നിങ്ങളുടെ കയ്യില്‍ എന്തുണ്ട് എന്ന ക്രിസ്തുവിന്റെ ചോദ്യത്തിന് ചിലര്‍ പറഞ്ഞ മറുപടി ഒന്നുമില്ല എന്നായിരുന്നു. അത് ശരിയുമായിരുന്നു. എന്നാല്‍ ഒരു ബാലന്‍ പറഞ്ഞു, എന്റെ കയ്യില്‍ അഞ്ചപ്പവും രണ്ടു മീനുമുണ്ട്. കൊടുത്തത്
എത്രയുമായിരുന്നുകൊളളട്ടെ, അത്, കിട്ടേണ്ട ആളുടെ കൈയില്‍ കിട്ടിയപ്പോള്‍ അവിടെ സംഭവിച്ചത് അത്ഭുതമായിരുന്നു. ഒരുപാടുപേരുടെ മനസ്സുകളിലെ സംതൃപ്തിയുടെ ചെപ്പുകുടങ്ങള്‍ നിറഞ്ഞതിന് ശേഷവും ബാക്കിവന്നത് എത്രത്തോളമായിരുന്നുവെന്ന് വിശുദ്ധഗ്രന്ഥം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ബെന്‍സൻവില്ലിലെ നമ്മുടെ ഈ പുതിയ ദേവാലയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യചിത്രവും തന്റെ പക്കലുള്ള അഞ്ചപ്പവും രണ്ടുമീനുംപങ്കിട്ടുനല്കാന്‍ തയ്യാറായിവന്ന ആ ബാലന്റേതാണ്. അവന്‍ ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നുവെങ്കില്‍ ആ ബാലന്റെ സ്ഥാനത്ത് നമ്മള്‍ ഓരോരുത്തരുമുണ്ട് എന്നത് മാത്രമേ വ്യത്യാസമുള്ളൂ. അവിടെയാണ് നമ്മുക്കുള്ള അഭിമാനവും സംതൃപ്തിയും. കാരണം, നമ്മള്‍ നമുക്കാവുന്നതിന്റെയും ആകാവുന്നതിന്റെയുമായ പങ്കുവയ്ക്കല്‍ നടത്തിയതിന്റെ ഫലമാണ് ഇന്നത്തെ ഈ ദേവാലയം. ഒരു ലക്ഷം ഡോളര്‍ മുതല്‍ പത്തു ഡോളര്‍ വരെ പങ്കുവച്ചവരുടെ സന്മനസ്സിന്റെ അടയാളം. പങ്കുവയ്ക്കാന്‍ സന്നദ്ധമാകുന്ന നമ്മുടെ മനസ്സിന്റെ ചക്രവാളങ്ങളെക്കുറിച്ച് സ്വയംമതിപ്പു തോന്നേണ്ടതുമുണ്ട്.
നമ്മുടെ കുടിയേറ്റത്തിന്റെ നാൾവഴികളിൽ നമ്മുടെ ദൈവാശ്രയബോധത്തെയും വിശ്വാസജീവിതത്തെയും പ്രോജ്ജ്വലിപ്പിക്കുന്ന ഒരു ദേവാലയം 2006ൽ മെയ്‌വുഡിൽ സ്വന്തമാക്കാൻ നമുക്കായി. പ്രവാസികളുടെ ആദ്യ ക്നാനായദേവാലയത്തിലേയ്ക്ക് നാം ചുവടെടുത്തു വച്ചപ്പോൾ സർവശക്തനായ ദൈവത്തിന്റെ സംരക്ഷണവും ക്രാന്തദർശിയായ ഫാ. എബ്രാഹം മുത്തോലത്തിന്റെ അചഞ്ചലമായ നേതൃത്വവും ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും നമുക്ക് കൈമുതലായുണ്ടായിരുന്നു. എല്ലാ പ്രാതികൂല്യങ്ങൾക്കിടയിലും നമ്മുടെ വിശ്വാസജ്വാല അണയാതിരിക്കാൻ മെയ്‌വുഡ് പള്ളിയിലെ ഈശോയുടെ തിരുഹൃദയം നമ്മെചേർത്തുപിടിച്ചു വഴിനടത്തി.
ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം എത്രയോ അഭേദ്യമായ ബന്ധമാണ് നമ്മളോരോരുത്തർക്കും ഈ ദേവാലയവുമായിട്ടുള്ളത്i നമ്മുടെ സന്തോഷങ്ങൾ ഇരട്ടിപ്പിച്ചും സങ്കടങ്ങൾ ലഘൂകരിച്ചും ജീവിതത്തിലെ എത്രയോ അവസരങ്ങളിൽ ഈ ദേവാലയം നമുക്ക് ആശ്വാസവും പ്രതീക്ഷയും പകർന്നുതന്നിട്ടുണ്ട്.
ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ അനേകരുടെ ത്യാഗവഴികളുടെ തുടർച്ചയിലാണ് നാമിപ്പോൾ. അവരുടെ ധന്യസ്മൃതികൾക്കുമുന്നിൽ തലകുനിയ്ക്കാതെ പുതിയ ദേവാലയത്തിലേയ്ക്ക് നമുക്ക് പ്രവേശിക്കാനാവില്ല.
നമ്മുടെ മലബാർ കുടിയേറ്റത്തിന്റെ നാളുകളിൽ അന്നത്തെ ആളുകള്‍ ചെയ്ത ആദ്യപ്രവൃത്തികളിലൊന്ന് തങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഒരു ആരാധനാലയം പണിയുക എന്നതായിരുന്നു. മഴയില്‍നിന്നും മഞ്ഞില്‍ നിന്നും രക്ഷപ്പെടാന്‍ തങ്ങളുടെ വീടുകള്‍പോലെ തന്നെ ആത്മാവിന്റെ വെളിച്ചം കെട്ടുപോകാതിരിക്കാന്‍ ആത്മാക്കളുടെ രക്ഷയ്ക്കായി ഒരു ദേവാലയംവേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തങ്ങള്‍ ജീവിക്കുന്ന അവസ്ഥയെക്കാള്‍ മെച്ചപ്പെട്ട നിലയിലുള്ള ഒരു ദേവാലയമാണ് വല്ലവിധേനയും അവര്‍ പണികഴിപ്പിച്ചതും. കാരണം ക്രൈസ്തവവിശ്വാസികളുടെ കൂട്ടായ്മയും ഐക്യവും സ്‌നേഹവും ആത്മീയതയും പങ്കുവയ്ക്കലും പരസ്‌നേഹവും ഒക്കെ രൂപപ്പെടുന്നത് പള്ളിയുമായി ബന്ധപ്പെട്ടാണ്. അത്തരമൊരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ടായിരിക്കണം ലോകത്ത് എവിടെയും ഒരു ദേവാലയം ഉയരുമ്പോള്‍ നാം അതിനെ നോക്കിക്കാണേണ്ടത്. ദേവാലയങ്ങളെ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു ആത്മീയതയിലേക്ക് നടന്നടുക്കാന്‍ മാത്രം നാം ഇനിയും വളര്‍ന്നിട്ടുമില്ല.
ആരംഭിച്ച കാലങ്ങളിലെ സാഹചര്യങ്ങൾ വ്യത്യാസപ്പെടുകയും കാലം മാറുകയും ചെയ്യുമ്പോൾ കൂടുതല്‍ മെച്ചപ്പെട്ട ഒരു ദേവാലയവും പരിസരവും അനുബന്ധ സൗകര്യങ്ങളുമൊക്കെ എല്ലാവരെയും പോലെ നമ്മളും സ്വപ്‌നം കണ്ടിരുന്നു. മെയ് വുഡിൽ നിന്ന് ബെന്‍സൻവില്ലിലേയ്ക്കുള്ള ഈ ദേവാലയമാറ്റത്തിന് പിന്നിലും ഇങ്ങനെയൊരു വിശദീകരണമുണ്ട്. വി്ശ്വാസികള്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യക്കൂടുതല്‍ എന്നതിന് പുറമേ അനുബന്ധ സൗകര്യങ്ങളും തുടർവളർച്ചയ്ക്കുതകുന്ന അനുകൂല സാഹചര്യങ്ങളും പുതിയ ദേവാലയത്തിനുണ്ട്. മതബോധനത്തിനു വേണ്ടിയുള്ള സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, വിശാലമായ വാഹനപാര്‍ക്കിംങ് സൗകര്യം, കായികവിനോദങ്ങള്‍ക്കുള്‍പ്പടെയുള്ള മള്‍ട്ടിപര്‍പ്പസ് ജിം എന്നിവ കൂടുതൽ ആളുകളെ പള്ളിയോടടുപ്പിക്കും എന്നുറപ്പുണ്ട്. ബെൻസൻവില്ലിലെ സെ. ചാൾസ് ബൊറോമിയോ ദേവാലയം വിൽക്കാൻ എന്നറിഞ്ഞപ്പോൾതന്നെ ഇടവകാംഗങ്ങളെ കൂട്ടിയിണക്കി എല്ലാവർക്കുമായി ഒരു ഓപ്പൺഹൗസ് ദേവാലയത്തിൽ ക്രമീകരിച്ച് പുതിയ ദേവാലയത്തിന്റെ സൗകര്യങ്ങളൊക്കെ വിശദീകരിക്കുകയും ഏകാഭിപ്രായത്തോടെ ദേവാലയം വാങ്ങണമെന്ന വലിയ ലക്ഷ്യത്തിലേയ്‌ക്ക് ഇടവകാംഗങ്ങൾക്ക് പ്രചോദനമേകി അദ്ദേഹം ഹൂസ്റ്റനിലേയ്ക്ക് സ്ഥലം മാറിപ്പോയി.
