രാവിലെ എഴുന്നേറ്റ് പുറത്തുവന്നു നോക്കിയപ്പോൾ എന്നും കാണാറുള്ള കാഴ്ചകളല്ല ഇന്നുകണ്ടത്. ഉമ്മറത്തെ പവിഴമല്ലിയുടെ പച്ചിലപ്പടർപ്പിൽ താമസമുറപ്പിച്ച കുരുവികൾ കൂടുവിട്ടുപോയിരിക്കുന്നു. മുറ്റത്തെ പച്ചപ്പുൽനാമ്പുകളിൽ രാത്രിമഴയുടെ അവശേഷിപ്പുകളെ അനുസ്മരിപ്പിച്ചുകൊണ്ട്
ജലബിന്ദുക്കൾ തിളങ്ങി നിൽക്കുന്നു!. കാൽമുട്ടിൻ്റെകടച്ചിൽ കൂടിയിട്ടുണ്ട്. കൈയ് വിരലുകൾ മൊബൈൽ സ്ക്രീനിൽ
ചലിക്കാൻ കൂട്ടാക്കുന്നില്ല.85 ൻ്റെ പരാധീനതകൾ ഇന്നേവരെ ഒരളവോളം മാറ്റിനിർത്തിയത് മനക്കരുത്താണ്.
അതും നഷ്ടമാവുകയാണോ?
70 വർഷം മുമ്പ് എൻ്റെ അച്ഛൻ്റെ ഇല്ലത്ത് സ്വർണ്ണപ്രശ്നവും, വേർപാടുമെല്ലാം നടന്ന ഓർമ്മ. പ്രശസ്തനായ ജോതിഷപണ്ഡിത
ചക്രവർത്തിയായ ഒരു നമ്പൂതിരിയായിരുന്നു അന്നത്തെ ജ്യോത്സ്യൻ. അദ്ദേഹം പറയുന്നതെല്ലാം മൂളി കേട്ടാൽ പോരല്ലൊ. എതിർചോദ്യങ്ങൾ ഉന്നയിക്കണം. അതിന് അദ്ദേഹത്തെക്കാൾ പ്രഗല്ഭനായ
ഉദ്രവാരിയർ എന്നൊരു ജോതിഷപണ്ഡിതരെ തെക്കെങ്ങോ നിന്ന് വരുത്തി. ഒരൊഴിവു സമയത്ത് അദ്ദേഹം കുട്ടിയായ എന്നോട് തമാശയായി പറഞ്ഞിരുന്നു .
"നിനക്ക് 80 വയസ്സിന് ശേഷം ശനി ദശയായിരിക്കും. കണ്ടകശനി ....... "
കഴിഞ്ഞയാഴ്ച അക്ഷരങ്ങളെക്കുറിച്ചു പറയുകയുണ്ടായി. വൃത്താലങ്കാരവ്യാകരണാദി നിയമങ്ങൾ എല്ലാം പാലിച്ചു കൊണ്ടൊന്നും ആർക്കും രചനകൾ സാദ്ധ്യമല്ല.
ഭാഷ വളരുംതോറും ഏതെങ്കിലും ഒരു കാലഘട്ടത്തെ പ്രയോഗരീതിയിൽ അതിനെ തളച്ചിടുക സാധ്യമല്ല. കാരണം മാറ്റത്തിനു വിധേയമാകാത്ത ഭാഷ മുരടിച്ചു പോകും.
അതുകൊണ്ടാണല്ലൊ പഴയ വ്യാകരണനിയമങ്ങൾ പലതും ഉല്ലംഘിച്ചുകൊണ്ട് നവീനങ്ങളായ നിരവധി പ്രയോഗങ്ങളും ആവിർഭവിച്ചിട്ടുള്ളത്.
1951 ൽ പ്രൈമറിസ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങളെ പഠിപ്പിച്ചിരുന്നത് ,
കാവു്, പൂവു്, പാടു് - എന്നിങ്ങനെ എഴുതാനാണ്.
അതായത് 'ഉ'കാരവും ചന്ദ്രക്കലയും ഒന്നിച്ചാതായിരുന്നു സംവൃതോകാരം.
പക്ഷേ പുതിയ രീതിയിലാകട്ടെ ചന്ദ്രക്കല മാത്രമാണ് ഉപയോത്തിലുള്ളത്. അതായത് 'കാവ്, പൂവ്, പാട്, കാട് 'ഇങ്ങനെയാണ് എഴുതുന്നത്.
നമ്മളിൽ പലരും ചന്ദ്രക്കലയും ഉകാരവും തരംപോലെ മാറ്റി ഉപയോഗിക്കുന്നവരാണ്. പുതിയ ലിപികളിലായും അങ്ങനെ ഇഷ്ടം പോലെ മാറ്റി ഉപയോഗിക്കുന്നത് ശരിയല്ല .
എഴുതുമ്പോൾ അവ വേർതിരിച്ചറിയുവാനും തെറ്റുകൂടാതെ എഴുതുവാനുമായി ഓർത്തു വെക്കാന്നുള്ളഎളുപ്പവഴി നോക്കാം. ( കടപ്പാട് നല്ല ഭാഷ)
സ്വരങ്ങളായ 'അ.............. ഔ ' വരെയുള്ള
അക്ഷരങ്ങൾ പരമായി പദങ്ങൾ വരുമ്പോൾ 'ചന്ദ്രക്കല ' യാണ് ഉപയോഗിക്കുക.
പൂവ് അടർത്തി.
അവർക്ക് ഇത്രയും വേണോ?.
അവൾക്ക് ഇഷ്ടം.
ഇനി 'ഉ'കാര ചിഹ്നം വേണ്ടയിടങ്ങൾ നോക്കാം.
വ്യഞ്ജനത്തിലാരംഭിക്കുന്ന പദം പരമായി വന്നാൽ ചന്ദ്രക്കല ഒഴിവാക്കി പകരം 'ഉ'കാരം വേണം.
പൂവു കാണുന്നില്ലല്ലൊ
അവർക്കു കിട്ടിയോ
അവൾക്കു മിണ്ടാട്ടമില്ല.
കെ.ടി.കെ ചൂലൂർ