തലമുറകൾ തന്നു പോയ രാഷ്ട്രീയ ബോധം അങ്ങനെയാണ്, അത് രക്തത്തിലും മജ്ജയിലും മാംസത്തിലും എല്ലാം നിറഞ്ഞു നിൽക്കും.
കേരള രാഷ്ട്രീയത്തിൽ കെഎം മാണി എന്ന പാലാക്കാരുടെ സ്വന്തം മാണി സാർ എങ്ങനെ അടയാളപ്പെട്ടുവോ അത്രതന്നെ ഭംഗിയായി ജോസ് കെ മാണിയും എഴുതപ്പെട്ടിരിക്കുന്നു. നിലപാടുകൾ കൊണ്ടും നാടിന് വേണ്ടിയുള്ള മുന്നേറ്റം കൊണ്ടും ചരിത്രത്തിലെ അതേ ജനകീയത വർത്തമാന കാലത്തിലും അദ്ദേഹം നിലനിർത്തുന്നു.
കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി എം പി ചിക്കാഗോയിൽ നിന്നും കഴിഞ്ഞ 33 വർഷമായി പ്രസിദ്ധീകരിക്കുന്ന കേരളാ എക്സ്പ്രസുമായി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും വികസന സ്വപ്നങ്ങളെ കുറിച്ചും മനസ് തുറക്കുന്നു .
കേരളാ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച കാലഘട്ടത്തിൽ, സംസ്ഥാനത്തെ യുവജനങ്ങളുടെ രാഷ്ട്രീയബോധം ഉയർത്തുന്നതിനും അവരിൽ നേതൃത്വത്തിന്റെ കരുത്ത് സമ്മാനിക്കുന്നതിനും അദ്ദേഹം വളരെയധികം ശ്രദ്ധ നൽകിയിരുന്നു. അതിൽ നിന്നും ഉരുത്തിരിഞ്ഞ വികസനസന്ദേശയാത്ര, വികസനസേന തുടങ്ങിയ യുവജന സംരംഭങ്ങൾ കേരളത്തിന്റെ രാഷ്ട്രീയപടവുകൾക്ക് പുതിയ ഊർജം നൽകിയവയാണ്.
2009-ലും 2014-ലും കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട്, പ്രാതിനിധ്യത്തിൻ്റെയും വികസന പദ്ധതികളുടെയും മികച്ച ട്രാക്ക് റെക്കോർഡുള്ള എം.പിയെന്ന നിലയിൽ ജോസ് കെ. മാണി പ്രസിദ്ധി നേടി. കോട്ടയത്തെ ഒരു സയൻസ് സിറ്റിയായി വികസിപ്പിക്കുക, വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സ്ഥാപനങ്ങൾ കൊണ്ടുവരിക,കേരളത്തിലെ ആദ്യത്തെ പാസ്സ്‌പോർട്ട് സേവാ കേന്ദ്രം കൊണ്ടുവരിക,റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ മുന്നോട്ട് വയ്ക്കുക തുടങ്ങിയ നിരവധി മേഖലകളിൽ അദ്ദേഹം സജീവമായി ഇടപെട്ടു.വികസനപരമായ ഇടപെടലുകൾക്കും ജനക്ഷേമ നയങ്ങൾക്കും മുൻതൂക്കം നൽകിയ ജോസ് കെ മാണി, കേരള കോൺഗ്രസ് (എം) പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും, സംസ്ഥാന രാഷ്ട്രീയത്തിൽ അതിന്റെ സ്വാധീനം വർധിപ്പിക്കാനും ഒരു അമരക്കാരനായി തന്നെ മുൻപിൽ നിന്നു.
കർഷകസംരക്ഷണത്തിന് വേണ്ടി, റബ്ബർ വില വർദ്ധിപ്പിക്കതിനു വേണ്ടി ദിവസങ്ങൾ നീണ്ട ഉപവാസം ,ബഫർസോൺ പ്രശ്നത്തിലെ സുപ്രധാന ഇടപെടലുകൾ, പ്രവാസി മലയാളികളുടെ അഭിമാന സംരക്ഷണത്തിന് കൃത്യമായ നീക്കങ്ങൾ തുടങ്ങി, കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹത്തിനായി അദ്ദേഹം നിരന്തരമായി പ്രവർത്തിച്ചു.
സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യത്തോടൊപ്പം, ജനങ്ങളുമായി നേരിട്ടുള്ള ഇടപെടലിലൂടെയും വികസന ആശയങ്ങളിലൂടെയും ഒരു പുതുമയുള്ള രാഷ്ട്രീയ കാഴ്ചപ്പാടുമായി ജോസ് കെ. മാണി ഇപ്പോഴും മുന്നോട്ട് പോവുകയാണ്. ജനക്ഷേമം, കർഷകരുടെ മുന്നേറ്റം, യുവജന രാഷ്ട്രീയ പ്രബോധനം തുടങ്ങിയ മേഖലകളിൽ തന്മയത്വത്തോടെയും ദൃഢനിശ്ചയത്തോടെയും അദ്ദേഹം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ചോദ്യം: വളരെ ചിന്തിച്ചും, സൂക്ഷിച്ചും മാത്രം വികസനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു അന്തരീക്ഷമാണ് കോട്ടയം ജില്ലയുടേത്. അവിടെ എങ്ങനെ സയന്‍സ് സിറ്റി എന്ന ആശയം പ്രസക്തമാകുന്നു.
ഉത്തരം : കോട്ടയം ജില്ലയുടെ വികസന ചരിത്രത്തിൽ ഒരു വലിയ നാഴികക്കല്ലായി മാറേണ്ട പദ്ധതിയാണ് സയൻസ് സിറ്റി. ഞാൻ കോട്ടയത്തെ ലോക്‌സഭാംഗമായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് കുറവിലങ്ങാട്ട് 30 ഏക്കറില്‍ 100 കോടി രൂപ മുതല്‍മുടക്കി സയന്‍സ് സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ചത്. അന്നേ എനിക്ക് ഉറപ്പുണ്ട്, ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഈ ജില്ലയുടെ മുഖം തന്നെ മാറുമെന്ന്.
