"ഉണ്ണീ……. മതി ടി.വി. കണ്ടത്. എത്ര നേരമായി തുടങ്ങിയിട്ട്. ഈയിടെയായി ടി.വി. കാഴ്ച കുറച്ചു കൂടുന്നുണ്ട്. " മൊബൈൽ ഫോൺ പാസ് വേർഡിട്ട് ലോക്ക് ചെയ്തതോടെ ടി.വി.യിലായി ഭ്രമം. സ്കൂളിൽ നിന്ന് വന്നാൽ നേരെ ടി.വിയുടെ മുന്നിലേക്ക്.
"ഉണ്ണീ……. മതി ടി.വി. കണ്ടത്. എത്ര നേരമായി തുടങ്ങിയിട്ട്.
ഈയിടെയായി ടി.വി. കാഴ്ച കുറച്ചു കൂടുന്നുണ്ട്. "
മൊബൈൽ ഫോൺ പാസ് വേർഡിട്ട് ലോക്ക് ചെയ്തതോടെ ടി.വി.യിലായി ഭ്രമം. സ്കൂളിൽ നിന്ന് വന്നാൽ നേരെ ടി.വിയുടെ മുന്നിലേക്ക്.
വിരട്ടി നോക്കി... സ്നേഹത്തിൽ പറഞ്ഞു നോക്കി. കുട്ടികളിൽ കൂടുതൽ സ്ക്രീൻ ടൈം ഉപയോഗിക്കുന്നതു കൊണ്ടുള്ള ദോഷങ്ങൾ പത്ത് വയസ്സുകാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു നോക്കി.
ഒരു രക്ഷയുമില്ല.
എവിടെയാണ് തെറ്റുന്നത്?
രണ്ടു മൂന്ന് വർഷം മുൻപ് വരെ ഇവൻ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ.
അന്ന് പക്ഷേ അവന് ചെയ്യാനുള്ള ജോലികൾ ആവോളം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പശുക്കളും നായകളും കോഴികളും പച്ചക്കറി കൃഷിയുമൊക്കെയായി എല്ലാവരും തിരക്കിലായിരുന്നു.
മുതിർന്നവരോടൊപ്പം തന്നെ കുട്ടികൾക്കും അവരവരുടേതായ ചുമതലകൾ ഉണ്ടായിരുന്നു.
താൽക്കാലികമായ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം പശുവളർത്തലും കോഴിവളർത്തലും ഒഴിവാക്കിയപ്പോൾ കൂടെ പടിയിറങ്ങിയത് പച്ചക്കറി കൃഷിയും പറമ്പിലെ ഹരിത സമൃദ്ധിയുമായിരുന്നു.
ചേനയും ചേമ്പും വാഴയും നിറഞ്ഞ തൊടികൾ പാഴ്ച്ചെടികളാൽ നിറഞ്ഞു. പണ്ടെങ്ങോ മണ്ണിൽ വിതറിയ തീറ്റപ്പുൽ വിത്തുകൾ മുള പൊട്ടി ആരോടോ കലി തീർക്കാനെന്ന പോലെ ആർത്തുവളരുന്നു.
.ആളനക്കമില്ലാത്തതിനാൽ ഇഴജന്തുക്കളുടെ വിഹാര രംഗമായിരിക്കുന്നുപറമ്പ്. എന്തിനേറെ പറയുന്നു ഒരു ദിവസം മൂർഖൻ പാമ്പ് വീട്ടിനകത്തും എത്തി.
പണിക്കാരെ കൊണ്ട് പറമ്പ് വൃത്തിയാക്കിയിട്ട് മാസമൊന്നു തികയും മുന്നേ വീണ്ടും പുല്ല് വളർന്നു കയറിക്കഴിഞ്ഞു.
ആലോചനയുടെ ഒടുവിൽ മനസ്സിൽ ഒരു ലഡു പൊട്ടി.
ഉണ്ണിക്കുട്ടൻ കുറെ ദിവസമായി നമുക്ക് കൃഷി ചെയ്യാം എന്ന് നിർബന്ധം തുടങ്ങിയിട്ട്. School ൽ നിന്നുള്ള assignment ആണത്രേ.
ആദ്യമൊക്കെ സമയക്കുറവെന്ന ഒഴിവു കഴിവ് പറഞ്ഞു .
.നിർബന്ധം ഏറിയപ്പോൾ ഒരു ഡിമാന്റ് വെച്ചു
അമ്മയ്ക്ക് അതിരാവിലെ മാത്രമേ സമയം കിട്ടൂ. ഏറിയാൽ ഒരര മണിക്കൂർ. നീയും ആ സമയത്ത് എഴുന്നേൽക്കണം.
ശരി ആശാന് സമ്മതം.
അങ്ങനെ ഞങ്ങൾ കൃഷി ചെയ്യാൻ തീരുമാനിച്ചു.
