓഫ് വൈറ്റ് ഹൗസ് മിലിട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ജോയുടെ മരണ സമയത്ത് ഒബാമ ന്യൂയോര്‍ക്കില്‍ എത്തി അനുശോചനം അറിയിച്ചതും ഒരു കരുത്തായിരുന്നു അന്ന്. മക്കളും കൊച്ചുമക്കളും ജോയെക്കുറിച്ചുള്ള ഓര്‍മ്മകളുമാണ് ഇന്ന് സരോജാ വര്‍ഗീസിന്‍റെ കരുത്ത്. അത് മുന്നോട്ടു നടക്കാന്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ല. 
പ്രവാസത്തിന്‍റെ ഓട്ടപ്പാച്ചിലിനിടയിലും  കഠിനാദ്ധ്വാനത്തിലും, കുടുംബത്തിന്‍റെ സാമീപ്യം അവര്‍ക്ക് സ്വര്‍ഗ്ഗതുല്യമായ സന്തോഷം നല്‍കി. തന്‍റെ കൃതികളുടെ ആമുഖത്തില്‍, കുടുംബമാണ് തന്‍റെ എല്ലാമെല്ലാമെന്ന് അവര്‍ ഹൃദയസ്പര്‍ശിയായി കുറിക്കുന്നു. ഈ കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് അവരുടെ എഴുത്തുകളുടെ അടിസ്ഥാന വികാരം.

സംഘടനാ രംഗത്തെ സ്ത്രീശക്തി:
സാമൂഹിക സമര്‍പ്പണത്തിന്‍റെ അധ്യായം 

സരോജ വര്‍ഗീസ് എന്ന കവയിത്രി, കഥാകൃത്ത്, സാഹിത്യ ലോകത്തെ തന്‍റെ സംഭാവനകള്‍ക്കപ്പുറം, അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹിക സമര്‍പ്പണത്തിന്‍റെയും സ്ത്രീശക്തിയുടെയും പ്രതീകമായി നിലകൊണ്ടു. ന്യൂയോര്‍ക്കിലെ തിരക്കിട്ട പ്രവാസജീവിതത്തിനിടയിലും, വിവിധ കലാ-സാംസ്കാരിക, മതപരമായ സംഘടനകളില്‍ അവര്‍ വഹിച്ച നേതൃപരമായ പദവികള്‍, പ്രവാസി സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കായുള്ള അവരുടെ നിസ്വാര്‍ത്ഥമായ പ്രതിബദ്ധതയുടെ ആഴം വ്യക്തമാക്കുന്നു. ആത്മീയ രംഗത്ത്, മലങ്കര ഓര്‍ത്തഡോക്സ് അമേരിക്കന്‍ ഡയോസിസ് മര്‍ത്തമറിയം ജനറല്‍ സെക്രട്ടറി എന്ന സുപ്രധാന സ്ഥാനവും, ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്‍റെ സെക്രട്ടറി എന്ന പദവിയും അവര്‍ അലങ്കരിച്ചു.
ഡയോസിസിന്‍റെ മുഖപത്രമായ ഡയോസിസ് വോയ്സിന്‍റെ ചീഫ് എഡിറ്റര്‍ എന്ന നിലയിലും, എക്യുമിനിക്കല്‍ ഓര്‍ത്തഡോക്സ് അസ്സോസിയേഷന്‍റെ വൈസ് പ്രസിഡന്‍റ് എന്ന നിലയിലും സഭയുടെയും വിശ്വാസ സമൂഹത്തിന്‍റെയും പ്രവര്‍ത്തനങ്ങളില്‍ അവര്‍ സജീവമായിരുന്നു. അവരുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഒരു സഭയുടെ മാത്രം അതിര്‍ത്തിരേഖകളില്‍ ഒതുങ്ങി നിന്നില്ല. അമേരിക്കന്‍ മലയാളികളുടെ പല പൊതുവേദികളിലും അവര്‍ നല്‍കിയ സന്ദേശങ്ങള്‍ മികവുറ്റതായിരുന്നു. മലയാളി സംഘടനകളുടെ ഓണാഘോഷങ്ങള്‍, ശ്രീനാരായണ ധര്‍മ്മപരിപാലന സംഘടനയുടെ സമ്മേളനങ്ങള്‍, ജനനി മാസികയുടെ വാര്‍ഷികാഘോഷങ്ങള്‍ ഇവയിലൊക്കെ സരോജ വര്‍ഗീസിന്‍റെ വാക്കുകള്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അമേരിക്കയിലെ യുവജനങ്ങളില്‍ വീക്ഷണവിശുദ്ധി വരുത്താനും സരോജ വര്‍ഗീസ്  പ്രവര്‍ത്തിച്ചിട്ടുണ്ട്.  Indian culture and tradition എന്ന വിഷയത്തെപ്പറ്റി New Hyde Park Memorial High School-ല്‍ യുവജനങ്ങള്‍ക്കുവേണ്ടി സരോജ വര്‍ഗീസ് പല തവണ ക്ലാസ്സുകള്‍ നയിച്ചിട്ടുണ്ട്.
കലാ-സാംസ്കാരിക മേഖലയില്‍, കേരളാ സെന്‍റര്‍ ന്യൂയോര്‍ക്കിന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച സരോജ വര്‍ഗീസ്, കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്‍റെ ട്രഷറര്‍, വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ്, സുവനീര്‍ ചീഫ് എഡിറ്റര്‍ എന്നീ വിവിധ പദവികളും വഹിച്ചു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയായ ലാനയുടെ ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച് പ്രവാസി എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കി. 
ഈ പ്രവര്‍ത്തനങ്ങളെല്ലാം, പ്രവാസ ലോകത്ത് മലയാളി സാംസ്കാരിക പൈതൃകം നിലനിര്‍ത്താനും, യുവതലമുറയെ മൂല്യബോധമുള്ളവരാക്കാനും, ഒരു സ്ത്രീ എന്ന നിലയില്‍ നേതൃനിരയില്‍ നിന്ന് സമൂഹത്തിന് ദിശാബോധം നല്‍കാനും സരോജ വര്‍ഗീസിന് കഴിഞ്ഞു എന്ന് തെളിയിക്കുന്നു.


