മലയാളിയുടെ ശ്രവ്യ/ശ്രവണ സംസ്കാരത്തിൽ ആഴത്തിൽ അലിഞ്ഞു ചേർന്ന അനന്യവും ഭാവാത്മകവുമായ ശൈലി കൊണ്ട് ചരിത്രത്തിലിടം നേടിയ പ്രിയപെട്ട വാർത്താ പ്രക്ഷേപകന്, താരതമ്യങ്ങളൊന്നുമില്ലാത്ത ഒരു വലിയ കാലഘട്ടത്തിന് വിട....
നാല്പതുവർഷങ്ങൾക്ക് മുമ്പ് ടിവി ന്യൂസ് റീഡർ ആയിത്തീരാനുള്ള മോഹവുമായി കുടപ്പനക്കുന്നിൽ ആഡിഷന് എത്തിയ ചെറുപ്പക്കാരിൽ മിക്കവാറുമെല്ലാപേരുടെയും വാർത്താവായനയുടെ ഈണവും താളവും ഒരേ ശ്രുതിയിലായിരുന്നു. മലയാളടെലിവിഷനിലെ വാർത്താവതാരകരുടെ ആദ്യ ബാച്ചിനെ തിരഞ്ഞെടുക്കാൻ നിയുക്തരായവർ എന്തു ചെയ്യണമെന്നറിയാതെ അമ്പരന്ന് ഇരുന്നു പോയി. കാരണം അവരുടെ മുന്നിലെ കസേരയിൽ വന്നിരുന്നവരിൽ മിക്കപേരും കയ്യിലിരിക്കുന്ന കടലാസ്സിൽ നോക്കി വായിച്ചത് 'കൗതുക വാർത്തകൾ'എന്ന പരിപാടിയുടെ സവിശേഷമായ അവതരണ ശൈലിയിൽ ആയിരുന്നു. അതല്ലെങ്കിൽ "ആകാശവാണി, വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ...." എന്നു തുടങ്ങുന്ന ആ പ്രത്യേക രീതിയിൽ....
ടെലിവിഷൻ വാർത്താവായനക്ക് മലയാളത്തിൽ മുൻ മാതൃകകളില്ലായിരുന്നതുകൊണ്ടാണ് അവർ അന്നേവരെ കേട്ടു പരിചയിച്ച ശൈലിയിൽ വായിച്ചതെന്ന് സമ്മതിച്ചാൽ തന്നെ വേറെ ഒരു കാര്യമുണ്ട് . അക്കാലത്തെ പ്രസിദ്ധരായ റേഡിയോ വാർത്താ വായനക്കാരുടെ കൂട്ടത്തിൽ വെച്ച്, ഏറ്റവും നിർമ്മമതയോടെ അല്ലെങ്കിൽ അങ്ങേയറ്റം objective ആയ രീതിയിൽ വായിച്ചിരുന്ന പ്രതാപൻ എന്ന പ്രതാപ വർമ്മയെ, അതും പോട്ടെ വേറെയൊരാളെപ്പോലും ഇവർ എന്തുകൊണ്ട് അനുകരിച്ചില്ല? എന്തുകൊണ്ട് രാമചന്ദ്രൻ?
അപ്പോഴാണ് ഒരു സത്യം തിരിച്ചറിയുന്നത് -- റേഡിയോ വാർത്ത എന്നാൽ അന്ന്, ഒരുപക്ഷെ എക്കാലത്തും മലയാളിയെ സംബന്ധിച്ചിടത്തോളം അത് രാമചന്ദ്രൻ ആയിരുന്നു.