സ്‌പെയ്‌സ് തിയേറ്റര്‍, എന്‍ട്രന്‍സ് പ്ലാസ, മോഷന്‍ സിമുലേറ്റര്‍, ഓപ്പണര്‍ എയര്‍ ഓഡിറ്റോറിയം, ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്‍സ്, കോബൗണ്ട് വാള്‍, ഗേറ്റുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. വരുന്ന സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന ബജറ്റില്‍ 25 കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്. അതിന്റെ ആദ്യഘട്ടമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എൽ ഡി എഫ് ഗവണ്മെന്റിന്റെ പ്രത്യേകത തന്നെ വികസനത്തിനും നാടിന്റെ വളർച്ചക്കും നൽകുന്ന മുൻതൂക്കമാണ്. അതിന് ഞാനൊരു കാരണക്കാരനായി എന്ന് മാത്രം.
ചോദ്യം: പാലാക്കാരുടെ വർഷങ്ങളായിട്ടുള്ള ഒരു സ്വപ്നമാണ് മീനച്ചില്‍ താലൂക്കിൽ പൂർത്തിയാക്കിയ ഐ ഐ ഐടി. കേന്ദ്രത്തിന്റെ ഈ പദ്ധതി കേരളത്തിലേക്ക് എത്തിക്കാൻ എത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്? പ്രത്യേകിച്ച് വികസന പദ്ധതികളുടെ കാര്യത്തിൽ കേരളത്തെ തഴയുന്ന നയം കേന്ദ്രം സ്വീകരിക്കുന്ന ഒരു സാഹചര്യത്തിൽ?
ഉത്തരം: കേരളം ആവശ്യപ്പെട്ട ഫണ്ടുകളൊക്കെ കേന്ദ്രം അനുവദിച്ചിരുന്നെങ്കിൽ, നമ്മുടെ സംസ്ഥാനം വികസനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തുമായിരുന്നു. അവിടെയാണ് പലപ്പോഴും ഈ തഴയപ്പെടുന്നതിന്റെ ഒരു പ്രശ്നമുടലെടുക്കുന്നത്.
കോട്ടയത്തെ കേരളത്തിന്റെ നോളജ് ഹബ് ആയി മാറ്റുക എന്നത് ഇവിടുത്തെ ജനങ്ങളുടെയും അതുപോലെതന്നെ എന്റെയും ഒരു വലിയ ആഗ്രഹമായിരുന്നു. അതിന് ഇത്തരത്തിൽ ഒരു പദ്ധതി അനിവാര്യവുമായിരുന്നു. അതുകൊണ്ടുതന്നെ നിരന്തരമായിട്ടുള്ള ചർച്ചകളും മറ്റും നടത്തിയാണ് ഇന്നീ കാണുന്ന നിലയിലേക്ക് ആ സ്വപ്നത്തെ ഉയർത്തിയെടുത്തത്.
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മീനച്ചില്‍ താലൂക്കിലെ വലവൂരിലെ 55 ഏക്കര്‍ സ്ഥലത്ത് ഇന്ന് പൂർത്തിയായി നിൽക്കുമ്പോൾ അതിന് വർഷങ്ങൾ നീണ്ട കഷ്ടപ്പാടിന്റെ കഥകളും പറയാനുണ്ട്. ഏകദേശം 250 കോടിയോളം രൂപയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിക്ക് വേണ്ടി അവിടെ മുടക്കിയിട്ടുള്ളത്. രണ്ടായിരത്തോളം കുട്ടികള്‍ ഇപ്പോൾ തന്നെ ആ ക്യാമ്പസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതായത് കുട്ടികൾക്ക്, വളർന്നുവരുന്ന നമ്മുടെ പുതുതലമുറയ്ക്ക് പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനുവേണ്ടി സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത് നമ്മളാണ്.
വെറുമൊരു ഐ.ഐ.ഐടി മാത്രമല്ല അതിന്റെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നതിനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐ.ഐ.ഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം (ഒരു ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ഇൻഡസ്ട്രി ) എന്ന ആശയം ഉയരുന്നത്. ഇത് പുതിയ തലമുറയ്ക്ക് ഐ.ടി മേഖലയില്‍ ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കും എന്നതാണ് അഭിമാനകരം.
ചോദ്യം : കേരളാ കോൺഗ്രസിനെ കർഷകരുടെ പാർട്ടിയായിട്ടാണ് കണക്കാക്കുന്നത് . റബ്ബർ കർഷകരുടേയും നെൽ കർഷകരുടേയും പ്രശ്നങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഹരിക്കാൻ ഇടതു സർക്കാർ മുൻഗണന നൽകാത്തതിനെപ്പറ്റിയുള്ള പ്രതികരണം എന്താണ് ?
ഉത്തരം: കാലങ്ങളായി കർഷകരുടെ പ്രശ്നങ്ങൾ മുന്നണികൾക്ക് അകത്ത് ഒതുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ചർച്ചകൾ ഉടലെടുക്കുമെങ്കിലും, അവയിൽ നിന്നും കൃത്യമായ പരിഹാരങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല.കേരളാ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ പാർട്ടി ഒരു കർഷക പാർട്ടി തന്നെയാണ്. യഥാർത്ഥത്തിൽ കർഷകരുടെ പ്രശ്നങ്ങൾ സാധാരണയായി പൊതു രാഷ്ട്രീയത്തിൻ്റെ അജണ്ടയിൽ ഇല്ലായിരുന്നു എന്ന് വേണം പറയാൻ. പക്ഷെ കർഷക പ്രശ്നങ്ങൾ പൊതു രാഷ്ടീയത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്തിയത് കെ.എം മാണിയാണ്. പൊതുജനങ്ങളുടെ ഏറ്റവും വലിയ താല്പര്യമാക്കി കൃഷിയെ മാറ്റിയും, മുഖ്യധാരയിലേക്ക് കർഷകരുടെ വേദനകൾ എത്തിച്ചും കുറേക്കൂടി ഈ വിഷയത്തെ ഗൗരവമായി ചർച്ചചെയ്തത് കെ.എം മാണിയാണ്. അതുവരെ നിശബ്ദരായിരുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ കെ .എം മാണി സാറിന്റെ നിലപാടുകൾ പിന്തുടർന്നാണ് കർഷകരെ നാടിന്റെ നട്ടെല്ലായി കാണാൻ തുടങ്ങിയത്.