മുൻപ് കൃഷി ചെയ്തിരുന്ന ഭാഗം തന്നെ ഇത്തവണയും തെരഞ്ഞെടുത്തു.
ഓരോ ദിവസവും കുറച്ച് ഭാഗം വീതം വൃത്തിയാക്കി, മണ്ണിളക്കി.
ഏറ്റവും പെട്ടെന്ന് വിളവ് തരുന്നത് ചീരയാണല്ലോ. അപ്പോൾ ശേഖരൻ ചേട്ടൻ തന്നെ ആശ്രയം. അവിടെ എപ്പോഴും ചീരത്തൈ റെഡിയാണ്.
രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ തന്നെ ഉണ്ണിക്കുട്ടന്റെ ഓർമ്മപ്പെടുത്തൽ
"വൈകുന്നേരം വരുമ്പോൾ ചീരത്തൈ മറക്കല്ലേ "
ശേഖരൻ ചേട്ടന്റെ വീട്ടിലെത്തിയപ്പോൾ നേരം സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. 70 വയസ്സിന് മേൽ പ്രായമുള്ള ആ വയോധികൻ ആ സമയത്തും തോട്ടത്തിൽ തന്നെ.
കാര്യം അവതരിപ്പിച്ചപ്പോൾ ശേഖരൻ ചേട്ടന് സന്തോഷമായി.ചീരത്തൈ മാത്രമല്ല അതിന് വളമായി ഇടാൻ ഒരു ചാക്ക് കോഴിവളവും അദ്ദേഹം തന്നെ തന്നു. ചീരകൃഷിയുടെ പ്രാഥമിക പാഠങ്ങൾ ഒന്നു കൂടി പറഞ്ഞു തന്നു.
ചീര വെച്ച് കഴിഞ്ഞപ്പോൾ എന്നാൽ പിന്നെ മറ്റെന്തെങ്കിലും കൂടി ആകാമെന്നൊരു തോന്നൽ.
കുറച്ചു ഭാഗം കൂടി കിളച്ചു അപ്പോഴേക്കും ഭർത്താവും മകളും കൂടി കൂടാൻ തുടങ്ങി
ഒരു കുടുംബ സംരംഭത്തിന്റെ സന്തോഷം ഇടയ്ക്കെവിടെയോ കൈമോശം വന്നത് തിരികെയെത്തുന്നത് ഞങ്ങളറിഞ്ഞു തുടങ്ങി.
കൂടുതൽ വിളകൾ കൃഷി ചെയ്യാൻ തീരുമാനിച്ചതോടെ ആരിൽ നിന്ന് ഉപദേശം സ്വീകരിക്കണമെന്ന ചിന്തയ്ക്ക് മനസ്സിൽ ഒരു ഉത്തരം കിട്ടി
ശുഭകേശൻ - കഞ്ഞിക്കുഴിയുടെ കർഷകൻ -ഹരിത മിത്ര അവാർഡ് ജേതാവ്
ജമന്തിപ്പൂക്കളാൽ അലംകൃതമായ നടവഴിയിലൂടെ ശുഭകേശന്റെ വീട്ടുമുറ്റത്തെത്തി. വീടിന്റെ പരിസരവും ടെറസ്സും എല്ലാം പച്ചക്കറി കൃഷിക്കായി മാറ്റി വെച്ചിരിക്കുന്നു. കഞ്ഞിക്കുഴി പയർ മുതൽ സവാളയും വെളുത്തുള്ളിയും വരെ ആ തോട്ടത്തിൽ വിളയുന്നു.
പന്തലിടാതെ വളർത്താൻ പറ്റുന്ന പയറിന്റെ വിത്തു തേടി അവിടെയെത്തിയ ഞാൻ അവിടെ നിന്നിറങ്ങിയത് ഏഴ് തരം
പച്ചക്കറി വിത്തുമായാണ് .വിത്ത് പാകി കിളിർപ്പിക്കേണ്ടതും തൈ നടേണ്ടതുമായ ഇനങ്ങളെപ്പറ്റിയൊക്കെ ശുഭകേശൻ പറഞ്ഞു തന്നു. മാത്രമല്ല തൈകളൊക്കെ വരുന്ന ആഴ്ചയിൽ തരാമെന്നും പറഞ്ഞു.
കൈ നിറയെ വിത്തായി. ഇനി വളവും വേണമല്ലോ.
തൊട്ടടുത്ത വീട്ടിലെ ക്ഷീരകർഷകനിൽ നിന്ന് ചാണകപ്പൊടിയും റെഡി.
രാവിലെ കൃഷിക്കായി കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ആ അര മണിക്കൂർ ഹൃദ്യമായ ഒരനുഭവമാണ്.