അതിനു മുൻപ് ഒരാൾ പോലും ഒരിക്കലും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത രീതിയിലുള്ള, തീർത്തും വേറിട്ടു നിൽക്കുന്ന ഒരു അവതരണശൈലിയുപയോഗിച്ചുകൊണ്ട് ശ്രോതാവിൻ്റെ ഉള്ളിലേക്ക് അങ്ങു നേരിട്ടു കയറിച്ചെന്ന് വിശാലമായി ഇരിപ്പുറപ്പിച്ച വേറെ ഒരൊറ്റ വാർത്താ വായനക്കാരനോ വായനക്കാരിയോ മലയാളത്തിൻ്റെ പ്രക്ഷേപണ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ആകാശവാണിയുടെ ചരിത്രത്തിൽ ആദ്യമായും അവസാനമായും, അവിടുത്തെ ഒരു ' ജീവനക്കാരൻ' കേന്ദ്ര കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഒരു റേഡിയോ നാടകം, രാമചന്ദ്രൻ എന്ന വാർത്താ വായനക്കാരൻ കഥാപാത്രമാകുന്നതാണ്.വാർത്താ വായനയുടെ ഏറ്റവും പോപ്പുലർ മുഖമായ രാമചന്ദ്രനെയും അദ്ദേഹത്തെപ്പോലെയായിത്തീരാനായി കച്ചകെട്ടിയിറങ്ങിയ ഒരു ശ്രോതാവിനെയും കഥാപാത്രങ്ങളാക്കിക്കൊണ്ടു നാടകമെഴുതുകയും ,രാമചന്ദ്രനെക്കൊണ്ടുതന്നെ ആ രണ്ടു വേഷങ്ങൾക്കും ശബ്ദം കൊടുപ്പിക്കുകയും ചെയ്ത സതീഷ് ചന്ദ്രൻ എന്ന മറ്റൊരു പ്രഗത്ഭനായ പ്രക്ഷേപകൻ, മലയാള പ്രക്ഷേപണകലയിലെ ഒരു മാന്ത്രികന്,അയാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ഉപചാരമർപ്പിക്കുകയായിരുന്നു ആ നാടകത്തിലൂടെ.
"വാർത്തകൾ വായിക്കുന്ന രാമചന്ദ്രനെ "
അതേപടി അനുകരിച്ചുകൊണ്ട് ടിവി ന്യൂസ് റീഡറാകാൻ വേണ്ടി ദൂരദർശനിൽ എത്തിയവരെക്കണ്ടപ്പോൾ അന്ന് ദേഷ്യമൊക്കെ തോന്നിയെങ്കിലും,കുട്ടിക്കാലം തൊട്ടു തന്നെ ആ മനുഷ്യൻ്റെ അതിശയകരമായ ആകർഷണ വലയത്തിൽ അറിയാതെ അകപ്പെട്ടുപോയ ഒരാളെന്ന നിലയിൽ എനിക്കവരെയാരെയും കുറ്റപ്പെടുത്താൻ തോന്നിയില്ല.ഞായറാഴ്ചകളിൽ ഉച്ചനേരത്തെ കൗതുക വാർത്തകൾ കേൾക്കാൻ കാത്തു കാത്തിരുന്നവരിൽപ്പെട്ട ഒരാളാണല്ലോ ഞാനും.യുവജനോൽസവത്തിൻ്റെ മിമിക്രി വേദികളിൽ എത്ര തവണ കേട്ടിരിക്കുന്നു ഈ അപൂർവ ശബ്ദത്തിൻ്റെയും അവതരണത്തിൻ്റെയും മത്സരിച്ചുള്ള അനുകരണം! സിനിമകളിലും പല തവണ കേട്ടിട്ടുണ്ട് രാമചന്ദ്രന്റെ ശൈലിയിൽത്തന്നെയുള്ള റേഡിയോ വാർത്തയും അനൗൺസ്മെൻ്റും!
ദൂരദർശനിൽ ഞാൻ ചെയ്ത പല ഡോക്യുമെൻ്ററികൾക്കും മറ്റു ചില പരിപാടികൾക്കുമൊക്കെ പ്രതാപൻ സാറിൻ്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. ആഗ്രഹമുണ്ടായിരുന്നെങ്കിലും അപ്പോഴൊന്നും രാമചന്ദ്രൻ സാറിനെക്കൊണ്ട് ശബ്ദം കൊടുപ്പിക്കാൻ കഴിഞ്ഞില്ല. വളരെക്കഴിഞ്ഞാണ് ലൈവ് ടെലികാസ്റ്റുകൾ ഉൾപ്പെടെയുള്ള ചില പരിപാടികളിൽ സാറിനെ പങ്കെടുപ്പിക്കാൻ സാധിച്ചത്.അപ്പോഴേക്കും ആകാശവാണിയിലെ ബീനയുടെ സഹപ്രവർത്തകൻ എന്ന നിലയിൽ സാറും കുടുംബവുമായി ഒരുപാട് അടുത്തു കഴിഞ്ഞിരുന്നു.