കേരളത്തിൽ കർഷക ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ കേരള കോൺഗ്രസ്. സി.പി. എം , സി. പി. ഐ , കോൺഗ്രസ് ,ബി ജെ പി തുടങ്ങിയ പാർട്ടികൾക്ക് എല്ലാം തന്നെ കർഷകരുടെ കാര്യത്തിൽ ഉള്ളത് പൊതു നിലപാടുകൾ മാത്രം ആണ്. ആത്യന്തികമായി കർഷകരുടെ പ്രശ്നങ്ങൾ പൊതു ശ്രദ്ധയിൽ കൊണ്ടുവരുന്നതും അവർക്കു വേണ്ടി സംസാരിക്കുന്നതും അന്നും ഇന്നും കേരളാ കോൺഗ്രസ് ആണ്.
ചോദ്യം :ഇടതുമുന്നണിക്ക് കർഷക രോടുള്ള സമീപനത്തെ എങ്ങനെ വിലയിരുത്തുന്നു ?
ഇടതു മുന്നണിയുമായി കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ തന്നെ ഏറ്റവും കൂടുതൽ കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത്
കേരളാ കോൺഗ്രസ് ആണ്. അതിന്റെ ഫലം എന്നോണം ഒരു പരിധിവരെ കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത് ഇടതുമുന്നണി തന്നെയാണ്. പട്ടയത്തിൻ്റെ വിഷയം തന്നെ എടുക്കാം. അവിടെ മറ്റ് പ്രവർത്തനങ്ങൾ നടത്തരുതെന്ന് പറഞ്ഞത് കോടതിയാണ്. അത് ഉപാധികളോടെയാണ് . അവിടെ നിയമം മൂലം കർഷകർക്കും കുടിയേറ്റ ജനതയ്ക്കും ജീവിത നിലനില്പിന് ആവശ്യമായ രീതിയിൽ മാറ്റം ഉണ്ടാക്കുവാൻ ശ്രമിച്ചത് ഇടത് സർക്കാരാണ്. അതിനെ വിസ്മരിക്കാൻ കഴിയില്ല. കാരണം അത് ചരിത്രമാണ്.
റബ്ബർ കർഷകരുടെ കാര്യം എടുക്കുകയാണെങ്കിൽ റബ്ബറിൻ്റെ കാര്യത്തിൽ ഇപ്പോൾ 150 രൂപയാണ് വില. അതായത് ഒരുകാലത്ത് മലയോര മേഖലയുടെ സമ്പത്ത് വർദ്ധിപ്പിച്ചിരുന്ന വസ്തുവാണ് റബർ. ഇപ്പോഴത് അന്യം നിന്നും പോകുന്ന അവസ്ഥയാണ് ഉള്ളത്. ഈ പ്രശ്നങ്ങളിലൊക്കെ നമ്മെ ഞെരുക്കുന്നത് കേന്ദ്ര സർക്കാരാണ്. ഇവിടെ ഒരു പൊളിറ്റിക്കൽ ഗെയിം ഉണ്ട്. ബി.ജെ . പിക്ക് രാഷ്ട്രീയ നേട്ടം ഇല്ലെങ്കിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും ഞെരുക്കുക എന്നതാണ് അവരുടെ തന്ത്രം. കേരളാ കോൺഗ്രസിൻറയും , കേരളാ ഗവൺമെൻ്റിൻ്റേയും ഇടപെടൽ മൂലം വരുംകാലത്ത് റബ്ബർ കർഷകരുടെ കാര്യത്തിൽ വലിയ മാറ്റം ഉണ്ടായേക്കാം. റബ്ബറിൻ്റെ വില ഉയർത്താനുള്ള മാറ്റാനുള്ള സാധ്യതകൾ ഉടൻ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
ചോദ്യം :കേരളത്തിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ എങ്ങനെ വിലയിരുത്തുന്നു ?
കഴിഞ്ഞ കുറെ വർഷങ്ങൾ ആയിട്ട് സാമ്പത്തികമായി കേരളത്തെ ഞെരിച്ചു കൊണ്ടിരിക്കുന്നത് കേന്ദ്രസർക്കാരാണ്. അതിൻ്റെ അതിരുകൾ കടന്നു വേണം നമുക്കൊരു പദ്ധതി നടപ്പിലാക്കാൻ. ബി. ജെ.പിക്ക് രാഷ്ടീയ നേട്ടം ഇല്ലാത്ത സംസ്ഥാനങ്ങളെ രാഷ്ട്രീയമായും , സാമ്പത്തികമായും ഞെരുക്കുക. തമിഴ് നാടിനെ നോക്കിയാലും ഇതേ വിഷയം തന്നെയാണ്. എങ്കിലും കേരളാ കോൺഗ്രസ് ആണ് മുന്നണിയുടെ ശ്രദ്ധയിൽ പെടുത്തി ചില ഇടപെടലുകൾ മൂലം റബ്ബറിൻ്റെ താങ്ങുവില 150 ൽ നിന്ന് 180 ലേക്ക് ഉയർത്താൻ കഴിഞ്ഞു .
കർഷകരുടെ കാര്യത്തിലേക്ക് വരുമ്പോൾ വളരെ ഗൗരവമായി ചർച്ചക്കെടുക്കേണ്ട മറ്റൊരു വിഷയം വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ആ വിഷയത്തിലൊക്കെ എപ്പോഴും ഫലപ്രദമായി ഇടപെടാൻ , കേന്ദ്ര സർക്കാരിൻ്റെ അനുവാദം വേണ്ടത് അത്യാവശ്യമാണ്. എങ്കിലും തങ്ങളുടെ പരിമിതികൾ എല്ലാം മറികടന്നു കൊണ്ട് തന്നെ കർഷകർക്കായി ഇടതുമുന്നണി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.