അസാധ്യമെന്ന് കരുതാവുന്ന ഒരു കാര്യം സാധ്യമാക്കി മാറ്റി വെറും രണ്ടു മാസം കൊണ്ട് രണ്ടുമില്യനിലേറെ ഡോളര്‍ സമാഹരിച്ച് ഈ ദേവാലയം സ്വന്തമാക്കാന്‍ നമുക്ക് സാധിച്ചതിന് പിന്നിൽ സമർപ്പിതചേതസ്സുകളായി പ്രവർത്തിച്ച ഒരു പിടി ഇടവകസമൂഹാംഗങ്ങളോടൊപ്പം നേതൃത്വത്തിന്റെ ഇടയരൂപങ്ങളായി ഫാ.തോമസ് മുളവനാലും ഫാ. ബിൻസ് ചേത്തലിലും നിറഞ്ഞു നിൽക്കുന്നുണ്ട്. പ്രതിസന്ധികൾക്കുമുമ്പിൽ അക്ഷോഭ്യരായി നിലയുറപ്പിച്ച് പുഞ്ചിരിയോടെ അവയെ നേരിട്ട് ഞങ്ങളുടെ നാളെകൾക്കു വേണ്ടി തങ്ങളുടെ ഇന്നുകളെ സമർപ്പിക്കുന്ന പ്രിയ അച്ചൻമാരേ, നിങ്ങളോടുള്ള ഞങ്ങളുടെ നന്ദി വാക്കുകൾക്കതീതമാണ്.
ഞങ്ങളുടെ ആത്മീയ വഴികളിൽ വിളക്കും വഴികാട്ടികളുമായിരുന്ന മുൻ അസി. വികാരിമാരും വികാരിമാരും ആയിരുന്ന ഫാ. സജി പിണർക്കയിലിനേയും ഫാ. സജിമുടക്കോടിലിനേയും അജപാലനശുശ്രൂഷകൾ നിർവഹിച്ച മറ്റു വൈദികരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.
പുന:കൂദാശാ കര്‍മ്മത്തിലൂടെ ഈ ദേവാലയം നമുക്ക് ആത്മീയ ആവശ്യങ്ങളുടെ അനുസ്യൂതമായ തുടർച്ചയ്ക്ക് വഴിയൊരുക്കുമെങ്കിലും ഇനിയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ബാക്കിയാണ്. ഇതുവരെ നടത്തിയ ദൈവം തുടര്‍ന്നും നമ്മെ സഹായിക്കുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കാന്‍ സന്നദ്ധമായ മനസ്സും നമുക്ക് സ്വന്തമായുളളപ്പോള്‍ അതോര്‍ത്തുള്ള ഉത്കണ്ഠകള്‍ എന്തിന്?
ഇതാ ദേവാലയമണികള്‍ മുഴങ്ങുന്നു, അള്‍ത്താരയില്‍ തിരികള്‍ തെളിയുന്നു. പരിശുദ്ധമായ ഹൃദയത്തോടും നിര്‍മ്മലമായവിചാരങ്ങളോടും കൂടി സ്‌നേഹത്തിലും സാഹോദര്യത്തിലും കൈകോര്‍ക്കപ്പെട്ടവരായി ഇതുവരെ നമ്മെ നടത്തിയ ദൈവത്തിനും സഹായിച്ച മനുഷ്യര്‍ക്കും നന്ദി പറഞ്ഞ്് നമുക്ക് അകത്തേക്ക് പ്രവേശിക്കാം. തിരുഹൃദയനാഥന്റെ തിരുഹൃദയത്തില്‍ നമുക്ക് അഭയം കണ്ടെത്താം.
ലിൻസ് താന്നിച്ചുവട്ടിൽ