രാമചന്ദ്രൻ സാർ ആദ്യമായി ഒരു ചാനലിൽ പരിശീലകനായി പോകുന്നതിന് ഞാൻ ഒരു നിമിത്തമാണെന്ന് വിനീതമായി അവകാശപ്പെടുമ്പോൾ , അതിൻ്റെ സാക്ഷ്യപത്രമായി,പലപ്പോഴും സാർ പരസ്യമായിത്തന്നെ പറയാറുണ്ടായിരുന്ന ഒരു കാര്യം ഞാൻ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. " ഞാൻ ഒരു അദ്ധ്യാപകനായി ത്തീർന്നതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്തം ബൈജുവിൻ്റേതാണ്."
കൈരളി ന്യൂസിലായിരുന്നു തുടക്കം.പിന്നീട് ജീവൻ ടിവി യിൽ ഞങ്ങളൊരുമിച്ച് പരിശീലനം നടത്തിയിരുന്ന കാര്യം അന്നാ ക്ലാസുകളിൽ പങ്കെടുത്ത സുഹൃത്ത് രാജ് മോഹൻ ഓർമ്മിപ്പിച്ചു. ദൂരദർശൻ ന്യൂസിൻ്റെ വാർത്താവതാരകരുടെ വർക്ക് ഷോപ്പിൽ എത്രയോ തവണ സാർ വന്നിരിക്കുന്നു. കേരള സർവകലാശാല നടത്തിയ അവതാരകരുടെ കോഴ്സിന്റെ പല ബാച്ചുകളിൽ പരിശീലകരായും പരീക്ഷകരായും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.
ഒരു പരിശീലകനായിത്തീരാൻ പ്രേരിപ്പിച്ചതിൻ്റെ ക്രെഡിറ്റ് സാർ എനിക്കു തന്നെങ്കിലും അതിൻ്റെ ശരിക്കുള്ള ഗുണഭോക്താവ് ഞാനായിരുന്നു. ഒരു 'പിറന്ന അദ്ധ്യാപകൻ ' തന്നെയായിരുന്നു സാർ.മലയാള ഭാഷയുടെ അനന്തമായ സാധ്യതകൾ,ഭാഷാ പ്രയോഗങ്ങളിലെ തെറ്റും ശരിയും,വാക്യങ്ങളുടെ ഘടന,വാക്കുകളുടെ അർത്ഥാന്തരങ്ങൾ, ഉച്ചാരണത്തിലെ പ്രശ്നങ്ങൾ , ബ്രോഡ്കാസ്റ്റ് ലാംഗ്വേജ് എന്ന വലിയ വിഷയത്തെ ഉദാഹരണ സഹിതം ലളിതമായ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി ക്കൊടുക്കുന്ന എത്രയെത്ര വിലപ്പെട്ട പാഠങ്ങൾ!
സാറിൻ്റെ അനുഭവകഥകളുടെ ഏറ്റവും നല്ല ശ്രോതാവായിരുന്നു ഞാൻ. ആത്മകഥാ പുസ്തകത്തിൽ എഴുതിവെച്ചതും അല്ലാത്തതുമായ, കേട്ടാൽ ഒരിക്കലും മടുപ്പ് തോന്നാത്ത എത്ര എത്ര കഥകൾ കേട്ടാസ്വദിച്ചിരിക്കുന്നു. അഭിനയകലയോട് ഒരുപാടിഷ്‌ടമുണ്ടായിരുന്നു, അതാണ് കൗതുക വാർത്തകൾ ഇത്രത്തോളം സൂപ്പർ ഹിറ്റാനാകാനുള്ള ഒരു കാരണം.
മലയാളിയുടെ ശ്രവ്യ/ശ്രവണ സംസ്കാരത്തിൽ ആഴത്തിൽ അലിഞ്ഞു ചേർന്ന അനന്യവും ഭാവാത്മകവുമായ ശൈലി കൊണ്ട് ചരിത്രത്തിലിടം നേടിയ പ്രിയപെട്ട വാർത്താ പ്രക്ഷേപകന്, താരതമ്യങ്ങളൊന്നുമില്ലാത്ത ഒരു വലിയ കാലഘട്ടത്തിന് വിട....