ബഫർ സോൺ വിഷയത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ കേരളാ കോൺഗ്രസിൻ്റെ ഇടപെടലുകൾ കൊണ്ടല്ലേ മാറ്റമുണ്ടായത് എന്ന് ചോദിച്ചിട്ടുണ്ട്. കേന്ദ്ര എംപവേർഡ് കമ്മറ്റിക്ക് നൽകാനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സാറ്റലൈറ്റ് സർവേയ്ക്ക് പകരം വില്ലേജ് - പഞ്ചായത്ത് സമിതികൾ രൂപീകരിച്ച് ഗ്രൗണ്ട് സർവ്വേ നടത്തണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെടുകയും സർക്കാർ അനുകൂലമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചോദ്യം: മയക്കുമരുന്ന് എന്ന ഭൂതം ഒരു തലമുറയെത്തന്നെ കാർന്നുതിന്നുന്ന ഭീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇതിനെ നമുക്ക് മറികടക്കാൻ കഴിയുമോ?
മയക്കുമരുന്ന് ഉപയോഗം വ്യത്യസ്തരീതികളിലായി എല്ലാകാലത്തും സജീവമാണ്. പക്ഷെ ഒരു തൊഴിൽ സാധ്യതയായി മയക്കുമരുന്ന് മാറുന്നു എന്നിടത്താണ് യഥാർത്ഥത്തിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ബൈക്ക് വാങ്ങുക, കാർ വാങ്ങുക അങ്ങനെ ധാരാളം ആഗ്രഹങ്ങൾ പുതിയ തലമുറയ്ക്ക് ഉണ്ട്. ഇത് പൂർത്തീകരിക്കാൻ വേണ്ടി അവർക്ക് വലിയ വരുമാനം ഉള്ള ജോലികൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ മയക്കുമരുന്ന് പോലെ പെട്ടെന്ന് പണം ഉണ്ടാക്കാൻ കഴിയുന്ന ജോലികളിലേക്ക് യുവാക്കൾ വഴിമാറുന്നു.
മലയാളിക്ക് പൊതുവെ സാഹസികത കൂടുതലാണ്. അതുകൊണ്ടുതന്നെ എല്ലാം ഭൂമിയിൽ അനുഭവിക്കണം എന്ന ചിന്ത ഇപ്പോഴത്തെ തലമുറയ്ക്കുണ്ട്. ഇതൊക്കെ എളുപ്പമാക്കാൻ ചില സിനിമകളും, സോഷ്യൽ മീഡിയയും സ്വാധീനിക്കുകയും ചെയ്യും. അതായത് എല്ലാം ഒത്തു വരുമ്പോഴാണ് ഇതൊരു കുറ്റകൃത്യമായി മാറുന്നത്.
ചോദ്യം :സമീപകാല സിനിമകൾ യുവാക്കളെ വഴിതെറ്റിക്കുന്നുണ്ടോ ?
എല്ലാ സിനിമകളേയും കുറ്റം പറയാൻ നമുക്ക് ഒരിക്കലും കഴിയില്ല. സിനിമ ഒരു സമൂഹത്തിന്റെ കലാസൃഷ്ടിയാണ്. അത് അവനെ ആനന്ദിപ്പിക്കാനും ചിന്തിപ്പിക്കാനും വേണ്ടിയുള്ളത് തന്നെയാണ്. എങ്കിലും, വെള്ളിത്തിരയിൽ കാണുന്നത് സിനിമയാണ് എന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സമൂഹം ഇല്ലാതാകുന്നിടത്താണ് പ്രശ്നം ആരംഭിക്കുന്നത്.
ചോദ്യം :ഈ വിഷയത്തിൽ സോഷ്യൽ മീഡിയ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു ?
കുട്ടികളുടെ വഴികളിൽ ചില കൺഫ്യൂഷനുകൾ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്ന് സോഷ്യൽ മീഡിയ ആണ്. ലോകം മുഴുവൻ എല്ലാവരുടെയും മുൻപിൽ തുറന്നു കിടക്കുന്നു. അപ്പോൾ സാഹചര്യങ്ങൾ അനുകൂലമാകുന്നു . ലഹരി ഉപയോഗിക്കുന്നത് മാത്രമല്ല , അതിൻ്റെ കാരിയർ ആകുവാനും ശ്രമിക്കുന്നതോടെയാണ് ഈ രംഗം കൂടുതൽ വഷളാകുന്നത്. പത്ത് തവണ കാരിയർ ആയാൽ ഒരു ലക്ഷം രൂപ ലഭിക്കുന്നു എന്ന സത്യം നിലനിൽക്കുമ്പോൾ ഉയർന്ന ജീവിതനിലവാരം ആഗ്രഹിക്കുന്ന യുവസമൂഹം അതിലേക്ക് വരുന്നത് സ്വഭാവികമാണ്.
ഇതെല്ലാം ഒരു സുപ്രഭാതത്തിൽ നിർത്തലാക്കുക എന്നത് അസാധ്യമാണ്. എന്നാൽ നിയന്ത്രിക്കാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയും. ഇപ്പോൾ നടക്കുന്നത് പോലെയുള്ള റെയ്ഡുകൾ എപ്പോഴും നടക്കണം. ലഹരി ഉപയോഗിക്കുന്നവരേയും കച്ചവടം ചെയ്യുന്നവരേയും നിയമത്തിൻ്റെ മുൻപിൽ കൊണ്ടു വന്നാൽ മാത്രം പോരാ , ശിക്ഷയും ഉറപ്പാക്കണം. ഒരു ഷാഡോ പോലീസ് സംവിധാനം ഇതിൻ്റെ പ്രവർത്തനത്തിനായി ഉണ്ടാകണം. കൂടാതെ കുടുംബത്തിൽ നിന്ന് തന്നെ കുട്ടികളെ നിരീക്ഷിക്കേണ്ട ഒരു സാഹചര്യം അല്ലെങ്കിൽ കുട്ടികൾക്ക് എല്ലാം തുറന്നു പറയാനുള്ള ഒരു സാഹചര്യം നമ്മൾ ഉണ്ടാക്കിയെടുക്കണം.
