'മറ്റുള്ള മനുഷ്യരെ സ്വന്തം ജീവിതത്തില്‍ പരിഗണിക്കുന്നത് മനോഹരമായ ഒരു കാര്യമാണ്. അന്യരില്‍ നിങ്ങള്‍ നടത്തുന്ന മാതൃകാപരമായ ഇടപെടലുകള്‍ പ്രകൃതിയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുമെന്ന് പഠനങ്ങള്‍ പറയുമ്പോള്‍, സാമൂഹ്യ സേവനം ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ പോലെ നിങ്ങളിലും സേവനം ലഭിക്കുന്നവരിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു'
സാമൂഹ്യ സേവനം ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റുന്ന മനുഷ്യരെ മഹാന്മാരെന്ന് വിളിക്കുന്നതാണ് അതിന്‍റെ ഭംഗി. ആ ഭംഗി എപ്പോഴും കൊണ്ടുനടക്കുന്ന ഒരാളാണ് വര്‍ഗീസ് ജേക്കബ് ഫ്ളോറിഡ. ഒരു ഉയര്‍ന്ന മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന്, സമൂഹത്തിന്‍റെ ഉന്നതികളിലേക്ക് നടന്നു കയറിയ അദ്ദേഹത്തിന്‍റെ ജീവിതം എഴുത്തിനേക്കാള്‍ മനോഹരമാണ് എന്ന് പറയുന്നതാകും ശരി.

ജീവിതം തളിരിലകള്‍ കൊണ്ട് ധന്യമാകുമ്പോള്‍
പത്തനംതിട്ട ജില്ലയില്‍ പുല്ലാട് വല്യത്ത് കുടുംബത്തില്‍, കുലത്താക്കല്‍ പൂര്‍വ്വ കുടുംബത്തിന്‍റെ അഭിമാനമായി ജനിച്ച വര്‍ഗീസ് ജേക്കബ്, വല്യത്ത് വി. വി. ജേക്കബിന്‍റെയും അച്ചാമ്മ ജേക്കബിന്‍റെയും മൂത്ത മകനാണ്. കേരളത്തിന്‍റെ ഗ്രാമീണ പശ്ചാത്തലത്തില്‍, മലയോരനാടിന്‍റെ പച്ചപ്പിനിടയിലാണ് അദ്ദേഹത്തിന്‍റെ ബാല്യം രൂപപ്പെട്ടത്. പിതാവ് മലേഷ്യയില്‍ പ്രവാസിയായിരുന്നതിനാല്‍, അമ്മയുടെ വീടായ മാന്നാര്‍, മേല്‍പ്പാടത്ത് താമസിച്ചുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം നടത്തി. മേല്‍പ്പാടം എം. ടി. എല്‍. പി. സ്കൂള്‍, കുമ്പനാട് നോയല്‍ മെമ്മോറിയല്‍ സ്കൂളിലും കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലും പഠനം തുടര്‍ന്നു. സുവോളജിയില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും ഭോപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദവും നേടിക്കൊണ്ട് അക്കാദമിക്ക് രംഗത്ത് സമാനതകള്‍ ഇല്ലാതെ വര്‍ഗീസ് ജേക്കബ് മുന്നേറി.

