KERALA

'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളെ കണ്ട് വൈസ് ചാന്‍സിലര്‍

Blog Image
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാര്‍ത്ഥന്‍റെ നെടുമാങ്ങാട്ടുള്ള വീട്ടിലാണ് വിസി എത്തിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും കെഎസ് അനില്‍ പറഞ്ഞു.  അന്വേഷണ കമ്മീഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല. കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധന സഹായം നൽകും.

റാഗിങ് പോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കാര്യങ്ങൾ കമ്മീഷന്‍റെ പരിധിയിലാണ് വരുന്നത്.  വൈസ് ചാൻസിലർ ഓഫീസിലെ എല്ലാവരും പുതിയതാണെന്നും കെഎസ് അനില്‍ പറഞ്ഞു.  സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് വൈസ് ചാന്‍സിലറോട് കാര്യങ്ങള്‍ വിശദീകരിച്ചു. പുതിയ വിസിയോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ടെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. പുതിയ വിസിയിൽ പ്രതീക്ഷയുണ്ടെന്നും ആശങ്കയെല്ലാം അറിയിച്ചിട്ടുണ്ടെന്നും നീതിപൂർവമായ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയപ്രകാശ് പറഞ്ഞു.

ഈ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത് അട്ടിമറിക്കാൻ സാധിച്ചില്ലെന്നും സാധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ അതും ചെയ്യുമായിരുന്നുവെന്നുമാണ് വൈസ് ചാന്‍സിലര്‍ വീട്ടിലെത്തുന്നതിന് മുമ്പ് ജയപ്രകാശ് പ്രതികരിച്ചത്.സിബിഐ അവര്‍ കൊലപാതകത്തെ കുറിച്ച് മാത്രമായിരിക്കും അന്വേഷിക്കുന്നത്, ഈ അന്വേഷണ കമ്മീഷനാകുമ്പോള്‍ അതിന് പുറമെയുള്ള പല കാര്യങ്ങളും അന്വേഷിക്കുന്നുണ്ടായിരിക്കും. അങ്ങനെ എന്തെങ്കിലും ലക്ഷ്യം ഗവര്‍ണര്‍ക്കുമുണ്ടായിരിക്കും, അതിനാല്‍ രണ്ട് അന്വേഷണങ്ങളും സമാന്തരമായി പൊയ്ക്കോട്ടെ എന്നും ജയപ്രകാശ് പറഞ്ഞു. ആദ്യത്തെ രണ്ട് വിസിമാരോടും തങ്ങള്‍ എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചിരുന്നതാണ്, എന്നാല്‍ അവര്‍ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞുപോയി, എന്നിട്ട് സസ്പെൻഡ് ചെയ്ത എല്ലാവരെയും തിരിച്ചെടുത്തു, അതില്‍ പല താല്‍പര്യങ്ങളുമുണ്ടെന്നും ജയപ്രകാശ് കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ 27നാണ് ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്ററിനറി സർവകലാശാല വിസിയായി നിയമിച്ചത്. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്‍റെ മരണത്തിൽ 33  വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഗവര്‍ണര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സിബിഐ അന്വേഷണം വരെ അട്ടിമറിക്കപ്പെടുന്നുവെന്ന് സിദ്ധാര്‍ത്ഥന്‍റെ കുടുംബവും പ്രതിപക്ഷവും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഉടൻ തന്നെ കമ്മീഷൻ അന്വേഷണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.