ചോദ്യം :ലഹരിയുടെ ഉപയോഗത്തെ നിയന്ത്രിക്കുവാൻ ഫലപ്രദമായ മറ്റു മാർഗങ്ങൾ എന്തെല്ലാമാണ് ?
സത്യത്തിൽ രക്ഷകർത്താക്കൾ പലരും അവരുടെ മക്കൾ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയുന്നില്ല. കാരണം ഇവരാരും ഇത്തരത്തിലുള്ള ലഹരി മരുന്നുകൾ ഉപയോഗിച്ച് ശീലം ഉള്ളവരല്ല .അതുകൊണ്ടുതന്നെ ഇത് ഉപയോഗിച്ചാൽ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് കൃത്യമായി ധാരണയില്ല. മാതാപിതാക്കൾ , അദ്ധ്യാപകർ , പോലീസ് ഇങ്ങനെ ഒരു ലിങ്ക് ഇതിന് വേണ്ടി വർക്ക് ചെയ്യണം.
ഇങ്ങനെ സദാസമയവും നിരീക്ഷിച്ചു കൊണ്ടും, നിയന്ത്രിച്ചത് കൊണ്ടും മാത്രം കാര്യമില്ല കുട്ടികൾക്ക് മറ്റ് എൻ്റെർടെയിൻമെൻ്റുകൾ ഉണ്ടാകണം. കല, സാഹിത്യം , സ്പോർട്ട്സ് തുടങ്ങിയ മേഖലകളിൽ സ്കൂൾ കോളേജ് കാലം മുതൽക്കേ കുട്ടികളെ ആക്ടീവ് ആക്കണം. ഇന്നത്തെ കാലത്ത് അവർക്ക് ആക്ടിവിറ്റീസ് കുറവാണ്. ടെക്നോളജിയുടെ സ്വാധീനം കൊണ്ട് കുട്ടികൾക്ക് കൂടുതൽ സമയം ലഭിക്കുന്നുണ്ട്. നോട്ട്സ് തയ്യാറാക്കൽ , പ്രോജക്ട് വർക്ക് ഒക്കെ ഇന്ന് വളരെ വേഗത്തിൽ നടക്കുന്നു. പിന്നീടുള്ള സമയം അവർക്ക് അവരുടെ ലോകം, സ്വാതന്ത്ര്യം.
ചോദ്യം :ഇതിനെല്ലാം മറ്റൊരു കാരണം ശക്തമായ പേരന്റിംഗിന്റെ അഭാവം അല്ലെ ?
അതെ .ഇതിന്റെയെല്ലാം ആണിവേരായ മറ്റൊരു പ്രധാന സാമൂഹിക ഘടകം എന്നു പറയുന്നത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിൽ വരുന്ന അകൽച്ചയാണ്. അവനവന്റെ പ്രശ്നങ്ങൾ തുറന്നു പറയാൻ മാതാപിതാക്കൾക്കോ കുട്ടികൾക്കോ കുടുംബങ്ങളിൽ ഒരു സ്പേസ് ഇല്ല. അതുണ്ടാക്കിയെടുക്കുന്നിടത്ത് ഒരു നല്ല റിലേഷൻഷിപ്പ് രൂപപ്പെടും. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പിന്നീട് എല്ലാം വളരെ എളുപ്പത്തിൽ നമുക്ക് നടത്താവുന്നതാണ്. അതായത് നമ്മുടെ കുട്ടിയെ നമുക്ക് പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരിക്കുമെന്ന് അർത്ഥം.
ചോദ്യം: കാരുണ്യ പദ്ധതി ഫലപ്രദമായി നടക്കുന്നില്ല എന്ന് പൊതുവെ അഭിപ്രായമുണ്ട്. കെ. എം. മാണിയുടെ വിശാലമായ സാമൂഹിക നന്മയുടെ കാഴ്ചപ്പാടുള്ള ഈ പദ്ധതി ജനങ്ങളുമായി കൂടുതൽ അടുക്കുവാൻ അദ്ദേഹത്തിന് സാധിച്ച പദ്ധതി കൂടിയാണല്ലോ?
ശ്രീ .കെ.എം മാണി കേരളത്തിനു മുൻപിൽ അവതരിപ്പിച്ച ഏറ്റവും വലിയ ജനകീയ പദ്ധതിയായിരുന്നു കാരുണ്യ. എല്ലാകാലത്തും ഫലപ്രദമായ രീതിയിൽ ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകണം എന്നു തന്നെയാണ് പാർട്ടിയുടെ ആഗ്രഹം. അതുകൊണ്ട് തന്നെ അതെല്ലാം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്താറുണ്ട്. മാണി സാർ ഉണ്ടായിരുന്ന സമയത്ത് കാരുണ്യ പദ്ധതിയുടെ നിയന്ത്രണം അദ്ദേഹത്തിൻ്റെ കൈകളിലായിരുന്നു എന്ന് നിസ്സംശയം പറയാം. ഇടതു പക്ഷമാകട്ടെ വലതു പക്ഷമാകട്ടെ ആരായിരുന്നാലും കൃത്യമായ ഇടപെടലുകൾ അദ്ദേഹം ഈ പദ്ധതിയിൽ നടത്തിയിരുന്നു.
അദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ച സമയത്താണ് ജനങ്ങൾക്ക് അമിതഭാരം നികുതി വിഷയങ്ങളിൽ നൽകാതെ സർക്കാരിലേക്ക് പണമെത്തിക്കുക എന്ന തരത്തിൽ കാര്യണ്യ ലോട്ടറിക്ക് തുടക്കമിടുന്നത്. കാരുണ്യ ലോട്ടറി നിർബന്ധമായി ജനം എടുക്കണം എന്ന് പറയുന്നില്ല. പക്ഷെ എല്ലാവരും ചിന്തിച്ചത് എന്താണ്. എല്ലാ ദിവസവും ലോട്ടറി ഉണ്ടെങ്കിലും ശനിയാഴ്ച ദിവസത്തെ കാരുണ്യ ലോട്ടറി എടുക്കണം എന്നാണ്. സമ്മാനം ലഭിച്ചില്ലെങ്കിലും ഈ പണം അസുഖം കൊണ്ട് വലയുന്ന ഒരാളെ സഹായിക്കാൻ സാധിക്കുമല്ലോ എന്ന് ചിന്തിച്ചു. നിരാശ്രയരായ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു കാരുണ്യ പദ്ധതി.