ഈ അക്കാദമിക് യാത്ര, അദ്ദേഹത്തിന്‍റെ ജ്ഞാനദാഹത്തിന്‍റെ തെളിവായിരുന്നു. ബിരുദാനന്തരം, അധ്യാപകവൃത്തിയിലേക്ക് കടന്ന അദ്ദേഹം, വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ചരിത്രത്തിന്‍റെ പാഠങ്ങള്‍ വഴി അറിവിന്‍റെ വെളിച്ചം പകര്‍ന്നു. ഒരു മനുഷ്യന്‍ അധ്യാപകന്‍ ആകുമ്പോള്‍ അത് മറ്റുള്ളവരെ ധാരാളം പരിഗണിക്കുന്ന ഒരാള്‍ കൂടിയാകുമ്പോള്‍ അതില്‍ പ്രത്യേകമായ ഭംഗിയുണ്ട്. താന്‍ അറിഞ്ഞു വളര്‍ന്നതും വായിച്ചതുമായ കാര്യങ്ങള്‍ എല്ലാം വര്‍ഗീസ് ജേക്കബ് തന്‍റെ വിദ്യാര്‍ത്ഥികളിലേക്കും പകര്‍ന്നത്തോടെ ഒരു നല്ല അധ്യാപക വിദ്യാര്‍ത്ഥി ബന്ധം അവിടെ ഉടലെടുത്തു. മികച്ച അധ്യാപകന്‍ ആണല്ലോ മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുന്നത്.

ജീവിതത്തിലെ നാഴികക്കല്ലുകള്‍ രൂപപ്പെടുമ്പോള്‍
1974ല്‍, വര്‍ഗീസ് ജേക്കബിന്‍റെ ജീവിതത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു. കുന്നന്താനം മേലേപുരക്കല്‍ തങ്കച്ചന്‍റെയും ഏലിയാമ്മയുടെയും മൂത്ത മകളായ കുഞ്ഞൂഞ്ഞമ്മയെ (അന്നമ്മ ജേക്കബ്) വിവാഹം കഴിച്ചതോടെ, അദ്ദേഹം അമേരിക്കയിലേക്ക് പ്രവാസജീവിതവുമായി ജൈത്രയാത്ര ആരംഭിച്ചു. പുതിയൊരു പ്രദേശത്തെത്തിയ വര്‍ഗീസ് ജേക്കബ്, തന്‍റെ അക്കാദമിക് രംഗത്ത് ഒരു വലിയ വിപ്ലവ സൃഷ്ടിക്കുകയും അതേ വര്‍ഷം, ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിയില്‍ ബിരുദം നേടുകയും ചെയ്തു. ഈ മാറ്റം അവിടെ ആശുപത്രികളിലും ലാബുകളിലും ജോലി ചെയ്യാന്‍ വേണ്ട അറിവ് അദ്ദേഹത്തിന് നല്‍കി. പിന്നീട് 1977-ല്‍, ഫ്ളോറിഡയിലേക്ക് മാറിയ അദ്ദേഹം, ജോലിക്കൊപ്പം റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്ററായിڔ മാറിയതോടെ ജീവിതം മറ്റൊരു ദിശയിലേക്ക് നീങ്ങി. ബിസിനസ് സംരംഭങ്ങള്‍ അദ്ദേഹത്തിന്‍റെ സാമ്പത്തികമായുള്ള ദീര്‍ഘവീക്ഷണത്തിന്‍റെ തെളിവായി, ഇന്നും തുടരുന്നു എന്നതാണ് അത്ഭുതം.

കുടുംബജീവിതം: സ്നേഹത്തിന്‍റെ അടിത്തറ
വര്‍ഗീസിന്‍റെ കുടുംബജീവിതം, അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ മറ്റൊരു മുഖമാണ്. ഭാര്യ അന്നമ്മ ജേക്കബ്, ഹോളിവുഡ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഐ.സി.യു. നഴ്സായി സേവനമനുഷ്ഠിച്ച് റിട്ടയര്‍ ചെയ്തു. ഭാര്യയുടെ സേവനബോധം, വര്‍ഗീസിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നത് കൊണ്ട് തന്നെ മനോഹരമായ ഒരു സ്നേഹം അവര്‍ക്കിടയില്‍ എപ്പോഴും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. വര്‍ഗീസ് - അന്നമ്മ ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്: മൂത്ത മകന്‍ ഡോ. ബിനു ജേക്കബ് കാര്‍ഡിയോളജിസ്റ്റും ഇലക്ട്രോഫിസിയോളജിസ്റ്റുമാണ്; മകള്‍ ഡോ. ജൂലി ജേക്കബ്, വെറ്ററിനറി ഡോക്ടറാണ്.
ഇവര്‍ക്ക് നാല് കൊച്ചുമക്കള്‍ ഉണ്ട് അവരാണ് ഇപ്പോള്‍ ഈ കുടുംബത്തിന്‍റെ പ്രകാശവും സന്തോഷവും. ഒരു കുടുംബം എങ്ങനെയാണ് ഒരു മനുഷ്യനെ അല്ലെങ്കില്‍ അയാളുടെ പ്രവര്‍ത്തിയെ പിന്താങ്ങുന്നത് എന്ന് വര്‍ഗീസ് ജേക്കബിന്‍റെ ജീവിതം നിരീക്ഷിച്ചാല്‍ വ്യക്തമായി മനസിലാക്കാവുന്നതാണ്.

