കട്ടൻ ചായയും പാനിപ്പൂരിയും
കൂടെ വർത്തമാനം കൊറിക്കാൻ
അപരിചിതനായ ഒരാളും
ചേർന്ന പാലൈസ്
പോലുള്ള അവളുടെ
ഒരു ദിനം തുടങ്ങിയിരിക്കുന്നു...
അവളിൽ നിന്നും
വേദനയുടെ കരിമ്പടം
ഊർന്നു പോയിരിക്കുന്നു...
ആത്മക്ഷതത്തിന്റെ
ചില്ലയൊടിഞ്ഞവളിൽ
നിറയെ സന്തോഷപ്പൂക്കളുടെ
സുഗന്ധം...
തൊട്ടു മുൻപ് വരെ
വേദനയുടെ നീരാളം
പുതച്ചിരുന്നവളിപ്പോൾ
സ്നേഹത്തിന്റെ കടും ചുവപ്പ്
പനിനീർപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച
ബേബി പിങ്ക് സാരി വാങ്ങി
സന്തോഷവതിയായി
തുണിക്കടയുടെ ചലിക്കും കോണി
ഇറങ്ങി വരുന്നു...
പാലൈസ് പോലുള്ള
ദിവസം അലിഞ്ഞു തുടങ്ങും
മുൻപ് രുചിയോടെ കഴിക്കാൻ
ധൃതിപ്പെടുന്നൊരു കൊച്ചു
കുട്ടിയാണവളിപ്പോൾ...
ഒറ്റക്കാവുമ്പോഴും, അലിഞ്ഞലിഞ്ഞങ്ങനെ
ഇത്തിരി കൂടുതൽ മധുരവുമായി
പാലൈസ് ദിനം
അവളിലങ്ങനെ ഹിമക്കട്ട പോലെ...
പോയിടത്തെല്ലാം സ്നേഹത്തണുപ്പ്...
ഇപ്പൊ തീർന്നു പോകുമോ
എന്ന പേടിയേതുമില്ലാതെ
കാട്ടിലെ ഞാവൽ മരക്കൊമ്പിലെ
തേനട പോലെ തുള്ളി തുള്ളിയായി
പാലൈസ് ദിനമങ്ങനെ അവളിൽ
നിറയുകയായി...
തനിച്ചായി പോയവൾക്കുചുറ്റും
ഇപ്പോൾ ആൾക്കൂട്ടം...
അവൾ അതിലെ കിരീടം വെയ്ക്കാ-
രാജകുമാരി...
പാലൈസ് ദിനത്തിലവൾ 'സിൻഡ്രല്ല'...
ഇനിവരും തീർന്നു പോവാ ദിനങ്ങളിൽ
അവളെന്നും രാജകുമാരി...
കവിത മധു