പക്ഷെ പിന്നീട് കേന്ദ്രസർക്കാരിൻ്റെ ഒരു പദ്ധതി വന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവർക്ക് 5 ലക്ഷം രൂപ സഹായം ലഭിക്കുന്ന ആരോഗ്യ പദ്ധതി. അപ്പോൾ ശ്രദ്ധ അവിടേക്കായി. ആരോഗ്യ കാർഡ് ഉള്ളവർക്ക് സഹായം ലഭിക്കാൻ തുടങ്ങി. അപ്പോൾ കാരുണ്യ പദ്ധതിക്ക് ശ്രദ്ധ കുറഞ്ഞു എന്നത് സത്യമാണ്. ആരുടേയും ശുപാർശ ഇല്ലാതെ ചികിത്സാ സഹായം ലഭിക്കുന്ന മഹത്തായ ഒരു പദ്ധതിയായിരുന്നു കാരുണ്യ. ഇത് വീണ്ടും സജീവമാകും എന്നതിൽ സംശയം വേണ്ട. കേരളത്തിൻ്റെ ചികിത്സാ സഹായ രംഗത്ത് മാതൃകയായിത്തന്നെ കാരുണ്യ തുടരും.
ചോദ്യം: മലയോര കർഷകർ കേരളാ കോൺഗ്രസിൻ്റെ അടിസ്ഥാന വർഗമാണ്. കർഷകർ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുമ്പോൾ വനം മന്ത്രിയുടേയും സർക്കാരിൻ്റെയും കഴിവില്ലായ്മയെ പാർട്ടി എങ്ങനെ കാണുന്നു ?
ഉത്തരം: കർഷകരും വന്യജീവികളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലം ഒരുപാട് ആയി. രണ്ടിടത്തും നിലനിൽപ്പിനു വേണ്ടി പോരാടുന്നത് കൊണ്ട് തന്നെ അത് കുറയ്ക്കാൻ മാത്രമേ നമ്മളെ കൊണ്ട് പറ്റുകയുള്ളൂ. മലയോര കർഷകരുടേയും, വന്യമൃഗ പ്രശ്നങ്ങളെയും സംബന്ധിച്ച് പാർലമെൻ്റിൽ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് തോമസ് ചാഴികാടനും , രാജ്യസഭയിൽ ഞാനുമാണ്.
1978 ലെ കേന്ദ്ര വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യണം എന്ന ആവശ്യം നിരന്തരമായി നമ്മൾ ഉന്നയിക്കുന്നുണ്ട്. 1972 ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഒരു നിയമം ഉണ്ട്. അതിൽ ഒരു പ്രശ്നം ഉണ്ടായി. വന്യമൃഗത്തിനെ എവിടെ സംരക്ഷിക്കണം എന്ന് പറഞ്ഞില്ല. അതുകൊണ്ട് തന്നെ അവർ വനത്തിന് പുറത്തേക്ക് വന്നാലും സംരക്ഷിച്ചേ മതിയാകു. വന്യമൃഗങ്ങൾ വനത്തിന് പുറത്തേക്ക് വരുന്നത് കർഷകരെ ബാധിക്കുന്ന പ്രശ്നമാണ്. വന്യ മൃഗവിഷയമായാലും ബഫർസോൺ എടുത്താലും, പരിസ്ഥിതിയുടെ കാര്യം പറഞ്ഞാലും , പട്ടയ വിഷയമായാലും ഇതെല്ലാം പരിസ്ഥിതി , വനവുമായി ബന്ധപ്പെട്ടതാണ്.
38800 സ്ക്വയർ കിലോമീറ്റർ വനം കേരളത്തിലുണ്ട്. 69. 4 ശതമാനം നിയന്ത്രിത മേഖലയാണ്. അത് കഴിഞ്ഞ് വെറ്റ് ലാൻ്റ് ഒക്കെ കഴിയുമ്പോൾ 30.6 % മാത്രമാണ് താമസിക്കാനും,വികസനത്തിനും,കൃഷിക്കായുമുള്ള സ്ഥലമുള്ളത്. കേന്ദ്രം വനവിസ്തൃതി കൂട്ടണമെന്ന് പറയുന്നതിനോട് യോജിക്കുവാൻ നമ്മുടെ സാഹചര്യത്തിൽ പറ്റില്ല.54 ശതമാനം വനാവരണം ഇപ്പോൾ തന്നെ ഉണ്ട് .
ചോദ്യം: ഇന്നത്തെ നിലയിൽ മുന്നോട്ട് പോയാൽ 2026 ൽ ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് കരുതുന്നുണ്ടോ ?
ഉത്തരം: ഒരു വലിയ സംസ്ഥാനത്തെ നിയന്ത്രിക്കുമ്പോൾ അതിൽ ചില പാകപ്പിഴകൾ വരുന്നത് സാധാരണമാണ്. അവ തിരുത്തി പിന്നീട് ആവർത്തിക്കാത്ത രീതിയിൽ മുന്നോട്ടുപോവുക എന്നത് മാത്രമാണ് ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം. അതുകൊണ്ടുതന്നെ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരാനാണ് ഏറ്റവും അധികം സാധ്യതയുള്ളത്. നിങ്ങൾ കേരളത്തിലെ റോഡുകൾ നോക്കൂ, ഓവർ ബ്രിഡ്ജുകൾ നോക്കൂ, സർക്കാർ സ്കൂളുകളും, സർക്കാർ സ്ഥാപനങ്ങളും നോക്കൂ. എല്ലാം വലിയ രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. തുല്യനീതി എന്നതുപോലെ തന്നെ ലിംഗനീതിയും ഉറപ്പാക്കാൻ ശ്രമിക്കുന്ന ഒരു സർക്കാർ ഇതുവരെയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അവിടെയാണ് മറ്റ് പാർട്ടികളിൽ നിന്നും ഇടതുമുന്നണി വ്യത്യസ്തമായി നിൽക്കുന്നത്. വിമർശനങ്ങൾ ഏൽക്കാത്ത നേതാവ് ഇല്ലല്ലോ. ഓരോ മനുഷ്യരുടെയും ചിന്താഗതികൾ ഓരോ തരത്തിലാണ് .അതുകൊണ്ടുതന്നെ എല്ലാവരും എപ്പോഴും അംഗീകരിക്കണമെന്നില്ല. ഭൂരിപക്ഷത്തിന്റെ അഭിപ്രായമേ ജനാധിപത്യ രാജ്യത്ത് നമുക്ക് കൂടുതലും എടുക്കാൻ കഴിയൂ. അതുകൊണ്ടല്ലേ ധാരാളം പ്രതിസന്ധികൾ ഉണ്ടായിട്ടും എൽഡിഎഫ് സർക്കാർ രണ്ടാം തവണയും അധികാരത്തിലേറിയത്. എന്തുതന്നെയായാലും കേരള കോൺഗ്രസ് ഇടതുമുന്നണിക്കൊപ്പം തന്നെയുണ്ട്.