സഭാസേവനം: ആത്മീയതയുടെ പാത
മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്ളോറിഡയുടെ വൈസ് പ്രസിഡന്‍റും ട്രസ്റ്റിയുമായി, വര്‍ഗീസ് ജേക്കബ് സഭയുടെ നേതൃത്വത്തില്‍ സുപ്രധാന പങ്ക് വഹിച്ചു. ഭദ്രാസന അസംബ്ലി മെമ്പറായും സഭാമണ്ഡലം പ്രതിനിധിയായും, അദ്ദേഹം പ്രവാസി മലയാളികളുടെ ആത്മീയവും സാമൂഹികവുമായ ജീവിതത്തെ ശക്തിപ്പെടുത്താന്‍ മുന്‍ബന്ധിയില്‍ തന്നെ ഉണ്ടായിരുന്നു. സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ, സമൂഹത്തിന്‍റെ ഐക്യവും വിശ്വാസവും വളര്‍ത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ആത്മീയമായ ഉണര്‍വ് ഒരു സംഘാടകന് കൂടുതല്‍ നന്മയുള്ള പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കുവാന്‍ സാധിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

സാമൂഹിക പ്രവര്‍ത്തനം: കൈരളി ആര്‍ട്സ് ക്ലബിന്‍റെ നേതൃത്വം
വര്‍ഗീസ് ജേക്കബിന്‍റെ ജീവിതത്തിലെ ഏറ്റവും ശോഭനമായ അധ്യായം, സൗത്ത് ഫ്ളോറിഡയിലെ കൈരളി ആര്‍ട്സ് ക്ലബിന്‍റെ പ്രസിഡന്‍റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ സേവനമാണ്. കഴിഞ്ഞ നാല് വര്‍ഷമായി, ഈ ക്ലബ് സാംസ്കാരിക- കലാപരിപാടികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. കേരളത്തിലും അമേരിക്കയിലും നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍, പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍, വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമായി 1 കോടി രൂപയിലധികം വിതരണം ചെയ്തു.

ഒരുപക്ഷെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഒരു ഉദാത്ത മാതൃക തന്നെ കൈരളി ആര്‍ട്സ് ക്ലബ് മുന്നോട്ട് വെക്കുന്നു എന്ന് വേണം നമ്മള്‍ മനസ്സിലാക്കാന്‍. സാധാരണക്കാരായ മനുഷ്യരിലേക്ക് ഇറങ്ങിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന അവരുടെ രീതി ധന സഹായങ്ങള്‍ കൂടുതല്‍ സുതാര്യതയോടെ കൈമാറാന്‍ സഹായിക്കുന്നുണ്ട്.