എഴുത്തിലെ സ്ത്രീ പ്രാതിനിധ്യം
പ്രവാസലോകത്തെ യാഥാസ്ഥിതിക ചിന്തകളെ മറികടന്ന്, സരോജ വര്‍ഗീസ് എന്ന എഴുത്തുകാരി തന്‍റെ തൂലികയാല്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു എന്ന് വേണം അടയാളപ്പെടുത്താന്‍. സ്ത്രീകള്‍ പൊതുരംഗത്തും സാഹിത്യരംഗത്തും പലപ്പോഴും പിന്നോട്ട് നില്‍ക്കേണ്ടി വരുന്ന പ്രവാസി സമൂഹത്തില്‍, സരോജ തന്‍റെ കൃതികളിലൂടെയും സംഘടനാ നേതൃത്വത്തിലൂടെയും ശക്തമായ ഒരു പെണ്‍ശബ്ദമായി മാറി. 
ഈ നേതൃപരമായ പങ്ക്, മതപരവും സാംസ്കാരികവുമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഉയര്‍ന്ന വേദികളില്‍ സ്ത്രീകളുടെ ശബ്ദവും പ്രാതിനിധ്യവും ഉറപ്പിച്ചു. ഈ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ, തൊഴിലിനും കുടുംബത്തിനും പുറത്തും ഒരു സ്ത്രീക്ക് സമൂഹത്തില്‍ സജീവവും നിര്‍ണ്ണായകവുമായ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു.
സരോജ വര്‍ഗീസിന്‍റെ എഴുത്ത്, വിശ്വാസം, സ്നേഹം, മാതൃഭാഷാ പൈതൃകം എന്നീ മൂല്യങ്ങളെ ആധുനിക ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളുമായി സമന്വയിപ്പിച്ചു. കേരളീയ മൂല്യങ്ങളില്‍ ഉറച്ചുനിന്ന്, അതേ സമയം അമേരിക്കന്‍ ജീവിതത്തിന്‍റെ വേഗതയെയും ഒറ്റപ്പെടലിനെയും ചിത്രീകരിക്കുന്നതിലൂടെ, അവര്‍ ഒരു പുതിയ പ്രവാസി സാഹിത്യധാരയ്ക്ക് തുടക്കമിട്ടു. ഈ എഴുത്ത്, ഒരു അധ്യാപികയായ അമ്മയില്‍ നിന്ന് ലഭിച്ച ഭാഷാപരമായ അറിവും അനുഭവങ്ങള്‍ നല്‍കിയ കാര്യക്ഷമതയും ഉപയോഗിച്ച്, വളരെ വ്യക്തവും ലക്ഷ്യബോധമുള്ളതുമായിരുന്നു. കേവലം ഗൃഹാതുരതയല്ല, മറിച്ച്, പ്രവാസത്തെ അതിജീവിച്ച് വിജയിച്ച ഒരു സ്ത്രീയുടെ ആത്മവിശ്വാസം അവരുടെ ഓരോ വാക്കുകളിലും പ്രതിധ്വനിക്കുന്നു. ഈ ധീരവും സമര്‍പ്പിതവുമായ സാഹിത്യ - സാമൂഹിക ജീവിതം, പ്രവാസ ലോകത്തെ 'പെണ്ണെഴുത്തിലെ വിപ്ലവത്തിന്‍റെ' ഒരു തിളങ്ങുന്ന അധ്യായമായിڔനിലനില്‍ക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.