ചോദ്യം: കേരളാ കോൺഗ്രസ് യു ഡി എഫിൻ്റെ ഭാഗമായി നിന്നുകൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നു. സാധ്യതയുണ്ടോ ?
ഉത്തരം: നിലവിൽ അത്തരം സാധ്യതകൾ ഒന്നും തന്നെയില്ല . ഇടതുമുന്നണി മികച്ച രീതിയിൽ തന്നെയാണ് കേരള കോൺഗ്രസിനെ പരിഗണിക്കുന്നത്. അവരുടെ ഏറ്റവും വലിയ ഭാഗമായിത്തന്നെ ഞങ്ങളെ ചേർത്തുപിടിച്ചിട്ടുണ്ട്. ഉയർത്തിക്കൊണ്ടുവരുന്ന ഓരോ കാര്യങ്ങൾക്കും വ്യക്തവും കൃത്യവുമായ തീരുമാനങ്ങൾ കൂടിയാലോചിച്ചു കൈക്കൊള്ളാനും മറ്റും മുഖ്യമന്ത്രി തന്നെ മുൻപിൽ നിൽക്കാറുണ്ട്. അതുകൊണ്ട് യുഡിഎഫിനൊപ്പം ചേർന്നുകൊണ്ടുള്ള ഒരു യാത്ര ഇപ്പോഴത്തെ നിഘണ്ടുവിൽ ഇല്ല എന്നത് കൃത്യമാണ്.
ചോദ്യം: യു ഡി എഫിലേക്ക് മടങ്ങണം എന്ന് അഭിപ്രായമുള്ള നേതാക്കൾ കേരളാ കോൺഗ്രസിൽ ഉണ്ടല്ലോ. ജോസ് കെ മാണി അങ്ങനെയൊരു തീരുമാനവുമായി മുന്നോട്ടു പോയാൽ ഒരു പിളർപ്പിനെ കൂടി നേരിടേണ്ടി വരില്ലേ ?
ഉത്തരം: മനുഷ്യരാകുമ്പോൾ ആശയങ്ങളിൽ വ്യതിചലനങ്ങൾ ഉണ്ടാകാറുണ്ട്, പക്ഷെ എവിടെയാണോ നമുക്ക് പരിഗണന ലഭിക്കുന്നത് ,അടിസ്ഥാന വർഗത്തിന്റെ വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി അവിടെയാണ് നമ്മൾ ഏറ്റവും അധികം സമയം ചിലവഴിക്കാൻ ഉപയോഗിക്കാറുള്ളത്. ഇവിടെയും അത്തരത്തിലാണ് ഞാൻ ചിന്തിക്കുന്നത്. ഇടതുപക്ഷം കേരള കോൺഗ്രസിനെ വളരെ നല്ല രീതിയിൽ തന്നെ പരിഗണിക്കുന്നുണ്ട്.
ചോദ്യം: കേരളത്തിലെ പുതിയ തലമുറ കേരളം വിട്ട് പുറത്തേക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും പോകുന്ന പ്രവണത കൂടി വരികയല്ലേ ?. കേരളത്തിലെ തൊഴിലില്ലായ്മയും പ്രൊഷണൽ വിദ്യാഭ്യാസത്തിൻ്റെ സാധ്യതയില്ലായ്മയുമല്ലേ അത് സൂചിപ്പിക്കുന്നത്.?
ഉത്തരം: കുട്ടികളെ നമുക്ക് തടയാൻ പറ്റില്ല. ഞാൻ മുൻപ് പറഞ്ഞില്ലേ , മലയാളികൾ സാഹസികരാണ്. അവരെ തടയാൻ പറ്റില്ല. മുൻപ് ജോലിക്ക് പോവുകയായിരുന്നു എങ്കിൽ ഇന്ന് പഠിക്കാൻ പോകുന്നു. ലോക്‌സഭ എം.പി എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നത് എൻ്റെ മണ്ഡലത്തെ കോട്ടയത്തെ ഒരു നോളഡ്ജ് ഹബ് ആക്കി മാറ്റുക എന്നായിരുന്നു. കേരളം സ്റ്റാർട്ട് അപിൻ്റെ കേന്ദ്രമാക്കുക , കേരളം കണ്ടുപിടുത്തത്തിൻ്റെ കേന്ദ്രമാക്കുക. നമുക്ക് പഠിക്കാൻ ഇവിടെ തന്നെ അവസരങ്ങൾ ഉണ്ടാക്കുക. സ്വകാര്യ സർവ്വകലാശാലകൾ വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. പക്ഷെ നിർദ്ധനരായ വിദ്യാർത്ഥികൾക്കും പഠിക്കുവാൻ അവിടെ അവസരം ലഭിക്കണം. പുതിയ വിദ്യാഭ്യാസ നയം വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്നു തന്നെയാണ് വിശ്വാസം.
ചോദ്യം :കോട്ടയം ജില്ലയിൽ എയിംസ് വരാൻ സാധ്യതയുണ്ടോ ?