തിരുവല്ല വൈ.എം.സി.എ. വികാസ് സ്കൂള്‍
ബുദ്ധിവൈകല്യമുള്ള 100-ലധികം കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ കുടുംബങ്ങളുടെ പരിപാലനത്തിനും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനുള്‍പ്പെടെ, കൈരളി ആര്‍ട്സ് ക്ലബ് വര്‍ഗീസ് ജേക്കബിന്‍റെ നേതൃത്വത്തില്‍ 1 കോടി രൂപയോളം സഹായം നല്‍കിയിട്ടുണ്ട്. പഠനോപകരണങ്ങള്‍, ഓണ - ക്രിസ്മസ് ആഘോഷങ്ങളില്‍ സമ്മാനങ്ങള്‍, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നത് വര്‍ഷംതോറും തുടരുന്നു. മൂന്ന് കുട്ടികളുടെ സ്പോണ്‍സര്‍ഷിപ്പും ക്ലബ് ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്. 2025-ല്‍ മാത്രം, 4 ലക്ഷം രൂപയിലധികം വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചു.
ഇത് കൂടാതെ തന്നെ ഫോക്കാന വഴി 7 ഓളം ഭവനങ്ങള്‍ പണിതു നല്‍കുകയും, മാജിക് പ്ലാനറ്റ് വഴി സ്ത്രീകൂട്ടായ്മയ്ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കുകയും സംഘടന ചെയ്തിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംഘടന നല്‍കിയ സഹായമാണ്. 30 നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സെല്‍ഫോണുകള്‍, കൊട്ടാരക്കര യുവസാരഥി ക്ലബ്ബിനൊപ്പം 30 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, 1 ലക്ഷം രൂപ മുടക്കി പഠനകളരി എന്നിവ സംഘടന നല്‍കിയിട്ടുണ്ട്.

കൂടാതെ ജയിലിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, കിഡ്നി ഫൗണ്ടേഷന് ധനസഹായം, ആംബുലന്‍സ് വാങ്ങല്‍ തുടങ്ങിയവയും, മയാമി & ഫോര്‍ട്ട് ലോഡര്‍ഡെയില്‍, സൂപ്പ് കിച്ചന്‍ വഴി ഭക്ഷണ വിതരണം എന്നിവയും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ടവയാണ്.
ഈ പ്രവര്‍ത്തനങ്ങളില്‍, ജോര്‍ജി വര്‍ഗീസ്, ഡോ. മാമ്മന്‍ സി. ജേക്കബ്, ഡോ. മഞ്ജു സാമുവേല്‍, അവിനാശ് ഫിലിപ്പ്, ജോര്‍ജ് മാത്യു, വര്‍ഗീസ് സാമുവേല്‍, മാത്യു ജേക്കബ് എന്നിവര്‍ കൂടി സജീവ പങ്കാളികളാണ് എന്നതും നമ്മള്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. 'പിന്നോക്ക വിഭാഗങ്ങള്‍ക്ക് അല്പമെങ്കിലും സഹായം നല്‍കാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്,' എന്ന് വര്‍ഗീസ് ജേക്കബ് പറയുന്നു.

ജീവിതത്തിന്‍റെ പാഠങ്ങള്‍
വര്‍ഗീസ് ജേക്കബിന്‍റെ ജീവിതം, കേരളത്തില്‍ തുടങ്ങിയ ഗ്രാമീണ ബാല്യം മുതല്‍ അമേരിക്കയിലെ പ്രവാസജീവിതം വരെയുള്ള ഒരു യാത്രയാണ്. വിദ്യാഭ്യാസം, കരിയര്‍, കുടുംബം, സേവനം എല്ലാം സന്തുലിതമാക്കി, അദ്ദേഹം സമൂഹത്തിന് മാതൃകയായി മാറിക്കൊണ്ടേയിരിക്കുന്നു. കൈരളി ആര്‍ട്സ് ക്ലബിന്‍റെ നേതൃത്വത്തില്‍, പ്രവാസി മലയാളികളുടെ കരുണയുടെ പ്രതീകമായി അദ്ദേഹം ജീവിതത്തില്‍ ഉടനീളം മാറി. ഭാവിയിലും, ഈ സേവന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടരുമെന്ന് തന്നെ നമുക്ക് വിലയിരുത്താം. യഥാര്‍ത്ഥത്തില്‍ വര്‍ഗീസ് ജേക്കബിന്‍റെ ജീവിതം, സേവനത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു കഥ തന്നെയാണ്.