ഓരോ വിത്തും മുളയ്ക്കുന്നത് കാണുമ്പോഴുള്ള ഉണ്ണിക്കുട്ടന്റെ സന്തോഷം,
അവന്റെ കുഞ്ഞു കുഞ്ഞു സംശയങ്ങൾ.
ഇതിന് പകരം വെയ്ക്കാൻ മറ്റെന്താണുള്ളത്.
ദിവസങ്ങൾ കടന്നു പോയി. കൃഷിയും മൃഗസംരക്ഷണവും എത്ര അഭേദ്യമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ദിവസങ്ങൾ.
ഒഴിഞ്ഞുകിടക്കുന്ന കോഴിക്കൂട്ടിലേക്ക് 3 കരിങ്കോഴിക്കുഞ്ഞുങ്ങൾ താമസിയാതെ എത്തും.
6 പശുക്കളെ വരെ വളർത്തിയ ആ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ കൃഷി ജീവിതത്തിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും കടന്നു വന്നു.
അന്ന് അവയെ ഒഴിവാക്കാൻ കണ്ടെത്തിയ കാരണങ്ങൾ കാരണങ്ങളേയല്ല എന്ന് ഇപ്പോൾ മനസ്സിലാകുന്നു.
പതിയെ പതിയെ എല്ലാവരുടെ മനസ്സിലും നാടൻ പശു എന്ന വികാരം ശക്തമായിത്തുടങ്ങി. ആരും പരസ്പരം പറഞ്ഞില്ല എന്നു മാത്രം.
ഇനി പശുവളർത്തലില്ല എന്ന് ഉറപ്പിച്ച് ഷെഡ്ഡാക്കി മാറ്റിയ പശുത്തൊഴുത്ത് എല്ലാ ചിന്തകൾക്കും മൂകസാക്ഷിയായി. അവസാനം ആ തീരുമാനവും വന്നു
പശുവിനെയും വളർത്തുക തന്നെ.
യാദൃശ്ചികമായാണ് ഒരു നാടൻ പശുവിനെ കൊടുക്കാനുണ്ട് എന്ന വിവരം അറിഞ്ഞത്.പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു.കാണലും വാങ്ങലും കൂടി രണ്ട് ദിവസം.
ഇന്ന് അവൾ ഞങ്ങൾക്ക് സ്വന്തം.
ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട ജാക്കിക്കും ഡോബർമാൻ ഇനത്തിൽപ്പെട്ട റാംബോയ്ക്കും പുതിയ അതിഥിയെ അത്ര രസിച്ച മട്ടില്ല.
പക്ഷേ എല്ലാം ശരിയാകും.
മണ്ണിനോടും ജീവജാലങ്ങളോടും ഇടപഴകി ജീവിക്കുമ്പോൾ ലഭിക്കുന്ന ഈ സന്തോഷം
ഔദ്യോഗിക ടെൻഷനുകളുടെ ഇടയിൽ കുരുങ്ങി നാമെന്തിന് വേണ്ടെന്ന് വെയ്ക്കണം.
വെറ്ററിനറി ഡോക്ടർമാരും മനുഷ്യരാണ്. ജോലി ഭാരത്തിന്റെ നുകം പേറി ജീവിതത്തിലെ സന്തോഷങ്ങൾ എന്തിന് വേണ്ടെന്ന് വെയ്ക്കണം.
കുടുംബത്തോടൊപ്പം ഒന്നിച്ച് ചിലവഴിക്കാനുള്ള സമയം പോലും നാം പലപ്പോഴും നമ്മുടെ ജോലിയ്ക്കായി മാറ്റിവെയ്ക്കുന്നു.
ജീവിതത്തിൽ കുടുംബത്തിനും ജോലിക്കും ഒക്കെ അതിന്റേതായ സ്ഥാനം നിശ്ചയിക്കണം.
പിൻതിരിഞ്ഞ് നോക്കുന്ന ഒരു കാലം നമുക്കുമുണ്ടാകും അപ്പോൾ അവിടെ ബാക്കിയാകുന്നത് നാം സമ്മാനിച്ച നല്ല നിമിഷങ്ങളുടെ ഓർമ്മകൾ മാത്രമാകും.
അതു കൊണ്ട് ഞങ്ങൾ ഈ വഴി തന്നെ തെരഞ്ഞെടുക്കുകയാണ്.
മാർസൂപ്പിലാമിയുടെയും ഹണ്ണി ബണ്ണിയുടെയും ലോകത്തു നിന്ന് ഉണ്ണിക്കുട്ടനെ അടർത്തിമാറ്റാൻ ഞങ്ങളുടെ മുന്നിലെ ഏറ്റവും എളുപ്പവഴി ഇതാണ്.
കൂട്ടത്തിൽ ബോണസായി നല്ല ഭക്ഷണവും
കൂട്ടായ്മയുടെ സുന്ദര നിമിഷങ്ങളും.