LITERATURE

ഒടുവിൽ ഞാനൊറ്റയാകുന്നു

Blog Image

മൃദുല രാമചന്ദ്രൻ 

ഒറ്റയ്ക്കാണോ??
യാത്ര പോകുന്നത് ഒറ്റക്ക് ആണോ?
താമസിക്കുന്നത് ഒറ്റക്ക് ആണോ?
ഭക്ഷണം കഴിക്കാൻ പോകുന്നത് ഒറ്റക്ക് ആണോ?
ജീവിക്കുന്നത് ഒറ്റക്ക് ആണോ?


ജീവിതത്തിൽ എല്ലാവരും ഒരു തവണയെങ്കിലും കേട്ടിട്ടുള്ള ചോദ്യമാകും ഒറ്റക്ക് ആണോ എന്നത്.പെണ്ണിനോട് ആകുമ്പോൾ ആ ചോദ്യത്തിന് കുറേ സൂചിമുനകൾ അധികം മുളക്കും.ഒറ്റക്ക് ആവുക എന്ന അവസ്ഥയോട് മനുഷ്യർക്ക് ചെറുതല്ലാത്ത ഭയമുണ്ട്. അനുകൂലമല്ലാത്ത ഒരുപാട് അവസ്ഥകളോട് പൊരുതി  അതിജീവിക്കാൻ ഒരുമിച്ച ജീവി വർഗ്ഗമാണ് മനുഷ്യർ.

ആ ഒരുമിച്ചു കൂടലുകളിൽ ചിലത് പിന്നെയും തീവ്രവും, തരളവും, ഊഷ്മളവും ആയി ഉരുത്തിരിഞ്ഞു.കൂടെയിരിക്കുക എന്നത് മനുഷ്യന്റെ സഹജ സ്വാഭാവികതകളിൽ ഒന്നായി മാറി.

കൂടെ ഒരാൾ ഉണ്ടാകുക എന്നത് നമ്മുടെ അനന്തമായ അധൈര്യങ്ങൾക്ക് ആശ്വാസമായി. ആത്മവിശ്വാസം പകരുകയും, ചേർത്തു പിടിക്കുകയും ചെയ്യുന്ന കൂട്ടത്തിൽ നിന്ന് അകലുക എന്നത് മനുഷ്യർക്ക് ശിക്ഷയാണ്.

തനിക്ക് പരിചിതവും, പ്രിയങ്കരവും ആയ കൂട്ടത്തിൽ നിന്ന് മനുഷ്യനെ അകറ്റി മാറ്റുന്നത് പീഡയാണ് എന്ന തിരിച്ചറിവിൽ തന്നെ ആയിരിക്കണം തടവറകൾ പോലുള്ള ശിക്ഷാ വിധികൾ ആവിഷ്ക്കരിക്കപ്പെട്ടത്.

ജീവിതത്തിൽ ഒറ്റയാകുന്ന മനുഷ്യർക്ക് നേരേ നമ്മൾ എല്ലായപ്പോഴും അനുതാപം ചേർത്തു വയ്ക്കുന്നുണ്ട്. മനുഷ്യർക്ക് സ്വാഭാവികമല്ലാത്ത ഒരു അവസ്ഥയൂടെയാണ് അവർ കടന്നു പോകുന്നത് എന്ന അറിവ് അവരോട് അനുകമ്പയുള്ളവർ ആയിരിക്കാൻ നമ്മളെ ഓർമിപ്പിക്കുന്നു.

ഒറ്റയാകൽ എന്ന അവസ്ഥ വാസ്തവത്തിൽ വൈകാരികമാണ്. "ആൾക്കൂട്ടത്തിൽ തനിയെ " എന്ന പ്രയോഗം കൊണ്ട് എം. ടി. വാസുദേവൻ നായർ ആ അവസ്ഥയെ കൃത്യമായി ധ്വനിപ്പിച്ചിട്ടുണ്ട്.

കൂടെ ആരും ഇല്ലാത്ത ഒരു സ്ഥിതിയല്ല മനുഷ്യനെ സംബന്ധിച്ച് ഒറ്റപ്പെടൽ, ചുറ്റും ആളുകൾ ഉള്ളപ്പോഴും ആരും ഇല്ലെന്ന ഉള്ളറിവ് ആണ് വാസ്തവത്തിൽ ഒറ്റപ്പെടൽ.

ഒറ്റക്കാവുക എന്ന പ്രക്രിയയിൽ ഉൾച്ചേർന്ന ഒരു ധീരതയുണ്ട്. കൂട്ടത്തിൽ നിന്ന് അകന്നു പോകുന്നതിൽ ഉള്ള ധീരത. ആ ധീരതയോടുള്ള ആസക്തി കൊണ്ടാണ് മനുഷ്യർ ഒറ്റക്ക് മല കയറാനും, കടൽ ചുറ്റാനും ഒക്കെ ഒരുങ്ങി ഇറങ്ങുന്നത്.

കൂടെ ആയിരിക്കാൻ ആഗ്രഹിച്ചിട്ടും, വേറെ നിവർത്തികൾ ഇല്ലാതെ കൂട്ടത്തിൽ നിന്ന് നിർബന്ധ പൂർവ്വം അകറ്റി മാറ്റപ്പെടുന്നവർ ഉണ്ട്. അതിൽ ആനന്ദമോ, ധീരതയോ ഒന്നും ഇല്ല, വേദന മാത്രമാണുള്ളത്. ജാതി,മതം, നിറം, വർഗം, ഭാഷ, ലിംഗം, രൂപം, വിശ്വാസം - അങ്ങനെ പലതും അകറ്റി നിർത്താൻ ഉള്ള കാരണം ആകാം. താറാ കുഞ്ഞുങ്ങളുടെ കൂട്ടത്തിന് പരിഹസിക്കപ്പെട്ടു കൊണ്ടിരുന്ന അരയന്ന കുഞ്ഞിനെ കുറിച്ച് വായിച്ചിട്ടും, കേട്ടിട്ടും ഉണ്ടല്ലോ നമ്മൾ.