കോട്ടയം ജില്ലയിൽ എയിംസ് കൊണ്ടുവരുന്നതിനായി ആരോഗ്യമന്ത്രി ആയിരുന്ന ഹർഷവർദ്ധനനെ കണ്ടതാണ്. കോട്ടയം മെഡിക്കൽ കോളേജിനടുത്ത് 100 ഏക്കർ സ്ഥലം കണ്ടുപിടിച്ച് ഒരു പ്രോജക്ട് ആയിട്ടാണ് അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹം അത് പരിഗണിക്കാമെന്ന് പറഞ്ഞതാണ്. പിന്നീട് അതിൻ്റെ ഫോളോ അപ്പിനായി ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു 200 ഏക്കർ വേണം എന്ന് . ഭുവനേശ്വർ എയിംസിന് 90 ഏക്കറേ ഉള്ളല്ലോ എന്ന് ഞാൻ പറഞ്ഞു. സംഭവം നടന്നില്ല. അപ്പോൾ എന്താണ് കാര്യം. ഇതെല്ലാം പൊളിറ്റിക്കൽ ആണ്. പൊളിറ്റിക്കൽ അജണ്ട ഉള്ളതു കൊണ്ടാണ് ഇതൊന്നും നടക്കാത്തത്.
നമ്മുടെ കുട്ടികൾ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഊർജ്വസ്വലരാക്കാൻ പദ്ധതികൾ ഉണ്ടാവണം " വൺ എം.പി വൺ ഐഡിയ " എന്ന ഒരു പദ്ധതി എം.പിമാർക്ക് ഉണ്ട്. ഒരു കണ്ടുപിടുത്തം നടത്തുന്ന ഒരു കുട്ടിക്ക് 5 ലക്ഷം രൂപ നൽകും. എൻ്റെ മണ്ഡലത്തിൽ അങ്ങനെ ഇന്ത്യയിൽ ആദ്യമായി കോട്ടയത്ത് നടത്തി .
ചോദ്യം: കേരളാ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനുമായുള്ള സൗഹൃദം ?
കേരളത്തിൻ്റെ മുഖ്യമന്ത്രി എന്ന നിലയിലും ഒരു സുഹൃത്ത് എന്ന നിലയിലും നല്ല ബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. അദ്ദേഹത്തെ സമീപിച്ച് ഒരു വിഷയം ഉന്നയിച്ചാൽ അത് നടക്കുമെങ്കിൽ നടക്കും എന്ന് പറയും. നോ പറഞ്ഞാൽ പിന്നെ അതിൻ്റെ പിറകെ പോയിട്ട് കാര്യമില്ല. യു ഡി. എഫിൽ അങ്ങനെ അല്ലായിരുന്നു. പിറകെ കുറെ നടക്കണം ,എന്തെങ്കിലും ലഭിക്കുന്നത് ചിലപ്പോൾ മാത്രം .
ചോദ്യം: കെ. എം മാണിസാറിനെ എങ്ങനെ വിലയിരുത്തും ?
ഉത്തരം: കെ. എം. മാണി കേരള പൊതു സമൂഹത്തിൻ്റെ സ്വത്ത് ആണ്. അദ്ദേഹത്തെ അറിയാവുന്ന ഏതൊരാളോടു ചോദിച്ചാലും അവർ പറയും അദ്ദേഹം അവരുടേതാണെന്ന് . സഭകൾ, സമുദായങ്ങൾ, വ്യക്തികൾ എല്ലാവരുടേയും ആയിരുന്നു അദ്ദേഹം. അതൊരു പ്രത്യേക വ്യക്തിത്വമാണ്. 60 വർഷമായി ശക്തമായി കേരളാ കോൺഗ്രസ് മുന്നോട്ട് പോകുന്നത് കെ. എം മാണി എന്ന വ്യക്തിത്വത്തിൻ്റെ പ്രഭയിൽ തന്നെയാണ്. ആ പാഠങ്ങൾ ഉൾക്കൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. കർഷകരുടെ ഏത് പ്രശ്നങ്ങൾ എടുത്താലും അവയുടെ പരിഹാരങ്ങൾക്കും സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ആദ്യം മുന്നിട്ടിറങ്ങുന്നത് മാണിസാറും കേരളാ കോൺഗ്രസും ആയിരുന്നു.ഇപ്പോൾ ഞങ്ങളും .
ഞങ്ങൾ തമ്മിലുള്ള സംഭാഷണം അവസാനിപ്പിച്ച് മടങ്ങുമ്പോൾ എനിക്കൊരു കാര്യം വ്യക്തമായി.സമൂഹത്തിന്റെ ഏതൊരു കാര്യത്തിലും ജോസ് കെ മാണിക്ക് കൃത്യമായ ധാരണയും തീരുമാനങ്ങളും ഉണ്ട്. അത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും തന്നെ വ്യക്തമാണ്. എങ്ങനെയാണോ ഒരു നേതാവ് ആയിരിക്കേണ്ടത് എന്നതിന്റെ എല്ലാ അടയാളവും ഈ സംഭാഷണത്തിൽ അദ്ദേഹം ബാക്കി വച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി കേരള കോൺഗ്രസ് എന്ന പാർട്ടി താണ്ടിയ വഴികളും, അതിന്റെ പാതകളുമെല്ലാം കേരള ചരിത്രത്തിൽ അടയാളപ്പെട്ടത് തന്നെയാണ്. ആ ചരിത്രത്തിന്റെ ഏറ്റവും വലിയ ഭാഗമായി ജോസ് കെ മാണിയും നിലനിൽക്കും. ഇനിയും താഴെത്തട്ടിൽ ഉള്ള ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് തന്നെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ. മലയോര കർഷകരുടെ ഹൃദയമിടിപ്പായി കേരള കോൺഗ്രസ് എന്ന പാർട്ടി എന്നും തുടരട്ടെ.
ജോസ് കെ മാണിയും കുടുംബവും
ജോസ് കെ മാണിയും ഭാര്യ നിഷയും
ജോസ് കെ മാണിയും ലേഖകൻ അനിൽ പെണ്ണുക്കരയും