PRAVASI

ഷാജന്‍ ആനിത്തോട്ടത്തിന്‍റെ കഥാസമാഹാരം 'ഹിമ' പ്രകാശനം ചെയ്തു

Blog Image

കൊച്ചി: ലാന മുന്‍ പ്രസിഡന്‍റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടത്തിന്‍റെ അഞ്ചാമത്തെ പുസ്തകമായ 'ഹിമ'യുടെ ഔദ്യോഗിക പ്രകാശനം കൊച്ചിയില്‍ നടന്നു. മാതൃഭൂമി ബുക്സില്‍ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ കഥാകൃത്ത് ഫ്രാന്‍സീസ് നൊറോണയ്ക്ക് പുസ്തകം നല്കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, എഴുത്തുകാരനും ഗാന്ധിയനുമായ പി.ഐ. ശങ്കരനാരായണന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
മലയാള സാഹിത്യത്തിന് പ്രവാസഭൂമിയില്‍ നിന്നും ലഭിക്കുന്ന വിലപ്പെട്ട സമ്മാനമാണ് ഷാജന്‍ ആനിത്തോട്ടത്തിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമായ 'ഹിമ' എന്ന് സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഒട്ടേറെ വായനക്കാരുടെ പ്രശംസ നേടിയെടുത്ത 'പകര്‍ന്നാട്ടം' എന്ന നോവലുള്‍പ്പെടെ ഗ്രന്ഥകാരന്‍റെ എല്ലാ കൃതികളിലൂടെയും കടന്നുപോയിട്ടുള്ള തനിക്ക് ഷാജന്‍ ആനിത്തോട്ടം തന്‍റെ പ്രിയപ്പെട്ട രചനകള്‍കൊണ്ട് മലയാള സാഹിത്യലോകത്തെ ഇനിയും സമ്പന്നമാക്കുമെന്ന് അദ്ദേഹം അനുഗ്രഹിച്ചു. 'ഹിമ'യിലെ കഥയിലൂടെ കടന്നുപോകുമ്പോള്‍ അമേരിക്കന്‍ സാമൂഹികജീവിതത്തിലെ കൗതുകങ്ങളുടെയും കുതൂഹലതകളുടെയും നേര്‍ക്കാഴ്ചകളാണ് വായനക്കാരന് പ്രത്യക്ഷത്തില്‍ ലഭിക്കുന്നതെന്ന് ഫ്രാന്‍സീസ് നൊറോണ സമര്‍ത്ഥിച്ചു. പ്രമേയങ്ങളുടെ മേന്മ കൊണ്ടും ശീര്‍ഷകങ്ങളുടെ ആകര്‍ഷണീയത കൊണ്ടും ഓരോ കഥകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. മികച്ച കൈയടക്കത്തോടെ രചിക്കപ്പെട്ട വായനാസുഖമുള്ള മനോഹരമായ ചെറുകഥകളാണ് 'ഹിമ'യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുത്തിന്‍റെ ലോകത്തെ വളരുന്ന വാഗ്ദാനമായി ഷാജന്‍ ആനിത്തോട്ടത്തെ ഫ്രാന്‍സീസ് നൊറോണ വിശേഷിപ്പിച്ചു.
കലാകൗമുദി, മനോരമ തുടങ്ങി കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ വന്ന ഇരുപത്തിയൊന്ന് ചെറുകഥകളുടെ സമാഹാരമാണ് 'ഹിമ'. സി. രാധാകൃഷ്ണന്‍റെ അവതാരികയും ബെന്യാമിന്‍റെ ആസ്വാദനക്കുറിപ്പും പുസ്തകത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു. മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍. കോപ്പികള്‍ മാതൃഭൂമിയുടെ ഇന്ത്യയിലെ ശാഖകളില്‍ നിന്നോ ഓണ്‍ലൈനായോ ലഭിക്കുന്നതാണ്. വില: ഇരുന്നൂറ്റിയമ്പത് രൂപ.



Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.