ആദർശം കൊണ്ടും, അഭിരുചി കൊണ്ടും ഒറ്റപ്പെട്ടു പോകുന്നവർ ഉണ്ട്. കണ്ണിന് കണ്ണ് എന്ന കാടൻ കാലത്ത്, ഒരു കവിളിൽ അടിക്കുമ്പോൾ മറു കവിളും കാണിച്ചു കൊടുക്കാൻ  പ്രസംഗിച്ച ക്രിസ്തു ആദർശം കൊണ്ട് ഒറ്റപ്പെട്ടവൻ ആയിരുന്നു.

വേദന കുമിഞ്ഞത് ആണെങ്കിലും ഒറ്റപ്പെടലുകൾ ഒരു ശാക്തീകരണ പ്രവർത്തനമാണ്. കല്ലിൽ കൂർപ്പിച്ച ഇരുമ്പ് പോലെ അത് നിങ്ങളെ ബലപ്പെടുത്തും, ധൈര്യശാലികൾ ആക്കും.ചിലപ്പോൾ, ആ വേദന കടഞ്ഞു കൊണ്ട് ആനന്ദവും കണ്ടെത്തിയേക്കാം.

ഈയടുത്ത്, കോഴിക്കോട് മിട്ടായി തെരുവിലെ ഒരു ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുകയുണ്ടായി. ഞാൻ ഒറ്റക്ക് ആയിരുന്നില്ല, പ്രിയപ്പെട്ട സുഹൃത്ത് കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ ഇരുന്ന മേശക്ക് എതിർ വശം ഒരു സ്ത്രീ ഒറ്റക്ക് ഇരുന്ന് ബിരിയാണി കഴിക്കുന്നുണ്ടായിരുന്നു: വളരെ ആസ്വദിച്ചു കൊണ്ട്, സന്തോഷത്തോടെ, പതുക്കെ, വൃത്തിയായി... ഒറ്റയാകുന്നതിനെ ഒരു കവിത ആക്കുന്നത് പോലെ...

ഒരുപാട് നേരം പിന്നെയും വൈകിയ പാതിരാ തീവണ്ടി കാത്ത്, ബാഗും കെട്ടി പിടിച്ചു കൊണ്ട് ഒറ്റക്ക് തീവണ്ടി സ്റ്റേഷനിൽ ഇരിക്കുമ്പോൾ, ഒറ്റയാകൽ മൂടൽ മഞ്ഞു പോലെ നമ്മളെ നനച്ചു കൊണ്ട് കടന്നു പോകും.... അല്പം അകലെ കൂട്ടം കൂടി പാട്ട് പാടുന്ന കൗമാര കൂട്ടം നമുക്ക് ഹൃദയം കൊണ്ട് പ്രിയപ്പെട്ടതാകും.

തനിയെ വർത്തമാനം പറയുന്നത് കുട്ടികളിൽ അത്ര ആരോഗ്യകരമല്ല എന്ന്, വളരെ ചെറുപ്പമായ ഒരു മനഃശാസ്ത്ര വിദഗ്ദ്ധ ഈയിടെ എന്നോട് പറഞ്ഞു. ഓർമ വച്ച കാലം മുതൽ ഇപ്പോൾ വരെ ഞാൻ എന്നോട് പറയാറുള്ള വർത്തമാനങ്ങൾ ഓർത്ത് ഞാൻ ഞാൻ അത്ഭുതം കൊണ്ടു.

എന്നോട് മാത്രമല്ല, വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളോടും ഞാൻ ധാരാളം സംസാരിക്കാറുണ്ട്.. എഴുത്തുകാരൻ /എഴുത്തുകാരി നിർത്തിയ ഇടത്തു നിന്ന് ഒരു കഥാപാത്രത്തിന്റെ മുന്നും, പിന്നും സങ്കൽപ്പിക്കാൻ എനിക്ക് പ്രിയമായിരുന്നു. അങ്ങനെ ഞാൻ ഏറ്റവും അധികം എക്സ്റ്റെൻഷനുകൾ സൃഷ്ടിച്ചെടുത്ത ആളാണ് "അഗ്നിസാക്ഷി"യിലെ ഉണ്ണി തിരുമേനി എന്ന ഉണ്ണിയേട്ടൻ എന്ന നായക കഥാപാത്രം. ശ്യാമപ്രസാദിന്റെ സിനിമ കണ്ടതിൽ പിന്നെ അയാൾക്ക് എപ്പോഴും രജത് കപൂറിന്റെ മുഖമായിരുന്നു. ഒറ്റപ്പെടലിനെ അരണി പോലെ കടഞ്ഞു ജ്വലിപ്പിച്ചു, ജ്വലിപ്പിച്ചെടുത്തു അദ്ദേഹം എന്നത്, എനിക്ക് അയാളെ ഇഷ്ടപ്പെടാൻ ഉള്ള പ്രഥമ കാരണങ്ങളിൽ ഒന്നാണ്.

ഒറ്റയ്ക്ക് ആവുക എന്നത് അവനവനോട് ഇഷ്ട്ടത്തിൽ ആകാനുള്ള കാരണമാണ്. നിങ്ങൾ നിങ്ങളെ തന്നെ ചേർത്തു പിടിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ശക്തിയുള്ള വ്യക്തിയാണ് നിങ്ങൾ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.