നൂറു കിലോ ഭാരമുള്ള ഒരു ചാക്ക് ചുമന്നാൽ 60 പൈസ കിട്ടുന്ന കാലത്ത്, ഒരു പവന് മൂവായിരത്തി ഒരുന്നൂറു രൂപ വിലയുണ്ടായിരുന്ന കാലത്ത്, പത്ത് പവൻ സ്വർണവും പതിനായിരം രൂപയും സ്ത്രീധനം നൽകിയാണ്, കൂലിപ്പണിക്കാരനായ എന്റെ ബാപ്പ എന്റെ ഇത്തയുടെ കല്യാണം നടത്തിയത്. ചില ദിവസങ്ങളിൽ പതിനാറു മണിക്കൂർ ജോലിയെടുത്ത് ഉണ്ടാക്കിയ സമ്പാദ്യം.
എന്റെ ഇത്തയുടെ അതെ കല്യാണ ദിവസം തന്നെയായിരുന്നു അളിയന്റെ അനിയത്തിയുടെ കല്യാണവും. എന്റെ ഇത്തയ്ക്ക് കൊടുത്ത സ്വർണമാണ്, അളിയന്റെ അനിയത്തിയുടെ കല്യാണത്തിന് സ്ത്രീധനമായി ഉപയോഗിച്ചത്. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ കൊടുത്ത പത്ത് പവനും പതിനായിരം രൂപയും ആവിയായി പോയിരുന്നു എന്നർത്ഥം.
പാസ്പോര്ട്ട് ഓഫീസിൽ ജോലിയുണ്ടെന്ന് നുണ പറഞ്ഞായിരുന്നു കല്യാണം നടത്തിയത്. പുള്ളിക്ക് പാസ്പോര്ട്ട് ഓഫീസിന്റെ മുന്നിൽ അപേക്ഷ എഴുതുന്ന ജോലി മാത്രമായിരുന്നു എന്നറിഞ്ഞപ്പോൾ വൈകി. പിന്നെ ബാപ്പ തന്നെ കയ്യിലെ പൈസ കൊടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തു, ജീവിക്കാൻ ഒരു മാർഗത്തിനായി. അതും വിറ്റ് ഗൾഫിൽ പോയ അളിയൻ അവിടെ ചൂട് കൂടുതൽ കാരണം രണ്ടു മാസത്തിൽ തിരികെയെത്തി. ഇതുപോലെ ഒരാളെ വിവാഹം കഴിച്ചു എന്ന ഒരേ ഒരു കുറ്റത്തിന്റെ പേരിൽ, വർഷങ്ങളോളം വിവാഹം ചെയ്തുകൊടുത്ത മകളെയും, ഭർത്താവിനെയും കുട്ടികളെയുമൊക്കെ സംരക്ഷിക്കേണ്ട ചുമതല വന്നുചേർന്ന ഒരാളാണ് എന്റെ ബാപ്പ . അന്നും ഇന്നും വിയർപ്പിന്റെ അസുഖമുള്ള ഒരു മനുഷ്യനാണ് എന്റെ അളിയൻ.
വിയർപ്പിന്റെ അസുഖമുള്ള, സ്ത്രീധനം വാങ്ങുന്ന അളിയന്മാരുടെ കഥയാണ് ജി ആർ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ള പൊന്മാൻ എന്ന സിനിമ. സിനിമ കാണുമ്പോഴെല്ലാം 1989 ൽ നടന്ന എന്റെ ഇത്തയുടെ കല്യാണവും അതിനുശേഷം നടന്ന സംഭവങ്ങളുമാണ് എന്റെ മനസ്സിൽ വന്നത്. സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച ഓരോ പുരുഷനും ഈ സിനിമ കാണണം, സ്ത്രീധനം നല്കാൻ നിര്ബന്ധിതരായി വിവാഹിതരായ എല്ലാ സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരേയും ആണ്മക്കളെയും ഈ സിനിമ കാണിക്കണം. സിനിമയിലെ ഒരു ഡയലോഗുണ്ട്, ഹൃദയമുള്ള മനുഷ്യരാണെങ്കിൽ സ്ത്രീധനം വാങ്ങിയ എല്ലാ പുരുഷൻമാരുടെയും നെഞ്ചിൽ തന്നെ അത് കൊള്ളും. സ്പോയ്ലർ ആകുമെന്നുള്ളത് കൊണ്ട് ഇവിടെ പറയുന്നില്ല.
എന്റെ അഭിപ്രായത്തിൽ, ബേസിൽ ജോസഫ് എല്ലാ സിനിമകളിലും ബേസിൽ ജോസഫ് ആയിട്ട് തന്നെയായിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്, ഈ സിനിമ വരെ. കഥാപാത്രമായി പൂർണമായി മാറിയ ബേസിലിന്റെ അഭിനയം ഉലയിലെ പൊന്നുപോലെ ഇതിൽ ഊതിതിളങ്ങിയിട്ടുണ്ട്. ലിജോമോൾ , സജിൻ ഗോപു എന്നിവരും കട്ടക്ക് നിന്നു. സംഭാഷങ്ങൾ അതിഗംഭീരമാണ്. ഇത്രയേറെ ചിരിച്ച ഒരു തൂങ്ങിമരണ സീൻ വേറൊരു സിനിമയിലുണ്ടായിട്ടില്ല.
ഞങ്ങൾ പോയ തിയേറ്ററിൽ പക്ഷെ പത്തിൽ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളൂ. അനുരാഗ് കശ്യപ് ഈയടുത്ത് പറഞ്ഞ പോലെ, നല്ല സിനിമകൾ ആളുകൾ തീയേറ്ററിൽ കയറി വിജയിപ്പിച്ചാണ് , മറ്റ് ഭാഷാ സിനിമകളെ അസൂയപെടുത്തുന്ന പരീക്ഷണങ്ങൾ മലയാള സിനിമയിൽ നടക്കുന്നത്. ഈ ചിത്രം ദയവായി നിങ്ങളോരോരുത്തരും തീയേറ്ററിൽ പോയി കണ്ടു വിജയിപ്പിക്കുക. ഒരു പ്രേക്ഷകൻ എന്ന നിലയിലുള്ള അപേക്ഷയാണ്, ഈ സിനിമയുമായി ബന്ധപ്പെട്ട ആരെയും എനിക്ക് നേരിട്ടറിയില്ല.
Nazeer Hussain Kizhakkedathu